ആദ്യമായി ബിജെപി അംഗം പാര്‍ലമെന്റിലെത്തി; കേരളം എടുത്തുപറഞ്ഞ് മോദി

ആദ്യമായി ബിജെപി അംഗം പാര്‍ലമെന്റിലെത്തി; കേരളം എടുത്തുപറഞ്ഞ് മോദി

ന്യൂഡല്‍ഹി: എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ കേരളത്തെ പ്രത്യേകം പരാമര്‍ശിച്ച് പ്രധാനനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ ബിജെപി വരാതിരിക്കാന്‍ രണ്ടു മുന്നികളും പരമാവധി ശ്രമിച്ചിട്ടും അവിടെ നിന്ന് ആദ്യമായി ബിജെപി പ്രതിനിധി ജയിച്ചുവന്നു. ബിജെപി പ്രവര്‍ത്തകര്‍ കേരളത്തില്‍ നേരിടേണ്ടി വന്നത് വലിയ ക്രൂരതകളാണ്. ഒട്ടേറെപ്പേര്‍ ബലിദാനികളായി. തലമുറകളുടെ പ്രയത്‌നഫലമായാണ് ഇങ്ങനെ ഒരു നേട്ടമുണ്ടായതെന്നും മോദി പറഞ്ഞു.

കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സഹിച്ചതുപോലെ ജമ്മു കശ്മീരില്‍ പോലും പ്രവര്‍ത്തകര്‍ ത്യാഗം സഹിച്ചിട്ടുണ്ടാവില്ലെന്നും മോദി പറഞ്ഞു. ഇത്തവണ അവിടെ നിന്ന് നമുക്ക് ഒരു എംപിയെ കിട്ടി. എവിടെയും വിജയസാധ്യതയുണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹം കഠിന പരിശ്രമത്തിലൂടെ ഇന്ന് പാര്‍ലമെന്റില്‍ കേരളത്തില്‍ നിന്നുള്ള ആദ്യത്തെ ബിജെപി എംപിയായെന്നും സുരേഷ് ഗോപിയുടെ പേരു പരാമര്‍ശിക്കാതെ മോദി പറഞ്ഞു. ദക്ഷിണേന്ത്യയിലും കരുത്ത് കാട്ടാന്‍ ബിജെപിക്ക് കഴിഞ്ഞു. കര്‍ണാടകയിലെയും തെലങ്കാനയിലെയും തിരിച്ചടി മറികടക്കാനായെന്നും തമിഴ്‌നാട്ടില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും വന്‍തോതില്‍ വോട്ട് വര്‍ധിച്ചെന്നും മോദി പറഞ്ഞു.

മാജിക്കിലേക്ക് തിരികെയെത്തുമെന്ന് ഗോപിനാഥ് മുതുകാട്

മാജിക്കിലേക്ക് തിരികെയെത്തുമെന്ന് ഗോപിനാഥ് മുതുകാട്

മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗോപിനാഥ് മുതുകാട് മാജിക്കിലേക്ക് തിരിച്ചുവരുന്നു. മാജിക്കിലേക്ക് തിരിച്ചെത്തണമെന്ന് ഗോപിനാഥിനോട് മന്ത്രി കെ ബി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. മന്ത്രിയെന്ന നിലയില്‍ ഗണേഷ് കുമാര്‍ ഔദ്യോഗികമായി ആവശ്യപ്പെട്ട കാര്യമാണിതെന്നും മടങ്ങിവരവിനെ കുറിച്ച് ചിന്തിക്കുകയാണെന്നും മുതുകാട് പറഞ്ഞു.

കഴിഞ്ഞ ദിവസം ഡിഎസിയുടെ നേതൃത്വത്തില്‍ ആരംഭിച്ച അപ് കഫേയുടെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ ബി ഗണേഷ് കുമാര്‍. അവിടെ വച്ചാണ് പ്രസംഗത്തിനിടെ മതുകാടിനോട് മാജിക്കിലേക്ക് തിരിച്ചുവരാന്‍ മന്ത്രി ആവശ്യപ്പെട്ടത്. തന്റെ സുഹൃത്ത് കൂടിയായ ഗണേഷ് കുമാര്‍ ഇക്കാര്യം സ്വകാര്യ സംഭാഷണത്തിലും ആവശ്യപ്പെടുകയുണ്ടായി. സാധിക്കുമെങ്കില്‍ ഈ വര്‍ഷം തന്നെ മാജിക് പുനരാംരഭിക്കാനുള്ള ആലോചനയിലാണ്. അതേസമയം പഴയ രീതിയില്‍ നിന്ന് മാറി സാമൂഹിക പ്രതിബദ്ധതയുള്ള മാജിക് പരിപാടികള്‍ക്കായിരിക്കും മുന്‍തൂക്കം നല്‍കുകയെന്നും ഗോപിനാഥ് മുതുകാട് പറഞ്ഞു.

ഇനി സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കേണ്ട; വിദ്യാര്‍ഥി പാസെടുക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കെഎസ്ആര്‍ടിസി

ഇനി സ്റ്റാന്‍ഡില്‍ കാത്തുനില്‍ക്കേണ്ട; വിദ്യാര്‍ഥി പാസെടുക്കാന്‍ മൊബൈല്‍ ആപ്പ് പുറത്തിറക്കി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: വിദ്യാര്‍ഥി പാസെടുക്കാന്‍ കെഎസ്ആര്‍ടിസി മൊബൈല്‍ ആപ്പ് പുറത്തിറക്കി. കെഎസ്ആര്‍ടിസി കണ്‍സഷന്‍ എന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. വിദ്യാര്‍ഥിയുടെ ഫോട്ടോയും ആവശ്യമായ രേഖകളും അപ്ലോഡ് ചെയ്ത് പാസിന് അപേക്ഷിക്കാം. പണവും ആപ്പിലൂടെ അടയ്ക്കാന്‍ കഴിയും.

പാസ് ഏത് തീയതിയില്‍ ഡിപ്പോയില്‍ നിന്ന് ലഭിക്കുമെന്ന് രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പറിലേക്ക് എസ്എംഎസ് വരും. ആ ദിവസം ഡിപ്പോയില്‍ എത്തി തിരിച്ചറിയല്‍ രേഖ കാണിച്ച് പാസ് കൈപ്പറ്റാം. ആപ്പില്‍ എങ്ങനെ രേഖകള്‍ അപ്ലോഡ് ചെയ്യാം, ഏതൊക്കെ രേഖകള്‍ വേണം തുടങ്ങിയ കാര്യങ്ങള്‍ കെഎസ്ആര്‍ടിസിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലുണ്ട്.

അര്‍മീനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 5.5 ലക്ഷം രൂപ

അര്‍മീനിയയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് 5.5 ലക്ഷം രൂപ

പത്തനംതിട്ട: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്ന് 5.5 ലക്ഷം രൂപ തട്ടിയെന്ന് പരാതി. മാരാമണ്‍ സ്വദേശി സോന സുരേഷാണ് തട്ടിപ്പിനിരയായത്. എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിലൂടെ ജോലിക്കായി അര്‍മീനിയയിലെത്തിയ ശേഷമാണ് ചതിക്കപ്പെട്ട കാര്യം തിരിച്ചറിഞ്ഞത് എന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.

ജോലി വാഗ്ദാനം ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരനും സുഹൃത്തുമായ കണ്ണൂര്‍ സ്വദേശി അനുരാജാണ് യുവതിയില്‍നിന്ന് പലതവണയായി പണം കൈപ്പറ്റിയത്. ഇവരുടെ സംഘത്തിലുണ്ടായിരുന്ന സ്ത്രീ ഉള്‍പ്പെടെയുള്ള മറ്റു 3 പേരുടെ വിവരങ്ങള്‍ ലഭ്യമല്ല. പച്ചക്കറി ഫാക്ടറിയില്‍ പാക്കേജിങ് ഡിവിഷനില്‍ ജോലി ശരിയാക്കിയെന്നു പറഞ്ഞാണ് സോനയെ അര്‍മീനിയയിലേക്ക് അയച്ചത്. അവിടെയെത്തിയ ശേഷമാണ് ജോലിയില്ലെന്നും താമസസ്ഥലം പോലും ഒരുക്കിയിട്ടില്ലെന്നും അറിഞ്ഞത്. പിന്നീട് അവിടെത്തന്നെയുള്ള ഒരു വീട്ടില്‍ നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അവിടെയുണ്ടായിരുന്നവരും ഇതുപോലെ ചതിക്കപ്പെട്ട് എത്തിയവരായിരുന്നു. വന്‍തുക മുടക്കി ജോലിക്കായി എത്തിയിട്ട് വെറുംകയ്യോടെ നാട്ടിലേക്ക് തിരിച്ചുപോകാന്‍ സാധിക്കാത്തതിനാല്‍, വിസ കാലാവധി അവസാനിച്ചിട്ടും അവിടെ തുടരുന്നവരായിരുന്നു അവര്‍.

തുടര്‍ന്ന് നാട്ടില്‍ വിവരം അറിയിക്കുകയും അനുരാജുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ ഇപ്പോഴുള്ളയിടത്ത് തുടരാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു. കാര്യങ്ങളില്‍ വ്യക്തത ലഭിക്കാതിരുന്നതിനാല്‍ യുവതി ബഹളമുണ്ടാക്കുകയും താമസസ്ഥലത്തുനിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. എന്നാല്‍ ഇവരുടെ സംഘമെത്തി അനുനയിപ്പിച്ച് തിരികെ കൊണ്ടുപോയി. ശേഷം നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കങ്ങള്‍ ചെയ്തു. നാട്ടിലെത്തിയശേഷം പലതവണ അനുരാജുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പൊലീസില്‍ പരാതി നല്‍കിയതോടെ ഒരുലക്ഷം രൂപ തിരികെ നല്‍കി. ബാക്കിത്തുക ആവശ്യപ്പെട്ടപ്പോഴെല്ലാം ഒഴിഞ്ഞുമാറി. പിന്നീട് ഫോണില്‍ ബ്ലോക്ക് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് കോയിപ്രം പൊലീസില്‍ യുവതി വീണ്ടും പരാതി നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് തീവ്രമഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രമഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതിതീവ്രമഴ കണക്കിലെടുത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച കാസര്‍കോട്, കണ്ണുര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

ഞായറാഴ്ച എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും തിങ്കളാഴ്ച മലപ്പുറം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.