ആറ്റിങ്ങൽ നഗരത്തിൽ വീണ്ടും കാട്ടുപന്നി വേട്ട

ആറ്റിങ്ങൽ നഗരത്തിൽ വീണ്ടും കാട്ടുപന്നി വേട്ട

ആറ്റിങ്ങൽ: നഗരസഭയുടെ 3, 4, 5 വാർഡുകളിലാണ് കഴിഞ്ഞ ദിവസം രാത്രി ഹെൽത്ത് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ അംഗീകൃത വേട്ടക്കാരെ ഉപയോഗിച്ചു കൊണ്ട് കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്. വാമനപുരം നദിയോട് ചേർന്നു കിടക്കുന്ന കൃഷിയിടങ്ങളിൽ 6 മാസത്തിലധികമായി കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. കൂടാതെ രാത്രികാലങ്ങളിൽ സമീപത്തെ ജനവാസ മേഖലകളിലേക്ക് കടന്നെത്തുന്ന പന്നികൾ മനുഷ്യ ജീവനും ഭീഷണി ഉയർത്തുന്നതായി നാട്ടുകാർ പറയുന്നു. ഒരു സംഘത്തിൽ കുഞ്ഞുങ്ങളടക്കം 10 മുതൽ 20 പന്നികളുണ്ടൊവും.

നാട്ടുകാരുടെ പരാതിയെ തുടർന്ന് വൈൽഡ് ലൈഫ് വാർഡൻ്റെ ചുമതലയുള്ള നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി പന്നികളെ വെടിവെക്കാൻ നിർദ്ദേശിക്കുകയായിരുന്നു. രാത്രിയിൽ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ 2 പന്നികൾക്കു നേരെ സംഘം നിറയൊഴിച്ചു. ചത്ത പന്നിയെ സർക്കാർ മാനദണ്ഡപ്രകാരം കുഴിച്ചുമൂടി. കുഴിച്ചിട്ട പന്നിക്ക് ഏകദേശം 100 കിലോയോളം ശരീരഭാരം ഉണ്ടാവുമെന്ന് അധികൃതർ കണക്കാക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനായ മുഹമ്മദ് റാഫി ജീവനക്കാരായ അജി, രാജീവ്, അജീഷ്കുമാർ തുടങ്ങിയവർ വേട്ടക്കാരോടൊപ്പം സംഘത്തിലുണ്ടായിരുന്നു.

അഭിഷേകിന് പോലീസിന്റെ അനുമോദനം

അഭിഷേകിന് പോലീസിന്റെ അനുമോദനം

ആറ്റിങ്ങല്‍: തെരുവ് നായയില്‍ നിന്നും സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ രക്ഷിച്ച നഗരൂര്‍ രാജധാനി എഞ്ചിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി ആലംകോട് മണ്ണൂര്‍ഭാഗം ശ്രീശൈലം വീട്ടില്‍ അഭിഷേകിന് പോലീസിന്റെ അനുമോദനം. ജനുവരി ആറിന് വൈകീട്ട് 5 ന് കോളേജ് വിട്ട് ബൈക്കില്‍ വീട്ടിലേയ്ക്ക് വന്ന അഭിഷേക് വഞ്ചിയൂര്‍ പുതിയ തടത്തില്‍ ഒരു തെരുവ് നായ പെണ്‍കുട്ടിയെ കടിച്ച് കുടയുന്നത് കണ്ടു.

ഉടന്‍തന്നെ ബൈക്ക് നിര്‍ത്തിയിറങ്ങി നായയില്‍ നിന്നും കുട്ടിയെ രക്ഷിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ അഭിഷേകിനും കടിയേറ്റു. ആറ്റിങ്ങല്‍ ഗേള്‍സ് എച്ച്.എസ്.എസിലെ എട്ടാംക്ലാസ്സ് വിദ്യാര്‍ത്ഥിനി ആലംകോട് മേവര്‍ക്കല്‍ തീര്‍ത്ഥം വീട്ടില്‍ പവിത്രയെയാണ് നായ ആക്രമിച്ചത്. സ്‌കൂള്‍ വിട്ട് ബസിറങ്ങി വീട്ടിലേയ്ക്ക് നടന്നുപോകുമ്പോള്‍ ഓടിയെത്തിയ തെരുവ് നായ കുട്ടിയെ തള്ളിയിട്ട് കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പവിത്ര ഇപ്പോഴും ചികിത്സയിലാണ്. തിരുവനന്തപുരം വനിതാസെല്ലിലെ എ.എസ്.ഐ. മല്ലികാദേവിയുടെ മകനാണ് അഭിഷേക്. അനുമോദനച്ചടങ്ങില്‍ ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ മുരളീകൃഷ്ണ, മല്ലികാദേവി എന്നിവര്‍ പങ്കെടുത്തു.

പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ഗോപകുമാർ (48) അയിലം മോളി അന്തരിച്ചു

പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് ഗോപകുമാർ (48) അയിലം മോളി അന്തരിച്ചു

ആറ്റിങ്ങൽ: പ്രശസ്ത മിമിക്രി ആർട്ടിസ്റ്റ് അയിലം മൈവള്ളിഏല തുണ്ടുവിള വീട്ടിൽ ഗോപകുമാർ (48) അയിലം മോളി അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്ന് വൈകുന്നേരം വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പരേതരായ ഗോപിയുടെയും സാവിത്രിയുടെയും മകനാണ് അന്തരിച്ച ഗോപകുമാർ.

വാഹനാപകടത്തിൽ മകൾ മരിച്ച വിവരം അറിഞ്ഞ് അൻസി കബീറിന്റെ മാതാവ് വിഷം കഴിച്ചു

വാഹനാപകടത്തിൽ മകൾ മരിച്ച വിവരം അറിഞ്ഞ് അൻസി കബീറിന്റെ മാതാവ് വിഷം കഴിച്ചു

ഇന്ന് രാവിലെ വൈറ്റിലയിൽ വാഹനാപകടത്തിൽ മരിച്ച ആലംകോട് പാലാംകോണം സ്വദേശി അൻസികബീറിന്റെ മാതാവ് റസീനയാണ് വിവരമറിഞ്ഞതിനെത്തുടർന്ന് വിഷം കഴിച്ചത്. ഉടൻ തന്നെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 24 മണിക്കൂർ നിരീക്ഷണത്തിലാണവർ. അൻസിയുടെ പിതാവ് കബീർ ഖത്തറിൽ നിന്നും ഇന്നെത്തുമെന്നറിയുന്നു. അൻസി ഏക മകളാണ്.

മിസ്സ്‌ കേരളയും മിസ്സ്‌ സൗത്ത് ഇന്ത്യയുമായ ആലംകോട് തൊട്ടിക്കൽ സ്വദേശിയാണ്. മിസ് കേരള 2019 റണ്ണറപ്പ് അഞ്ജന ഷാജനും അപകടത്തിൽ മരണപെട്ടു. തിങ്കളാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. ഇവർ സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ചാണ് അപകടത്തിൽപെട്ടത്.

യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു

കിളിമാനൂർ: നഗരൂരിൽ പാമ്പ് കടിയേറ്റ് യുവാവ് മരിച്ചു. നഗരൂർ സ്വദേശി ഷഫീക്കാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെ വീടിനു മുന്നിൽ വച്ചാണ് ഷഫീക്കിന് അണലിയുടെ കടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇന്ന് (1/11/2021) ഉച്ചയോടെ മൃതദേഹം നഗരൂർ മുസ്ലിം ജമാഅത്തിൽ സംസ്ക്കരിക്കും.