ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകും

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കാണ് സാധ്യത. നാളെ മുതൽ മഴ കനക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. നാളെ നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 11.30 മുതൽ നാളെ രാത്രി 11.30 വരെ 0.9 മുതൽ 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ആന്ധ്രാ – ഒഡിഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ഛത്തിസ്ഗഡിന് മുകളില്‍ ചക്രവാതചുഴിയായി ശക്തി കുറഞ്ഞത്. ഇതാണ് കേരളത്തില്‍ മഴയെ സ്വാധീനിക്കുന്നത്.

ഡിഎൻഎ ഫലത്തിനായി കാത്തിരിപ്പ്; അർജുന്റെ മൃതദേഹം നാളെ രാവിലെയോടെ വീട്ടിൽ എത്തിക്കും

ഡിഎൻഎ ഫലത്തിനായി കാത്തിരിപ്പ്; അർജുന്റെ മൃതദേഹം നാളെ രാവിലെയോടെ വീട്ടിൽ എത്തിക്കും

അങ്കോല: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കണ്ണാടിക്കൽ സ്വദേശി അർജുന്റെ മൃതദേഹം ശനിയാഴ്ച രാവിലെയോടെ വീട്ടിൽ എത്തിക്കും. ഡിഎൻഎ ഫലം വന്നതിനു ശേഷമാകും മൃതദേഹം വിട്ടുകൊടുക്കുക. ഇന്ന് വൈകിട്ടോടെ ഡിഎൻഎ താരതമ്യ പരിശോധന പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് കൈമാറാനാണ് ജില്ലാ ഭരണകൂടം ശ്രമിക്കുന്നത്.

മൃതദേഹത്തിൽനിന്ന് ഡിഎൻഎ സാംപിൾ ശേഖരിച്ച് ഹൂബ്‌ളി റീജണൽ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വരാൻ 18 മണിക്കൂർവരെ സമയമെടുത്തേക്കാമെന്നാണ് ലാബ് ഡയറക്ടർ അറിയിച്ചതെന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം. അഷറഫ് പറഞ്ഞു.

അർജുന്‍റെ സഹോദരൻ അഭിജിത്തിന്‍റെ ഡിഎൻഎ സാംപിൾ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അർജുന്‍റെ തുടയെല്ലും നെഞ്ചിന്‍റെ ഭാഗത്തുള്ള വാരിയെല്ലിന്‍റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎൻഎയും ഒത്തുപോകുന്നുവെന്ന് വാക്കാൽ വിവരം ലഭിച്ചാൽത്തന്നെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകൾ ബന്ധുക്കൾക്ക് വിട്ട് നൽകാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഫലം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് അർജുന്റെ സഹോദരീഭർത്താവ് ജിതിനെ പൊലീസ് അറിയിച്ചത്. അങ്ങനെയെങ്കിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് തന്നെ മൃതദേഹം കൊണ്ടുവരാൻ സാധിക്കും. മൃതദേഹം കൊണ്ടുവരാൻ കർണാടക സർക്കാർ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കണ്ണാടിക്കലിലെ വീടുവരെ കർണാടക പോലീസ് ആംബുലൻസിന് അകമ്പടിവരും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള മുഴുവൻ ചെലവും സംസ്ഥാന സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിട്ടുണ്ട്.

മിന്നലിനെ സൂപ്പർഫാസ്റ്റ് മറികടക്കരുത്, ഓർഡിനറി ഫാസ്റ്റിന് പിന്നാലെ വന്നാൽ മതി; ഉത്തരവിറക്കി കെഎസ്ആർടിസി

മിന്നലിനെ സൂപ്പർഫാസ്റ്റ് മറികടക്കരുത്, ഓർഡിനറി ഫാസ്റ്റിന് പിന്നാലെ വന്നാൽ മതി; ഉത്തരവിറക്കി കെഎസ്ആർടിസി

തിരുവനന്തപുരം: മിന്നൽ, സൂപ്പർ ഫാസ്റ്റ് അടക്കമുള്ള ടിക്കറ്റ് നിരക്ക് കൂടുതലുള്ള ബസുകളെ കുറഞ്ഞ നിരക്കുള്ള ബസുകൾ ഒരു കാരണവശാലും മറികടക്കരുതെന്ന് കെഎസ്ആർടിസി മാനേജ്മെന്റ്. സൂപ്പർഫാസ്റ്റ് ഹോൺ മുഴക്കിയാൽ ഫാസ്റ്റ്, ഓർഡിനറി ബസുകൾ വഴികൊടുക്കണമെന്നാണ് ഉത്തരവിൽ നിർദേശിക്കുന്നത്.

ഡ്രൈവർമാർക്ക് മാത്രമല്ല കണ്ടക്ടർമാർക്കും ഇക്കാര്യത്തിൽ കെഎസ്ആർടിസി മാനേജ്മെന്റ് നിർദേശം നൽകിയിട്ടുണ്ട്. അതിവേഗം സുരക്ഷിതമായി നിർദിഷ്ട സ്ഥലങ്ങളിൽ എത്തുന്നതിനാണ് കൂടുതൽ ടിക്കറ്റ് നിരക്ക് നൽകി യാത്രക്കാർ ഉയർന്ന ശ്രേണിയിൽപ്പെട്ട ബസുകളെ തെരഞ്ഞെടുക്കുന്നതെന്ന് ജീവനക്കാർ മറക്കരുത്. അതുകൊണ്ടു തന്നെ റോഡിൽ, അനാവശ്യ മത്സരം വേണ്ടെന്നും കെഎസ്ആർടിസി എം ഡി ഉത്തരവിൽ വ്യക്തമാക്കുന്നു.

ഇക്കാര്യത്തിൽ ശ്രദ്ധപുലർത്തിയില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്. താഴ്ന്ന ശ്രേണിയിൽപ്പെട്ട ബസുകൾ മിന്നൽ അടക്കമുള്ള ഉയർന്ന ടിക്കറ്റ് നിരക്കുള്ള ബസുകൾക്ക് വശം നൽകാതിരുന്നതും മത്സരിച്ച്‌ മറികടക്കുന്നതുമായ ധാരാളം പരാതികൾ ലഭിച്ചിരുന്നു. പരാതി വ്യാപകമായതോടെയാണ്, ‘അമ്മാതിരി ഓവർടേക്കിങ്’ വേണ്ടെന്ന് കർശന നിർദേശവുമായി കെഎസ്ആർടിസി മാനേജ്മെന്റ് രം​ഗത്തെത്തിയത്.

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു

തൃശൂരില്‍ വന്‍ എടിഎം കവര്‍ച്ച; മൂന്ന് എടിഎമ്മുകള്‍ കൊള്ളയടിച്ചു

തൃശൂര്‍: തൃശൂരില്‍ മൂന്നിടങ്ങളിലായി വന്‍ എടിഎം കൊള്ള. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് എടിഎമ്മുകളാണ് കൊള്ളയടിച്ചത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 60 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകളാണ് കൊള്ളയടിച്ചത്. പുലര്‍ച്ചെ മൂന്നിനും നാലിനും മധ്യേയായിരുന്നു കവര്‍ച്ചയെന്നാണ് വിലയിരുത്തല്‍.

ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് എടിഎം തകര്‍ത്തത്. കാറില്‍ വന്ന നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറയുന്നു. ഇതര സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള മോഷ്ടാക്കളാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു.

കേരളത്തില്‍ ഒരാള്‍ക്കുകൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

കേരളത്തില്‍ ഒരാള്‍ക്കുകൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്നെത്തിയ യുവാവിന്

കൊച്ചി: കേരളത്തില്‍ ഒരാള്‍ക്ക് കൂടി എംപോക്‌സ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് എത്തിയ എറണാകുളം സ്വദേശിയായ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്.

നേരത്തെ മലപ്പുറം സ്വദേശിയായ 38കാരനാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന് ക്ലേഡ് വണ്‍ ബി വകഭേദമാണ് ബാധിച്ചത്. യുഎഇയില്‍ നിന്ന് ഈയിടെ കേരളത്തിലെത്തിയ യുവാവ് പനിയും മറ്റു രോഗലക്ഷണങ്ങളെയും തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എംപോക്‌സ് സ്ഥിരീകരിച്ചത്.

അതിനിടെ രാജ്യത്ത് എം പോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചതോടെ സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. ക്ലേഡ് രണ്ടിനെക്കാള്‍ അപകടകാരിയാണ് ക്ലേഡ് 1 എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. എം പോക്‌സ് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.

രോഗവ്യാപന രീതി, പ്രതിരോധം എന്നിവയെ കുറിച്ച് ആളുകളെ ബോധവത്ക്കരിക്കുക, ആശുപത്രികളില്‍ ഐസൊലേഷന്‍ സംവിധാനം ഒരുക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയത്. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് എം പോക്‌സ് വകഭേദം ക്ലേഡ് 1 സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നചാത്തല്ലൂര്‍ സ്വദേശിക്കാണ് ക്ലേഡ് 1 സ്ഥിരീകരിച്ചത്.

ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.