പ്ലസ് വൺ രണ്ടാം സപ്ലിമെന്റ് അലോട്മെന്റ് ഇന്ന്; വെള്ളി, ശനി ദിവസങ്ങളിൽ പ്രവേശനം നേടാം

പ്ലസ് വൺ രണ്ടാം സപ്ലിമെന്റ് അലോട്മെന്റ് ഇന്ന്; വെള്ളി, ശനി ദിവസങ്ങളിൽ പ്രവേശനം നേടാം

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം സപ്ലിമെന്ററി അലോട്മെന്റ് ഇന്ന് പ്രസിദ്ധപ്പെടുത്തും. അലോട്മെന്റ് ലഭിക്കുന്നവർക്ക് വെള്ളി, ശനി ദിവസങ്ങളിൽ സ്കൂളിൽ ചേരാം. തുടർന്ന് ജില്ലാന്തര സ്കൂൾ, കോമ്പിനേഷൻ മാറ്റത്തിനുള്ള അപേക്ഷ ക്ഷണിക്കും. രണ്ടാം സപ്ലമെന്ററി അലോട്മെന്റിന് ശേഷം മിച്ചം വരുന്ന സീറ്റാണ് സ്കൂൾ മാറ്റത്തിന് പരി​ഗണിക്കുക.

12,041 പേരാണ് രണ്ടാം സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷിച്ചിരിക്കുന്നത്. മെറിറ്റിൽ മിച്ചമുള്ള 33,849 സീറ്റിലേക്കാണ് അപേക്ഷ പരി​ഗണിക്കുന്നത്. ആദ്യഘട്ടത്തിൽ ആവശ്യത്തിന് സീറ്റില്ലെന്ന ശക്തമായ പരാതി ഉയർന്ന മലപ്പുറം ഉൾപ്പെടെ എല്ലാ ജില്ലകളിലും അപേക്ഷക്കാരെക്കാൾ കൂടുതൽ സീറ്റുകളുണ്ട്.

6,528 അപേക്ഷകരുള്ള മലപ്പുറം ജില്ലയിൽ 8,604 സീറ്റുകളുണ്ട്. പത്തനംതിട്ട ജില്ലയിൽ ആകെ രണ്ട് അപേക്ഷകർ മാത്രമാണുള്ളത്. അവിടെ 2,767 സീറ്റാണ് ബാക്കി. മറ്റു ജില്ലകളിലും അവസ്ഥ സമാനമാണ്.

വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ; ഏഴിടത്ത് യെല്ലോ അലർട്ട്

വടക്കന്‍ ജില്ലകളില്‍ ഇന്ന് ശക്തമായ മഴ; ഏഴിടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും ശക്തമായ മഴ തുടരും. ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളില്‍ ആണ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്.

കണ്ണൂർ, കാസർകോട് തീരങ്ങളിൽ പ്രത്യേക ജാഗ്രത വേണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുമുണ്ട്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയുമാണ് മഴ തുടരാനുള്ള കാരണം. വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലും ശനിയാഴ്ച കണ്ണൂർ, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

‘എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്’; രണ്ടാം ക്ലാസുകാരന്റെ വൈകാരിക ഡയറി കുറിപ്പ്, പങ്കുവെച്ച് മന്ത്രി

‘എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്’; രണ്ടാം ക്ലാസുകാരന്റെ വൈകാരിക ഡയറി കുറിപ്പ്, പങ്കുവെച്ച് മന്ത്രി

കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ തുടരുകയാണ്. തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ​ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

അർജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരൻ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കോഴിക്കോട് വടകര മേപ്പയിൽ ഈസ്റ്റ് എസ്ബി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ഇഷാന്റെ ഡയറി കുറിപ്പാണ് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ചത്.

‘ഇന്ന് എനിക്ക് സങ്കടമുള്ള ദിവസമാണ്. കേരളത്തിൽ നിന്നും കർണാടകയിലേക്ക് വണ്ടിയുമായി പോയ അർജുൻ മണ്ണിടിച്ചിലിൽ കാണാതായി. എന്റെ അച്ഛനും ഡ്രൈവർ ആണ്. ദൈവം കാത്ത് രക്ഷിക്കട്ടെ’- എന്നായിരുന്നു ഇഷാൻ ഡയറിയിൽ കുറിച്ചത്.

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറച്ചു; പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും

തിരുവനന്തപുരം: സംസ്ഥാനത്ത് കെട്ടിട നിർമാണ പെർമിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. 60 ശതമാനം വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്ത് 1 മുതൽ നിലവിൽ വരുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഗ്രാമപഞ്ചായത്തുകളിൽ 81 മുതൽ 150 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ പെർമിറ്റ് ഫീസ് സ്ക്വയർ മീറ്ററിന് 50 രൂപയിൽ നിന്ന് 25 രൂപയായി കുറയ്ക്കും. മുൻസിപ്പാലിറ്റികളിലെ നിരക്ക് 70ൽ നിന്ന് 35 ആയും കോർപറേഷനിൽ 100ൽ നിന്ന് 40 രൂപയായുമാണ് കുറയ്ക്കുന്നത്. 151 മുതൽ 300 സ്ക്വയർ മീറ്റർ വരെയുള്ള വീടുകളുടെ ഫീസ് പഞ്ചായത്തുകളിൽ സ്ക്വയർ മീറ്ററിന് 100 രൂപ എന്നതിൽ നിന്ന് 50 ആയും, മുൻസിപ്പാലിറ്റികളിൽ 120ൽ നിന്ന് 60 രൂപയായും, കോർപറേഷനിൽ 150ൽ നിന്ന് 70 രൂപയായുമാണ് കുറയ്ക്കുന്നത്. 300 സ്ക്വയർ മീറ്ററിന് മുകളിലുള്ള വീടുകളുടെ നിരക്ക് പഞ്ചായത്തുകളിൽ 150ൽ നിന്ന് 100 രൂപയായി കുറയ്ക്കും, മുൻസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 200ൽ നിന്ന് 150 ആകും. വ്യവസായ, വാണിജ്യ കെട്ടിടങ്ങളുടെ നിരക്കിലും 58 ശതമാനം വരെ കുറവ് വരുത്തിയിട്ടുണ്ട്. (വിശദമായ പട്ടിക അനുബന്ധമായി ചേർത്തിട്ടുണ്ട്)
2023 ഏപ്രിൽ1 ന് മുൻപ് താമസം, മറ്റുള്ളവ എന്നീ രണ്ട് വിഭാഗങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. എല്ലാ വിസ്തീർണത്തിനും ഒരേ നിരക്കായിരുന്നു ബാധകമായിരുന്നത്. എന്നാൽ 2023 ഏപ്രിൽ 1ന് കെട്ടിടങ്ങളെ വിസ്തീർണത്തിന്റെ അടിസ്ഥാനത്തിൽ മൂന്ന് സ്ലാബുകളാക്കി തിരിച്ച് വ്യത്യസ്ത നിരക്ക് ഏർപ്പെടുത്തി. താമസം, വ്യവസായം, വാണിജ്യം, മറ്റുള്ളവ എന്നീ നാല് വിഭാഗങ്ങളായും കെട്ടിടങ്ങളെ തരംതിരിച്ച് പഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിൽ വ്യത്യസ്തമായ നിരക്കാണ് ഏർപ്പെടുത്തിയത്. ഈ ക്രമീകരണം തുടരും.
കേരളത്തിൽ നിലവിലുള്ള പെർമിറ്റ് ഫീസ് രാജ്യത്തെ ഏറ്റവും കുറഞ്ഞ പെർമിറ്റ് ഫീസാണ് എന്ന വസ്തുത നിലനിൽക്കെ തന്നെയാണ് സർക്കാർ ജനങ്ങളുടെ ആവശ്യം മുൻനിർത്തി ഫീസ് പകുതിയിലേറെ കുറയ്ക്കാൻ തയ്യാറാവുന്നതെന്നും മന്ത്രി പറഞ്ഞു.

കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ കടന്നുകളഞ്ഞു; പ്രതിക്കായി തിരച്ചില്‍

കോടതിയില്‍ ഹാജരാക്കുന്നതിനിടെ തടവുകാരന്‍ കടന്നുകളഞ്ഞു; പ്രതിക്കായി തിരച്ചില്‍

തൃശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന തടവുകാരന്‍ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയി. ലഹരിക്കേസിലെ പ്രതിയായ ശ്രീലങ്കന്‍ സ്വദേശി അജിത് കിഷോറാണ് പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വെളുത്ത ടീഷര്‍ട്ട് ധരിച്ച ഇയാള്‍ നഗരത്തില്‍ തന്നെ കാണും എന്ന നിഗമനത്തിലാണ് പൊലീസ്. ടീഷര്‍ട്ടിന്റെ ഇടതു കൈഫ്ളാപ്പില്‍ ഇന്ത്യന്‍പാര്‍ലമെന്റ് എന്ന് എഴുതിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ലഹരിക്കേസില്‍ അജിത് കിഷോര്‍ എറണാകുളത്തുവച്ചാണ് പിടിയിലായത്. എറണാകുളം ജില്ലാ ജയിലില്‍ നിന്ന് അടുത്തിടെയാണ് പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ഇയാളെ കണ്ടെത്തുന്നവര്‍ 9995230327 ഈ നമ്പറില്‍ വിവരം അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.