കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവം; പ്രതി ഷെജില്‍ പിടിയില്‍

കോയമ്പത്തൂര്‍: വടകരയില്‍ കാറിടിച്ച് ഒന്‍പതു വയസുകാരി കോമയിലായ സംഭവത്തില്‍ പ്രതി ഷെജില്‍ പിടിയില്‍. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഷെജില്‍ കസ്റ്റഡിയിലായത്. പ്രതിയെ വടകരയില്‍ നിന്നുള്ള പൊലീസ് സംഘത്തിന് കൈമാറും.

ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഉള്ളതിനാല്‍ ഇയാളെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ചു. തുടര്‍ന്ന് വടകര പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാനായി പുറപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ഷെജില്‍ ഓടിച്ച കാര്‍ ഇടിച്ച് ഒന്‍പത് വയസുകാരിയായ ദൃഷാനയ്ക്ക് ഗുരുതര പരിക്കേല്‍ക്കുന്നത്.അപകടത്തില്‍ കുട്ടിയുടെ മുത്തശ്ശി മരിച്ചിരുന്നു. അപകടത്തെ തുടര്‍ന്ന് ഇരുവരെയും ഷെജിലും കാറില്‍ ഒപ്പമുണ്ടായിരുന്നവരും ആശുപത്രിയിലെത്തിക്കാതെ മടങ്ങി. അപകടത്തെ തുടര്‍ന്ന് കോമയിലായ ഒന്‍പതുവയസുകാരി എട്ട് മാസത്തോളം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു

ബം​ഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസിന് തീപിടിച്ചു

ബം​ഗളൂരു: ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വരുകയായിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കര്‍ണാടകയിലെ മദ്ദൂരിൽ വെച്ചാണ് ബസിന് തീപിടിച്ചത്. ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് വരുകയായിരുന്ന അശോക ട്രാവൽസ് എന്ന ബസിനാണ് തീപിടിച്ചത്.

ബസിൽ തീ പടരുന്നത് കണ്ടയുടൻ വാഹനം നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ അപകടം ഒഴിവായി. ബസിന്‍റെ പിൻഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. യാത്രക്കാരെ ഇറക്കിയശേഷം തീ ആളിപടരുകയായിരുന്നു. ബസിന്‍റെ പിന്‍ഭാഗം പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ മറ്റു ബസുകളിൽ കണ്ണൂരിലേക്ക് കയറ്റിവിട്ടു. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീയണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു

ധ്യാനിൻ്റെ തിരക്കഥയിൽ ശ്രീനിവാസൻ തിരിച്ചെത്തുന്നു

“ലൗ ആക്ഷൻ ഡ്രാമ”, “പ്രകാശൻ പറക്കട്ടെ” എന്നീ ചിത്രങ്ങൾക്ക് ശേഷം മലയാളികളുടെ ഇഷ്ടതാരം ധ്യാന്‍ ശ്രീനിവാസൻ്റെ തിരക്കഥയിൽ ഒരുങ്ങുന്ന ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിലേക്ക്. ഡി ഗ്രൂപ്പിന്റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിനും, അംജതും ചേർന്ന് നിർമിക്കുന്ന ചിത്രം നവാഗതനായ വിനയ് ജോസ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

ഈ വരുന്ന ഫെബ്രുവരി 28ന് ‘ആപ്പ് കൈസേ ഹോ’ തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ ഒരിടവേളയ്ക്ക് ശേഷം ധ്യാൻ ശ്രീനിവാസന് ഒപ്പം ബിഗ് സ്ക്രീനിലേക്ക് എത്തുന്നുവെന്നതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

അജു വർഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ ദര്‍ശന്‍,ഡോണി ഡാർവിൻ , ജൂഡ് ആന്റണി ജോസഫ്, നവാസ് വള്ളിക്കുന്ന്, ഇടവേള ബാബു, അബിന്‍ ബിനോ, സുരഭി സന്തോഷ്, തന്‍വി റാം, വീണ,വിജിത തുടങ്ങിയ നീണ്ട താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഡോൺ വിൻസെന്റും വർക്കിയും ചേർന്നാണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് ആനന്ദ് മധുസൂദനൻ ആണ്.ഛായാഗ്രഹണം അഖില്‍ ജോര്‍ജ്, എഡിറ്റിംഗ് വിനയന്‍ എം ജെ, കലാസംവിധാനം അസീസ് കരുവാരക്കുണ്ട്.

ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു

ചികിത്സയിലിരിക്കെ പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു

കുവൈറ്റ് സിറ്റി: പ്രവാസി മലയാളി വിദ്യാർഥി കുവൈറ്റിൽ മരിച്ചു. ചികിത്സയിലിരിക്കെയാണ് മരിച്ചത്. അഹമ്മദി ഡിപിഎസ് സ്കൂൾ വിദ്യാർഥി അഭിനവ് ആണ് മരിച്ചത്. കുവൈറ്റ് സബ ആശുപത്രിയിലാണ് ചികിത്സയിലിരുന്നത്.

കുവൈറ്റിൽ സേഫ്റ്റി ഓഫീസറായി ജോലി ചെയ്യുന്ന കോഴിക്കോട് കൊയിലാണ്ടി സ്വദേശി ഉണ്ണികൃഷ്ണൻ, അൽ റാസി ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്ന നിസി ദമ്പതികളുടെ മകനാണ്. മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള നടപടികൾ തുടരുന്നു.

അദാനിയുടെ മകൻ വിവാഹിതനായി, ചടങ്ങുകൾ ലളിതം; 10,000 കോടി സാമൂഹിക സേവനത്തിന്‌

അദാനിയുടെ മകൻ വിവാഹിതനായി, ചടങ്ങുകൾ ലളിതം; 10,000 കോടി സാമൂഹിക സേവനത്തിന്‌

അഹമ്മദാബാദ്: വമ്പന്‍ വിവാഹാഘോഷം കാത്തിരുന്നവര്‍ക്ക് നിരാശ സമ്മാനിച്ചു കൊണ്ടായിരുന്നു രാജ്യത്തെ പ്രമുഖ വ്യവസായിയും അദാനി ​ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിയുടെ ഇളയ മകൻ ജീത് അദാനിയുടെ വിവാഹം. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെ അഹമ്മദാബാദിലെ അദാനി ടൗൺഷിപ്പായ ശാന്തി​ഗ്രാമത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

ഗുജറാത്തിലെ പ്രമുഖ വജ്ര വ്യാപാരി ജയ്മിൻ ഷായുടെ മകളാണ് ദിവയാണ് വധു. കഴിഞ്ഞ വർഷം നടന്ന അനന്ത് അംബാനി-രാധിക വിവാഹത്തോട് കിടപിടിക്കുന്നതായിരിക്കും ഈ കല്ല്യാണവും എന്നായിരുന്നു സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ച. എന്നാല്‍ താൻ സാധാരണക്കാരനായാണ് വളർന്നത് അതുകൊണ്ട് മകന്‍റെത് സാധാരണ വിവാഹമായിരിക്കുമെന്ന് ഗൗതം നേരത്തെ തന്നെ അറിയിച്ചിരുന്നു.

പരമ്പരാഗത ഗുജറാത്തി ജെയിൻ അചാര പ്രകാരം വളരെ ലളിതമായാണ് വിവാഹ ചടങ്ങുകൾ ഉണ്ടായിരുന്നത്. പാരമ്പര്യം, സംസ്കാരം, സാമൂഹ്യ സേവനം തുടങ്ങിവയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു വിവാഹ ഒരുക്കങ്ങൾ. ഭിന്നശേഷിക്കാരായ 500 സ്ത്രീകളുടെ വിവാഹത്തിനായി 10 ലക്ഷം രൂപ വരെയുള്ള സംഭാവന നൽകുമെന്ന് ദമ്പതികൾ പ്രതിജ്ഞയെടുത്തതായാണ് റിപ്പോർട്ടുകൾ.

ജീതും ദിവയും വിവാഹത്തിന് ധരിക്കുന്ന വസ്ത്രങ്ങൾക്കും ഏറെ പ്രത്യേകതകളുണ്ട്. ഇരുവരുടേയും നിർദ്ദേശപ്രകാരം പ്രമുഖ ഫാഷൻ ഡിസൈനറായ മനീഷ് മൽഹോത്ര അംഗപരിമിതർക്കായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയുമായി കൈകോർത്താണ് ചടങ്ങിനായുള്ള ഷാൾ നിർമിച്ചത്. മകന്റെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ചതായി അദാനി അറിയിച്ചു. മകന്‍ ജീത് അദാനിയുടെ വിവാഹത്തിന് ആര്‍ഭാടങ്ങള്‍ ഒഴിവാക്കുമെന്ന് അദാനി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സാമൂഹ്യസേവനത്തിനായി 10,000 കോടി രൂപ മാറ്റിവെക്കുന്നത്.

പെൻസിൽവാനിയ സർവകലാശാലയിലെ സ്കൂൾ ഓഫ് എഞ്ചിനീയറിങ് ആൻഡ് അപ്ലൈഡ് സയൻസസിൽ നിന്ന് ബിരുദം നേടിയ ശേഷം 2019 ൽ ജീത് അദാനി അദാനി ഗ്രൂപ്പിൽ ചേർന്നു. നിലവിൽ അദാനി എയർപോർട്ട് ബിസിനസിനും അദാനി ഡിജിറ്റൽ ലാബ്സിനും ചുമതലയാണ് ജീതിനുള്ളത്. വജ്ര വ്യാപാരിയായ ജെയ്മിൻ ഷായുടെ മകളാണ് ദിവ. ദിനേഷ് ആൻ്റ് കമ്പനി പ്രൈവൈറ്റ് ലിമറ്റഡിൻ്റെ ഉടമസ്ഥനാണ് ദിവയുടെ പിതാവ്. 2023 മാർച്ചിലായിരുന്നു ദിവയും ജീതും തമ്മിലുള്ള വിവാഹ നിശ്ചയം.

കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

കോണ്‍ഗ്രസ് 6.38 ശതമാനത്തില്‍ ഒതുങ്ങി; ഡല്‍ഹിയിലെ വോട്ടു വിഹിതം ഇങ്ങനെ

ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ പാര്‍ട്ടികളായ സിപിഎമ്മിനും ബിഎസ്പിക്കും ലഭിച്ചത് നോട്ടയേക്കാള്‍ കുറവ് വോട്ട്. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ഉള്ള കണക്കു പ്രകാരം നോട്ടയ്ക്ക് 0.57 ശതമാനം വോട്ടാണ് ലഭിച്ചത്.

ബിഎസ്പിക്ക് 0.55 ശതമാനവും സിപിഎമ്മിന് 0.01 ശതമാനവും വോട്ടാണ് ലഭിച്ചതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 27 വര്‍ഷത്തിനു ശേഷം ഡല്‍ഹിയില്‍ ഭരണം പിടിച്ച ബിജെപിക്ക് 46.18 ശതമാനം വോട്ടാണ് ലഭിച്ചത്. ആം ആദ്മി പാര്‍ട്ടിക്കു കിട്ടിയത് 43.56 ശതമാനം വോട്ട്. കോണ്‍ഗ്രസ് 6.38 ശതമാനം വോട്ടു നേടി.