ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍; 2023ല്‍ കേരളത്തിലെത്തിയത് 2.18 കോടി പേര്‍

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം സര്‍വകാല റെക്കോര്‍ഡില്‍; 2023ല്‍ കേരളത്തിലെത്തിയത് 2.18 കോടി പേര്‍

തിരുവനന്തപുരം: കേരളത്തിലെത്തുന്ന ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവെന്ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്. 2023ല്‍ രാജ്യത്തിനകത്തുനിന്നുള്ള 2,18,71,641 (2.18 കോടി) പേര്‍ കേരളം സന്ദര്‍ശിച്ചു. ഇത് രൂപീകരിച്ചതിനു ശേഷമുള്ള സര്‍വകാല റെക്കോര്‍ഡ് ആണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2022നെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കഴിഞ്ഞ വര്‍ഷം 15.92 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. 2022ല്‍ 1.88 കോടി (1,88,67,414) ആഭ്യന്തര സഞ്ചാരികളാണ് കേരളത്തിലെത്തിയത്.

കോവിഡിനു മുമ്പുള്ള കണക്കുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആഭ്യന്തര വിനോദ സഞ്ചാരികളുടെ വരവ് 2023ല്‍ 18.97 ശതമാനം വര്‍ധിച്ചു. ഏറ്റവും കൂടുതല്‍ ആഭ്യന്തര സഞ്ചാരികള്‍ എത്തിയത് എറണാകുളം ജില്ലയിലാണ്. ഇടുക്കി, തിരുവനന്തപുരം, വയനാട് ജില്ലകളില്‍ വലിയ മുന്നേറ്റമുണ്ടായി.

2022ല്‍ 3,45,549 വിദേശ സഞ്ചാരികളാണ് കേരളത്തില്‍ എത്തിയതെങ്കില്‍ 2023ല്‍ ഇത് 6,49,057 പേരായി വര്‍ധിച്ചു. വിദേശ സഞ്ചാരികളുടെ വരവില്‍ 87.83 ശതമാനം വര്‍ധനവാണ് ഉണ്ടായത്. ഇത് അടുത്തുതന്നെ കോവിഡിനു മുമ്പുള്ള സ്ഥിതിയിലേക്ക് എത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതല്‍ വിദേശികള്‍ എത്തിയ ജില്ലയിലും ഒന്നാം സ്ഥാനത്ത് എറണാകുളമാണ്. 2023ല്‍ 2,79,904 വിദേശികളാണ് ജില്ലയിലെത്തിയത്. തിരുവനന്തപുരം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളാണ് തൊട്ടടുത്ത സ്ഥാനങ്ങളിലുള്ളതെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ കെ എസ് യു വിദ്യാഭ്യാസ ബന്ദ്

സംസ്ഥാനത്ത് നാളെ വിദ്യാഭ്യാസ ബന്ദ്. വെറ്റിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിലുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് ആഹ്വനം. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ.എസ് സിദ്ധാർഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രതിഷേധ മാര്‍ച്ച്.

സിദ്ധാർഥന്റെ മരണത്തിനെതുടർന്ന് കെ എസ് യു വയനാട് ജില്ലാ പ്രസിഡൻ്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

എസ് എഫ് ഐ അരും കൊല ചെയ്ത സിദ്ധാർഥന്റെ കൊലപാതകം സിബിഐ അന്വേഷിക്കുക, സിദ്ധാർഥന്റെ മരണത്തിന് ഉത്തരവാദിയായ ഡീൻ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേർക്കുക, കൊലപാതകികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

വന്യജീവി ആക്രമണം: ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം

വന്യജീവി ആക്രമണം: ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം

തിരുവനന്തപുരം: വന്യജീവി ആക്രമണത്തില്‍ ഇടുക്കിയില്‍ ശനിയാഴ്ച സര്‍വകക്ഷി യോഗം ചേരും. കലക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേരാന്‍ വനംമന്ത്രി എകെ ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ മരണപ്പെട്ട ആളുടെ കുടുംബത്തിനൊപ്പമാണ്. കഴിയുന്നത്ര സഹായം ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്നും വനംമന്ത്രി പറഞ്ഞു.

വയനാട്ടിലേതിന് സമാനമായി സുരക്ഷാ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനാണ് സര്‍ക്കാരിന്റെ നിലപാട്. 1972 ല്‍ പാസ്സാക്കിയ വന്യജീവി സംരക്ഷണത്തില്‍ കാലോചിതമായ മാറ്റം വരുത്തണമെന്നാണ് കേരളം ആവശ്യപ്പെടുന്നത്. ഈ ആവശ്യം സര്‍ക്കാര്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവിന് മുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. മിക്കവാറും പേര്‍ക്ക് പെന്‍ഷന്‍ കിട്ടി കഴിഞ്ഞു. രണ്ടുമൂന്ന് ദിവസം കൊണ്ട് എല്ലാ ജീവനക്കാര്‍ക്കും ശമ്പളം കൊടുത്തുതീര്‍ക്കും. എന്നാല്‍ ശമ്പളം പിന്‍വലിക്കുന്നതിന് നിയന്ത്രണം ഉണ്ടാവും. ഒറ്റയടിക്ക് 50000 രൂപ വരെ മാത്രമേ പിന്‍വലിക്കാന്‍ സാധിക്കുകയുള്ളൂ എന്നും ധനമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

ട്രഷറിയില്‍ നിയന്ത്രണമുണ്ട്. ശമ്പളത്തിനും പെന്‍ഷനും ഇത് ബാധകമാകും. എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കയില്ലെന്നും ധനമന്ത്രി പറഞ്ഞു. 13,608 കോടി രൂപയാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. ആ പണം എടുക്കാന്‍ സമ്മതിക്കാത്തത് സുപ്രീംകോടതിയില്‍ ഒരു കേസ് കൊടുത്തു എന്ന പേരിലാണ്. ഭരണഘടന പ്രകാരമാണ് കേസ് കൊടുത്തതെന്നും ധനമന്ത്രി പറഞ്ഞു.

കേസ് കൊടുത്തു എന്നതിന്റെ പേരില്‍ ഫെബ്രുവരി, മാര്‍ച്ച് മാസത്തില്‍ പണം തരില്ല എന്ന കേന്ദ്ര നിലപാട് സംസ്ഥാനത്തെ കാര്യമായി ബുദ്ധിമുട്ടിക്കും. ശമ്പളം നല്‍കിയത് കൊണ്ടോ പെന്‍ഷന്‍ കൊടുത്തത് കൊണ്ടോ സംസ്ഥാനത്തിന്റെ പ്രശ്‌നം തീരുന്നില്ല. കഴിഞ്ഞ മാര്‍ച്ച് മാസം 22,000 കോടി രൂപയാണ് ചെലവഴിച്ചത്. നിലവില്‍ 14000 കോടി രൂപയാണ് തടഞ്ഞുവച്ചിരിക്കുന്നത്. ആദ്യം 57,400 കോടിയോളം രൂപ കേന്ദ്രം വെട്ടിക്കുറച്ചു എന്നും ധനമന്ത്രി വ്യക്തമാക്കി.

സാധാരണക്കാരായ ആളുകള്‍ക്ക് നല്‍കുന്നതാണ് സാമൂഹിക ക്ഷേമ പെന്‍ഷന്‍. 62 ലക്ഷം പേര്‍ക്കാണ് പെന്‍ഷന്‍ നല്‍കുന്നത്. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എന്തുസമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്? സാമൂഹിക ക്ഷേമ പെന്‍ഷന്‍ കിട്ടാനുള്ള ആളുകള്‍ ഉള്‍പ്പടെ ഡല്‍ഹിയില്‍ പോയി സമരം ചെയ്യണോ? അത്തരം കാര്യങ്ങളില്‍ യുഡിഎഫിന്റെ സമീപനം എന്താണ്? കേരളത്തോട് കേന്ദ്രം കാണിക്കുന്ന നിലപാടില്‍ യുഡിഎഫ് നിലപാട് എന്താണെന്നും ധനമന്ത്രി ചോദിച്ചു.

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുമോ?, വിപണിയില്‍ കനത്ത ഇടിവ്

പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് നഷ്ടപ്പെടുമോ?, വിപണിയില്‍ കനത്ത ഇടിവ്

ഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഉടന്‍ തന്നെ റദ്ദാക്കിയേക്കും എന്ന് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് പേടിഎം ഓഹരിയില്‍ കനത്ത ഇടിവ്. ഇന്ന് വ്യാപാരത്തിനിടെ മൂന്ന് ശതമാനത്തിന്റെ ഇടിവാണ് പേടിഎം നേരിട്ടത്.

ജനുവരി 31നാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിന് അടക്കം പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് റിസര്‍വ് ബാങ്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 15ന് ശേഷമാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത് അടക്കമുള്ള നടപടികള്‍ അവസാനിപ്പിക്കാന്‍ പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കേയാണ്, പേടിഎം പേയ്‌മെന്റ്‌സ് ബാങ്കിന്റെ ബാങ്കിങ് ലൈസന്‍സ് റിസര്‍വ് ബാങ്ക് ഉടന്‍ തന്നെ റദ്ദാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ലൈസന്‍സ് റദ്ദാക്കിയാല്‍ രണ്ടു പതിറ്റാണ്ടിനിടയില്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന ആദ്യ നടപടിയായി ഇത് മാറും.

വ്യാപാരത്തിനിടെ ഓഹരിക്ക് 403 രൂപ എന്ന നിലയിലേക്കാണ് പേടിഎം ഓഹരി ഇന്ന് താഴ്ന്നത്. മാസങ്ങള്‍ക്ക് മുന്‍പ് 998.3 രൂപ എന്ന റെക്കോര്‍ഡ് ഉയരത്തിലേക്ക് പേടിഎം ഓഹരി മുന്നേറിയിരുന്നു. റിസര്‍വ് ബാങ്ക് നടപടിയെ തുടര്‍ന്ന് 52 ആഴ്ചയിലെ താഴ്ന്ന നിലവാരമായ 318.35 രൂപയിലേക്ക് ഓഹരിവില കുത്തനെ ഇടിയുന്നതിനും വിപണി സാക്ഷിയായി.

അതിനിടെ ഓഹരി വിപണി നേട്ടത്തില്‍ വ്യാപാരം തുടരുകയാണ്. വ്യാപാരത്തിനിടെ സെന്‍സെക്‌സ് 84 പോയിന്റ് നേട്ടത്തോടെ 73890 പോയിന്റിലേക്കാണ് മുന്നേറിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ഉണ്ടായി.