by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: ജീവന് സുരക്ഷിതത്വം നല്‍കുന്ന ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഒപ്പം നാടിന് കാവലാളായി പ്രവര്‍ത്തിക്കുന്ന പൊലീസുകാരുടെ സുരക്ഷിതത്വവും ഉറപ്പാക്കണമെന്ന് പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍. എയ്ഡ്‌പോസ്റ്റുകളിലെ പൊലീസുകാര്‍ക്ക് തോക്ക് അടക്കമുള്ള ആയുധങ്ങള്‍ നല്‍കണമെന്നും കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

ജീവന്റെ കാവലാളായി കാണേണ്ട ഡോക്ടറെ ആശുപത്രിയില്‍ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ച്, മൃഗീയമായി കൊലപ്പെടുത്തിയ സംഭവം കേരള മനസാക്ഷിയെ എക്കാലവും മുറിപ്പെടുത്തുന്ന ഒരു കണ്ണീരോര്‍മയാണ്. നമ്മുടെ ജീവന് സുരക്ഷിതത്വം നല്‍കുന്ന ആശുപത്രികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സുരക്ഷ ഒരുക്കേണ്ടതിന് മതിയായ പ്രാധാന്യം നല്‍കിയേ മതിയാകൂ.
അത് മുന്‍ നിര്‍ത്തി കേരളത്തില്‍ നിയമ നിര്‍മാണങ്ങളുണ്ടായിട്ടുണ്ടെങ്കിലും, കൊട്ടാരക്കര താലുക്ക് ആശുപത്രിയില്‍ യുവഡോക്ടര്‍ വന്ദന ദാസിന് സംഭവിച്ച ദുരന്തം, ആശുപത്രികളുടെ സുരക്ഷ സംബന്ധിച്ച് പുതിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിട്ടിരിക്കുകയാണ്. അതോടൊപ്പം അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും ക്രൂരമായ ആക്രമണത്തിന് ഇരയായി. നാടിന് കാവലാളായി പ്രവര്‍ത്തിയെടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ ജീവനും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
രാത്രികാല പട്രോളിങ് സമയത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആകസ്മിക ആക്രമണങ്ങളെ നേരിടാന്‍ വേണ്ട ആയുധങ്ങളും, മറ്റ് സുരക്ഷാ സംവിധാനങ്ങളും ഉറപ്പ് വരുത്തേണ്ടതുണ്ട്. ആശുപത്രിയോട് ചേര്‍ന്നുള്ള എയ്ഡ്പോസ്റ്റുകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടാനും അവര്‍ക്ക് മതിയായ ആധുനിക സുരക്ഷാ സാമഗ്രികള്‍ ലഭ്യമാക്കാനും എയ്ഡ് പോസ്റ്റുകളില്‍ ആശുപത്രികളിലെ പ്രധാന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമാക്കാനുമുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണെന്നും പ്രശാന്ത് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡൽഹി: വന്ദേ ഭാരത് എക്‌സ്പ്രസിന് മലപ്പുറം ജില്ലയിലെ തിരൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ടാണ് സ്റ്റോപ്പ് അനുവദിക്കാത്തത് എന്നാണ് ഹർജിക്കാരന്‍റെ വാദം. തിരൂരിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ കേരള ഹൈക്കോടതിയിൽ ഹർജി എത്തിയിരുന്നു. ഈ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതിയിലെ ഹർജിക്കാരൻ പി.ടി. ഷീജിഷാണ് സുപ്രീം കോടതിയെയും സമീപിച്ചത്. ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. അതിനാൽ മലപ്പുറം ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പിന് അവകാശമുണ്ട്. ആദ്യം റെയില്‍വേ പുറത്തിറക്കിയ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും എന്നാൽ പിന്നീട് ഇത് ഇത് ഒഴിവാക്കിയത് രാഷ്ട്രീയകാരണങ്ങൾ കൊണ്ടാണെന്നും തിരൂര്‍ സ്വദേശി കൂടിയായ പി.ടി. ഷീജിഷ് ഹർജിയിൽ പറയുന്നു. തീരൂരിനെ ഒഴിവാക്കിയാണ് ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചതെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം.എസ്. വിഷ്ണു ശങ്കര്‍ എന്നിവരാണ് സുപ്രീം കോടതിയിൽ ഹർജി ഫയല്‍ ചെയ്തത്.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഐപിഎലിൽ സഞ്ജുവിൻ്റെ രാജസ്ഥാന് ഇന്ന് മറ്റൊരു നിർണായക മത്സരം. പ്ലേ ഓഫിലെത്താനുള്ള അവസാന അവസരങ്ങളിൽ ഒന്നാണ് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടം. ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരം രാത്രി 7.30ന് ആരംഭിക്കും. 11 മത്സരങ്ങളിൽ 10 പോയിൻ്റാണ് ഇരു ടീമുകൾക്കും ഉള്ളത്. വിജയിക്കുന്ന ടീം മൂന്നാം സ്ഥാനത്തെത്തും.

സഞ്ജുവിൻ്റെ ക്യാപ്റ്റൻസിയും കഴിഞ്ഞ സീസണിലേതുപോലെ കൃത്യമായില്ല. പരുക്ക് ടീമിൻ്റെ പ്രകടനങ്ങളെ ബാധിച്ചെങ്കിലും ഭേദപ്പെട്ട ഇലവൻ ഇപ്പോഴുമുണ്ട്. ടീം കോമ്പിനേഷൻ ശരിയാവുന്നില്ലെന്നതാണ് പ്രശ്നം. അത് പരിഹരിക്കാൻ എന്താണ് ഒരു കളി കൊണ്ട് മാനേജ്മെൻ്റിൻ്റെ തന്ത്രമെന്ന് വ്യക്തമല്ല. പക്ഷേ, പരിഹരിച്ചേ മതിയാവൂ. ട്രെൻ്റ് ബോൾട്ട് തിരികെയെത്തിയാൽ കുൽദീപ് യാദവ് പുറത്തിരിക്കും. ജോ റൂട്ട് ടീമിൽ തുടരും. ഈഡൻ ഗാർഡൻസിലെ സ്പിൻ പിച്ച് പരിഗണിച്ച് മുരുഗൻ അശ്വിനോ ആദം സാമ്പയോ മൂന്നാം സ്പിന്നറാവാൻ ഇടയുണ്ട്. സാമ്പ കളിച്ചാൽ റൂട്ട് പുറത്താവും.
എന്നാൽ, സ്പിന്നർമാർക്കെതിരെ തകർപ്പൻ റെക്കോർഡുള്ള റൂട്ടിനെ നിലനിർത്തി മുരുഗൻ അശ്വിനെ പരീക്ഷിക്കാനും ഇടയുണ്ട്. തുടക്കത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് കൊൽക്കത്ത ട്രാക്കിലെത്തിയിരിക്കുകയാണ്. തങ്ങളുടെ കരുത്ത് മനസിലാക്കി തന്ത്രങ്ങൾ മെനയാനും റിസൽട്ട് ഉണ്ടാക്കാനും അവർക്ക് കഴിയുന്നു. ആന്ദ്രേ റസൽ ഫോമിലെത്തിയതും റിങ്കു സിംഗിൻ്റെ സ്ഥിരതയും കൊൽക്കത്തയ്ക്ക് കരുത്താണ്. ഗുർബാസ് – റോയ് ഓപ്പണിംഗ് സഖ്യം ക്ലിക്കായാൽ ഏത് എതിരാളിലെയും തകർക്കാൻ ശേഷിയുള്ളതാണ്. പേസ് ഡിപ്പാർട്ട്മെൻ്റ് ദുർബലമാണെങ്കിലും സ്പിൻ ഡിപ്പാർട്ട്മെൻ്റ് അപാര ഫോമിലാണ്. ടീമിൽ മാറ്റമുണ്ടാവാനിടയില്ല. ഇരു ടീമുകളിലെയും സ്പിന്നർമാർ നിയന്ത്രിക്കുന്ന കളിയാവും ഇത്.
by liji HP News | May 11, 2023 | Latest News, കേരളം, ജില്ലാ വാർത്ത
തിരുവനന്തപുരം: വെള്ളറടയിൽ പൊലീസിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പഞ്ചായത്ത് പണികൾ തടസ്സപ്പെടുത്തുന്നു എന്ന വെള്ളറട പഞ്ചായത്തിന്റെ പരാതിയിൽ സ്ഥലത്ത് അന്വേഷണം നടത്താൻ എത്തിയ സി.ഐ ഉൾപ്പെടുന്ന പൊലീസ് സംഘത്തിൻ്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ദേഹോപദ്രവം ഏൽപ്പിച്ചതിനുമാണ് വെള്ളറട കീഴ്മുട്ടൂർ ഈലോഹീം വീട്ടിൽ സുനിൽകുമാർ മകൻ ഗോഡ്സൻ (25) അറസ്റ്റിലായത്.

വെള്ളറട പഞ്ചായത്തിൽ കാക്കതൂക്കി വാർഡിൽ കീഴ്മുട്ടൂർ എന്ന സ്ഥലത്താണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് വർക്കുകളുടെ ഭാഗമായി നടന്ന കോൺക്രീറ്റ് പണികളാണ് ഗോഡ്സൻ തടഞ്ഞത് എന്ന് പൊലീസ് പറഞ്ഞു. തുടർന്ന് വിവരം അറിഞ്ഞ് പൊലീസ് സംഘം സ്ഥലത്തെത്തി. പണികൾ തടസ്സപ്പെടുത്തുന്ന തരത്തിൽ പ്രതികൾ കൂട്ടി വച്ചിരുന്ന സിമന്റ് കല്ലുകൾ മാറ്റുന്നതിന് പഞ്ചായത്ത് അധികൃതർ നോട്ടീസ് നൽകിയിട്ടും മാറ്റത്തതിനെ തുടർന്നാണ് പഞ്ചായത്ത് പൊലീസ് സഹായം ആവശ്യപ്പെട്ടത്. എന്നാൽ സ്ഥലത്ത് എത്തി കല്ലുകൾ മാറ്റുന്നതിനിയിൽ ആണ് ഗോഡ്സൻ പൊലീസുകാരെ ആക്രമിച്ചത് എന്ന് പറയുന്നു.
by liji HP News | May 10, 2023 | Latest News, കേരളം, ജില്ലാ വാർത്ത
ഡോക്ടർ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സംഭവം ഏറെ ദുഖകരമാണെന്ന് പറഞ്ഞ കോടതി, പൊലീസിന്റെ കൈയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്നും എന്തിനാണ് പൊലീസിന് തോക്കെന്നും ചോദിച്ചു. ജനങ്ങളുടെ പ്രാഥമിക സുരക്ഷാ ചുമതല പൊലീസിനല്ലേയെന്നും കോടതി ചോദിച്ചു.
ഏറെ ദുഖകരമായ സംഭവമാണ് ഡോക്ടർ വന്ദന ദാസിന്റെ മരണമെന്ന് ഹൈക്കോടതി പറഞ്ഞു. കൊല്ലപ്പെട്ട വന്ദനയുടെ കുടുംബത്തിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും താങ്ങാനാകാത്ത സംഭവമാണെന്ന് അറിയാം. കൊല്ലപ്പെട്ട വന്ദനയ്ക്ക് ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു. രാജ്യത്ത് മുമ്പ് എവിടെയെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടായാട്ടുണ്ടോ? ഡോക്ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടുകയല്ലേ വേണ്ടതെന്നും സംസ്ഥാന സർക്കാരിനോട് കോടതി ചോദിച്ചു.

വെറും 22 വയസ് മാത്രം പ്രായമുള്ള യുവ ഡോക്ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്ന് കോടതി ആവശ്യപ്പെട്ടു. സുരക്ഷാ സംവിധാനം എന്തിനെന്ന് സർക്കാരിനോട് ചോദിച്ച കോടതി, സംഭവങ്ങളെ മുൻകൂട്ടി കാണാൻ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങൾ തടയാൻ പൊലീസിനാകണമെന്നും അദ്ദേഹം പറഞ്ഞു. ഇതേ സംഭവം നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏർപെടുത്തണമെന്നത് കോടതിയല്ല പറയേണ്ടത്. അത് സർക്കാർ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. വിദ്യാർത്ഥികളും ,രക്ഷകർത്താക്കളും ഭയപ്പാടിലാണെന്ന് ആരോഗ്യ സർവകലാശാലയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
ഇത്തരം ആക്രമങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലേ സുരക്ഷാ സംവിധാനങ്ങളെന്ന് ഈ ഘട്ടത്തിൽ കോടതി ചോദിച്ചു. പൊലീസിന്‍റെ കൈയ്യിൽ തോക്കില്ലേ? ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേ? പിന്നെ എന്തിനാണ് പൊലീസിന് തോക്ക് കൊടുക്കുന്നത്? ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ വികാരപരമായി മാത്രമേ കോടതിക്ക് കൂടി ഇടപെടാനാകൂ. കാരണം എന്തായാലും സുരക്ഷ ഉറപ്പാക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി വിലയിരുത്തി.
ഇതിൽക്കൂടുതൽ എന്ത് സംഭവിക്കാനാണെന്നും കോടതി ചോദിച്ചു. യുവ ഡോക്ടറാണ് കൊല്ലപ്പെട്ടതെന്ന കാര്യം ആരും മറക്കരുത്. ഇക്കാര്യത്തിൽ പൊലീസ് പൂർണമായും പരാജയപ്പെട്ടു. പ്രതികളെ മജിസ്ട്രേറ്റുമാരുടെ വസതിയിൽ ഹാജരാക്കുമ്പോൾ എന്താണ് നടപടികളെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. പ്രതിയ്ക്കു മുന്നിലേക്ക് ഡോക്ടറെ എറിഞ്ഞുകൊടുക്കുന്നത് ശരിയാണോ? പ്രത്യേകിച്ചും 22 വയസുളള യുവ ഡോക്ടറുടെ മുന്നിലേക്കെന്നും കോടതി ചോദിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്? സമാനമായ സംഭവങ്ങൾ ഇനിയും ആവർത്തിക്കപ്പെടുമെന്ന് പറഞ്ഞ കോടതി, ഇത് തടയാൻ എന്താണ് ചെയ്യാൻ പറ്റുകയെന്ന് പറയാനും പൊലീസിനോട് ആവശ്യപ്പെട്ടു. എല്ലാവരും രണ്ടോ മൂന്നോ ദിവസം കഴിയുമ്പോൾ ഇത് മറക്കും. മരിച്ചയാളുടെ കുടുംബം ജീവിതകാലം മുഴുവൻ വേദന തിന്നും. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്ടർ കൊല്ലപ്പെട്ടത്. പ്രതിയുടെ പ്രത്യാക്രണങ്ങളെ തടയാൻ പരിശീലനം കിട്ടിയവരല്ലേ പൊലീസുകാരെന്നും കോടതി ചോദിച്ചു. ഈ ഘട്ടത്തിൽ ഡോ വന്ദന ദാസിന്റെ മരണത്തിന് കാരണം പൊലീസിന്‍റെ പരാജയമാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ അഭിഭാഷകനും കുറ്റപ്പെടുത്തി.
Recent Comments