by Midhun HP News | Dec 18, 2022 | Uncategorized
ദോഹ: മൂന്നാം ലോകകപ്പ് കിരീടത്തില്‍ മുത്തമിട്ട് അര്‍ജന്റീന. പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഫ്രാന്‍സിനെ 4-2 ന് തകര്‍ത്താണ് അര്‍ജന്റീന കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിതസമയത്തും അധികസമയത്തും ഇരുടീമുകളും 3-3 ന് സമനില നേടിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.36 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് അര്‍ജന്റീന ലോകകിരീടം നേടുന്നത്. 2014 ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം മെസ്സി ഇതാ സ്വന്തമാക്കിയിരിക്കുന്നു. അര്‍ജന്റീനയയ്ക്ക് വേണ്ടി മെസ്സി ഇരട്ട ഗോള്‍ നേടിയപ്പോള്‍ എയ്ഞ്ജല്‍ ഡി മരിയയും വലകുലുക്കി. ഫ്രാന്‍സിനായി എംബാപ്പെ ഹാട്രിക്ക് നേടി.
മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ അര്‍ജന്റീന മികച്ച മുന്നേറ്റവുമായി കളം നിറഞ്ഞു. മൂന്നാം മിനിറ്റില്‍ ജൂലിയന്‍ അല്‍വാരസ് ഗോള്‍ശ്രമം നടത്തിയെങ്കിലും റഫറി ഓഫ്‌സൈഡ് ഫ്‌ലാഗുയര്‍ത്തി. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയുടെ മാക് അലിസ്റ്ററുടെ ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ഫ്രാന്‍സ് ഗോള്‍കീപ്പര്‍ ഹ്യൂഗോ ലോറിസ് കൈയ്യിലാക്കി. ഒന്‍പതാം മിനിറ്റില്‍ മത്സരത്തിലെ ആദ്യ കോര്‍ണര്‍ അര്‍ജന്റീന നേടിയെടുത്തു. പക്ഷേ അത് ഗോളവസരമാക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചില്ല.
17-ാം മിനിറ്റില്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച എയ്ഞ്ജല്‍ ഡി മരിയയ്ക്ക് ഓപ്പണ്‍ ചാന്‍സ് ലഭിച്ചിട്ടും താരത്തിന്റെ ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 20-ാം മിനിറ്റില്‍ ഫ്രാന്‍സിന് സുവര്‍ണാവസരം ലഭിച്ചു. ഗ്രീസ്മാന്റെ മനോഹരമായ ഫ്രീകിക്കിന് ജിറൂഡ് ഉയര്‍ന്നുചാടി ഹെഡ്ഡ് ചെയ്‌തെങ്കിലും പന്ത് ക്രോസ് ബാറിന് മുകളിലൂടെ പറന്നു.
by Midhun HP News | Dec 9, 2022 | Uncategorized
ന്യൂഡല്‍ഹി: കേരള ഹൈക്കോടതിയിലെ മൂന്ന് അഡീഷണല്‍ ജഡ്ജിമാരെ സ്ഥിരം ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ ഇന്നു ചേര്‍ന്ന കൊളീജിയമാണ് ഈ തീരുമാനമെടുത്തത്.

നിലവില്‍ കേരള ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിമാരായ, ജസ്റ്റിസ് അബ്ദുള്‍ റഹിം മുസലിയാര്‍ ബദറുദ്ദീന്‍, ജസ്റ്റിസ് വിജു അബ്രഹാം, ജസ്റ്റിസ് മുഹമ്മദ് നിയാസ് സി പി എന്നിവര്‍ക്കാണ് സ്ഥാനക്കയറ്റം നല്‍കാന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്.
നിലവില്‍ കേരള ഹൈക്കോടതിയില്‍ 37 ജഡ്ജിമാരാണ് ഉള്ളത്. 47 ജഡ്ജിമാര്‍ വേണ്ട സ്ഥാനത്താണിത്.
by Midhun HP News | Dec 8, 2022 | Uncategorized
തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമാണം പുനരാരംഭിച്ചു. സമരപ്പന്തൽ പൊളിച്ചുനീക്കിയതോടെയാണ് നിർമാണ സാമഗ്രികൾ വിഴിഞ്ഞത്തേക്ക് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്തുന്നതിനായി ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് അദാനി ഗ്രൂപ്പിന്റെ ശ്രമം. 20 ലോഡ് നിർമാണ സാമഗ്രികളാണ് ആദ്യ ഘട്ടത്തിൽ എത്തിച്ചത്. പുലിമുട്ട് നിർമാണം പൂർത്തിയാക്കാനാണ് നിലവിലെ ശ്രമം. ഇതിനായി കടലിലേക്ക് പ്രതിദിനം നിക്ഷേപിക്കുന്ന കല്ല് 30,000 ടൺ ആയി ഉയർത്താനാണ് ശ്രമം. സമരത്തിന് മുമ്പ് 12,000 ടൺ മുതൽ 15,000 ടൺ കല്ല് വരെയാണ് പ്രതിദിനം നിക്ഷേപിച്ചിരുന്നത്. കൊല്ലത്തും തിരുവനന്തപുരത്തുമായി നിർത്തിയിട്ടിരുന്ന ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കുന്നുണ്ട്. അടുത്ത ഓണത്തിന് വിഴിഞ്ഞത്ത് കപ്പലടുപ്പിക്കണമെന്നാണ് സർക്കാർ കണക്കുക്കൂട്ടൽ.

ആകെ പുലിമുട്ട് വേണ്ടത് 2.9 കി.മീ ദൂരം.ഇതിൽ 1.4 കി.മീ നിർമാണമാണ് ഇതുവരെ തീർന്നത്. ബെർത്ത് നിർമാണത്തിനായുള്ള പൈലിംഗ് പൂർത്തിയായി. ആകെ വേണ്ട 1.7 കി.മീ അപ്രോച്ച് റോഡിൽ 600 മീറ്റർ മാത്രമാണ് നിർമ്മിച്ചിട്ടുള്ളത്. കടൽ നികത്തിയെടുക്കേണ്ടതിന്റെ അറുപത് ശതമാനവും പൂർത്തിയായിട്ടുണ്ടെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്.
by Midhun HP News | Dec 8, 2022 | Uncategorized
കല്ലമ്പലം ചുമട്ടുതൊഴിലാളി യൂണിയൻ അംഗമായിരുന്ന, മുള്ളറംകോട് പുതിയവീട്ടിൽ
ബിജു കുമാറിനെ(40) വീട്ടുവളപ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അവിവാഹിതനാണ് ബിജു.
by Midhun HP News | Dec 8, 2022 | Uncategorized
തിരുവനന്തപുരം: ബംഗാൾ ഉൾക്കടൽ രൂപപ്പെട്ട ന്യുനമർദ്ദം അതിതീവ്ര ന്യുനമർദ്ദമായി മാറിക്കഴിഞ്ഞതോടെ കേരളത്തിലടക്കം മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. അതിതീവ്ര ന്യുനമർദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി നാളെ രാവിലെയോടെ തമിഴ്‌നാട് -ആന്ധ്രാ തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പുതുച്ചേരിയ്ക്കും ചെന്നൈക്കും ഇടയിൽ ചുഴലിക്കാറ്റ് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നാണ് പ്രഥമിക നിഗമനം.

വടക്കൻ തമിഴ്‌നാട് – പുതുച്ചേരി, തെക്കൻ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഇതിന്‍റെ സ്വാധീനഫലമായി കേരളത്തിലും രണ്ട് നാൾ മഴ ശക്തമായേക്കും. ഡിസംബർ 10, 11 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്‍റെ അറിയിപ്പ്. ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 10-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.11-12-2022: ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. കേരള -കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
by Midhun HP News | Dec 8, 2022 | Uncategorized
തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ഇന്നല്ലെങ്കില്‍ നാളെ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിക്കില്ലെന്നും അദ്ദേഹം നിയമസഭയെ അറിയിച്ചു. പദ്ധതിക്ക് അനുമതി എതായാലും കിട്ടും. ആ അനുമതി കിട്ടിയാല്‍ വേഗം തന്നെ ഇത് പൂര്‍ത്തിയാക്കണം. അനുമതി കിട്ടിയ ശേഷം നടത്തേണ്ട പ്രവര്‍ത്തനങ്ങളില്‍ ചിലതൊക്കെ പദ്ധതിയുടെ അനുമതി ലഭിക്കുന്നതിന് മുന്‍പെ നമുക്ക് നടത്താന്‍ കഴിയും. ആ പഠനങ്ങളാണ് ഇവിടെ നടത്താന്‍ പുറപ്പെട്ടത്. പക്ഷെ ഒരോ വാക്കിലും ഓരോ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദപ്പെട്ടവര്‍ അതിനെതിരെ പ്രതികരിച്ച് കൊണ്ടിരിക്കുമ്പോള്‍ നല്ലത് അനുമതി കിട്ടിയ ശേഷം മതിയല്ലോയെന്ന തീരുമാനത്തിന്റെ ഭാഗമായാണ് ഉദ്യോഗസ്ഥരെ മാറ്റിത്. അനുമതി ലഭിച്ചാല്‍ ഉടനെ അവരെ പദ്ധതിയുടെ ഭാഗമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ എതിര്‍ത്തതുകൊണ്ടാണ് പദ്ധതിക്ക് അനുമതി ലഭിക്കാതെ പോയത്. ആദ്യം പോയപ്പോള്‍ വലിയ സഹകരണമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. പിന്നെ ചെന്നപ്പോള്‍ വലിയ പ്രയാസങ്ങള്‍ അറിയിച്ചു. ഇത് നിങ്ങള്‍ രണ്ടുകൂട്ടരും നടത്തിയ ഇടപെടലുകളുടെ ഭാഗമായി വന്നതാണ് മുഖ്യമന്ത്രി പറഞ്ഞു.
നിങ്ങള്‍ക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നല്ല തോതില്‍ എംപിമാരെ അയക്കാന്‍ കഴിഞ്ഞു.
ആ എംപിമാര്‍ പാര്‍ലമെന്റില്‍ ഇത്തരം പദ്ധതികള്‍ക്കെതിരായ നിലപാടാണ് സ്വീകരിച്ചത്. ലോക്‌സഭയില്‍ കേരളത്തിലെ എംപിമാരില്‍ ഒന്നോ, രണ്ടോ ആള്‍ ഒഴികെ ബാക്കി എല്ലാവരും ഒന്നിച്ച് നിന്ന് ഇത് നാടിന് വേണ്ടാത്ത പദ്ധതിയാണെന്ന് പറഞ്ഞു. അതിനെക്കാളും വാശിയോടെ നിങ്ങള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ബിജെപി രാഷ്ട്രീയമായി ഇടപെടുന്ന അവസ്ഥ. അങ്ങനെയൊക്കെ വന്നപ്പോള്‍ ഈ പദ്ധതിയുടെ കാര്യത്തില്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മില്‍ ഉണ്ടാകേണ്ട സമീപനമല്ല കേന്ദ്രത്തില്‍ നിന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആ സന്ദര്‍ഭത്തിലാണ് പ്രധാനമന്ത്രിയെ കണ്ട് ഈ പദ്ധതി അംഗീകരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുന്നത്. ഒരക്ഷരം ആ പദ്ധതിക്കെതിരെ സംസാരിച്ചില്ല. രാഷ്ട്രീയമായ ഇടപെടലുകള്‍ വരുമ്പോള്‍ സ്വാഭാവികമായും ഈ പദ്ധതിക്കെതിരെയുള്ള നിലപാട് സ്വീകരിച്ചു. ഒരുവാചകം എപ്പോഴും നാം ശ്രദ്ധിക്കണം. എല്ലാഘട്ടത്തിലും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ പറഞ്ഞത് ഇത് പൂര്‍ണമായി നടപ്പാക്കാന്‍ പറ്റാത്ത പദ്ധതിയെന്നല്ല. പരിശോധനയിലാണ്, പരിശോധിച്ച് വ്യക്തത വരട്ടെ എന്നാണ്. രാഷ്ട്രീയമായി അങ്ങേയറ്റത്ത് പോയി എതിര്‍ക്കുന്ന നിലയുണ്ടായാലും ഈ പദ്ധതി ആ തരത്തില്‍ കണ്ണടച്ച് എതിര്‍ക്കാന്‍ പറ്റുന്ന പദ്ധതിയല്ല. ഇത് കേരളത്തിന് വേണ്ടി മാത്രമുള്ള പദ്ധതിയല്ലെന്നും നാളെ ഈ പദ്ധതിക്ക് അനുമതി നല്‍കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.
Recent Comments