സിപിഎം, ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ചിറ്റാറ്റിൻകര റോഡ് സഞ്ചാരയോഗ്യമാക്കി

ആറ്റിങ്ങൽ: കാലങ്ങളായി യാത്രാ ക്ലേശം നിലനിന്നിരുന്ന ചിറ്റാറ്റിൻകര അങ്കനവാടി റോഡാണ് സിപിഎം, ഡി.വൈ.എഫ്.ഐ പ്രദേശിക നേതൃത്വം യാത്രാ യോഗ്യമാക്കിയത്. നിരവധി സാധാരണക്കാരായ ജനങ്ങൾ ഈ റോഡ് കടന്ന് പോകുന്ന പ്രദേശത്ത് താമസിക്കുന്നു. ഒരു അത്യാഹിതം സംഭവിച്ചാൽ രോഗിയെ അടിയന്തിരമായി ആശുപത്രിയിൽ എത്തിക്കാനുള്ള വാഹന ഗതാഗതം പോലും സാധ്യമാക്കാൻ കഴിയാത്ത വിധത്തിലാണ് ഈ റോഡിന്റെ അവസ്ഥ. തുടർന്ന് റോഡിന്റെ ശോചനീയവസ്ഥ ശ്രദ്ധയിൽപ്പെട്ട ഇടത് സംഘടന പ്രവർത്തകർ ശക്തമായ പ്രതികൂല കാലാവസ്ഥയിലും ഈ ദൗത്യം ഏറ്റെടുത്ത് പൂർത്തിയാക്കുക ആയിരുന്നു. സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി പട്ടണത്തിന്റെ വിവിധ പ്രദേശങ്ങളും, പൊതു വിദ്യാലയങ്ങളുടെയും ശുചീകരികരണ ദൗത്യം പ്രവർത്തകർ ഏറ്റെടുത്തിരിക്കുകയാണ്. അതിനാൽ ജനജീവിതം ദുസഹമാക്കുന്ന ഏതൊരു സാഹചര്യവും പരിഹരിക്കുന്നതിൽ ഇടത് പ്രസ്ഥാനവും പ്രവർത്തകരും എന്നും മുന്നിലുണ്ടാകുമെന്നും ഡി.വൈ.എഫ്.ഐ ഈസ്റ്റ് മേഖലാ സെക്രട്ടറി ഇ.അനസ് അറിയിച്ചു. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യ സുധീർ, കൗൺസിലർ എം.താഹിർ, മേഖലാ പ്രസിഡന്റ് അഖിൽ, ട്രഷറർ സാബു, ബ്രാഞ്ച് സെക്രട്ടറി രാമചന്ദ്രൻ, അംഗങ്ങളായ അശോകൻ, കണ്ണൻ, രാഹുൽ തുടങ്ങിയവരുടെ സംഘമാണ് പ്രദേശത്ത് പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചത്.

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7167 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1046, തിരുവനന്തപുരം 878, തൃശൂര്‍ 753, കോഴിക്കോട് 742, കൊല്ലം 592, ഇടുക്കി 550, കോട്ടയം 506, പത്തനംതിട്ട 447, പാലക്കാട് 339, മലപ്പുറം 334, കണ്ണൂര്‍ 304, ആലപ്പുഴ 270, വയനാട് 269, കാസര്‍ഗോഡ് 137 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 65,158 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 77 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 115 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,72,248 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,64,972 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 7276 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 515 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 79,185 കോവിഡ് കേസുകളില്‍, 8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 14 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 7 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂണ്‍ 18 വരെയുള്ള 146 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 31,681 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 25 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6879 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 221 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 42 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6439 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 754, കൊല്ലം 848, പത്തനംതിട്ട 406, ആലപ്പുഴ 455, കോട്ടയം 155, ഇടുക്കി 195, എറണാകുളം 918, തൃശൂര്‍ 38, പാലക്കാട് 423, മലപ്പുറം 560, കോഴിക്കോട് 760, വയനാട് 329, കണ്ണൂര്‍ 451, കാസര്‍ഗോഡ് 147 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 79,185 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 48,57,181 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

കോവിഡ് 19 വിശകലന റിപ്പോര്‍ട്ട്

· വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 94.7 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,53,05,973), 51.1 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,36,55,382) നല്‍കി.

· ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (10,91,371)

· ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 7167 പുതിയ രോഗികളില്‍ 6010 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 1494 പേര്‍ ഒരു ഡോസ് വാക്‌സിനും 2674 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 1842 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

· ഒക്‌ടോബര്‍ 24 മുതല്‍ 30 വരെയുള്ള കാലയളവില്‍, ശരാശരി 76,939 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 5330 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 9 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 6%, 10%, 22%, 14%, 15%, 8% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

എഐടിയുസി നൂറ്റിയൊന്നാം വാർഷികദിനാഘോഷവും ഗുരുദാസ് ദാസ് ഗുപ്ത രണ്ടാം ചരമവാർഷികദിനാചരണവും നടന്നു

ആറ്റിങ്ങൽ: എഐടിയുസി നൂറ്റിയൊന്നാം വാർഷികദിനാഘോഷം നടന്നു. ഇന്ത്യൻ പാർലമെന്റിലെ മികച്ച പാർലമെന്റേറിയനും തൊഴിലാളി നേതാവും ദീർഘകാലം AITUC യുടെ ദേശീയ പ്രസിഡന്റായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ രണ്ടാം ചരമവാർഷിക ദിനവും AITUC ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലംകോട് AITUC ഹാളിൽ നടന്നു.

AITUC സംസ്ഥാന വർക്കിംഗ് കമ്മിറ്റി അംഗം മനോജ് ബി ഇടമന ഉത്ഘാടനം ചെയ്തു. മണമ്പൂർ ഗോപകുമാറിന്റെ അധ്യക്ഷതയിൽ മുഹമ്മദ് റാഫി സ്വഗതം പറഞ്ഞു. അഡ്വ: മുഹ്സിൻ ,സുധാകരൻ, മോഹൻ, ഷെറിൻ തുടങ്ങിയവർ സംസാരിച്ചു. റീന, സബീന, അശിഷ്, രാജേന്ദ്രൻ നായർ, P നാദിർഷ എന്നിവർ നേതൃത്വം നൽകി.

റേഷന്‍കാര്‍ഡുകള്‍ ഇനി എ.ടി.എം കാര്‍ഡിന്റെ രൂപത്തില്‍

റേഷന്‍കാര്‍ഡുകള്‍ എ.ടി.എം കാര്‍ഡിന്റെ രൂപത്തില്‍ ഇനി എത്തും. അക്ഷയ കേന്ദ്രം വഴിയാണ് പുതിയ റേഷന്‍ കാര്‍ഡുകള്‍ ലഭിക്കുക, സര്‍ക്കാരിലേക്ക് ഇതിനു ഫീസ് അടക്കേണ്ടെന്നും ഉത്തരവില്‍ പറയുന്നു.
നിലവില്‍ ബുക്ക് രൂപത്തിലാണ് റേഷന്‍ കാര്‍ഡുകള്‍. ഇതാണ് ഇനി കാര്‍ഡ് രൂപത്തിലേക്ക് ആകുന്നത്. എ.ടി.എം കാര്‍ഡിന്റെ വലിപ്പത്തിലുള്ള റേഷന്‍ കാര്‍ഡുകള്‍ നല്‍കാന്‍ പൊതുവിതരണ ഡയറക്ടര്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇത് പരിഗണിച്ചുകൊണ്ടാണ് സര്‍ക്കാര്‍ പുതിയ തീരുമാനം കൈക്കൊണ്ടത്. ഈ കാര്‍ഡുകള്‍ ആവശ്യമുള്ളവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ കേന്ദ്രങ്ങള്‍ വഴിയോ ലഭ്യമാകും.

വിദ്യാലയങ്ങൾക്ക്കൈത്താങ്ങായി കിളിമാനൂർ ബിആർസി

നവംബർ ഒന്നിന് സ്കൂൾ തുറക്കാനിരിക്കെ കരവാരം ഗ്രാമ പഞ്ചായത്തിലെ വിദ്യാലയങ്ങൾക്ക് കൈത്താങ്ങൊരുക്കി കിളിമാനൂർ ബിആർസി. തെർമൽ സ്കാനർ,സ്പ്രെയർ, സാനിറ്റൈസർ തുടങ്ങിയ ഉപകരണങ്ങൾ കരവാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബുലാൽ കരവാരം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപക പ്രതിനിധികൾക്ക് വിതരണം ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഒപ്പം തന്നെ രാജകുമാരി ഗ്രൂപ്പ് വിദ്യാലയങ്ങൾക്കായി നൽകിയ മാസ്ക്, സാനിറ്റൈസർ, തെർമൽ സ്കാനർ ഇവയുടെ വിതരണം കരവാരം ഗ്രാമ പഞ്ചായത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജീർ രാജകുമാരി നിർവഹിച്ചു.

വായനാ വസന്തം പരിപാടിയിലൂടെ കിളിമാനൂർ ബിആർസിക്ക് കീഴിലുള്ള വിദ്യാലയങ്ങളിലെ കുട്ടികളുടെ വീടുകളിൽ ലൈബ്രറികൾ ഒരുക്കുവാനുള്ള വായന പുസ്തകങ്ങളുടെ വിതരണോൽഘാടനവും നടന്നു. തോട്ടയ്ക്കാട് ഗവൺമെന്റ് എൽ പി എസ്സിൽ വെച്ച് നടന്ന പരിപാടിയിൽ പ്രഥമാധ്യാപിക ഷീജ അമ്മ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ബിജു, ബി ആർ സി കോർഡിനേറ്റർ ഷീബ, മായ, കരവാരം പഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.