by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെന്റ് ഇന്ന് രാവിലെ 11 മണിക്ക് പ്രസിദ്ധീകരിക്കും. 3,02,353 മെറിറ്റ് സീറ്റുകളിലേക്കാണ് പ്രവേശനം. 4, 59,119 അപേക്ഷകര്‍ ആണുള്ളത്. ഈ മാസം 21 വരെയാണ് ആദ്യ അലോട്ട്‌മെന്റ് നടക്കുക.
http://www.admission.dge.kerala.gov.inല്‍ കാന്‍ഡിഡേറ്റ് ലോഗിന്‍ ചെയ്താല്‍ വിവരങ്ങള്‍ ലഭിക്കും. ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ എത്തണം. രക്ഷിതാവിനോപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി വേണം ഹാജരാവണം. അലോട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന് ലെറ്റർ പ്രിന്റെടുത്ത് നൽകും. ആദ്യ അലോട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം.
പ്രവേശന സമയത്ത് അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് പരിശോധനയുടെ സമയത്ത് അടയ്ക്കാം. മറ്റ് ഓപ്ഷനുകളിൽ അലോട്മെന്റ് ലഭിച്ചവർക്ക് താത്‌കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താത്‌കാലിക പ്രവേശനത്തിന് ഫീസടയ്ക്കണ്ട. അലോട്മെന്റ് ലഭിച്ചിട്ടും താത്‌കാലികപ്രവേശനം നേടാത്ത വിദ്യാർഥികളെ തുടർന്നുള്ള അലോട്മെന്റുകളിൽ പരിഗണിക്കില്ല. ഹയര്‍ സെക്കന്‍ഡറി വൊക്കേഷണല്‍ വിഭാഗം ആദ്യ അലോട്ട്‌മെന്റും ഇന്ന് പ്രസിദ്ധീകരിക്കും. http://www. admission.dge.kerala.gov.inലെ ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) അഡ്മിഷൻ എന്ന പേജില്‍ വിവരങ്ങള്‍ ലഭിക്കും.
by liji HP News | Jun 19, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ ബലി പെരുന്നാൾ ജൂൺ 29 വ്യാഴാഴ്ച. അറബിമാസം ദുൽഹജ്ജ് 30 പൂർത്തിയാക്കിയാണ് ഇത്തവണ ബലി പെരുന്നാൾ ആഘോഷിക്കുക. ദുൽഖഅ്ദ് 29 ഞായറാഴ്ച മാസപ്പിറവി ദൃശ്യമായ വിവരങ്ങളൊന്നും ലഭ്യമല്ലാത്തതിനാൽ ഇന്ന് ദുൽഖഅ്ദ് 30 പൂർത്തീകരിച്ച് ചൊവ്വാഴ്ച ദുൽഹജ്ജ് ഒന്നും ജൂൺ 29 വ്യാഴാഴ്ച ബലി പെരുന്നാളുമായിരിക്കും. സൗദി അറേബ്യയിൽ ഇന്നലെ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായി. ഇതനുസരിച്ച് ഈ വർഷത്തെ അറഫാ സംഗമം ജൂൺ 27ന് ചൊവ്വാഴ്‌ചയും ബലിപെരുന്നാൾ 28ന് ബുധനാഴ്ചയുമായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ (32) ആണ് മരിച്ചത്. ഒരാഴ്ച മുന്‍പ് ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
സംസ്ഥാനത്ത് നിരവധിപ്പേരാണ് ഡെങ്കിപ്പനി അടക്കം ബാധിച്ച് ചികിത്സ തേടുന്നത്. പകര്‍ച്ചപ്പനികള്‍ക്കെതിരെ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ഫീൽഡ് തല ജാഗ്രതയും ശക്തമാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. പനി വന്നാല്‍ സ്വയം ചികിത്സ നടത്താതെ, ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടാനും മന്ത്രി നിര്‍ദേശിച്ചു.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. നിലവില്‍ സംസ്ഥാനത്ത് പ്രതീക്ഷിച്ച മഴ ലഭിച്ചിട്ടില്ല. എന്നാല്‍ വരുംദിവസങ്ങളില്‍ കേരളത്തില്‍ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ബുധനാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴയാണ് പ്രവചിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ഞായറാഴ്ച അഞ്ചുജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയത്. ജാഗ്രതയുടെ ഭാഗമായി 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
തിങ്കളാഴ്ച ആലപ്പുഴ, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും മധ്യ കേരളത്തിലും വടക്കന്‍ ജില്ലകളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. 20,21 തീയതികളില്‍ എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഈ ദിവസങ്ങളില്‍ മോശം കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. തീരത്ത് 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
by liji HP News | Jun 17, 2023 | Latest News, കേരളം, ജില്ലാ വാർത്ത
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മോന്‍സണ്‍ മാവുങ്കലിന് ജീവപര്യന്തം. എറണാകുളം പോക്‌സോ കോടതിയാണ് മോന്‍സണെതിരെ വിധി പ്രസ്താവിച്ചത്. മോന്‍സണെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിഞ്ഞെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് കോടതിയുടെ വിധി. മോന്‍സണ്‍ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി പറഞ്ഞു. മോന്‍സണെതിരായ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് അതിജീവിത പ്രതികരിച്ചു. സര്‍ക്കാര്‍ ഒപ്പം നിന്നുവെന്നും ക്രൈംബ്രാഞ്ചിന് നന്ദിയുണ്ടെന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്‍സണ്‍ കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതി വിധി പറഞ്ഞു. സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളില്‍ മോന്‍സണ് ജാമ്യം ലഭിച്ചിരുന്നെങ്കിലും ഈ കേസില്‍ മാത്രമാണ് ജാമ്യം ലഭിക്കാതിരുന്നത്. പോക്‌സോ കേസില്‍ കുറ്റക്കാരനെന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെ മോന്‍സണ്‍ ഇനിയും ജയിലില്‍ തന്നെ തുടരും.
രണ്ട് വര്‍ഷത്തോളം കാലം തന്നെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നും ആ കാലയളവില്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നുമാണ് പരാതിക്കാരി കോടതിയെ അറിയിച്ചത്. എന്തുകൊണ്ട് പരാതി പറയാന്‍ വൈകിയെന്നും ഇത് തന്നെ കുടുക്കാനുള്ള ശ്രമമാണെന്നുമായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ ഭീഷണി ഭയന്നാണ് പീഡനവിവരം പുറത്ത് പറയാതിരുന്നതെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
പോക്‌സോ നിയമത്തിലെ 7,8 വകുപ്പുകളും ഐപിസി 370 (പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തടഞ്ഞുവയ്ക്കല്‍), 342 (അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍), 354 എ ( സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം), 376 (ബലാത്സംഗം), 313 (സ്ത്രീയുടെ സമ്മതമില്ലാതെ ഗര്‍ഭം അലസിപ്പിക്കല്‍), 506( ഭീഷണിപ്പെടുത്തല്‍) മുതലായവയാണ് മോന്‍സണെതിരെ ചുമത്തിയിരുന്നത്. ഇതിലെല്ലാം മോന്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി പറഞ്ഞു.
മോന്‍സന്റെ വീട്ടില്‍ ജോലി ചെയ്തുവന്നിരുന്ന സ്ത്രീയുടെ മകളാണ് കേസിലെ പരാതിക്കാരി. കുട്ടിയ്ക്ക് വിദ്യാഭ്യാസ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. കേസില്‍ ചൊവ്വാഴ്ച അന്തിമ വാദം പൂര്‍ത്തിയാക്കിയ ശേഷം കോടതി ഇന്ന് വിധി പറയുമെന്ന് നിശ്ചയിക്കുകയായിരുന്നു.
Recent Comments