സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു

സൂര്യനെല്ലി പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തി; സിബി മാത്യൂസിനെതിരെ കേസെടുത്തു

കൊച്ചി: സൂര്യനെല്ലി കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ സിബി മാത്യൂസിനെതിരെ പൊലീസ് കേസെടുത്തു. മണ്ണന്തല പൊലീസാണ് കേസെടുത്തത്. ഇതുസംബന്ധിച്ച പരാതിയിൽ നടപടിയെടുക്കാൻ ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. നിർഭയം എന്ന ആത്മകഥയിലാണ് സിബി മാത്യൂസ് സൂര്യനെല്ലി കേസിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.

സിബി മാത്യൂസിന് എതിരായ പരാതി പരിഗണിച്ച് ഏഴ് ദിവസത്തിനകം നടപടിയെടുക്കാൻ മണ്ണന്തല പൊലീസിന് ഹൈക്കോടതി നിർദേശവും നൽകിയിരുന്നു. പിന്നാലെയാണ് കേസെടുത്തത്. മുൻ പൊലീസ് ഉദ്യോഗസ്ഥനായ കെകെ ജോഷ്വയാണ് സിബി മാത്യൂസിനെതിരെ നടപടി ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

ആത്മകഥയിൽ പെൺകുട്ടിയുടെ പേരില്ലെങ്കിലും തിരിച്ചറിയാനാവുന്ന വിധത്തിൽ വിവരങ്ങളുണ്ടെന്നാണ് പരാതി. പെൺകുട്ടിയുടെ രക്ഷിതാക്കളുടെ വിവരങ്ങൾ വിലാസം സഹിതം പുസ്തകത്തിലുണ്ട്. ഇത് ഐപിസി 228 എ പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് പരാതിയിൽ പറയുന്നു. സിബി മാത്യൂസിന് എതിരായ പരാതി തള്ളിയ പൊലീസ് മേധാവിയുടെ നടപടി ഹൈക്കോടതി അസാധുവാക്കി.

പീഡിപ്പിക്കപ്പെട്ട പെൺകുട്ടി എന്നാണ് ആത്മകഥയിൽ പരാമർശിച്ചിട്ടുളളത്. ഇത് ലൈംഗിക അതിക്രമത്തിന് ഇരയായ ആളെക്കുറിച്ചു തന്നെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത്തരത്തിൽ ഒരാളുടെ വിവരങ്ങൾ തിരിച്ചറിയാവുന്ന വിധം പരസ്യപ്പെടുത്തുന്നത് ഐപിസി 228 എ പ്രകാരം കുറ്റകരമാണെന്ന് കോടതി പറഞ്ഞു.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞു വീണ് മരിച്ചു. ചിറക്കല്‍ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സൂരജിനെ കണ്ണൂര്‍ ടൗണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനില്‍ എത്തിച്ച ഉടന്‍ സൂരജ് കുഴഞ്ഞു വീഴുകയായിരുന്നുവെന്നാണ് വിവരം. ഇയാള്‍ മദ്യപിച്ചിരുന്നതായും പൊലീസ് പറഞ്ഞു.

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

ഖത്തറില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

ദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ തൃശ്ശൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മരിച്ചു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ ജീവനക്കാരായ ഹംസ, റംലത്ത് ദമ്പതികളുടെ മകന്‍ മച്ചിങ്ങല്‍ മുഹമ്മദ് ത്വയ്യിബ് (21), സൂഖ് വാഖിഫിലെ വ്യാപാരി തൃശൂര്‍ വടക്കാഞ്ചേരി സ്വദേശി ഹംസയുടേയും ഹസീനയുടേയും ഏക മകന്‍ മുഹമ്മദ് ഹബീല്‍ (21) എന്നിവരാണ് മരിച്ചത്.

മാള്‍ ഓഫ് ഖത്തറിന് സമീപം ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്.രണ്ടു പേരും തല്‍ക്ഷണം മരിച്ചു.മൃതദേഹങ്ങള്‍ ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍. മുഹമ്മദ് ത്വയ്യിബ് ഖത്തര്‍ മിലിട്ടറി ജീവനക്കാരനും മുഹമ്മദ് ഹബീല്‍ ദോഹ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയുമാണ്.

തൃശൂരും പാലക്കാടും ഭൂചലനം, ഞെട്ടലില്‍ നാട്ടുകാര്‍; നാശനഷ്ടങ്ങളില്ല

തൃശൂരും പാലക്കാടും ഭൂചലനം, ഞെട്ടലില്‍ നാട്ടുകാര്‍; നാശനഷ്ടങ്ങളില്ല

തൃശൂര്‍/പാലക്കാട്: തൃശൂരിലും പാലക്കാടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 8.15ഓടെയാണ് തൃശൂരിലെയും പാലക്കാട്ടെയും വിവിധ പ്രദേശങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടത്. തൃശൂര്‍ ചൊവ്വന്നൂരില്‍ രാവിലെ 8.16നാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്. കുന്നംകുളത്തും ഗുരുവായൂരിലും എരുമപ്പെട്ടിയിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 3 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണ് ഉണ്ടായതെന്നും ആശങ്കപെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പാലക്കാട് തിരുമറ്റക്കോട് മേഖലയിലാണ് ഭൂചലനമുണ്ടായത്. തിരുമറ്റക്കോട് പതിമൂന്നാം വാര്‍ഡ് ചാഴിയാട്ടിരി പ്രദേശത്ത് രാവിലെ 8.15നാണ് ശബ്ദത്തോടെ ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം എവിടെയാണെന്നും മറ്റു കൂടുതല്‍ വിവരങ്ങളോ ലഭ്യമായിട്ടില്ല. രണ്ടിടങ്ങളിലായുണ്ടായ ഭൂചലനത്തില്‍ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ, ആലൂർ, ആനക്കര, കുമ്പിടി, തൃത്താല, കക്കാട്ടിരി, ചാലിശ്ശേരി, കൂറ്റനാട്, തണ്ണീർകോട്, പെരിങ്ങോട്, ചാത്തന്നൂർ തുടങ്ങിയ പ്രദേശങ്ങളിലാണ് ഭൂമികുലുക്കവും മുഴക്കവും അനുഭവപ്പെട്ടതെന്നാണ് നാട്ടുകാർ പറയുന്നത്. തൃശൂരിലെ കുന്ദംകുളം എരുമപ്പെട്ടി, പഴഞ്ഞി മേഖലയിലാണ് നേരിയ ഭൂചലനമുണ്ടായതെന്നും നാല് സെക്കന്‍ഡ് നീണ്ടുനിന്ന ഭൂചലനമാണെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ദേശീയ ഭൂകമ്പ നിരീക്ഷണ സംവിധാനത്തില്‍ തീവ്രത 3 രേഖപ്പെടുത്തിയ നേരിയ ഭൂചലനമാണിതെന്നും അധികൃതര്‍ അറിയിച്ചു.

ഉഗ്ര ശബ്ദം കേട്ട് ഞെട്ടിപ്പോയെന്നും കടയുടെ ഷീറ്റും ഉപകരണങ്ങളും ഉള്‍പ്പെടെ കുലുങ്ങിയെന്നും പാലക്കാടെ അരി മില്ലിലെ ഷബീര്‍ പെരുമണ്ണൂര്‍ പറഞ്ഞു.വലിയ വാഹനങ്ങള്‍ പോകുമ്പോഴുണ്ടാകുന്ന പ്രകമ്പനമാണെന്നാണ് ആദ്യം കരുതിയതെന്നും പിന്നീട് ഭൂചലനമാണെന്ന് അറിഞ്ഞതെന്നും തൃശൂര്‍ സ്വദേശിയായ അഡ്വ. പ്രബിൻ പറഞ്ഞു. ഭൂചലനമുണ്ടായപ്പോള്‍ എന്താണെന്ന് സംഭവിക്കുന്നതെന്നറിയാതെ ഞെട്ടിയെന്നും ഏതാനും സെക്കന്‍ഡ് മാത്രമാണ് പ്രകമ്പനം ഉണ്ടായതെന്നും നാട്ടുകാര്‍ പ്രതികരിച്ചു.

എംഎ യൂസഫലി അടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം

എംഎ യൂസഫലി അടക്കമുള്ള പ്രതിനിധികള്‍ എത്തിയില്ല; നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ നാലാം ലോക കേരളസഭയ്ക്ക് ഇന്ന് സമാപനം. കുവൈത്ത് ദുരന്തത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലികള്‍ അര്‍പ്പിച്ചാണ് സഭ തുടങ്ങിയതെങ്കിലും ഇപ്പോള്‍ തന്നെ സമ്മേളനം നടത്തേണ്ടിയിരുന്നോ എന്നാണ് ചോദ്യം ഉയര്‍ന്നത്.

മേഖലാ യോഗങ്ങളുടെ റിപ്പോര്‍ട്ടിങ്ങും വിഷയാടിസ്ഥാനത്തിലുള്ള സമിതികളുടെ റിപ്പോര്‍ട്ടിങ്ങും സമാപന ദിവസമായ ഇന്ന് നടക്കും. മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗവും ഇന്നുനടക്കും. ഇന്നലെ തുടക്കം കുറിച്ച സഭയില്‍ വിവിധ മേഖലയില്‍ ഉള്ള പ്രമുഖര്‍ പങ്കെടുത്തു. പ്രധാനികളായ ചില പ്രതിനിധികള്‍ സമ്മേളനത്തിന് എത്തിയിട്ടില്ല. നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ കൂടിയായ എംഎ യൂസഫലിയും പങ്കെടുക്കുന്നില്ല.

ഇന്നലെ പ്രവാസി കേരളീയ പ്രധിനിധികളുടെ ആശംസ പ്രസംഗങ്ങളും വിഷയാവതരണവും മേഖലാ ചര്‍ച്ചകളും നടന്നു.മേഖലാ യോഗത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വിവിധ സാധ്യതകള്‍ ചര്‍ച്ച ചെയ്തു. ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ 19 ആഫ്രിക്കന്‍ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്തു.

ഫലഭൂയിഷ്ഠമായ മണ്ണ്, അനുകൂലമായ കാലാവസ്ഥ എന്നിവ വലിയ സാധ്യത നല്‍കുന്നുവെന്നും വിദ്യാഭ്യാസ മേഖലയിലും ആഫ്രിക്കന്‍ രാജ്യങ്ങളെ കേരളത്തിന് പ്രയോജനപ്പെടുത്താനാകുമെന്നും ചര്‍ച്ചയായി. എമിഗ്രേഷന്‍ കരട് ബില്‍ 2021 സംബന്ധിച്ചു നടന്ന ചര്‍ച്ച പ്രവാസികളുടെ ബില്‍ സംബന്ധിച്ച ആശങ്കകള്‍ പങ്കുവെച്ചു. പ്രവാസികളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനായി സര്‍ക്കാരിന്റെ നേതൃത്വത്തില്‍ പ്രവാസി മിഷന്‍ ആരംഭിക്കേണ്ടതുണ്ടെന്നും പുനഃരധിവാസം മെച്ചപ്പെടുത്തുന്നതിനായി പ്രവാസി ലോട്ടറി ആരംഭിക്കണമെന്നും പ്രവാസികള്‍ ആവശ്യപ്പെട്ടു.