അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ പഴയ നട കോളനിയിൽ അപകടാവസ്ഥയിലായിരുന്ന പോസ്റ്റ് മാറ്റി പുതിയത് സ്ഥാപിച്ചു. ഈ പോസ്റ്റിന്റെ അപകടാവസ്ഥ സംബന്ധിച്ച് പഞ്ചായത്തംഗം എസ്. പ്രവീൺ ചന്ദ്ര നിരവധി പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം പഞ്ചായത്തിലെ ജനപ്രതിനിധികൾ കെഎസ്ഇബി കടയ്ക്കാവൂർ ഡിവിഷൻ ഓഫീസിൽ പ്രതിഷേധവുമായി എത്തിയിരുന്നു.
പ്രതിഷേധിച്ച ഗ്രാമപഞ്ചായത്ത് അംഗങ്ങളുമായി സംസാരിച്ച എക്സിക്യൂട്ടീവ് എഞ്ചിനീയർ ഷജീന പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പു നൽകി. ഇതേ തുടർന്നാണ് അപകടാവസ്ഥയിലായിരുന്ന പോസ്റ്റ് മാറ്റുകയും അതിനോടൊപ്പം പുതിയൊരു സപ്പോർട്ടിംഗ് പോസ്റ്റ് കൂടെ സമീപത്ത് സ്ഥാപിക്കുകയുണ്ടായി.



















