കടല്‍ നിരപ്പ് ഉയരുന്നു; കൊച്ചിയില്‍ 5 ശതമാനം വരെ കര മുങ്ങിയേക്കും

കടല്‍ നിരപ്പ് ഉയരുന്നു; കൊച്ചിയില്‍ 5 ശതമാനം വരെ കര മുങ്ങിയേക്കും

ന്യൂഡല്‍ഹി: കൊച്ചിയും മുംബൈയും അടക്കം 15 ഇന്ത്യന്‍ നഗരങ്ങളില്‍ കടല്‍ ജല നിരപ്പ് ക്രമാതീതമായി ഉയരുന്നതായി പഠന റിപ്പോര്‍ട്ട്. മുംബൈയിലാണ് 1987 നും 2021 നും ഇടയില്‍ ഏറ്റവും കൂടുതല്‍ സമുദ്രനിരപ്പ് ഉയര്‍ന്നത്. 4.44 സെന്റീമീറ്റര്‍. സമുദ്ര നിരപ്പ് ഉയരുന്ന ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് കൊച്ചി.

മുംബൈയ്ക്ക് പിന്നാലെ, ഹാല്‍ദിയ ( 2.726 സെന്റീമീറ്റര്‍), വിശാഖപട്ടണം ( 2.381 സെന്റീമീറ്റര്‍), കൊച്ചി ( 2.381 സെന്റീമീറ്റര്‍), പാരാദ്വീപ് (0.717 സെന്റീമീറ്റര്‍), ചെന്നൈ ( 0.679 സെന്റീമീറ്റര്‍) എന്നിങ്ങനെയാണ് പട്ടികയിലെ ആദ്യ ആറ് ഇന്ത്യന്‍ നഗരങ്ങള്‍. ബംഗളൂരു ആസ്ഥാനമായുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് സയന്‍സ്, ടെക്നോളജി ആന്‍ഡ് പോളിസി (സിഎസ്ടിഇപി) നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

സമുദ്ര നിരപ്പ് ഉയരുന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ, പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5 ശതമാനം വരെയും കരഭൂമി മുങ്ങിയേക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് കടൽജലനിരപ്പ് ഉയരുന്നത്. മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5 ശതമാനം വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

സമുദ്രനിരപ്പിലെ വർദ്ധനവ് നൂറ്റാണ്ടിൻ്റെ അവസാനം വരെ തുടരും. ഏറ്റവും ഉയർന്ന വർധന മുംബൈയിലാകും ഉണ്ടാകുക. 2100 ആകുമ്പോഴേക്കും മുംബൈയിൽ 76.2 സെന്റിമീറ്റർ ജലനിരപ്പ് ഉയരുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. പനാജിയിൽ 75.5 സെന്റിമീറ്റർ, ഉഡുപ്പിയിൽ 75.3 സെന്റിമീറ്റർ, മംഗലാപുരത്ത് 75.2 സെന്റിമീറ്റർ, കോഴിക്കോട് 75.1 സെന്റിമീറ്റർ, കൊച്ചിയിൽ 74.9 സെന്റിമീറ്റർ, തിരുവനന്തപുരത്ത് 74.7 സെന്റിമീറ്റർ, കന്യാകുമാരിയിൽ 74.7 സെന്റിമീറ്റർ എന്നിങ്ങനെ സമുദ്രനിരപ്പ് ഉയരുമെന്നും പഠനം പറയുന്നു.

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ദുരന്തഭൂമിയിൽ

കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ദുരന്തഭൂമിയിൽ

കൽപ്പറ്റ: വയനാട്ടിൽ ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെത്തിയത്.

ബെയിലി പാലത്തിലൂടെ വാഹനത്തിൽ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങൾ സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. ദുരന്തഭൂമി സന്ദർശിച്ച സുരേഷ് ഗോപി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് സൈനിക ഉദ്യോഗസ്ഥർ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൻറെ നിയമവശങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ കാര്യങ്ങളും കേന്ദ്രം വിലയിരുത്തുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.

ലീഡർ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ സാംസ്ക്കാരിക സമ്മേളനവും മെരിറ്റ് ഈവനിംഗും സംഘടിപ്പിച്ചു

ലീഡർ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ സാംസ്ക്കാരിക സമ്മേളനവും മെരിറ്റ് ഈവനിംഗും സംഘടിപ്പിച്ചു

ആറ്റിങ്ങൽ: ലീഡർ സാംസ്‌കാരികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സാംസ്ക്കാരിക സമ്മേളനവും മെരിറ്റ് ഈവനിംഗും, നിർദ്ധരായവർക്കുള്ള ചികിത്സാധനസഹായവും അടൂർ പ്രകാശ് എം. പി.ഉദ്ഘാടനം ചെയ്തു. ലീഡർ അനുസ്മരണ പ്രഭാഷണം മുൻ എം. പി. എൻ.പീതാംബരകുറുപ്പും വി. എസ്. അജിത്‌കുമാർ മുഖ്യ പ്രഭാക്ഷണവും നടത്തി.

ലീഡർ സാംസ്‌കാരിക വേദിയുടെ പ്രസിഡന്റ് കെ. കൃഷ്ണ മൂർത്തി അധ്യക്ഷനായിരുന്നു.
ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്മാരായ ബി. ബിഷ്‌ണു, കെ. ആർ.അഭയൻ, മഹിളാ കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ദീപ അനിൽ, കെ.അജന്തൻ നായർ,
പി. ജയചന്ദ്രൻ നായർ, ജെ. ശശി, നഗരസഭാ കൗൺസിലർ കെ. ജെ. രവികുമാർ, കർഷക കോൺഗ്രസ്‌ സംസ്ഥാന വൈസ്പ്രസിഡന്റ് അടയമൺ മുരളീധരൻ, അഡ്വ. എ. ശ്രീധരൻ, ലീഡർ സാംസ്‌കാരിക വേദി സെക്രട്ടറി എസ്. ശ്രീരംഗൻ തുടങ്ങിയവർ പങ്കെടുത്തു.

തിരച്ചില്‍ ആറാംദിനത്തിലേക്ക്; 200 ലേറെ പേരെ കാണാനില്ല; മരണം 357

തിരച്ചില്‍ ആറാംദിനത്തിലേക്ക്; 200 ലേറെ പേരെ കാണാനില്ല; മരണം 357

കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ ആറാംദിനമായ ഇന്നും തുടരും. മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമുട്ടം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ 1264 പേര്‍ ആറ് സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചില്‍ നടത്തുക. മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ റഡാറുകളും ഇന്ന് പരിശോധനയ്ക്കായി ഉപയോഗിക്കും.ദുരന്തത്തിന്റെ വ്യാപ്തി അറിയാന്‍ പ്രദേശത്ത് ഡ്രോണ്‍ സര്‍വേയും നടത്തും.

ചൂരല്‍മലയില്‍ രാവിലെ കനത്ത മഴയാണ്. ഉരുള്‍പൊട്ടലില്‍ മരണം 357 ആയി. 206 ഓളം പേരെ കാണാനില്ല. ഇന്നലെ 18 മൃതദേഹങ്ങളാണ് ലഭിച്ചത്. വയനാട്ടിലെ ദുരന്തത്തില്‍ അഞ്ചുദിവസങ്ങളിലായി മലപ്പുറത്ത് ചാലിയാര്‍ പുഴയില്‍ നിന്നും ഇതുവരെ 198 മൃതദേഹങ്ങളാണ് ലഭിച്ചത്. 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് ലഭിച്ചത്.

മൃതദേഹങ്ങളില്‍ 37 പുരുഷന്‍മാരുടേതും 29 സ്ത്രീകളുടേതും ഏഴ് കുട്ടികളുടേതും ഉള്‍പ്പെടുന്നു. ചാലിയാറിന്റെ കോഴിക്കോട്, മലപ്പുറം ജില്ലകളുടെ ഭാഗങ്ങളില്‍ നാളെയും പരിശോധന തുടരും. തിരിച്ചറിയാത്ത 67 മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതില്‍ മേപ്പാടിയില്‍ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികള്‍ ഇന്നുണ്ടായേക്കും.ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഭൂമി നല്‍കാന്‍ സന്നദ്ധ അറിയിച്ചിട്ടുണ്ട്.

ബൈക്ക് അപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് (34) മരണപ്പെട്ടു

ബൈക്ക് അപകടത്തിൽ ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വിനീത് (34) മരണപ്പെട്ടു

ആറ്റിങ്ങൽ: ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബികയുടെ മകൻ വി. വിനീത് കോരാണി (ചന്തു) വാഹനാപകടത്തിൽ അന്തരിച്ചു. ഇന്ന് പുലർച്ചെ 5.30ന് പള്ളിപ്പുറം മുഴിത്തിരിയാവട്ടത്തായിരുന്നു അപകടം. എതിരെ വന്ന കാര്‍ വിനീതിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന യുവാവിനും പരിക്കുണ്ട്.

പിതാവ് കെ വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗമാണ്. സഹോദരൻ വി വിനീഷ് കോരാണി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമാണ്.
എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റുമാണ്.

വിനീത് ഇടയ്ക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്. സിപിഎം ഇടയ്ക്കോട് ലോക്കൽ കമ്മിറ്റി അംഗം കൂടിയാണ്. കഴക്കൂട്ടം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം കോരാണി വാറുവിളാകം ക്ഷേത്രത്തിനു സമീപമുള്ള വീട്ടിൽ കൊണ്ട് വരും, വൈകുന്നേരം 4 മണിയോട് കൂടി സംസ്കാരചടങ്ങുകൾ നടത്തും.

സച്ചിനു പിന്നില്‍ ഇനി രോഹിത് ശര്‍മ; റെക്കോര്‍ഡില്‍ രണ്ടാമന്‍

സച്ചിനു പിന്നില്‍ ഇനി രോഹിത് ശര്‍മ; റെക്കോര്‍ഡില്‍ രണ്ടാമന്‍

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓപ്പണറെന്ന നിലയില്‍ അതിവേഗം 15000 റണ്‍സ് സ്വന്തമാക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ 58 റണ്‍സെടുത്താണ് രോഹിത് നേട്ടത്തിലെത്തിയത്. മൊത്തം പട്ടികയില്‍ രോഹിത് പത്താമനായാണ് ഇടം കണ്ടെത്തിയത്.

ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് അതിവേഗം 15000 റണ്‍സ് പിന്നിട്ട ആദ്യ താരം. 331 ഇന്നിങ്‌സുകളില്‍ നിന്നാണ് സച്ചിന്റെ നേട്ടം. രോഹിത് 352 ഇന്നിങ്‌സുകള്‍ കളിച്ചാണ് 15000 തികച്ചത്. 361 ഇന്നിങ്‌സുകളില്‍ നിന്നു ഇത്രയും റണ്‍സ് നേടിയ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് അതിവേഗക്കാരില്‍ മൂന്നാമന്‍.

15000 റണ്‍സ് പിന്നിട്ട ഓപ്പണര്‍ പട്ടികയില്‍ വീരേന്ദര്‍ സെവാഗും നേരത്തെ ഇടം കണ്ടു. മൂന്നാമനായി ഇപ്പോള്‍ രോഹിതും ഇടം പിടിച്ചു. സനത് ജയസൂര്യ, ക്രിസ് ഗെയ്ല്‍, ഗ്രെയം സ്മിത്ത്, ഡെസ്മണ്ട് ഹെയ്ന്‍സ്, തമിം ഇഖ്ബാല്‍, അലസ്റ്റയര്‍ കുക്ക് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. മൂന്ന് ഫോര്‍മാറ്റിലുമായി 333 മത്സരങ്ങള്‍ കളിച്ചാണ് രോഹിത് നേട്ടത്തിലെത്തിയത്. നിലവില്‍ ക്യാപ്റ്റന്റെ റണ്‍സ് ശേഖരം 15039.

ശ്രീലങ്കക്കെതിരായ പോരാട്ടത്തില്‍ 47 പന്തിലാണ് രോഹിത് 58 റണ്‍സ് കണ്ടെത്തിയത്. ക്യാപ്റ്റന്‍ ഏഴ് ഫോറും മൂന്ന് സിക്‌സും പറത്തി. ലോകകപ്പ് നേട്ടത്തിനു പിന്നാലെ രോഹിത് ടി20 ഫോര്‍മാറ്റില്‍ നിന്നു വിരമിച്ചിരുന്നു.