എടിഎം കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ

എടിഎം കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി പൊലീസ് പിടിയിൽ

തിരുവനന്തപുരം വട്ടിയൂർക്കാവ് ജംക്ഷനു സമീപം കാനറ ബാങ്കിൻ്റെ എ ടി എം കൗണ്ടർ പൊളിച്ച് പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെ വട്ടിയൂർക്കാവ് പൊലീസ് അറസ്റ്റ് ചെയ്തു. ബീഹാർ അരാറിയ ജില്ലയിൽ മോഹൻപൂർ, രാംപൂർ ബുദ്ധേ ശ്രീയിൽ മുഹമ്മദ് തൻവീർ (29) നെയാണ് പൊലീസ് അറസ്റ്റു ചെയ്തത്.

ഇയാൾ വട്ടിയൂർക്കാവിന് സമീപമുള്ള ഹോട്ടലിലെ ജീവനക്കാരനാണ്. കഴിഞ്ഞ 21ന് രാത്രി 12 മണിയോടു കൂടി പ്രതി എ ടി എം കൗണ്ടറിനുള്ളിൽ പ്രവേശിച്ച് മെഷീൻ്റെ മുൻവശം താഴ്ഭാഗത്തുള്ള പാനൽ ഡോർ പൂട്ട് പൊട്ടിച്ച് തുറക്കുകയും തുടർന്ന് ബാറ്ററി പാനൽ ഇളക്കി മാറ്റുമ്പോൾ സെക്യൂരിറ്റി കൺട്രോളിൽ അലാറം മുഴങ്ങുകയും ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാൾ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.

തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. എസ്എച്ചഒ അജീഷ്. എസ്ഐമാരായ ബൈജു, അരുൺ കുമാർ, വിജയകുമാർ, സുരേഷ് കുമാർ, മനോഹരൻ, സിപിഒ രാജേഷ്, ഷാഡോ ടീം അംഗമായ രാജീവ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

സ്റ്റേജ് വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ബിന്ദു നന്ദനയെ ആദരിച്ചു

സ്റ്റേജ് വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ ബിന്ദു നന്ദനയെ ആദരിച്ചു

കിളിമാനൂർ: സ്റ്റേജ് വർക്കേഴ്സ് യൂണിയൻ കിളിമാനൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കവയത്രിയും ഡോക്യുമെൻ്ററി സംവിധായികയുമായ ബിന്ദു നന്ദനയെ ആദരിച്ചു.
സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡൻ്റും മുൻ എം എൽ എ യുമായ അഡ്വക്കേറ്റ് ബി സത്യൻ ബിന്ദു നന്ദനയുടെ വസതിയിൽ വച്ച് നടന്ന ചടങ്ങിൽ പൊന്നാടയും ഉപഹാരവും നൽകി. സാമൂഹ്യ പ്രസക്തിയുള്ള കലാസൃഷ്ടികൾ പൊതുജനങ്ങൾക്ക് ഗുണകരമായി നിലനിൽക്കുമെന്ന് അദേഹം പറഞ്ഞു. നാടക, നാടൻ പാട്ട് കലാകാരനും
സ്റ്റേജ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറിയൂമായ മടവൂർ രാജേന്ദ്രൻ, കിളിമാനൂർ ഏരിയാ സെക്രട്ടറി ജി സുജാത, എഴുത്തുകാരനും ഏരിയാ കമ്മിറ്റി അംഗവുമായ സുരേഷ് മാങ്കോണം, ഏരിയാ കമ്മിറ്റി അംഗവും പഞ്ചായത്തംഗവുമായ രജ്ഞിതം, പഞ്ചായത്തംഗം ടി.വി. ബീന,രതീഷ്, ബിന്ദു തുടങ്ങിയവർ പങ്കെടുത്തു.

കലാ സാംസ്കാരിക രംഗത്തെ പ്രവർത്തനങ്ങളെ മുൻനിർത്തിയാണ് ആദരം ഒരുക്കിയത്.
കാലിക പ്രസക്തിയുള്ള നിരവധി ഡോക്യുമെൻ്ററികൾ, ഹ്രസ്വചിത്രങ്ങൾ തുടങ്ങിയവ ബിന്ദു നന്ദന സംവിധാനം ചെയ്തിട്ടുണ്ട്. പുതിയൊരു ഡോക്യുമെൻ്ററി ഉടൻ പ്രദർശനത്തിന് തയ്യാറാവുകയാണ്. സുഗതകുമാരി പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എഴുത്തുകാരനും സംവിധായകനുമായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റ ഭാര്യയാണ്. ആര്യൻ എസ് ബി നായർ ആണ് മകൻ.

ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകും; മന്ത്രി കെ ബി ഗണേഷ്‌കുമാർ

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും ഫോട്ടോയും അടക്കം വെച്ച് ഡിജിറ്റലാക്കി ഫോണിൽ സൂക്ഷിക്കാവുന്ന രീതിയിലായിരിക്കും ലൈസൻസിൻ്റെ ഡിജിറ്റലൈസേഷനെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് 13 സ്ഥലങ്ങളിൽ കൂടി കെഎസ്ആർടിസി ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുമെന്നും എല്ലാ ജില്ലയിലും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ സ്ഥാപിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു കോടി രൂപ ചെലവഴിച്ചായിരിക്കും ഡ്രൈവിങ് ട്രെയിനിങ് സെൻ്ററുകൾ ആരംഭിക്കുക. കേന്ദ്ര സഹായത്തോടെയാണ് ഈ പദ്ധതി തുടങ്ങുന്നതെന്നും ഇതിനായി കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കെഎസ്ആർടിസിയിൽ ശമ്പളം ഒന്നിനും അഞ്ചിനും ഇടയിൽ ഉറപ്പാക്കുന്ന സാഹചര്യം രണ്ട് – മൂന്ന് മാസത്തിനുള്ളിൽ ഉണ്ടാകും. ഓണം ബോണസ്, അലവൻസ് എന്നിവ ഈ മാസം 30 ന് ശേഷം കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുമാസം ശരാശരി 40 മുതൽ 48 വരെ അപകടങ്ങൾ നടക്കുന്ന സാഹചര്യങ്ങൾ നിലനിന്നിരുന്നു എന്നാൽ ഇപ്പോൾ ബ്രെത്ത് അനലൈസർ പരിശോധന തുടങ്ങിയതോടെ അപകടങ്ങൾ കുറയ്ക്കാനായെന്നും ആഴ്ചയിൽ ഒരു അപകടമരണം പോലും ഇല്ലാത്ത നല്ല ദിവസം ബ്രെത്ത് അനലൈസർ പദ്ധതിക്ക് പിന്നാലെ ഉണ്ടാകുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണം; തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

മൂന്നാറില്‍ കാട്ടാനകളുടെ ആക്രമണം; തോട്ടം തൊഴിലാളികള്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

ഇടുക്കി: മൂന്നാറിലെ കല്ലാറില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളികള്‍ക്ക് ഗുരുതര പരിക്ക്. മൂന്നാര്‍ സ്വദേശികളായ വള്ളിയമ്മ, ശേഖര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കല്ലാര്‍ മാലിന്യ പ്ലാന്റിന് സമീപമാണ് ആക്രമണമുണ്ടായത്.

മാലിന്യ പ്ലാന്റില്‍ ജോലിക്ക് പോയവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് കാട്ടാനകള്‍ക്കിടയില്‍പ്പെട്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കൂട്ടത്തിലെ ഒരാനയില്‍ നിന്നാണ് ആക്രമണമുണ്ടായത്. വളളിയമ്മയുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ കാലില്‍ ആനയുടെ കുത്തേറ്റിട്ടുണ്ട്, തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. വളളിയമ്മയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

ശേഖറിന് ഓടുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. ഇവരെ കൂടാതെ മറ്റ് രണ്ട് പേര്‍ക്കും രക്ഷപ്പെടുന്നതിനിടെ പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പ്രദേശത്ത് കാട്ടാനായുടെ ആക്രമണം സ്ഥിരമാണെന്നും പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.കാട്ടാന ആക്രമണത്തില്‍ പ്രതിഷേധിച്ച് മൂന്നാറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തരുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിക്കുകയാണ്.

ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാറിന്റെ കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ആര്‍എസ്എസ് നേതാക്കളുമായി അജിത് കുമാറിന്റെ കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

തിരുവനന്തപുരം: ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സര്‍ക്കാര്‍. എം ആര്‍ അജിത് കുമാര്‍ എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപിക്കാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ആര്‍എസ്എസ് നേതാക്കളുമായി എഡിജിപി എം ആര്‍ അജിത്കുമാര്‍ നടത്തിയ കൂടിക്കാഴ്ച എല്‍ഡിഎഫ് മുന്നണിക്കകത്തും സിപിഎമ്മിനുള്ളിലും വലിയ ചര്‍ച്ചാവിഷയമായിരുന്നു.

അജിത് കുമാറിനെതിരെ നടപടി വേണമെന്ന തരത്തിലായിരുന്നു പല നേതാക്കളും വിമര്‍ശനം ഉന്നയിച്ചത്. സ്വകാര്യ സന്ദര്‍ശനത്തില്‍ എന്താണ് തെറ്റ് എന്ന തരത്തില്‍ മറ്റു ചില നേതാക്കള്‍ അജിത് കുമാറിനെ പിന്തുണയ്ക്കുകയും ചെയ്തു. ആര്‍എസ്എസ് നേതാക്കളുമായി എം ആര്‍ അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയതായുള്ള വാര്‍ത്തകള്‍ വന്ന് 20 ദിവസത്തിന് ശേഷമാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടത്. എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി എന്തിന് കൂടിക്കാഴ്ച നടത്തി എന്നതിനെ കുറിച്ച് അന്വേഷിക്കാനാണ് സര്‍ക്കാര്‍ ഉത്തരവിട്ടത്.

രണ്ടു ആര്‍എസ്എസ് നേതാക്കളുമായാണ് എം ആര്‍ അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. തൃശൂരിലും തിരുവനന്തപുരത്തും വച്ചായിരുന്നു കൂടിക്കാഴ്ച. തിരുവനന്തപുരത്ത് വച്ച് രാം മാധവുമായും തൃശൂരില്‍ ദത്താത്രേയ ഹൊസബാളെയുമായാണ് അജിത് കുമാര്‍ കൂടിക്കാഴ്ച നടത്തിയത്. പത്തുദിവസത്തിന്റെ ഇടവേളയിലായിരുന്നു കൂടിക്കാഴ്ച. ദത്താത്രേയ ഹൊസബാളെയുമായുള്ള കൂടിക്കാഴ്ചയുടെ വിവരം പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് രാംമാധവുമായും അജിത്കുമാര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു എന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്തുവന്നത്.

ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയുമായി കൂടിക്കാഴ്ച നടത്തിയെന്ന് എഡിജിപി എം ആര്‍ അജിത് കുമാര്‍ അന്ന് സമ്മതിച്ചിരുന്നു. സ്വകാര്യ സന്ദര്‍ശനം ആണെന്ന് ഇക്കാര്യം അന്വേഷിച്ച മുഖ്യമന്ത്രിയുടെ ഓഫീസിനോട് എഡിജിപി വിശദീകരണം നല്‍കിയെന്നാണ് അറിയുന്നത്.