സൂചിപ്പാറ ഉള്‍വനത്തില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്തു സൈന്യം

സൂചിപ്പാറ ഉള്‍വനത്തില്‍ കുടുങ്ങിയ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്തു സൈന്യം

കല്‍പ്പറ്റ: രക്ഷാപ്രവര്‍ത്തനത്തിനായി പോയി സൂചിപ്പാറയില്‍ കുടുങ്ങിയ 3 യുവാക്കളെയും സൈന്യം രക്ഷപ്പെടുത്തി. കാലിന് പരിക്കേറ്റ രണ്ട്യ യുവാക്കളെ എയര്‍ലിഫ്റ്റ് ചെയ്യുകയായിരുന്നു. ഇവരെ പിന്നീട് ചൂരല്‍ മലയിലേക്ക് എത്തിച്ചു.

പോത്തുകല്ല് മുണ്ടേരി സ്വദേശികളായ സാലി, റിയാസ്, മുഹ്‌സിന്‍ എന്നിവരാണ് ഇന്നലെ വൈകീട്ട് സൂചിപ്പാറ വെള്ളച്ചാട്ടത്തിന് സമീപം പാറയില്‍ കുടുങ്ങിയത്. ചാലിയാര്‍ പുഴ കടന്നാണ് ഇവര്‍ വയനാട്ടിലേക്ക് പോയത്. ഇവരില്‍ രണ്ട് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് രക്ഷപ്പെടുത്തിയത്. അവശരായ ഇവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. ഇന്ന് മൃതദേഹങ്ങള്‍ തേടിയെത്തിയവരാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. ഒരാള്‍ മറുകരയിലേക്ക് നീന്തിയെത്തി. അതിസാഹസികമായിട്ടാണ് ദൗത്യസംഘം ഇവരെ രക്ഷിച്ചത്. പരിശോധനക്ക് ശേഷം ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഇവരില്‍ രണ്ട് പേരുടെ കാലിന് പരിക്കേറ്റിരുന്നു. കൂടാതെ ശക്തമായ മഴയും കോടയും മൂലം ഇവര്‍ അവശരായിരുന്നു. തുടര്‍ന്നാണ് ഇവിടേക്ക് രക്ഷാപ്രവര്‍ത്തകരെത്തുന്നത്. ആദ്യം പൊലിസിന്റെ സംഘമാണ് ഇവിടേക്ക് എത്തിയത്. അവരെ വടം ഉപയോഗിച്ച് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അങ്ങനെയാണ് എയര്‍ലിഫ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. ദുരന്തം നടന്ന അന്നുമുതല്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടുകൊണ്ടിരിക്കുന്ന യുവാക്കളാണ് ഇവര്‍ മൂവരും.

കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ

കുപ്രസിദ്ധ ഹൈവേ കൊള്ള സംഘം ചാലക്കുടിയിൽ പിടിയിൽ

തൃശൂര്‍: ദേശീയപാതകള്‍ കേന്ദ്രീകരിച്ച് വന്‍ കൊളള നടത്തുന്ന സംഘം പിടിയില്‍. അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാമ്പരന്‍(38), അതിരപ്പിള്ളി വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശന്‍ (48) ചാലക്കുടി നോര്‍ത്ത് കൊന്നക്കുഴി സ്വദേശി ഏരുവീട്ടില്‍ ജിനു (41) അതിരപ്പിള്ളി വെറ്റിലപ്പാറ ചക്കന്തറ ക്ഷേത്രത്തിനു പിറകില്‍ താമസിക്കുന്ന പുത്തനമ്പൂക്കന്‍ വീട്ടില്‍ അജോ (42) പാലക്കാട് വടക്കഞ്ചേരി കമ്മാന്തറ സ്വദേശി പ്രധാനി വീട്ടില്‍ ഫൈസല്‍ (34) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡോ. നവനീത് ശര്‍മ്മ ഐപിഎസിന്റെ നിര്‍ദേശ പ്രകാരം ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

കഴിഞ്ഞ പത്താം തീയതി ഗുജറാത്ത് രാജ്‌കോട്ട് സ്വദേശിയായ വ്യവസായി റഫീക്ഭായി സെയ്ത് തന്റെ കാറില്‍ ഡ്രൈവറോടൊത്ത് മുംബൈക്ക് വരുന്നതിനിടെ, പുലര്‍ച്ചെ മൂന്നു കാറിലായെത്തിയ സംഘം മുംബൈ – അഹമ്മദാബാദ് ദേശീപാതയില്‍ വാഹനം തടഞ്ഞ് ഡ്രൈവറുടെ വശത്തെ ചില്ല് തകര്‍ത്ത് കാര്‍ യാത്രികരെ മര്‍ദിച്ച് പുറത്തിറക്കി കാര്‍ തട്ടിക്കൊണ്ടുപോയി അതിലുണ്ടായിരുന്ന എഴുപത്തി മൂന്ന് ലക്ഷത്തില്‍പരം രൂപ കൊള്ളയടിച്ച ശേഷം വിക്രംഘട്ട് എന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

ആക്രമണത്തില്‍ ഭയചകിതരായ വ്യവസായിയും ഡ്രൈവറും സമനിലചിത്ത വീണ്ടെടുത്ത് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.തുടര്‍ന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് അന്വേഷണ സംഘം വാഹന നമ്പറുകള്‍ കണ്ടെത്തിയെങ്കിലും അവ വ്യാജനമ്പറുകളായിരുന്നു. ഇതിനാല്‍ ഇത്തരത്തില്‍ ഹൈവേ കൊള്ള നടത്തുന്ന സംഘങ്ങളെപ്പറ്റിയുള്ള അന്വേഷണത്തിലാണ് കേരളത്തിലെ തൃശൂര്‍ ജില്ല കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയത്.

കൊള്ള സംഭവവുമായി സാദൃശ്യമുള്ളതിനാല്‍ പല്‍ഘാര്‍ ജില്ലാ പൊലീസ് സൂപ്രണ്ട് തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവിയുമായി ബന്ധപ്പെടുകയും തൃശുര്‍ റൂറല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം അന്വേഷണ സംഘത്തെ ചാലക്കുടിയിലേക്ക് അയക്കുകയുമായിരുന്നു.

ചാലക്കുടിയിലെത്തിയ മുംബൈ പോലീസ് ടോള്‍പ്ലാസയിലെ അവ്യക്ത സിസിടിവി ദൃശ്യങ്ങള്‍ ചാലക്കുടി പൊലീസിനെ കാണിച്ചതോടെ പ്രതികളെ തിരിച്ചറിയുകയും നേരം ഇരുട്ടി വെളുക്കുന്നതിനു മുമ്പേ ചാലക്കുടി ഡിവൈഎസ്പിയുടെ സ്‌ക്വാഡ് പ്രതികളെ പിടികൂടി മുംബൈ പൊലീസിന് കൈമാറുകയുമായിരുന്നു. ചാലക്കുടി പൊലീസ് സംഘത്തിന്റെ വേഗതയും മികവും അമ്പരിപ്പിച്ചുവെന്ന് മുംബൈ പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ ഗണ്‍പത് സുലൈ, സ്വപ്നില്‍ സാവന്ത് ദേശായി എന്നിവര്‍ പറഞ്ഞു.

പിടിയിലായവരില്‍ ജിനീഷ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരന്തരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ യുവാവിനെ ടിപ്പര്‍ ഇടിപ്പിച്ച് കൊലപ്പെടുത്തിയക്കേസില്‍ ഉള്‍പെട്ടയാളാണെന്നും മറ്റ് നിരവധി കൊള്ള സംഭവങ്ങളില്‍ പങ്കുള്ളതായും അന്വേഷണ സംഘം കണ്ടെത്തി. ഫൈസല്‍ കോങ്ങാട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ രണ്ടു കോടിയില്‍ പരം രൂപ കൊള്ളയടിച്ച കേസുള്ളയാളാണ്. കനകാമ്പരനും സതീശനും അതിരപ്പിള്ളി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അനധികൃത മദ്യവില്‍പന നടത്തിയതിന് കേസുകള്‍ ഉള്ളവരാണെന്ന് പൊലീസ് പറഞ്ഞു.

വിശദമായി ചോദ്യം ചെയ്തതോടെ ഏഴു കോടി രൂപ വാഹത്തിലുണ്ടായിരുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ഇവരുടെ കൂട്ടാളികളാണ് പണം മുഴുവന്‍ കൊണ്ടുപോയതെന്നാണ് ഇവര്‍ പറയുന്നതെങ്കിലും പൊലീസ് അത് വിശ്വാസത്തിലെടുത്തിട്ടില്ല. പ്രതികളെ മുംബൈയിലെത്തിച്ച് വിശദമായി ചോദ്യം ചെയ്യും. ഇവരുടെ കൂട്ടാളികളെ കണ്ടെത്താന്‍ ഊര്‍ജ്ജിത അന്വേഷണം നടത്തുന്നതായും മുംബൈ പൊലീസ് അറിയിച്ചു.

ചാലക്കുടി ഡിവൈഎസ്പി കെ. സുമേഷിൻ്റെ നേതൃത്വത്തിൽ ക്രെം സ്ക്വാഡ് അംഗങ്ങളായ വി.ജി സ്റ്റീഫൻ, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി എം മൂസ, വി. യു സിൽജോ, എ.യു റെജി, ബിനു എം.ജെ, ഷിജോ തോമസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി നല്‍കും: മന്ത്രി

മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ എല്ലാവര്‍ക്കും റേഷന്‍ സൗജന്യമായി നല്‍കും: മന്ത്രി

തിരുവനന്തപുരം: വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ അഞഉ 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണ്ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. മുന്‍ഗണനാ വിഭാഗക്കാര്‍ക്ക് നിലവില്‍ സൗജന്യമായും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് ന്യായവിലയ്ക്കുമാണ് റേഷന്‍ നല്‍കി വരുന്നത്.

ദുരന്തബാധിത പ്രദേശങ്ങളായ മുണ്ടക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലെ മുന്‍ഗണനേതര വിഭാഗക്കാരായ നീല, വെള്ള കാര്‍ഡുകളില്‍ ഉള്‍പ്പെട്ടിട്ടുള്ള മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും കൂടി പൂര്‍ണമായും സൗജന്യമായി റേഷന്‍ വിഹിതം നല്‍കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

‘അനുകൂല സാഹചര്യം’; അർജുനായി തിരച്ചിൽ പുനരാരംഭിച്ചേക്കും: ഈശ്വർ മാൽപെ നാളെ ഷിരൂരിൽ

‘അനുകൂല സാഹചര്യം’; അർജുനായി തിരച്ചിൽ പുനരാരംഭിച്ചേക്കും: ഈശ്വർ മാൽപെ നാളെ ഷിരൂരിൽ

കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ നാളെ പുനരാരംഭിച്ചേക്കും. മുങ്ങൽ‌ വിദ​ഗ്ധൻ ഈശ്വർ മാൽപെ നാളെ ഷിരൂരിൽ എത്തും. പുഴയിൽ ഇറങ്ങി തിരച്ചിൽ നടത്താൻ നിലവിൽ അനുകൂല സാഹചര്യമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. തിരച്ചിലിനായി കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സഹായം തേടും.

ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അർജുന്റെ കുടുംബത്തെ അറിയിച്ചിരുന്നു. അതേസമയം തിരച്ചിലിന് ഔദ്യോഗികമായി അനുമതി നൽകിയിട്ടില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 13ദിവസം നീണ്ട തിരച്ചിൽ താത്കാലികമായി അവസാനിപ്പിച്ചിരുന്നു. അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിൻ പറഞ്ഞിരുന്നു. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി.

ജൂലൈ 16നുണ്ടായ മണ്ണിടിച്ചിലിനാണ് അർജുനെ കാണാതാകുന്നത്. 13 ദിവസം കരയിലും
​ഗം​ഗാവലി പുഴയിലും സൈന്യം ഉൾപ്പെടെയുള്ളവർ അർജുനായി തരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലായിരുന്നു. പുഴയിലെ ശക്തമായ ഒഴുക്കും ചെളിയും കല്ലും രക്ഷാദൗത്യത്തിന് വെല്ലുവിളി ഉയർത്തിയതോടെയാണ് ദൗത്യം താത്കാലികമായി അവസാനിപ്പിച്ചിരുന്നത്. പുഴയിലെ ഒഴുക്കും ജലനിരപ്പും കുറയുമ്പോൾ തിരച്ചിൽ പുനഃരാരംഭിക്കുമെന്നായിരുന്നു കർണാട സർക്കാർ അറിയിച്ചിരുന്നത്.

കര്‍ണാട സര്‍ക്കാര്‍ നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കും; സഹായത്തിന്റെ പട്ടികവിവരങ്ങൾ താഴെ

തിരുവനന്തപുരം: ദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചിട്ടുണ്ട്. വിഡി സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഇതില്‍ ഉള്‍പ്പെടും. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി അറിയിച്ചു.

ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിട്ടുണ്ട്.

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം (എന്‍എസ്എസ്) ദുരിത ബാധിത കുടുംബങ്ങള്‍ക്കായി 150 ഭവനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയോ അല്ലെങ്കില്‍ അതിന്റെ തുക സര്‍ക്കാര്‍ നല്‍കുന്നതിനോ സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിച്ചു നല്‍കും.

ഫ്രൂട്ട്‌സ് വാലി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി 10 ഏക്കര്‍ ഭൂമിയേറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചു. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ ദുരിത ബാധിതര്‍ക്ക് വീടുകള്‍ വെച്ചുനല്‍കാന്‍ സന്നദ്ധത അറിയിച്ചു. രക്ഷാപ്രവര്‍ത്തനം തീരുന്ന മുറക്ക് മതിയായ ഭൂമി ലഭ്യമാകുന്നതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.

കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്ന് അറിയിച്ചു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നല്‍കി. ലിന്‍ഡെ സൗത്ത് ഏഷ്യ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 20 ലക്ഷം രൂപ നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.കോഴിക്കോട് കാപ്പാട് നിന്നുമുള്ള യൂസുഫ് പുരയില്‍ തന്റെ അഞ്ച് സെന്റ് സ്ഥലം ദുരിതബാധിതര്‍ക്ക് വീട് വെച്ച് നല്‍കാനായി വിട്ടുനല്കാമെന്ന് അറിയിച്ചിരിക്കുന്നു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പ്രവാസ ലോകത്ത് നിന്നും ചലചിത്ര മേഖലയില്‍ നിന്നും ഉണ്ടാകുന്ന സഹായ സന്നദ്ധത പ്രത്യേകം എടുത്ത് പറയേണ്ടതാണ്. പ്രമുഖ ചലചിത്രതാരങ്ങള്‍ നല്‍കിയ സഹായം ഇന്നലെ തന്നെ നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതിനു പുറമെ ചലചിത്ര താരം നയന്‍താര 20 ലക്ഷം രൂപ നല്‍കിയിട്ടുണ്ട്. സിനിമാ നടന്‍ അലന്‍സിയര്‍ 50,000 രൂപയും നല്‍കിയിട്ടുണ്ട്. കിംസ് ഹോസ്പിറ്റല്‍ ഒരു കോടി രൂപ നല്‍കി. പോത്തീസ് റീട്ടെയില്‍ പ്രൈവറ്റ് ലിമിറ്റഡ് – 50 ലക്ഷം രൂപ.

ലൈബ്രറി കൗണ്‍സിലിന്റെ ജീവനക്കാരുടെ രണ്ടു ദിവസത്തെ വേതനവും സംസ്ഥാന, ജില്ല, താലൂക്ക് കൗണ്‍സില്‍ ഭാരവാഹികളുടെ ഓണറേറിയവും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ലൈബ്രേറിയന്‍മാരുടെ അലവന്‍സില്‍ നിന്നുള്ള വിഹിതവും ഗ്രന്ഥശാലകളുടെ ഗ്രാന്റില്‍ നിന്നുള്ള വിഹിതവും ചേര്‍ത്തുള്ള തുകയായ ഒരു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറാനും സന്നദ്ധമാണെന്ന് അറിയിച്ചിട്ടുണ്ട്.

മോഹന്‍ലാല്‍ ഇന്ന് സൈനിക വേഷത്തില്‍ ദുരന്തമേഖലയില്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ടു. ാധ്യമങ്ങള്‍ ഇതിനോടെല്ലാം ഏറ്റവും പോസിറ്റിവായി സഹകരിക്കുന്നത് അഭിനന്ദനാര്‍ഹമാണ്. വയനാടിന്റെ പുനര്‍നിര്‍മ്മാണത്തിന്റെ നേതൃസ്ഥാനത്തു തന്നെ മാധ്യമസാന്നിധ്യം തുടര്‍ന്നും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മനു ഭാകറിന് മെഡല്‍ നഷ്ടം; 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനത്ത്

മനു ഭാകറിന് മെഡല്‍ നഷ്ടം; 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനത്ത്

പാരിസ്: ഇന്ത്യയുടെ കായിക ചരിത്രത്തില്‍ അനുപമ അധ്യായം എഴുതി ചേര്‍ക്കാമെന്ന മനു ഭാകറിന്റെ സ്വപ്‌നം സാധ്യമായില്ല. ഒരു ഒളിംപിക്‌സില്‍ ഹാട്രിക്ക് മെഡലുകള്‍ നേടുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമായി മാറാനുള്ള അവരുടെ ശ്രമം നേരിയ വ്യത്യാസത്തില്‍ നഷ്ടമായി.

വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. നേരത്തെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്‌സഡ് ടീം ഇനത്തിലും താരം രണ്ട് വെങ്കലങ്ങള്‍ ഇന്ത്യക്ക് സമ്മാനിച്ചിരുന്നു. പിന്നാലെയാണ് മനു മൂന്നാം മെഡല്‍ തേടിയിറങ്ങിയത്. എന്നാല്‍ ആദ്യ ഘട്ടങ്ങളില്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ മനുവിനു പക്ഷേ നിര്‍ണായക നിമിഷത്തില്‍ ഒരു ഷോട്ട് പിഴച്ചു. താരം 28 പോയിന്റില്‍ ഒതുങ്ങി.