അന്ത്യചുബനം നല്‍കി അമ്മയും ഭാര്യയും;  കേരളത്തിന്റെ നൊമ്പരമായി അര്‍ജുന്‍

അന്ത്യചുബനം നല്‍കി അമ്മയും ഭാര്യയും; കേരളത്തിന്റെ നൊമ്പരമായി അര്‍ജുന്‍

കോഴിക്കോട്: അന്ത്യവിശ്രമത്തിനായി വീട്ടിലെത്തിയ അര്‍ജുനന് യാത്രാമൊഴിയേകി ജനസാഗരം. ഉറ്റവര്‍ക്കൊപ്പം വീട്ടു മുറ്റത്തെ പന്തലില്‍ ഒരു നാട് ഒന്നാകെ അര്‍ജുന് അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാവിലെ പതിനൊന്ന് മണിക്കാണ് സംസ്‌കാരമെന്നായിരുന്നു നേരത്തെ അറിയിച്ചതെങ്കിലും അവസാനമായി ഒരുനോക്ക് കാണാനെത്തിയവരുടെ നിര നീണ്ടതോടെ ചിതയിലേക്ക് എടുക്കാന്‍ സമയം പിന്നെയും നീണ്ടു. വീടിന് സമീപം ഒരുക്കിയ ചിതയില്‍ അര്‍ജുന്റെ അനിയന്‍ മതാചാരപ്രകാരം തീ കൊളുത്തി.

കാര്‍വാര്‍ എംഎല്‍എ സതീഷ് സെയില്‍, ഈശ്വര്‍ മല്‍പെ, എംകെ രാഘവന്‍ എംപി, ഷാഫി പറമ്പില്‍ എംപി, മന്ത്രിമാരായ എകെ ശശീന്ദ്രന്‍, കെബി ഗണേഷ് കുമാര്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, കെഎം സച്ചിന്‍ ദേവ്, ലിന്റോ ജോസഫ് , മേയര്‍ ബീന ഫിലിപ്പ്, എ പ്രദീപ് കുമാര്‍, പികെ. ഫിറോസ് തുടങ്ങി നിരവധി പേര്‍ അന്ത്യാഞ്ജി അര്‍പ്പിച്ചു.

അര്‍ജുന്റെ മൃതദേഹം വഹിച്ച ആംബുലന്‍സ് ജില്ലാ അതിര്‍ത്തിയായ അഴിയൂരില്‍ ശനിയാഴ്ച രാവിലെ ആറോടെയാണെത്തിയത്. മന്ത്രി എകെ ശശീന്ദ്രന്‍, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, കെകെ രമ, ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ തുടങ്ങിയവര്‍ മൃതദേഹം ഏറ്റുവാങ്ങി. മൃതദേഹം രാവിലെ ആറ് മുതല്‍ തന്നെ ജന്മനാടായ കണ്ണാടിക്കല്‍ എത്തുമെന്നറിഞ്ഞ് നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു. 8.15 ഓടെയാണ് കണ്ണാടിക്കല്‍ എത്തിയത്. തുടര്‍ന്ന് ആംബുലന്‍സിന് പിന്നാലെ വിലാപയാത്രയായി വീട്ടിലേക്ക്. റോഡിനിരുവശവും സ്ത്രീകളും കുട്ടികളും കാത്തുനിന്നു. സ്ത്രീകളും പ്രായമായ അമ്മമാരും വിതുമ്പിക്കരഞ്ഞു. സ്വന്തം മകനെ നഷ്ടപ്പെട്ടതിന്റെ വേദന അവരുടെ മുഖത്ത് നിഴലിച്ചു.

പ്രാരബ്ധങ്ങള്‍ക്കിടയില്‍ അവന്‍ പടുത്തുയര്‍ത്തിയ വീടിന്റെ അകത്ത് അവസാനമായി അര്‍ജുനെ കിടത്തിയപ്പോള്‍ ആര്‍ത്ത് കരയുന്നുണ്ടായിരുന്നു ഭാര്യയും അമ്മയും സഹോദരങ്ങളും. മണ്ണോട് ചേരും മുമ്പ് മകന്റെ, ഭര്‍ത്താവിന്റെ, സഹോദരന്റെ മുഖം പോലുമൊന്ന് കാണാന്‍ പറ്റാത്തതിന്റെ തീരാവേദനയില്‍. അച്ഛന്റെ വരവ് പ്രതീക്ഷിച്ചിരുന്ന അര്‍ജുന്റെ മകന്‍ കണ്ണീര്‍ക്കാഴ്ചയായി. അതിവൈകാരികമായ യാത്രയയപ്പായിരുന്നു അര്‍ജുന് നാട് നല്‍കിയത്.

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ

ബ്രിട്ടണിൽ ആദ്യമായി മുത്തപ്പൻ വെള്ളാട്ടം മഹോത്സവം കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നടത്തുന്നു. കെന്റ്റ് അയ്യപ്പ ക്ഷേത്രവും കെന്റ്റ് ഹിന്ദു സമാജവും മുത്തപ്പൻ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ ഇന്ന് ഉച്ചയ്ക്ക് 2:00 മുതൽ രാത്രി 9:00 വരെയാണ് മുത്തപ്പൻ വെള്ളാട്ടം സംഘടിപ്പിക്കുന്നത്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്കൗട്ട്സ് സമ്മേളന കേന്ദ്രത്തിൽ ആണ് മുത്തപ്പൻ വെള്ളാട്ടം നടത്തപ്പെടുന്നത്.

കണ്ണൂരിലെ പറശ്ശിനി മടപ്പുര ശ്രീ മുത്തപ്പൻ ക്ഷേത്രം ഇന്ത്യയിൽ കേരളത്തിലെ ഈ ദേവതയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഏറ്റവും പ്രശസ്തമായ ആരാധനാലയങ്ങളിൽ ഒന്നാണ്. അന്നേദിനം സായാഹ്നം ആചാരപരമായ അഭ്യർത്ഥനയോടെ ആരംഭിക്കും. തുടർന്ന് പരമ്പരാഗത സംഗീതം, നൃത്തം, ശ്രീ മുത്തപ്പന് വഴിപാടുകൾ എന്നിവ ഉൾപ്പെടുന്ന വെള്ളാട്ടം ചടങ്ങ് നടക്കും. ഭക്തർക്ക് ചടങ്ങുകളിൽ പങ്കെടുക്കാനും പ്രസാദം സ്വീകരിക്കാനും അവസരമുണ്ട്.

ആദിദേവ സങ്കൽപ്പമായി, കിരാതരൂപിയായി ശ്രീ മഹാദേവൻ കുടികൊള്ളുന്ന അതിപ്രശസ്‌തമായ പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ കെട്ടിയാടുന്ന മുത്തപ്പൻ വെള്ളാട്ടത്തിന്റെ എല്ലാ ആചാര അനുഷ്‌ഠാന ചടങ്ങുകളോടെയും ആയിരിക്കും എല്ലാ ചടങ്ങുകളും നടക്കുക. പറശ്ശിനിക്കടവ് മടപ്പുര ക്ഷേത്രത്തിൽ നിന്ന് ആദ്യമായിട്ടാണ് യു കെ യിൽ ശ്രീ മുത്തപ്പൻ വെള്ളാട്ടം എത്തുന്നത്. വെള്ളാട്ടം മുത്തപ്പൻറെ എഴുന്നള്ളത്ത് ആണ്. മുത്തപ്പന് തൻറെ ഭക്തരെ കാണണം എന്ന് തോന്നിയാൽ മാത്രമെ മുത്തപ്പൻ വെള്ളാട്ടം ആറാടി ഭക്തരുടെ അടുത്ത് എത്തൂ എനാണ് ആചാര്യ മൊഴി.

ചോറ്റാനിക്കര ക്ഷേത്രത്തില്‍ 129 പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ വഴിപാടായി നല്‍കി

ചോറ്റാനിക്കര ക്ഷേത്രത്തില്‍ 129 പവന്‍ സ്വര്‍ണ ആഭരണങ്ങള്‍ വഴിപാടായി നല്‍കി

ചോറ്റാനിക്കര: ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഭക്ത വഴിപാടായി 129 പവന്‍(1031) ഗ്രാം സ്വര്‍ണ ഉരുപ്പടികള്‍ സമര്‍പ്പിച്ചു. ചെന്നൈ സ്വദേശിനി പത്മയുടെയും കുടുംബത്തിന്റേതാണ് വഴിപാട്. ചോറ്റാനിക്കര ദേവിയ്ക്ക് 908 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയും 71 ഗ്രാമുള്ള സ്വണത്താമര പൂവും കീഴ്ക്കാവ് ഭഗവതിക്ക് 52 ഗ്രാമുള്ള സ്വര്‍ണക്കാശ് മാലയുമാണ് സമര്‍പ്പിച്ചത്.

സ്വര്‍ണത്തിന് മാത്രം 76 ലക്ഷം രൂപയോളം വില വരും. ക്ഷേത്രത്തില്‍ ദേവിയുടെ ശ്രീകോവിലിന് ചുറ്റും വെള്ളി പൊതിഞ്ഞിരിക്കുന്നതും കീഴ്ക്കാവില്‍ വെള്ളി ഗോളക സമര്‍പ്പിച്ചിരിക്കുന്നതും പത്മയുടെയും കുടുംബത്തിന്റെയും വഴിപാടാണ്.

കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് മെംബര്‍ എം ബി മുരളീധരന്‍ സ്വര്‍ണ ഉരുപ്പടികള്‍ ഏറ്റുവാങ്ങി. ചോറ്റാനിക്കര ദേവസ്വം അസി കമ്മീഷണര്‍ ബിജു ആര്‍ പിള്ള, വേസ്വം മാനേജര്‍ രഞ്ജിനി രാധാകൃഷ്ണന്‍, ക്ഷേത്ര ഉപദേശക സമിതി പ്രിസിഡന്റ് വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കൂട്ടുകാർക്കൊപ്പം കുടിച്ചു; വിദ്യാർഥികൾ അവശരായി റോഡിൽ

വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കൂട്ടുകാർക്കൊപ്പം കുടിച്ചു; വിദ്യാർഥികൾ അവശരായി റോഡിൽ

പാലക്കാട്: മദ്യം കഴിച്ച് അവശനിലയിലായി റോഡിൽ കിടന്ന വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചു. പാലക്കാട് വണ്ടാഴിയിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവമുണ്ടായത്. വീട്ടിൽ സൂക്ഷിച്ചിരുന്ന മദ്യം കൊണ്ടുവന്ന് ഒൻപതാം ക്ലാസ് വിദ്യാർഥികളായ ഏഴ് പേർ ഒന്നിച്ച് കുടിക്കുകയായിരുന്നു. റോഡരികില്‍ അവശനിലയില്‍ കിടക്കുകയായിരുന്നു കുട്ടികള്‍. ഒപ്പമുണ്ടായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ വെള്ളംതളിച്ച് ഉണര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ മംഗലം ഡാം പൊലീസാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രണ്ട് വിദ്യാർഥികൾക്ക് ബോധം തെളിഞ്ഞിരുന്നു. ഒരു വിദ്യാർഥിക്ക് മൂന്ന് മണിക്കൂറിന് ശേഷമാണ് ബോധം വന്നത്. ആരുടെയും നില അപകടകരമല്ലെന്ന് പൊലീസ് അറിയിച്ചു.

വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് കഴിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എല്ലാവരും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളാണ്. മംഗലം ഡാം പൊലീസും ആലത്തൂര്‍ എക്‌സൈസ് അധികൃതരും കുട്ടികളുടെ രക്ഷിതാക്കളെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി. ബോധവത്കരണവും താക്കീതും നല്‍കി വിട്ടയച്ചു.

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക് സമരം

ശനിയാഴ്ച പ്രവൃത്തി ദിവസം; സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ കെഎസ്‌യു പഠിപ്പുമുടക്ക് സമരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടിഐ സ്ഥാപനങ്ങളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതില്‍ പ്രതിഷേധം ശക്തമാക്കി കെഎസ്‌യു. ഇന്നു സംസ്ഥാനവ്യാപകമായി ഐടിഐകളില്‍ പഠിപ്പുമുടക്ക് സമരം നടക്കും.

നിരന്തരമായ ആവശ്യമുയര്‍ന്നിട്ടും വിഷയത്തില്‍ വിദ്യാര്‍ഥിവിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെതിരെയാണു പ്രതിഷേധമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. ഇടതു സംഘടനകളിലെ ആഭ്യന്തരകലഹം മൂലമാണ് ഐടിഐകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമായി തുടരുന്നതെന്നും പഠനക്രമം അടിയന്തരമായി പുനഃക്രമീകരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബര്‍ 26ന് ഐടിഐകളില്‍ കെഎസ്‌യു വിദ്യാര്‍ഥി സദസുകള്‍ സംഘടിപ്പിച്ചിരുന്നു.