81-ാം വയസില്‍ യു.ജി.സി നെറ്റ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ് ചാത്തന്നൂർ ആമ്പലഴികത്ത് വീട്ടില്‍ പി.രമണിക്കുട്ടി. ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ എം.എ സോഷ്യോളി പരീക്ഷയില്‍ ‘എ പ്ളസ്’ ഗ്രേഡോടെ നേടിയ വിജയമാണ് മുതല്‍ക്കൂട്ട്.
ആമ്പലഴികത്ത് ഗോപാലപിള്ള – സരസമ്മ ദമ്പതികളുടെ മകളായ രമണിക്കുട്ടി 1963ല്‍ പ്രീ യൂണിവേഴ്സിറ്റി പൂർത്തിയാക്കിയപ്പോഴാണ് പഠനം മുടങ്ങിയത്. അപ്രതീക്ഷിതമായി വിവാഹം. രണ്ട് മക്കളായ ശേഷം 22-ാം വയസില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.ഡി ക്ളാർക്കായി. 1970ല്‍ തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം ലഭിച്ചു. കിട്ടിയ അവസരത്തില്‍ യൂണിവേഴ്സിറ്റി കോളേജില്‍ സായാഹ്ന ബാച്ചില്‍ പഠിച്ച് ബിരുദം സ്വന്തമാക്കി. 2000ല്‍ അക്കൗണ്ട്സ് ഓഫീസറായി വിരമിച്ച ശേഷം ഓപ്പണ്‍ യൂണിവേഴ്സിറ്റിയിലൂടെയാണ് പി.ജി സ്വപ്നം യാഥാർത്ഥ്യമാക്കിയത്.
കൊല്ലം ഫാത്തിമ മാത നാഷണല്‍ കോളേജിലെ പഠന കേന്ദ്രത്തില്‍ ഞായറാഴ്ചകളില്‍ കൃത്യമായി ക്ളാസിലെത്തി. പ്രായം മൂലമുണ്ടാവുന്ന ഓർമ്മക്കുറവിനെയും മറികടന്നാണ് ഉന്നത വിജയം സ്വന്തമാക്കിയത്. എഴുത്തുകാരിയും ചിത്രകാരിയുമായ രമണിക്കുട്ടി 15 പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും 15 വിദേശ രാജ്യങ്ങള്‍ സന്ദർശിക്കുകയും ചെയ്തിട്ടുണ്ട്.
അക്രിലിക്കിലും എണ്ണച്ചായത്തിലും ചിത്രങ്ങള്‍ വരയ്ക്കാറുണ്ട്. രണ്ട് പുതിയ പുസ്തകങ്ങളുടെ പണിപ്പുരയിലാണ്. പരേതനായ എൻ.സി.പിള്ളയാണ് ഭർത്താവ്. മക്കള്‍: ലത, അജിത്ത്.
കൊല്ലം മെഡിസിറ്റിക്ക് സമീപത്തെ ‘സാഫല്യം’ അപ്പാർട്ടുമെന്റിലെ ഒറ്റയ്ക്കുള്ള താമസത്തില്‍ പുസ്തകങ്ങളും കാൻവാസുമാണ് കൂട്ട്.



















