by liji HP News | Mar 26, 2024 | Latest News, കേരളം
സംസ്ഥാനത്ത് വേനൽ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേ സമയം, സംസ്ഥാനത്ത് ചൂടും തുടരുകയാണ്. ബുധനാഴ്ച വരെ ഉയർന്ന താപനില തുടരാൻ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. സാധാരണയെക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യത ഉണ്ട്.
by liji HP News | Mar 26, 2024 | Latest News, കേരളം
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ സിദ്ധാർത്ഥന്‍റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നല്‍കുന്നതില്‍ ഗുരുതരവീഴ്ച. മാര്‍ച്ച് 9ന് ഇറങ്ങിയ വിജ്ഞാപനം കൈമാറിയത് 16ന് മാത്രമാണ്. എന്നാല്‍ പെർഫോമ റിപ്പോർട്ട് ഇതുവരെ കൈമാറിയില്ല. കേസിന്‍റെ നാൾവഴികളും എഫ്ഐആറിന്‍റെ പരിഭാഷയും ഉൾപ്പെടെ പെർഫോമയിലുണ്ടാകണം. ഒരു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയാണ് രേഖകൾ ഡൽഹിയിൽ എത്തിക്കുന്നത്. എന്നാല്‍ പെർഫോമ തയ്യാറാക്കാൻ തുടങ്ങിയത് ഇന്നലെ മാത്രമാണ്. കാലതാമസത്തിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ആഭ്യന്തര സെക്രട്ടറി ഉദ്യോഗസ്ഥരോട് ഇതേപ്പറ്റി വിശദീകരണം തേടിയിട്ടുണ്ട്.
by liji HP News | Mar 26, 2024 | Latest News, കേരളം
മലയാളികള്‍ ഹാസ്യത്തിന്റെ വ്യത്യസ്ത ഭാവങ്ങള്‍ നല്‍കിയ നടന്‍ ഇന്നസെന്റിന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്. അരനൂറ്റാണ്ടിലേറെ സിനിമയിലൂടെയും പൊതുവേദികളിലുമൊക്കെ മലയാളിയെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത നടനാണ് ഇന്നസെന്റ്. ജീവിതത്തിലെ പ്രതിസന്ധികളെ എങ്ങനെ നേരിടാമെന്നു സ്വന്തം ജീവിതത്തില്‍ കൂടി ഇന്നസെന്റ് കാണിച്ചു തന്നു.
ചാലക്കുടിക്കാരനായ ഇന്നസെന്റ് വളരെ വേഗത്തിലാണ് മലയാളിയുടെ മനസില്‍ നിന്ന് മായ്ക്കാന്‍ പറ്റാത്ത ഒരാളായി മാറിയത്. 1972 നൃത്തശാല എന്ന സിനിമയിലൂടെയാണ് ഇന്നസെന്റ് അഭിനയ ജീവിതം തുടങ്ങുന്നത്. ഇന്നസെന്റിന്റെ തന്നെ ഭാഷ കടമെടുത്താല്‍ സ്‌കൂള്‍ വിദ്യാഭ്യാസമെന്ന ഔദ്യോഗിക ജീവിതം മതിയാക്കി മദ്രാസിലേക്ക് സിനിമാ മോഹങ്ങളുമായി വണ്ടി കയറി. സിനിമകളിലെ പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവായി.
ആദ്യ സിനിമക്ക് ശേഷം സിനിമാ അവസരങ്ങള്‍ കിട്ടാന്‍ കുറച്ച് സമയമെടുത്തു. പിന്നീട് തീപ്പെട്ടി കമ്പനിയും ലെതര്‍ ബാഗ് കച്ചവടവും ഒക്കെ പയറ്റി. ഒടുവില്‍ നിര്‍മാണ കമ്പനി തുടങ്ങി. സ്വന്തമായി നിര്‍മിച്ച ഇളക്കങ്ങളിലെ കറവക്കാരന്റെ വേഷം വഴിത്തിരിവായി. ഒടുവില്‍ 1989ല്‍ റാം ജിറാവു സ്പീക്കിങ് ഇറങ്ങിയതോടെ മലയാളിക്ക് ചിരിയുടെ മാലപ്പടക്കം തന്നെ സമ്മാനിക്കുകയായിരുന്നു.
90കള്‍ ഇന്നച്ചന്റെ ജീവിതത്തിലെ സുവര്‍ണ കാലഘട്ടമായിരുന്നു. വര്‍ഷം 40 ചിത്രങ്ങളില്‍ വരെ അഭിനയിച്ചു. അഭിനയ ജിവിതത്തില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും എല്ലാം തമാശയുടെ മേമ്പൊടിയിലായിരുന്നു ഇന്നച്ചന്‍ കൈകാര്യം ചെയ്തത്. ക്യാന്‍സര്‍ വന്നപ്പോഴും എങ്ങനെ ധൈര്യപൂര്‍വം നേരിടാമെന്ന് ചിരിച്ച മുഖത്തോടെ അദ്ദേഹം കാണിച്ചു തന്നു.
നടനെന്നതിനൊപ്പം മികച്ച രാഷ്ട്രീയക്കാരനും കൂടിയാണെന്ന് കാണിച്ചു തന്നു. 2014ല്‍ ഇടത് സ്വതന്ത്രനായി ലോക്‌സഭയിലെത്തി. പാര്‍ലമെന്റില്‍ മലയാളത്തില്‍ പ്രസംഗിച്ച് അര്‍ബുദ രരോഗികള്‍ക്കായി പ്രത്യേകം പദ്ധതിയാവിഷ്‌കരിച്ച് എംപിയായും മലയാളികളുടെ മനസില്‍ എക്കാലവും നിറഞ്ഞ് തന്നെ നില്‍ക്കുന്നു. കലാകാരന് മരണമില്ലെന്ന് പറയുന്നതിനെ അന്വര്‍ഥമാക്കുന്ന ജീവിതമായിരുന്നു ഇന്നച്ചന്റേത്.
by liji HP News | Mar 26, 2024 | Latest News, കേരളം
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവത്തിൽ തിരുവല്ലയിൽ രണ്ടുപേർ അറസ്റ്റിൽ. ഇരവിപേരൂർ പടിഞ്ഞാറ്റേതറ സ്വാതി ഭവനിൽ തുളസീദാസ് (36), കിഴക്കൻ ഓതറ മോടിയിൽ വീട്ടിൽ ശ്രീജിത്ത് (34) എന്നിവരാണ് അറസ്റ്റിലായത്. ലൈംഗിക പീഡനം ഉണ്ടായത് 14 കാരി പെൺകുട്ടി കഴിഞ്ഞ ദിവസം കൂട്ടുകാരിയോട് പറഞ്ഞു. കൂട്ടുകാരി ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ ചുമത്തിയാണ് അറസ്റ്റ്. പിടിയിലായ തുളസീദാസ് ഈ മാസം പന്ത്രണ്ടാം തീയതിയും ശ്രീജിത്ത് കഴിഞ്ഞവർഷം ഓഗസ്റ്റിലും പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി.
by liji HP News | Mar 26, 2024 | Latest News, കേരളം
ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ആം ആദ്മി പ്രവര്‍ത്തകര്‍ ഇന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വളയും. പാര്‍ട്ടി പ്രവര്‍ത്തകരോട് രാവിലെ പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനില്‍ എത്താന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം.
മാര്‍ച്ച് നടത്തുന്നതിന്റെ ഭാഗമായി പൊലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. വിവിധയിടങ്ങളില്‍ പൊലീസ് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. അതിനിടെ കെജരിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് ബിജെപിയുടെ മാര്‍ച്ചും രാവിലെ നടക്കും. ഡല്‍ഹി സെക്രട്ടേറിയറ്റിലേക്ക് 11.3ക്കാണ് മാര്‍ച്ച് നടത്തുക.
അതേസമയം കെജരിവാളിനെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇന്ന് കസ്റ്റഡി കാലാവധി അവസാനിക്കുന്ന കെ കവിതയെയും കെജരിവാളിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം. ചോദ്യം ചെയ്യലിനോട് കെജ്‌രിവാള്‍ സഹകരിക്കുന്നില്ലെന്നാണ് ഇ ഡി വൃത്തങ്ങള്‍ പറയുന്നത്. മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കുന്നത്.
Recent Comments