കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

കയ്പമംഗലത്ത് യുവാവിനെ കൊന്ന് ആംബുലന്‍സില്‍ ഉപേക്ഷിച്ച സംഭവത്തില്‍ അഞ്ചു പേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ‘റൈസ് പുള്ളര്‍’ ഇടപാടുമായി ബന്ധപ്പെട്ട് കയ്പമംഗലത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ അഞ്ചുപേര്‍ കസ്റ്റഡിയില്‍. കണ്ണൂര്‍ സ്വദേശിയും നാല് കയ്പമംഗലം സ്വദേശികളുമാണ് പിടിയിലായത്. ഇതില്‍ മൂന്ന് പേര്‍ക്ക് കൊലപാതകത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മുഖ്യപ്രതി കണ്ണൂര്‍ സ്വദേശി സാദിഖിനായുള്ള തിരച്ചിലും പൊലീസ് തുടരുകയാണ്.

കഴിഞ്ഞദിവസം കോയമ്പത്തൂര്‍ സ്വദേശി അരുണ്‍ (40) ആണ് കൊല്ലപ്പെട്ടത്. മൃതദേഹം ആംബുലന്‍സിനുള്ളില്‍ ഉപേക്ഷിച്ചശേഷം കൊലയാളി സംഘം രക്ഷപ്പെടുകയായിരുന്നു. അരുണിനൊപ്പമുണ്ടായിരുന്ന സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ അഴീക്കലിലുള്ള ഐസ് ഫാക്ടറി ഉടമ സാദിഖിനെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചത് ‘റൈസ് പുള്ളര്‍’ നല്‍കാമെന്ന് പറഞ്ഞ് സാദിഖില്‍നിന്ന് അരുണ്‍ വാങ്ങിയ 10 ലക്ഷം രൂപ തിരികെ നല്‍കാത്തതിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഒരാളെ വാഹനം ഇടിച്ചെന്നും ആശുപത്രിയിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സ്വകാര്യ ആംബുലന്‍സ് ഡ്രൈവറിന് ഫോണ്‍കോള്‍ വന്നത്. ഡ്രൈവര്‍ അപകട സ്ഥലത്തെത്തിയപ്പോള്‍ അവിടെയുണ്ടായിരുന്ന കാറില്‍ 4 പേരുണ്ടായിരുന്നു. യുവാവിന്റെ ശരീരം റോഡില്‍ കിടക്കുകയായിരുന്നു. വണ്ടി തട്ടിയെന്നും യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും സംഘം ആവശ്യപ്പെട്ടു. യുവാവിനെ ആംബുലന്‍സില്‍ കയറ്റിയപ്പോള്‍, കൂടെ വരാന്‍ ആംബുലന്‍സ് ഡ്രൈവര്‍ സംഘത്തിലുള്ളവരോട് ആവശ്യപ്പെട്ടു. കാറില്‍ വരാമെന്ന് സംഘം പറഞ്ഞു. യുവാവിനെ ആശുപത്രിയിലെത്തിച്ചപ്പോള്‍ സംഘം എത്തിയിരുന്നില്ല. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ അരുണ്‍ മരിച്ചതായി മനസ്സിലായി. അരുണിന്റെ ദേഹത്തുടനീളം മര്‍ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മൂക്കിന്റെ പാലം പൊട്ടിയ നിലയിലായിരുന്നു.

അരുണിന്റെ സുഹൃത്ത് ശശാങ്കനെയും മര്‍ദനമേറ്റ നിലയില്‍ പിന്നീട് പൊലീസ് കണ്ടെത്തി. ശശാങ്കനാണ് മര്‍ദനവിവരം പൊലീസിനോട് പറഞ്ഞത്. ഐസ് ഫാക്ടറി ഉടമ സാദ്ദിഖുമായി അരുണിന് സാമ്പത്തിക ഇടപാടുണ്ടെന്നുള്ള വിവരം ശശാങ്കന്‍ പൊലീസിനെ അറിയിച്ചു. റൈസ് പുള്ളറിനായി 10 ലക്ഷംരൂപ ഐസ് ഫാക്ടറി ഉടമ നല്‍കിയിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും പണം മടക്കി നല്‍കിയില്ല.

രണ്ടു ദിവസം മുന്‍പ് അരുണിനെയും സുഹൃത്ത് ശശാങ്കനെയും സാദ്ദിഖ് തൃശൂരിലേക്ക് വിളിച്ചു വരുത്തി. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയുടെ ഭാഗത്ത് കാണാമെന്നായിരുന്നു ധാരണ. സ്ഥലത്തെത്തിയ അരുണിനെയും സുഹൃത്തിനെയും ആളൊഴിഞ്ഞ എസ്റ്റേറ്റിലെത്തിച്ച് ബന്ധിയാക്കി ക്രൂരമായി മര്‍ദിച്ചു. മര്‍ദനത്തില്‍ അരുണ്‍ കൊല്ലപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. മൃതദേഹം കാറിലാക്കി കയ്പ്പമംഗലം ഭാഗത്തെത്തിച്ചശേഷം ആംബുലന്‍സ് വിളിച്ചു വരുത്തുകയായിരുന്നു. സാദിഖിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷിക്കണമെന്ന് കുടുംബം

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാനുവിന്റെ മരണത്തില്‍ ദുരൂഹത, അന്വേഷിക്കണമെന്ന് കുടുംബം

തിരുവനന്തപുരം: സിനിമാ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തിരുവനന്തപുരം സ്വദേശി ഷാനു ഇസ്മയിലിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. പീഡന ആരോപണം വന്നതുമുതല്‍ ഷാനു കടുത്ത മാനസിക വിഷമത്തിലായിരുന്നു. എന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നും സഹോദരന്‍ പറഞ്ഞു. ഹേമ കമിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ തിരുവനന്തപുരം സ്വദേശിയായ നടിയുടെ പരാതിയില്‍ ഷാനുവിനും ഒരു സംവിധായകനുമെതിരെ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

കുടുംബപ്രശ്‌നങ്ങളും ഷാനുവിനെ അലട്ടിയിരുന്നതായും കുടുംബം പറയുന്നു. മൃതദേഹത്തില്‍ മുറിവുകളും വലതുകൈയില്‍ കടിയേറ്റ പാടുമുണ്ടായിരുന്നുവെന്നും സഹോദരന്‍ ഷാജി ആരോപിച്ചു. മദ്യപിച്ച് ബോധമില്ലാതെ കിടക്കുന്നുവെന്നായിരുന്നു ഹോട്ടലിലെ ദൃക്‌സാക്ഷികള്‍ പറഞ്ഞത്. എന്നാല്‍ അവരുടെ മൊഴികളില്‍ ദുരൂഹത തോന്നുന്നുവെന്നും മരണത്തില്‍ അന്വേഷണം വേണമെന്നും സഹോദരന്‍ പറഞ്ഞു.

അതിനിടെ ഷാനുവിന്റെ മരണം കുഴഞ്ഞുവീണുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി. ശൗചാലയത്തില്‍ കുഴഞ്ഞുവീണതിന്റെ ആഘാതമാകാം മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആന്തരിക അവയവങ്ങളുടെയും വയറ്റിലെ ഭക്ഷണ അവശിഷ്ടത്തിന്റെയും സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ റിപ്പോര്‍ട്ട് വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നും പൊലീസ് പറയുന്നു.

അതിനിടെ ഷാനുവിനൊപ്പം താമസിച്ചിരുന്ന രണ്ടുപേരുടെ മൊഴി പൊലീസെടുത്തു. ഇക്കഴിഞ്ഞ 11നാണ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം ഷാനു മുറിയെടുത്തത്. രണ്ട് ദിവസം മുന്‍പ് സുഹൃത്തുക്കള്‍ മുറി വിട്ടുപോയിരുന്നു. തിങ്കളാഴ്ച ഷാനു മുറിയില്‍ നിന്ന് പുറത്തുവരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് ശൗചാലയത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കല്‍; മൂന്ന് മക്കളെയും ഇന്ന് കേള്‍ക്കും, ശേഷം തീരുമാനം

ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കല്‍; മൂന്ന് മക്കളെയും ഇന്ന് കേള്‍ക്കും, ശേഷം തീരുമാനം

കൊച്ചി: സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ നടപടികള്‍ തുടങ്ങി കളമശേരി മെഡിക്കല്‍ കോളജ്. നിലവില്‍ എംഎം ലോറന്‍സിന്റെ മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് ഉപദേശക സമിതിക്ക് മുന്നില്‍ ഹാജരായി നിലപാട് വ്യക്തമാക്കാന്‍ ലോറന്‍സിന്റെ മൂന്ന് മക്കള്‍ക്കും കളമശേരി മെഡിക്കല്‍ കോളജ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മക്കളായ എംഎല്‍ സജീവന്‍, സുജാത, ആശ എന്നിവരോടാണ് സമിതി മുന്‍പാകെ ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഓരോരുത്തര്‍ക്കും എന്താണ് പറയാനുള്ളതെന്ന് വിശദമായി കേള്‍ക്കും. പ്രിന്‍സിപ്പല്‍, സൂപ്രണ്ട്, ഫോറന്‍സിക്, അനാട്ടമി വിഭാഗം മേധാവികള്‍, വിദ്യാര്‍ഥി പ്രതിനിധി എന്നിവരുള്‍പ്പെട്ടതാണ് ഉപദേശകസമിതി. മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കുന്നതിന് എതിരെ മകള്‍ ആശ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ച് അനാട്ടമി നിയമപ്രകാരം തീരുമാനമെടുക്കാന്‍ കോടതി നിര്‍ദേശിച്ചത്. ആശയുടെ എതിര്‍പ്പു കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കണമെന്നാണ് അച്ഛന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് മകന്‍ എംഎല്‍ സജീവനും മകള്‍ സുജാതയും പറയുന്നു. അങ്ങനെയൊരു കാര്യം അച്ഛന്‍ പറഞ്ഞിട്ടില്ലെന്നും മതാചാരപ്രകാരം സംസ്‌കരിക്കണമെന്നും ഇളയമകള്‍ ആശയും വാദിക്കുന്നു. ഈ വ്യത്യസ്താഭിപ്രായങ്ങള്‍ പരിശോധിച്ച് കളമശ്ശേരി മെഡിക്കല്‍ കോളേജിനോട് തീരുമാനമെടുക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്.

തദ്ദേശ വാര്‍ഡ് കരടുപട്ടിക നവംബര്‍ 16ന്; പരാതികള്‍ ഡിസംബര്‍ ഒന്നുവരെ നല്‍കാം

തദ്ദേശ വാര്‍ഡ് കരടുപട്ടിക നവംബര്‍ 16ന്; പരാതികള്‍ ഡിസംബര്‍ ഒന്നുവരെ നല്‍കാം

തിരുവനന്തപുരം: പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ചതിന്റെ കരടുപട്ടിക നവംബര്‍ 16ന് പ്രസിദ്ധീകരിക്കും. പരാതികളും ആക്ഷേപങ്ങളും ഡിസംബര്‍ ഒന്നുവരെ നല്‍കാം. ഇതും കൂടി പരിഗണിച്ചാകും അന്തിമപട്ടിക പ്രസിദ്ധീകരിക്കുക. ചൊവ്വാഴ്ച ചേര്‍ന്ന സംസ്ഥാന ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗം ഇതിനായുള്ള മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു.

മൂന്നുഘട്ടമായാണ് പുനര്‍വിഭജനം നടക്കുക. ആദ്യം പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷനുകള്‍ എന്നിവിടങ്ങളിലും രണ്ടാംഘട്ടത്തില്‍ ബ്ലോക്ക് പഞ്ചായത്തിലും മൂന്നാം ഘട്ടത്തില്‍ ജില്ലാ പഞ്ചായത്തിലും വാര്‍ഡ് പുനര്‍വിഭജനം നടത്തും. എല്ലാവാര്‍ഡുകളുടെയും അതിര്‍ത്തികളില്‍ മാറ്റമുണ്ടാകും. ആദ്യഘട്ടത്തിലേതിന്റെ പരാതികള്‍ ഡീലിമിറ്റേഷന്‍ കമീഷന്‍ സെക്രട്ടറിക്കോ കലക്ടര്‍ക്കോ നേരിട്ടും രജിസ്ട്രേഡ് തപാലിലും നല്‍കാം. കരട് റിപ്പോര്‍ട്ട് തയ്യാറാക്കി ഡീലിമിറ്റേഷന്‍ കമീഷന് നല്‍കാനുള്ള ചുമതല ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ കലക്ടര്‍ക്കാണ്.

സര്‍ക്കാര്‍ വിജ്ഞാപനപ്രകാരം സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലെ ആകെ വാര്‍ഡുകളുടെ എണ്ണം 23,612 ആകും. നിലവില്‍ 21,900 ആണ്. 2011 ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യാടിസ്ഥാനത്തിലാണ് വാര്‍ഡുകളുടെ എണ്ണം പുനര്‍നിശ്ചയിച്ചത്. 87 മുനിസിപ്പാലിറ്റികളിലെ നിലവിലുള്ള 3113 വാര്‍ഡുകള്‍ 3241 ആയും ആറ് കോര്‍പറേഷനുകളിലെ 414 വാര്‍ഡുകള്‍ 421 ആയും 941 പഞ്ചായത്തുകളിലെ 15,962 വാര്‍ഡുകള്‍ 17,337 ആയും 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2080 വാര്‍ഡുകള്‍ 2,267 ആയും 14 ജില്ലാ പഞ്ചായത്തുകളിലെ 331 വാര്‍ഡുകള്‍ 346 ആയും വര്‍ധിക്കും.

സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ ആസ്ഥാനത്ത് ചേര്‍ന്ന ഡീലിമിറ്റേഷന്‍ കമീഷന്‍ യോഗത്തില്‍ ചെയര്‍മാന്‍ എ ഷാജഹാന്‍ അധ്യക്ഷനായി. കമീഷന്‍ അംഗങ്ങളായ പൊതുമരാമത്ത്- വിനോദസഞ്ചാര സെക്രട്ടറി കെ ബിജു, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് സെക്രട്ടറി എസ് ഹരികിഷോര്‍, തൊഴില്‍ നൈപുണ്യ, ഗതാഗത സെക്രട്ടറി ഡോ. കെ വാസുകി, കമീഷന്‍ സെക്രട്ടറി എസ് ജോസ്നമോള്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ഡ് പുനര്‍വിഭജനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ https://www.lsgkerala.gov.in, https://www.sec.kerala.gov.in,

https://www.prd.kerala.gov.in,

https://www.kerala.gov.in വൈബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും

നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു, വിദ്യാലയങ്ങള്‍ ഇന്ന് തുറക്കും

മലപ്പുറം: നിപ ഭീതി ഒഴിഞ്ഞതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ച് കലക്ടര്‍ ഉത്തരവിട്ടു.

തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാര്‍ഡുകളുമായിരുന്നു കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഇവിടത്തെ വിദ്യാലയങ്ങള്‍ ഇന്നു തുറക്കും. സമ്പര്‍ക്കപ്പട്ടികയിലെ 94 പേരുടെ ക്വാറന്റീന്‍ ഇന്ന് അവസാനിക്കും. ഇന്നലെ ഫലം ലഭിച്ച 16 സാംപിളുകളും നെഗറ്റീവാണ്. ഇതുവരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. രോഗലക്ഷണങ്ങളുമായി ഒരാള്‍ ഇന്നലെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.