ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ആധാര്‍ കാര്‍ഡിലെ വിശദാംശങ്ങള്‍ പുതുക്കല്‍; സൗജന്യസേവന സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് വിശദാംശങ്ങള്‍ സൗജന്യമായി പുതുക്കാനുള്ള സമയപരിധി സര്‍ക്കാര്‍ വീണ്ടും നീട്ടി. 2024 സെപ്റ്റംബര്‍ 14 വരെ ഫീസില്ലാതെ ആധാര്‍കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) അറിയിച്ചു. നേരത്തെ ഈ സമയപരിധി 2024 ജൂണ്‍ 14 ആയിരുന്നു.

ഇതിനോടകം തന്നെ പലതവണ കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി ആധാര്‍ അപ്ഡേറ്റ് ചെയ്യാന്‍ സമയം നല്‍കിയിരുന്നു. ഇപ്പോള്‍ സമയപരിധിയാണ് മൂന്ന് മാസത്തേക്ക് കൂടി വീണ്ടും നീട്ടി. സെപ്തംബര്‍ 14 ന് ശേഷം വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ ഫീസ് നല്‍കേണ്ടി വരും.

മൈആധാര്‍ പോര്‍ട്ടല്‍ വഴി മാത്രമാണ് സൗജന്യ സേവനം ലഭിക്കുക.ആധാര്‍ എടുത്തിട്ട് 10 വര്‍ഷം കഴിഞ്ഞെങ്കില്‍ നിര്‍ബന്ധമായും കാര്‍ഡ് ഉടമകള്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിര്‍ദേശം. പേര്,വിലാസ്,ജനനതീയതി ,മറ്റ് വിശദാംശങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഓണ്‍ലൈനായി യുഐഡിഎഐ വെബ്സൈറ്റിന്റെ പോര്‍ട്ടലില്‍ സൗജന്യമായി അപ്ഡേറ്റ് ചെയ്യാം. അതേസമയം, ഫോട്ടോ, ബയോമെട്രിക്, ഐറിസ് തുടങ്ങിയ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെങ്കില്‍ അടുത്തുള്ള ആധാര്‍ കേന്ദ്രങ്ങളില്‍ പോകണം.

2016ലെ ആധാര്‍ എന്റോള്‍മെന്റ്, അപ്‌ഡേറ്റ് റെഗുലേഷന്‍സ് അനുസരിച്ച് വ്യക്തികള്‍ ആധാര്‍ എന്റോള്‍മെന്റ് തീയതി മുതല്‍ പത്ത് വര്‍ഷത്തിലൊരിക്കല്‍ അവരുടെ ഐഡന്റിറ്റി പ്രൂഫ് (പിഒഐ), അഡ്രസ് പ്രൂഫ് (പിഒഎ) ഡോക്യുമെന്റുകള്‍ എന്നിവ അപ്‌ഡേറ്റ് ചെയ്യണമെന്ന് വ്യക്തമാക്കുന്നുണ്ട്. കൂടാതെ കുട്ടികളില്‍ അഞ്ച് വയസിനും 15 വയസിനും ഇടയില്‍ അവരുടെ ആധാര്‍ കാര്‍ഡില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണമെന്നും നിര്‍ദേശിക്കുന്നുണ്ട്.

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ഇടിമിന്നൽ, ‘കള്ളക്കടൽ’ പ്രതിഭാസം; മുന്നറിയിപ്പ്

വരും മണിക്കൂറിൽ ഈ ജില്ലകളിൽ മഴ; ഇടിമിന്നൽ, ‘കള്ളക്കടൽ’ പ്രതിഭാസം; മുന്നറിയിപ്പ്

തിരുവനന്തപുരം: വരും മണിക്കൂറിൽ സംസ്ഥാനത്ത് ചില ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

കേരള തീരത്തും, തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

ഇടിമിന്നൽ

നാളെ വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്ത്; അമേരിക്ക സൂപ്പര്‍ എട്ടില്‍

പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്ത്; അമേരിക്ക സൂപ്പര്‍ എട്ടില്‍

ന്യൂയോര്‍ക്ക്: ടി20 ലോകകപ്പില്‍ നിന്നു പാകിസ്ഥാന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്. അമേരിക്കയും അയര്‍ലന്‍ഡും തമ്മിലുള്ള പോരാട്ടം മഴയെ തുടര്‍ന്നു ഉപേക്ഷിച്ചതോടെയാണ് പാക് പ്രതീക്ഷകള്‍ അസ്തമിച്ചത്. ഇതോടെ ഗ്രൂപ്പ് എയില്‍ നിന്നു ഇന്ത്യക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായി ആതിഥേയരായ അമേരിക്ക സൂപ്പര്‍ എട്ടിലേക്ക് മുന്നേറി.

ഗ്രൂപ്പിലെ ആദ്യ പോരാട്ടത്തില്‍ അമേരിക്കയോടു അട്ടിമറി തോല്‍വി വഴങ്ങിയതാണ് പാകിസ്ഥാന് തിരിച്ചടിയായത്. പിന്നാലെ ഇന്ത്യയോടും തോറ്റതോടെ അവരുടെ പ്രതീക്ഷകള്‍ മറ്റ് മത്സര ഫലങ്ങളെ ആശ്രയിച്ചായി.

അമേരിക്ക അയര്‍ലന്‍ഡ് മത്സരം നടക്കുകയും അമേരിക്കയെ അയര്‍ലന്‍ഡ് തോല്‍പ്പിക്കുമെന്നുമായിരുന്നു അവരുടെ പ്രതീക്ഷ. എന്നാല്‍ മത്സരം നടന്നില്ല. ഇതോടെ ഓരോ പോയിന്റ് വീതം ഇരു ടീമുകള്‍ക്കും ലഭിച്ചു.

നെറ്റ് റണ്‍റേറ്റില്‍ അമേരിക്കയേക്കാള്‍ സാധ്യത പാകിസ്ഥാനുണ്ടായിരുന്നു. എന്നാല്‍ യുഎസ്എ- അയര്‍ലന്‍ഡ് പോരാട്ടം ഉപേക്ഷിച്ചതോടെ ആതിഥേയര്‍ക്ക് അഞ്ച് പോയിന്റുകളായി.

പാകിസ്ഥാന് നിലവില്‍ രണ്ട് പോയിന്റാണുള്ളത്. കാനഡയെ കീഴടക്കിയാണ് നേട്ടം. അവസാന പോരാട്ടത്തില്‍ പാകിസ്ഥാന്‍ അയര്‍ലന്‍ഡുമായി ഏറ്റുമുട്ടും. ഇതില്‍ ജയിച്ചാലും അവര്‍ക്ക് നാല് പോയിന്റേ കിട്ടു. ഇതോടെ പ്രതീക്ഷകളും തീര്‍ന്നു.

ഭാര്യയും മക്കളും കഴിയുന്നത് ഷെഡിൽ; ആ സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് പോയി; വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

ഭാര്യയും മക്കളും കഴിയുന്നത് ഷെഡിൽ; ആ സ്വപ്നം പൂർത്തിയാക്കാതെ ബിനോയ് പോയി; വീട് നിർമിച്ച് നൽകുമെന്ന് ഉറപ്പ് നൽകി കേന്ദ്ര മന്ത്രി സുരേഷ് ​ഗോപി

തൃശൂർ: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച തൃശൂർ ചാവക്കാട് തെക്കന്‍ പാലയൂര്‍ സ്വദേശി ബിനോയ് തോമസിന്റെ (44) കുടുംബത്തിന് വീടുവച്ചു നല്‍കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ബിനോയിയുടെ മൃതദേഹം ഏറ്റുവാങ്ങാന്‍ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ബന്ധുക്കളോട് കേന്ദ്ര മന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കി.

ബിനോയിയുടെ കുടുംബത്തിന് വീടില്ലെന്നും താൽക്കാലിക ഷെഡിലാണ് ഭാര്യയും രണ്ടു മക്കളുമടങ്ങുന്ന കുടുംബം കഴിയുന്നതെന്നും അറിഞ്ഞതിനു പിന്നാലെയാണ് വീടുവച്ചു നൽകാമെന്ന് സുരേഷ് ഗോപി ഉറപ്പ് നൽകിയത്. ഒരാഴ്ച മുൻപാണ് ബിനോയ് കുവൈത്തിലേക്ക് പോയത്.

ഏറെക്കാലമായി വാടക വീട്ടിൽ കഴിഞ്ഞിരുന്ന ബിനോയും കുടുംബവും അടുത്തിടെയാണ് താൽക്കാലിക ഷെഡ് നിർമിച്ച് അങ്ങോട്ടേക്കു മാറിയത്. വിമാനത്താവളത്തില്‍ നിന്ന് മൃതദേഹം വീട്ടിലെത്തിക്കുന്നതിനു മുൻപേ തെക്കന്‍ പാലയൂര്‍ കൊച്ചിപ്പാടത്തെ ബിനോയിയുടെ വീട്ടിലും മന്ത്രി എത്തിയിരുന്നു.

സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില ചര്‍ച്ച ചെയ്യാന്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് ചേരും. സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബിന്റെ നേതൃത്വത്തിലാണ് യോഗം.

ജില്ലാ പൊലീസ് മേധാവിമാര്‍ മുതല്‍ എഡിജിപിമാര്‍ വരെയുള്ളവര്‍ പങ്കെടുക്കുന്ന യോഗം പൊലീസ് ആസ്ഥാനത്താണ് ചേരുക. ക്രൈം ബ്രാഞ്ച് മേധാവി, ഇന്റലിജന്‍സ് മേധാവി അടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കും.

സംസ്ഥാനത്തെ ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ്- ഗുണ്ടാ ബന്ധവും പ്രധാന അജണ്ടയാണ്. സമീപകാലത്ത് ഗുണ്ടാ അഴിഞ്ഞാട്ടവും പൊലീസ് ഗുണ്ടാ ബന്ധവും പുറത്തുവന്നത് സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയിരുന്നു. ഇക്കാര്യങ്ങളിലെല്ലാം എന്തെല്ലാം നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ചര്‍ച്ച ചെയ്യും.

ഈ സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ഇതുവരെ ഇരുപതോളം ഉദ്യോഗസ്ഥരെയാണ് ഗുണ്ടാബന്ധത്തിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തത്. 23 പേരെ പിരിച്ചുവിടുകയും ചെയ്തു. പ്രധാനമായും യോഗത്തില്‍ ഇക്കാര്യങ്ങളൊക്കെയാകും ചര്‍ച്ച ചെയ്യുക. ഗുണ്ടാ നേതാവ് തമ്മനം ഫൈസലിന്റെ വിരുന്നില്‍ ആലപ്പുഴയിലെ ഡിവൈഎസ്പി എംജി സാബു പങ്കെടുത്തത് വിവാദമായിരുന്നു.