‘ആവേശം’ കയറി പിറന്നാള്‍ ആഘോഷം; വടിവാള്‍കൊണ്ട് കേക്ക് മുറി, പൊലീസിനെ വട്ടംകറക്കി, ഒടുവില്‍ ട്വിസ്റ്റ്

‘ആവേശം’ കയറി പിറന്നാള്‍ ആഘോഷം; വടിവാള്‍കൊണ്ട് കേക്ക് മുറി, പൊലീസിനെ വട്ടംകറക്കി, ഒടുവില്‍ ട്വിസ്റ്റ്

പത്തനംതിട്ട: ‘ആവേശം’ സിനിമയിലെ ഗുണ്ടസംഘങ്ങളുടെ മാതൃകയില്‍ പിറന്നാള്‍ ആഘോഷം നടത്തിയ യുവാക്കള്‍ പൊലീസിന് തലവേദനയായി. വടിവാള്‍ കൊണ്ട് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഗുണ്ട സംഘങ്ങളാണെന്ന തെറ്റിദ്ധരിച്ച് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

ഗുണ്ടകളുടെ പിറന്നാള്‍ ആഘോഷം എന്ന രീതിയില്‍ ദൃശ്യം പ്രചരിക്കപ്പെട്ടതോടെ പത്തനംതിട്ടയിലെ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരും ഇലവുംതിട്ട പൊലീസും അന്വേഷണം ആരംഭിക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചത് ജില്ലയിലെ രഹസ്യാന്വേഷണ വിഭാഗത്തെ ഒരാഴ്ചയോളമാണ് വട്ടംകറക്കിയത്. അന്വേഷണങ്ങള്‍ക്കൊടുവിലാണ് തടി കൊണ്ട് നിര്‍മിച്ച വടിവാള്‍ ഉപയോഗിച്ചാണ് കേക്ക് മുറിച്ചതെന്ന് കണ്ടെത്തിയത്. പിറന്നാള്‍ ആഘോഷമായിരുന്നുവെന്നും ആവേശം സിനിമയിലെ ആഘോഷം അതേരീതിയില്‍ പകര്‍ത്തുകയായിരുന്നുവെന്നാണ് യുവാക്കര്‍ പ്രതികരിച്ചത്. പന്തളത്തുള്ള നാടകസംഘത്തില്‍ നിന്ന് തരപ്പെടുത്തിയ തടി കൊണ്ടുള്ള വാള്‍ ഉപയോഗിച്ചാണ് കേക്ക് മുറിച്ചെന്നും യുവാക്കള്‍ പറഞ്ഞു.

ഗുണ്ടകളുടെ ആഘോഷമാണെന്ന് വ്യഖ്യാനിക്കപ്പെട്ടതോടെ പൊലീസ് യുവാക്കളെ ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് വരുത്തുകയായിരുന്നു. പൊലീസ് സ്റ്റേഷനില്‍ വാള്‍ വാങ്ങി വച്ച് യുവാക്കളെ ഉപദേശിച്ച ശേഷം കേസെടുക്കാതെ പറഞ്ഞു വിട്ടു.

കെഎസ്ആര്‍ടിസി ഡിപ്പോകളിലും ബസുകളിലും പോസ്റ്ററുകള്‍ വേണ്ടന്ന് ഗണേഷ്‌കുമാര്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എല്ലാ ഓഫിസുകളും വൃത്തിയായി സൂക്ഷിക്കാന്‍ കര്‍മപദ്ധതിയുമായി ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍. കെഎസ്ആര്‍ടിസി ഡിപ്പോകളിലോ ബസുകളിലോ പോസ്റ്ററുകള്‍ പതിക്കരുതെന്നു മന്ത്രി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ബസുകളിലും ഡിപ്പോകളിലും തന്റെ പടംപോലും ഒട്ടിക്കരുതെന്നും പോസ്റ്ററുകള്‍ കണ്ടാല്‍ കീറിക്കളയണമെന്നും മന്ത്രി കെബി ഗണേഷ്‌കുമാര്‍ ജീവനക്കാരോട് പറഞ്ഞു.

അംഗീകാരമുള്ളതും അല്ലാത്തതുമായ യൂണിയനുകള്‍ക്ക് പോസ്റ്ററുകള്‍ പതിക്കാന്‍ സ്ഥലം അനുവദിക്കും. അവിടെ മാത്രമേ പോസ്റ്ററുകള്‍ പതിക്കാവൂ. ഇതു സംബന്ധിച്ച് സിഎംഡി നിര്‍ദേശം നല്‍കിയിട്ടുണ്ട്. മന്ത്രിയായ തന്റെ പോസ്റ്ററുകള്‍ കണ്ടാല്‍ പോലും ഇളക്കിക്കളയണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പട്ടു.

വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു

വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു

വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമോജി അര്‍ബുദത്തെ അതിജീവിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ ഉടമസ്ഥതയുള്ള റാമോജി ഗ്രൂപ്പിന്റെ തലവനാണ് രാമോജി റാവു.

മാര്‍ഗദര്‍സി ചിറ്റ് ഫണ്ട്, ഈനാട് പത്രം, ഇടിവി, രാമദേവി പബ്ലിക് സ്‌കൂള്‍, പ്രിയ ഫുഡ്‌സ്, ഉഷാകിരന്‍ മൂവികള്‍, മുകളില്‍ റാമോജി ഫിലിം സിറ്റി എന്നിവ റാമോജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കമ്പനികളില്‍ ഉള്‍പ്പെടുന്നു. രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിച്ച വ്യക്തിയാണ്.

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒഴിവ്

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒഴിവ്

ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ ജൂനിയർ ഹിന്ദി വിഭാഗത്തിൽ ഒരു ഒഴിവ് ഉണ്ട് . ഈ ഒഴിവിലേയ്ക് അധ്യാപകനെ ദിവസ വേതനടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള അഭിമുഖം
12 -06 24 നു രാവിലെ 9 .30 ഡയറ്റ് ഓഫീസിൽ വച്ച് നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അന്നേ ദിവസം അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാക്കേണ്ടതാണ്.

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു

കോഴിക്കോട്: കോനാട് ബീച്ചിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഒരാൾ മരിച്ചു. കക്കോടി കുമാരസ്വാമി സ്വദേശി മോഹൻദാസ് ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെ ബീച്ച് റോഡിലൂടെ കൊയിലാണ്ടി ഭാഗത്തേക്ക് പോയ കാറിന് പിന്നിൽ നിന്ന് പുക ഉയരുന്നത് ട്രാഫിക് പൊലീസിൻ്റെ ശ്രദ്ധയിൽ പെട്ടിതോടെ പൊലീസുകാർ വാഹനം നിർത്താനാവശ്യപ്പെട്ടു. ഡ്രൈവർ കാർ റോഡരികിലേക്ക് ഒതുക്കി നിർത്തിയതിനു പിന്നാലെ തീ പടരുകയായിരുന്നു.

സീറ്റ് ബെൽറ്റ് മുറുകി സീറ്റിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്താൻ നാട്ടുകാരും പൊലീസും ശ്രമിച്ചെങ്കിലും പൊട്ടിത്തെറിയോടെ തീ ആളിപ്പടർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി. ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.