ലാവലിന്‍ കേസ് ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

ഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സുപ്രീംകോടതിയില്‍ എട്ടാം വര്‍ഷത്തിലേക്ക് കടന്ന കേസ്, ഫെബ്രുവരി ആറിനാണ് അവസാനമായി പരിഗണിച്ചത്.

കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്. ലാവലിൻ കേസ് ഇതുവരെ 30 തവണ ലിസ്റ്റ് ചെയ്തെങ്കിലും ഒന്നും സംഭവിച്ചില്ല.

ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിൽ‌ ദിപാങ്കർ ദത്ത, ഉജ്വൽ ഭുയാൻ എന്നിവരാണ് മറ്റ് അം​ഗങ്ങൾ. പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

ഗേറ്റ് അടയ്ക്കുന്നതിനിടെ മിന്നലേറ്റു; കശുവണ്ടി ഫാക്ടറി വാച്ചര്‍ മരിച്ചു

കൊല്ലം: കിഴക്കേ കല്ലടയിലെ കശുവണ്ടി ഫാക്ടറിയിലെ വാച്ചര്‍ ഇടിമിന്നലേറ്റ് മരിച്ചു. ഓണാമ്പലത്തെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലെ വാച്ചറായ പത്തനംതിട്ട സ്വദേശി തുളസീധരന്‍ പിള്ള (63) ആണ് മരിച്ചത്. ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് തുളസീധരന് മിന്നലേറ്റത്. രണ്ട് വനിതാ ജീവനക്കാര്‍ക്കും മിന്നലേറ്റു.

വൈകീട്ട് 3.45ന് ആയിരുന്നു സംഭവം. സമീപത്തെ കടയില്‍നിന്നു ചായ കുടിച്ച ശേഷം തിരിച്ചു ഫാക്ടറിയിലേക്കു കയറി ഗേറ്റ് അടയ്ക്കുന്നതിനിടെ തുളസീധരന് മിന്നലേല്‍ക്കുകയായിരുന്നു. ഉടനെ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

ഗ്രേഡിങ് തൊഴിലാളികളായ പ്രസന്ന കുമാരി, ലില്ലി കുട്ടി എന്നിവര്‍ക്കാണ് മിന്നലേറ്റത്. ഇരുമ്പുകസേരയില്‍ ഇരുന്ന് ജോലി ചെയ്യുകയായിരുന്നു ഇരുവരും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പ്രസന്ന കുമാരിയെ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കി വിട്ടയച്ചു.

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

മേയര്‍-ഡ്രൈവര്‍ വാക്കുതര്‍ക്കം: കെഎസ്ആര്‍ടിസി ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് റോഡില്‍ മേയറുമായി റോഡിലുണ്ടായ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ബസില്‍ പൊലീസ് പരിശോധന നടത്തി. കെഎസ്ആര്‍ടിസി ബസിനുളളിലെ ഡിവിആറിന്റെ റെക്കോര്‍ഡിങ്ങുള്ള മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. മെമ്മറി കാര്‍ഡ് ഉണ്ടാകേണ്ടതാണ്. കേടല്ല, അതു കാണാനില്ല എന്നും കന്റോണ്‍മെന്റ് സിഐ പറഞ്ഞു.

മെമ്മറി കാര്‍ഡ് ആരെങ്കിലും മാറ്റിയിട്ടുണ്ടോ എന്നതും അന്വേഷിക്കുമെന്ന് സിഐ വ്യക്തമാക്കി. ഡിവിആര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. മൂന്ന് കാമറകളാണ് ബസിനുളളിലുളളത്. ബസ് ഓടിക്കുമ്പോള്‍ സിസിടിവി പ്രവര്‍ത്തിച്ചിരുന്നു. ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. മെമ്മറി കാര്‍ഡിനെപ്പറ്റി അറിയില്ലെന്നും ഡ്രൈവര്‍ യദു പറയുന്നു.

കേസിലെ നിര്‍ണായക തെളിവായ ദൃശ്യങ്ങള്‍ ശേഖരിക്കാന്‍ ബസ് ഹാജരാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് കെഎസ്ആര്‍ടിസിക്ക് കത്ത് നല്‍കിയിരുന്നു. തൃശൂരിലേക്ക് ട്രിപ്പ് പോയ ബസ് ഇന്ന് തിരിച്ചെത്തിയ ശേഷമാണ് പരിശോധന നടത്തിയത്. ബസിലെ യാത്രക്കാരുടെ പട്ടിക കെഎസ്ആര്‍ടിസി അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കായി നടത്തിയ പരസ്യവിചാരണ ടെസ്റ്റില്‍ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കായി നടത്തിയ പരസ്യവിചാരണ ടെസ്റ്റില്‍ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കായി തിരുവനന്തപുരം മുട്ടത്തറയില്‍ നടത്തിയ പരസ്യവിചാരണ ടെസ്റ്റില്‍ മുഴുവൻ ഉദ്യോഗസ്ഥരും പരാജയപ്പെട്ടു. വിവിധ ജില്ലകളിലുള്ള 15 മോട്ടോർ വെഹിക്കിള്‍ ഇൻസ്പെക്ടർമാരെ വിളിച്ചുവരുത്തിയാണ് ടെസ്റ്റ് നടത്തിയത്. മോട്ടോർ വാഹന വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥരാണ് ടെസ്റ്റിന് നേതൃത്വം നല്‍കിയത്.
ദിവസവും 100 ഓളം പേർക്ക് ടെസ്റ്റ് നടത്തി ലൈസൻസ് കൊടുത്തു കൊണ്ടിരിക്കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തിയാണ് വകുപ്പ് പരസ്യ വിചാരണ ടെസ്റ്റ് നടത്തിയത്.

ഇത്രയും ടെസ്റ്റുകള്‍ എങ്ങനെ നടത്തിയെന്ന് ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
പരസ്യ ടെസ്റ്റ് പൂര്‍ത്തിയാക്കി ജോയിന്‍റ് കമ്മീഷ്‌ണർ റിപ്പോർട്ട് ഗതാഗത മന്ത്രിക്കു സമർപ്പിച്ചു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മന്ത്രി തുടര്‍നടപടി സ്വീകരിക്കും. ഇതാദ്യമായാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്ക് ഇത്തരത്തില്‍ ഒരു ടെസ്റ്റ് നടത്തുന്നത്. രാവിലെ ഒൻപതു മുതല്‍ ഉച്ചയ്ക്ക് 12 വരെയുള്ള സമയത്ത് ഇവര്‍ എത്ര ടെസ്റ്റ് നടത്തുന്നു എന്നതാണ് പ്രധാനമായി പരിശോധിച്ചത്.

ഗതാഗത മന്ത്രിയുടെ നിർദേശം ലംഘിച്ച്‌ ദിവസം നൂറിലധികം ഡ്രൈവിംഗ് ടെസ്റ്റുകള്‍ നടത്തിയതിനാണു മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ പരസ്യ വിചാരണയ്ക്കു വിധേയമാക്കിയത്. കഴിഞ്ഞ മൂന്നു മാസമായി സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥരെ മോട്ടോർ വാഹന വകുപ്പ് നിരീക്ഷിച്ചു വരികയായിരുന്നു. 2024 ജനുവരി മുതല്‍ മാർച്ച്‌ വരെ 60 ടെസ്റ്റില്‍ കൂടുതല്‍ മിക്ക ഉദ്യോഗസ്ഥരും നടത്തിയതായി കണ്ടെത്തിയിരുന്നു.

ആകെയുള്ള 86 ഓഫീസുകളില്‍ 44 ഓഫീസുകളിലും 60ല്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തി. ഇതില്‍ 15 ഓഫീസുകളില്‍ ചില ഉദ്യോഗസ്ഥർ നൂറില്‍ കൂടുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് ഒരു ബാച്ചില്‍ നടത്തിയിരുന്നു. ഇവർക്കായാണ് പരസ്യവിചാരണ ടെസ്റ്റ് നടത്തിയത്.

മൂന്നാർ പുഷ്പമേള ഇന്നുമുതൽ

മൂന്നാർ പുഷ്പമേള ഇന്നുമുതൽ

മൂന്നാർ: മൂന്നാർ ബൊട്ടാണിക്കൽ ഗാർഡനിൽ ഇന്നുമുതൽ പുഷ്പമേള. ദേവികുളം റോഡിൽ ഡിടിപിസിയുടെ കീഴിലുള്ള പാർക്കിലാണ് മേള തുടങ്ങുന്നത്. നൂറിലധികം വിദേശയിനം ചെടികൾ ഉൾപ്പെടെ 1500 ലധികം ഇനങ്ങളിലുള്ള പൂച്ചെടികളാണ് പാർക്കിലുള്ളത്.

രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് പ്രവേശനം. മുതിർന്നവർക്ക് 60 രൂപയും കുട്ടികൾക്ക് 35 രൂപയുമാണ് നിരക്ക്. എല്ലാ ദിവസവും വൈകീട്ട് ആറുമുതൽ ഡിജെ, ഗാനമേള, മ്യൂസിക്കൽ ഫൗണ്ടൻ എന്നിവ ഉണ്ടാകും.