തിരുവനന്തപുരം വിഴിഞ്ഞം – പള്ളിച്ചൽ റോഡിൽ വെങ്ങാനൂർ ജംങ്ഷന് സമീപം ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിലിടിച്ചുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പെരിങ്ങമ്മല കോയിക്കൽകുഴി സ്വദേശി സുജി (26), സുഹൃത്ത് മെഡിക്കൽ കോളേജ് മുറിഞ്ഞപാലം സ്വദേശിനി അർച്ചന രാജ് (27) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ വെങ്ങാനൂർ – പള്ളിച്ചൽ റൂട്ടിൽ അയ്യങ്കാളി സ്മൃതിമണ്ഡപത്തിന് സമീപമായിരുന്നു അപകടം നടന്നത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതത്തൂണിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ മുൻഭാഗം പൂർണമായും തകർന്നു.
അപകടസ്ഥലത്തുവെച്ചുതന്നെ അർച്ചന മരണപ്പെട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ സുജിയെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ വിഴിഞ്ഞം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.





















