ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടകവസ്തുക്കളുമായെത്തി; യുവാവ് അറസ്റ്റിൽ

ഭാര്യയെയും മക്കളെയും കൊല്ലാൻ സ്ഫോടകവസ്തുക്കളുമായെത്തി; യുവാവ് അറസ്റ്റിൽ

ആലപ്പുഴ: പിണങ്ങിക്കഴിയുന്ന ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളുമായി എത്തിയ ആൾ അറസ്റ്റിൽ. മാന്നാർ എരമത്തൂർ കണ്ണമ്പള്ളി വീട്ടിൽ പ്രമോദ് (40) ആണ് അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഭാര്യയെയും മക്കളെയും കൊലപ്പെടുത്താൻ സ്ഫോടക വസ്തുക്കളും പെട്രോളും മറ്റുമായി ഭാര്യവീട്ടിൽ അതിക്രമിച്ചു കയറുകയായിരുന്നു. പൊലീസ് സാഹസികമായിട്ടാണ് പ്രമോദിനെ കീഴ്പ്പെടുത്തിയത്. രണ്ട് ആൺമക്കളുമൊത്ത് ഭാര്യ രാധു കഴിഞ്ഞ ജനുവരി മുതൽ, തോട്ടപ്പള്ളിയിലെ വീട്ടിൽ മാറിത്താമസിക്കുകയായിരുന്നു.

24ന് രാത്രി എട്ടുമണിയോടെ പ്രമോദ് സ്കൂട്ടറിൽ വരുമ്പോൾ വഴിയിൽ ഭാര്യയെയും മക്കളെയും കണ്ടു. തുടർന്ന് ഇയാൾ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഭാര്യയുടെ അച്ഛനുമായി വാക്കുതർക്കവുമുണ്ടായി. അയൽക്കാർ അറിയിച്ചതനുസരിച്ച് പൊലീസ് എത്തിയപ്പോൾ പെട്രോളും ലൈറ്ററുമായി അവർക്കെതിരെ തിരിഞ്ഞു.

പ്രമോദിന്റെ കയ്യിലുണ്ടായിരുന്ന ബാഗിൽ നിന്ന് 6 ഗുണ്ടുകൾ, 3 ലീറ്റർ പെട്രോൾ, കത്തി, കയർ എന്നിവ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രമോദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

എളുപ്പത്തില്‍ പണക്കാരനാകാൻ ക്രിക്കറ്റ് വാതുവെപ്പ്; എഞ്ചിനീയര്‍ക്ക് നഷ്ടമായത് കോടികള്‍, ഭാര്യ ജീവനൊടുക്കി

എളുപ്പത്തില്‍ പണക്കാരനാകാൻ ക്രിക്കറ്റ് വാതുവെപ്പ്; എഞ്ചിനീയര്‍ക്ക് നഷ്ടമായത് കോടികള്‍, ഭാര്യ ജീവനൊടുക്കി

ബംഗളൂരു: ഓണ്‍ലൈന്‍ ക്രിക്കറ്റ് വാതുവെപ്പ് നടത്തി കോടികള്‍ കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. പലരില്‍ നിന്നും പണം കടം വാങ്ങിയാണ് വാതുവെപ്പ് നടത്തിയത്. ഭര്‍ത്താവിന് പണം കടം നല്‍കിയവരുടെ ഭീഷണിയെത്തുടര്‍ന്നാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്.

ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ സംസ്ഥാന ചെറുകിട ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ദര്‍ശന്‍ ബാലുവിനാണ് വാതുവെപ്പില്‍ പങ്കാളിയായി ഒന്നര കോടിയോളം രൂപ നഷ്ടമായത്. പണം തിരികെ നല്‍കാത്തതില്‍ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഹോളല്‍കെരെ സ്വദേശിയായ ദര്‍ശന്‍ ബാലുവിന്റെ ഭാര്യ രഞ്ജിത വി (24) മാര്‍ച്ച് 19 ന് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ദര്‍ശന് പണം കടം നല്‍കിയ 13 പേര്‍ക്കെതിരെ അവളുടെ പിതാവ് വെങ്കിടേഷ് പരാതി നല്‍കിയിട്ടുണ്ട്.

താനും ഭര്‍ത്താവും പണമിടപാടുകാരില്‍ നിന്ന് നേരിട്ട പീഡനത്തെ കുറിച്ച് വിവരിക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍, 13 പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്തു. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ദര്‍ശനും രഞ്ജിതയ്ക്കും രണ്ട് വയസ്സുള്ള ഒരു മകനുണ്ട്.

എളുപ്പത്തില്‍ പണക്കാരനാകാമെന്ന് വിശ്വസിപ്പിച്ച് ദര്‍ശനെ വാതുവെപ്പില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്നാണ് ദര്‍ശന്റെ പിതാവ് പറയുന്നത്. ആദ്യം സമ്മതിക്കാതിരുന്ന മകനെ അവര്‍ നിര്‍ബന്ധിച്ച് ചതിയില്‍പ്പെടുത്തുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോൺ സംഭാഷണം

ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി; ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നു എന്നതിനുള്ള തെളിവായി ഫോൺ സംഭാഷണം

റാന്നി പ്ലാച്ചേരി ഫോറസ്റ്റ് സ്റ്റേഷനിലെ കഞ്ചാവ് കൃഷി ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നുവെന്നതിന് തെളിവുകൾ പുറത്ത്. റേഞ്ച് ഓഫീസർ ജയനും പ്ലാച്ചേരി ഫോറസ്റ്റേഷനിൽ ഉദ്യോഗസ്ഥരും തമ്മിലുള്ള സംഭാഷണം മീഡിയയ്ക്കു ലഭിച്ചു. കഞ്ചാവ് ചെടികൾ പിഴുതെറിഞ്ഞു എന്ന് ഉദ്യോഗസ്ഥർ പറയുമ്പോൾ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് ചോദ്യത്തിന് മറുപടിയില്ല. ഗ്രോബാഗിൽ കഞ്ചാവ് കൃഷി നടത്തിയ വാച്ചറെ പറഞ്ഞുവിടാൻ നിൽക്കുകയായിരുന്നു എന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇതിനിടെ തന്നെ കഞ്ചാവ് കേസിൽ തന്നെ കൊടുക്കാൻ ശ്രമിച്ചെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ വെളിപ്പെടുത്തി. പ്ലാച്ചേരി സ്റ്റേഷനിൽ ആ സമയമില്ലാതിരുന്ന ഉദ്യോഗസ്ഥയുടെ പേര് റിപ്പോർട്ടിൽ എഴുതിയത് റേഞ്ച് ഓഫീസറാണ്. റേഞ്ച് ഓഫീസർ ജയനെതിരെ പരാതി നൽകിയതിനാണ് തന്നെ കേസിലേക്ക് വലിച്ചിഴച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥ മാധ്യമങ്ങളോട് പറഞ്ഞു. റെയിഞ്ച് ഓഫീസർ തൻറെ ഫോൺ രേഖകൾ അടക്കം ചോർത്താൻ ശ്രമിച്ചെന്നും ഇവർ പറഞ്ഞു.

നാൽപതിലധികം കഞ്ചാവുചെടികളാണ് സ്റ്റേഷൻ പരിസരത്ത് ഗ്രോ ബാഗിൽ നട്ടുവളർത്തിയത്. കൃഷി നടന്നത് ഡെപ്യൂട്ടി റേഞ്ച് ഓഫിസറുടെ അറിവോടെയാണെന്നാണ് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. കഞ്ചാവുകൃഷി നടത്തിയത് വനംവകുപ്പ് ഉദ്യോഗസ്ഥർ തന്നെയാണെന്ന് സമ്മതിക്കുന്ന ഫോറസ്റ്റ് വാച്ചർ അജേഷിന്റെ വിഡിയോ സന്ദേശവും പുറത്തെത്തിയിട്ടുണ്ട്.

ഫോറസ്റ്റ് സ്‌റ്റേഷൻ പരിസരത്തെ കഞ്ചാവുകൃഷി സംബന്ധിച്ച വിഡിയോ കഴിഞ്ഞ ദിവസമാണ് വനംവകുപ്പ് ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിച്ചുതുടങ്ങിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എരുമേലി റെയ്ഞ്ച് ഓഫിസർ ജയന്റെ നേതൃത്വത്തിൽ ഒരു അന്വേഷണം നടന്നത്. അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തെത്തിയപ്പോഴാണ് അതിൽ വനംവകുപ്പ് ഉദ്യോഗസ്ഥരെക്കുറിച്ച് ഗുരുതര കണ്ടത്തലുകളുണ്ടായത്.

ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫിസർ അജയ്‌യുടെ അറിവോടെയാണ് കഞ്ചാവുകൃഷി നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർക്കെതിരായ അന്വേഷണ റിപ്പോർട്ട് വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. ഇതുവരെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിയുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

തിരുവനന്തപുരം: സ്വർണം വാങ്ങാൻ നില്‍ക്കുന്നവർക്ക് ആശ്വാസ വാർത്ത. റോക്കറ്റ് പോലെ ഉയർന്ന സ്വർ‌ണ വില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞു. 80 രൂപയുടെ ഇടിവാണ് ഇന്ന് സ്വർണ വിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 48,920 രൂപയും ഗ്രാമിനി ഗ്രാമിന് 6,115 രൂപയും.

മാർച്ച് 21-ആം തീയതിയാണ് സ്വർണത്തിന്, ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. 49,440 രൂപയായിരുന്നു അന്ന് ഒരു പവൻ സ്വർണത്തിന്‍റെ വില. 22-ആം തീയ്യതി വില 360 രൂപയുടെ കുറവോടെ 49,080 രൂപയിലേക്കെത്തി. ശനിയാഴ്ച വീണ്ടും കുറഞ്ഞ് 49,000 രൂപയിലാണ് സംസ്ഥാനത്ത് സ്വർണ വ്യാപാരം നടന്നത്.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബിസി ജോജോ അന്തരിച്ചു. കേരള കൗമുദി മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്നു. 65 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പാമോലിന്‍ അഴിമതി പുറത്തുകൊണ്ടുവന്നത് ബിസി ജോജോയാണ്. മുല്ലപ്പെരിയാര്‍ കരാറിലെ വീഴ്ചകള്‍ അടക്കം നിരവധി ശ്രദ്ധേയമായ റിപ്പോര്‍ട്ടുകള്‍ കൊണ്ടുവന്നത് ജോജോ ആയിരുന്നു. രാജ്യത്തെ ആദ്യവെബ് ടിവിയായ ഇന്ത്യാ പോസ്റ്റ് ലൈവിന്റെ എഡിറ്ററും എംഡിയുമായി പ്രവര്‍ത്തിച്ചിരുന്നു.