നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ അവധി

നെഹ്റു ട്രോഫി വള്ളംകളി ഇന്ന്; ആലപ്പുഴയിൽ അവധി

ആലപ്പുഴ: എഴുപതാമത് നെഹ്റു ട്രോഫി വള്ളംകളി ഇന്ന്. വയനാട് ഉരുൾപൊട്ടലിനു പിന്നാലെ വേണ്ടെന്നുവച്ച വള്ളംകളി ഒന്നരമാസം വൈകിയാണ് നടത്തുന്നത്. ഓഗസ്റ്റ് 10നായിരുന്നു വള്ളംകളി നടക്കേണ്ടിയിരുന്നത്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനം ചെയ്യും. 19 ചുണ്ടൻ വള്ളങ്ങൾ അടക്കം 72 കളിവള്ളങ്ങൾ മത്സരത്തിൽ പങ്കെടുക്കും. രാവിലെ പതിനൊന്നു മണി മുതൽ ചെറുവള്ളങ്ങളുടെ മത്സരം തുടങ്ങും. ഉച്ചക്ക് ശേഷമാണു ചുണ്ടൻ വള്ളങ്ങളുടെ മത്സരങ്ങൾ. അഞ്ച് ഹീറ്റ്സുകളിലായാണ് ചുണ്ടൻവള്ളങ്ങളുടെ മത്സരം. തുടർച്ചയായ അഞ്ചാം വിജയത്തിനായാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ് എത്തുന്നത്.

നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച ആലപ്പുഴ ജില്ലയിൽ പ്രാദേശികാവധി പ്രഖ്യാപിച്ചു. അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ഉത്തരവായി. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാൽ ശനിയാഴ്ച മാവേലിക്കര താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നേരത്തെ പ്രാദേശിക അവധി പ്രഖ്യാപിച്ചിരുന്നു. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടത്തുന്നതിന് ഈ ഉത്തരവ് ബാധകമല്ലെന്നും കലക്ടർ അറിയിച്ചു.

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍; കോഴിക്കോട് മുതല്‍ വിലാപയാത്ര, അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍; കോഴിക്കോട് മുതല്‍ വിലാപയാത്ര, അന്തിമോപചാരമര്‍പ്പിക്കാന്‍ ജനപ്രവാഹം

കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച മലയാളി അര്‍ജുന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സ് കണ്ണാടിക്കലില്‍. അര്‍ജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കേരളത്തിലേക്ക് കടന്നതിന് ശേഷം നിരവധി പേരാണ് ആദരാഞ്ജലി അര്‍പ്പിക്കാന്‍ കാത്തു നിന്നത്.

പുലര്‍ച്ചെ രണ്ടരയോടെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റില്‍ എത്തിയപ്പോള്‍ നിരവധി പേരാണ് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. കാസര്‍കോട് ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, ജില്ലാ പൊലീസ് മേധാവി ഡി.ശില്പ എന്നിവരും അന്തിമോപചാരമര്‍പ്പിച്ചു. പുലര്‍ച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂര്‍ നഗരം പിന്നിട്ടു. പിന്നീട് ആറ് മണിയോടെ അഴിയൂര്‍ പിന്നിട്ട് കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കലക്ടറും അടക്കമുള്ളവര്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി.

മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലന്‍സിനെ കേരള, കര്‍ണാടക പൊലീസും വിലാപയാത്രയെ അനുഗമിക്കുന്നുണ്ട്. രാവിലെ 8 മണിയോടെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് വീട്ടുവളപ്പിലായിരിക്കും സംസ്‌കാര ചടങ്ങുകള്‍. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും ഷിരൂരിലെ മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പേയും വിലാപയാത്രയ്ക്ക് ഒപ്പമുണ്ട്.

ജൂലൈ 16 നാണ് കര്‍ണാടകയിലെ ഷിരൂരില്‍ നടന്ന മണ്ണിടിച്ചിലില്‍ ലോറി ഡ്രൈവറായ അര്‍ജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരില്‍ കനത്ത മഴയായതിനാല്‍ തിരച്ചില്‍ ദുഷ്‌കരമായിരുന്നു. ഗോവയില്‍ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അര്‍ജുന്‍ മിഷന്‍ പുനരാരംഭിച്ചു. 72 ദിവസങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ കണ്ടെത്തിയത്. ക്യാബിനില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം.

തൃശൂരിലെ എടിഎം കൊള്ള: പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത് എസ്ബിഐയുടെ കണ്‍ട്രോള്‍ റൂം സന്ദേശം

തൃശൂരിലെ എടിഎം കൊള്ള: പ്രതികളെ പിടികൂടുന്നതില്‍ നിര്‍ണായകമായത് എസ്ബിഐയുടെ കണ്‍ട്രോള്‍ റൂം സന്ദേശം

തൃശൂര്‍: തൃശൂരില്‍ നടന്ന വന്‍ എടിഎം കൊള്ളയില്‍ പ്രതികളെ പിടികൂടാന്‍ സഹായകമായത് എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശം. മൂന്നിടങ്ങളിലായി നടന്ന എടിഎം കവര്‍ച്ചയില്‍ എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സന്ദേശമാണ് പൊലീസിനെ വിവരം അറിയിച്ചത്.

വന്‍ കവര്‍ച്ചയെന്നറിച്ചതോടെ തൃശൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍. ഇളങ്കോ അന്വേഷണം ഏകോപിപ്പിച്ചു. സിസി ടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വെളുത്ത നിറത്തിലുള്ള കാറാണ് മൂന്ന് എടിഎമ്മുകളിലും എത്തിയതെന്ന് സ്ഥിരീകരിച്ചിരുന്നു. ഇരിങ്ങാലക്കുടയിലെ മാപ്രാണത്ത് പുലര്‍ച്ച 2.10നാണ് ആദ്യ കവര്‍ച്ച നടന്നത്. എസ്ബിഐയുടെ കണ്‍ട്രോള്‍ റൂമില്‍നിന്ന് പുലര്‍ച്ച 2.35ന് തൃശൂര്‍ റൂറല്‍ പൊലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് റൂറല്‍ പൊലീസ് സിറ്റി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇതിനുപിന്നാലെ 3.08ന് തൃശൂര്‍ ഈസ്റ്റ് പൊലീസ് പരിധിയിലെ ഷൊര്‍ണൂര്‍ റോഡ് എടിഎമ്മില്‍ രണ്ടാമത്തെ കവര്‍ച്ച അരങ്ങേറി. ഈ വിവരം 3.58ന് എസ്ബിഐയില്‍നിന്ന് തൃശൂര്‍ ഈസ്റ്റ് പൊലീസിന് കിട്ടി. 3.25നാണ് വിയ്യൂര്‍ പൊലീസ് പരിധിയിലെ കോലഴിയില്‍ മൂന്നാമത്തെ കവര്‍ച്ച നടന്നത്. ഈ വിവരം 4.20ഓടെ എസ്.ബി.ഐ കണ്‍ട്രോള്‍ റൂം പൊലീസിനെ അറിയിച്ചു.

കവര്‍ച്ചസംഘം തമിഴ്നാട്ടിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കാട്, കോയമ്പത്തൂര്‍, കൃഷ്ണഗിരി, നാമക്കല്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ പൊലീസിന് വിവരം കൈമാറുകയായിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കവര്‍ച്ച നടത്തുന്ന കവര്‍ച്ചാ സംഘമാണ് കവര്‍ച്ച നടത്തിയതെന്നും പൊലീസ് പറഞ്ഞു.

2017-18ല്‍ ആലപ്പുഴയിലും 2021ല്‍ കണ്ണൂരിലും സംഘം എത്തിയിട്ടുണ്ട്. തൃശൂരിലെത്തിയ സംഘത്തിന്റെ രീതിയും ശൈലിയും പരിശോധിച്ചാണ് ഹരിയാനയിലെ മേവത്തില്‍നിന്നുള്ള ഗ്യാസ് കട്ടര്‍ സംഘമാണെന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. കാര്‍ കണ്ടെയ്നര്‍ ലോറിയില്‍ കയറ്റുന്നത് ഈ സംഘത്തിന്റെ രീതിയാണെന്ന് മനസ്സിലാക്കിയിരുന്ന തൃശൂര്‍ പൊലീസ് കാറുകളും കണ്ടെയ്നര്‍ ലോറികളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുകയായിരുന്നു.

സിനിമാ സ്റ്റൈല്‍ ഏറ്റുമുട്ടലിനൊടുവിലാണ് കവര്‍ച്ചാ സംഘത്തെ നാമക്കലില്‍ വെച്ച് തമിഴ്നാട് പൊലീസ് പിടികൂടുന്നത്. റോഡില്‍ നിരവധി വാഹനങ്ങളും ആളുകളും ഉള്ളപ്പോഴാണ് ഏറ്റുമുട്ടലും വെടിവെപ്പും ഉണ്ടായത്. കൊള്ളസംഘം പോയ കണ്ടെയ്നര്‍ ലോറി സന്യാസിപാളയത്തുവെച്ച് രണ്ടു കാറിലും നാലു ബൈക്കിലും ഇടിച്ചിരുന്നു. എന്നാല്‍ ലോറി നിര്‍ത്താതെ പോയി. ഇതോടെ ലോറിയെ പൊലീസ് പിന്തുടര്‍ന്ന് തിരിച്ചടിക്കുകയായിരുന്നു. നാമക്കല്‍ കുമരപാളയത്തു വെച്ചാണ് കൊള്ളസംഘത്തെ ഏറ്റുമുട്ടലിനൊടുവില്‍ പൊലീസ് കീഴ്പ്പെടുത്തുന്നത്.

വനിതാ ജിംനേഷ്യത്തിലേയ്ക്ക് ട്രെയിനറെ ആവശ്യമുണ്ട്

വനിതാ ജിംനേഷ്യത്തിലേയ്ക്ക് ട്രെയിനറെ ആവശ്യമുണ്ട്

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് ചിറയിൻകീഴിൽ ആരംഭിക്കുന്ന വനിതാ ജിംനേഷ്യത്തിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി വനിതാ ട്രെയിനറെ (ജിംനേഷ്യം) നിയമിക്കുന്നു. ട്രെയിനറായി നിശ്ചിത യോഗ്യതയുളളവർക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ 07.10.2024 ന് 02.00 pm ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി പങ്കെടുക്കാവുന്നതാണ്.

ആർ ആർ എഫിലേയ്ക്  4 ആക്ടിവിറ്റി ഗ്രൂപ്പ് അംഗങ്ങളെ ദിവസവേതനാടിസ്ഥാനത്തിൽ  നിയമിക്കുന്നു

ആർ ആർ എഫിലേയ്ക് 4 ആക്ടിവിറ്റി ഗ്രൂപ്പ് അംഗങ്ങളെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് മുദാക്കലിൽ ക്ലീൻ കേരള കമ്പനി മുഖാന്തിരം നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ആർ ആർ എഫ് (റിസോഴ്സ് റിബറി ഫെസിലിറ്റി സെൻ്റർ) ലേയ്ക്ക് 4 ആക്ടിവിറ്റി ഗ്രൂപ്പ് അംഗങ്ങളെ ദിവസവേതനാടിസ്ഥാനത്തിൽ ക്ലീൻ കേരള കമ്പനിയുടെ നിബന്ധനകൾക്ക് വിധേയമായി താത്ക്കാലികമായി നിയമിക്കുന്നു.

ഏഴാം ക്ലാസ്സ് വിദ്യാഭ്യാസ യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം. ഇതിന് വേണ്ടിയുള്ള വാക്ക് ഇൻ ഇൻ്റർവ്യൂ 05.10.2024 ശനിയാഴ്ച ഉച്ചയ്ക്ക് 02.00 മണിയ്ക്ക് ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ നടത്തുന്നു. താത്പര്യമുള ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് അതിർത്തിയ്ക്കുള്ളിലെ താമസക്കാരായ വനിതകൾക്ക് ബന്ധപ്പെട്ട രേഖകളുമായി ഇൻ്റർവ്യൂവിന് പങ്കെടുക്കാവുന്നതാണ്.