അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; ഡ്രഡ്ജിങ് കമ്പനിക്ക് കരാര്‍ ഞായറാഴ്ച വരെ

അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും; ഡ്രഡ്ജിങ് കമ്പനിക്ക് കരാര്‍ ഞായറാഴ്ച വരെ

ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ ഇന്നും തുടരും. കനത്ത മഴ പെയ്താല്‍ ഡ്രഡ്ജിങ് താല്‍ക്കാലികമായി നിര്‍ത്തേണ്ടി വരും. ഇന്നും ഉത്തര കന്നഡ ജില്ലയില്‍ റെഡ് അലര്‍ട്ടാണ്.

ഇന്നലെ റെഡ് അലര്‍ട്ടായിരുന്നെങ്കിലും രാവിലെ മാത്രമാണ് മഴ പെയ്തത് എന്നതിനാല്‍ ഡ്രഡ്ജിംഗ് നടന്നിരുന്നു. ഇന്നലത്തെ തിരച്ചിലിലും നേരത്തേ പുഴയില്‍ വീണ ടാങ്കറിന്റെ ഭാഗങ്ങളല്ലാതെ അര്‍ജുന്റെ ലോറിയുടെ ഒരു ഭാഗവും കണ്ടെത്തിയിരുന്നില്ല. നേരത്തേ ഡ്രോണ്‍ റഡാര്‍ സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ റിട്ടയേഡ് മേജര്‍ ഇന്ദ്രബാലന്റെ പോയന്റുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലെ പ്രധാനപരിശോധന. എന്നാല്‍ ഇന്ദ്രബാലന്റെ ഡ്രോണ്‍ പരിശോധനയില്‍ ഏറ്റവുമധികം സാധ്യത കല്‍പിക്കപ്പെട്ട പോയന്റില്‍ നിന്ന് ഒന്നും കണ്ടെത്താനായില്ല. ഞായറാഴ്ച വരെയാണ് ഡ്രഡ്ജിങ് കമ്പനിക്ക് കരാര്‍ നീട്ടി നല്‍കിയിരിക്കുന്നത്. തിരച്ചില്‍ എന്ന് വരെ തുടരണമെന്ന് ജില്ലാ ഭരണകൂടമാണ് തീരുമാനിക്കുന്നത്.

പേരാമ്പ്രയില്‍ ഡിആര്‍ഐ റെയ്ഡ്; സ്വര്‍ണ വ്യാപാരിയില്‍ നിന്നും കോടിക്കണക്കിനു രൂപ പിടിച്ചെടുത്തു

പേരാമ്പ്രയില്‍ ഡിആര്‍ഐ റെയ്ഡ്; സ്വര്‍ണ വ്യാപാരിയില്‍ നിന്നും കോടിക്കണക്കിനു രൂപ പിടിച്ചെടുത്തു

കോഴിക്കോട്: പേരാമ്പ്രയില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ്(ഡിആര്‍ഐ) റെയ്ഡ്. സ്വര്‍ണ വ്യാപാരിയുടെ ഫ്‌ലാറ്റില്‍ നിന്നും 3.22 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. സ്വര്‍ണ വ്യാപാരിയായ ദീപക്, കൂടെയുണ്ടായിരുന്ന ആനന്ദ് എന്നിവരാണു പിടിയിലായത്. സംഘത്തിന്റെ കാറും പിടികൂടി.

ഡിആര്‍ഐയുടെ മഹാരാഷ്ട്ര സംഘമാണ് ഇന്നലെ കേരളത്തിലെത്തിയത്. താമരശ്ശേരി മുതല്‍ സംഘത്തെ പിന്തുടരുകയായിരുന്നു ഇവര്‍. തുടര്‍ന്ന് പേരാമ്പ്ര ചിരുതക്കുന്നില്‍ സ്വര്‍ണവ്യാപാരിയുടെ വസതിയിലെത്തി റെയ്ഡ് നടത്തുകയായിരുന്നു. ഇവരുടെ കാറിലെ രഹസ്യ അറയില്‍ നിന്ന് ഉള്‍പ്പെടെ പണം പിടിച്ചെടുത്തു. രാവിലെ 11 മണിക്ക് തുടങ്ങിയ റെയ്ഡ് രാത്രി 10:45 വരെ നീണ്ടു.എറണാകുളം, കോഴിക്കോട് ഡിആര്‍ഐ സംഘങ്ങളും റെയ്ഡില്‍ പങ്കെടുത്തു.

സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ നടന്നു

സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ നടന്നു

ആറ്റിങ്ങൽ: സാമൂഹൃ ഐക്യദാർഢ്യ പക്ഷാചരണത്തിൻ്റെ സംഘാടക സമിതി യോഗം ആറ്റിങ്ങലിൽ ചേർന്നു. ഒ എസ് അംബിക എം.എൽ.എ ഉദ്ഘാടനം ചെയ്തു.

പട്ടികവിഭാഗ – പിന്നാക്ക വികസന വകുപ്പുകൾ സംഘടിപ്പിക്കുന്ന പക്ഷാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബർ 2 ന് വൈകിട്ട് 3. 30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആറ്റിങ്ങൽ സൺ ഓഡിറ്റോറിയത്തിലാണ് ഉദ്ഘാടനം.. ജില്ലാ ആസ്ഥാനമല്ലാത്ത ഒരു സ്ഥലത്ത് പരിപാടി സംഘടിപ്പിക്കുന്നു എന്ന പ്രത്യേകതയും ആറ്റിങ്ങലിനുണ്ട്…

സംഘാടക സമിതി യോഗത്തിൽ ആറ്റിങ്ങൽ നഗരസഭ ചെയർപേഴ്സൺ അഡ്വ എസ് കുമാരി., ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി സി ജയശ്രീ, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ഡി സ്മിത [ നഗരൂർ ] , ലൈജു വി [ അഞ്ചുതെങ്ങ് ] , എസ് ഷീല
[ കടയ്ക്കാവൂർ ] , അബ്ദുൾ വാഹിദ് [ചിറയിൻകീഴ് ] എന്നിവർ സംസാരിച്ചു.
വകുപ്പ് ഉദ്യോഗസ്ഥർ, പ്രമോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയുടെ വിജയത്തിനായി വിവിധ ഉപസമിതികളും രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ഏഴുദിവസം വ്യാപക മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ ഏഴുദിവസം വ്യാപക മഴ

തിരുവനനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. ആന്ധ്രാ – ഒഡീഷ തീരത്തിന് സമീപം മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായി മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ പരമാവധി 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇന്നും നാളെയും (ചൊവ്വാഴ്ചയും ബുധനാഴ്ചയും) ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ബുധനാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരള – കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗത്തില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോർജ്

എംപോക്സ് ക്ലേയ്ഡ് 1ബി; ആശങ്ക വേണ്ടന്ന് മന്ത്രി വീണ ജോർജ്

കോട്ടയം: എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും വീണാ ജോർജ് മാധ്യമങ്ങളോട് പ്രതികരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അതേസമയം, ആലപ്പുഴയിൽ എംപോക്സ് സംശയത്തെ തുടർന്ന് വിദേശത്തു നിന്ന് എത്തിയ ഒരാളെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിൻ്റെ കുടുംബം ക്വാറന്റീനിലാണ്. കണ്ണൂരിൽ എംപോക്സ് സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവായി. അബുദാബിയിൽ നിന്നെത്തിയ സ്ത്രീയെ പരിയാരം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കിയിരുന്നു.