by liji HP News | Jul 17, 2024 | Latest News, കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. അതിതീവ്ര മഴ കണക്കിലെടുത്ത് ബുധനാഴ്ച വയനാട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂര്‍ പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
വ്യാഴാഴ്ച കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. വെള്ളിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ തീവ്രമഴയ്ക്കും എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
ശനിയാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഞായാറാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ന്യൂനമര്‍ദം വെള്ളിയാഴ്ചയോടെ രൂപപ്പെടാന്‍ സാധ്യത. നിലവില്‍ തെക്കന്‍ ഛത്തീസ്ഗഡിനും വിദര്‍ഭക്കും മുകളിലായി ന്യൂനമര്‍ദം സ്ഥിതിചെയ്യുന്നു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത്തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നു. അതോടൊപ്പം കേരള തീരത്തു ശക്തിയേറിയ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് സ്ഥിതിചെയ്യുന്നതായും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തീരങ്ങളില്‍ വ്യാഴാഴ്ച രാത്രി 11.30 വരെ 2.8 മുതല്‍ 3.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
by liji HP News | Jul 17, 2024 | Latest News, കേരളം
കോഴിക്കോട്: ദേശീയപാതയുടെ ആറുവരിപ്പാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനും ഇടയില്‍ ഇന്നുമുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകും. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണമെന്ന് കോഴിക്കോട് റൂറല്‍ എസ് പി അറിയിച്ചു.
കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ചരക്കുവാഹനങ്ങള്‍, ടാങ്കര്‍ ലോറികള്‍, പയ്യോളി – കൊയിലാണ്ടി വഴി യാത്ര നിര്‍ബന്ധമില്ലാത്ത ടൂറിസ്റ്റ് ബസുകള്‍ എന്നിങ്ങനെ വലിയ വാഹനങ്ങള്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍ ഭാഗത്തുനിന്നുവരുന്ന വലിയ വാഹനങ്ങള്‍ കൈനാട്ടിയില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് ഓര്‍ക്കാട്ടേരി – പുറമേരി – നാദാപുരം – കക്കട്ടില്‍ കുറ്റ്യാടി – പേരാമ്പ്ര ബൈപ്പാസ് – നടുവണ്ണൂര്‍ – ഉള്ള്യേരി – അത്തോളി – പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം. അല്ലെങ്കില്‍ വടകര നാരായണനഗരം ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് തിരുവള്ളൂര്‍ – ചാനിയംകടവ് – പേരാമ്പ്ര മാര്‍ക്കറ്റ് – പേരാമ്പ്ര ബൈപ്പാസ് – നടുവണ്ണൂര്‍ – ഉള്ള്യേരി – അത്തോളി, പൂളാടിക്കുന്ന് വഴി കോഴിക്കോട്ടേക്ക് പോകണം.
കോഴിക്കോട്ടുനിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ പൂളാടിക്കുന്ന് – അത്തോളി – ഉള്ള്യേരി – നടുവണ്ണൂര്‍ – കൈതക്കല്‍ – പേരാമ്പ്ര ബൈപ്പാസ് – കൂത്താളി – കടിയങ്ങാട് – കുറ്റ്യാടി – കക്കട്ട് – നാദാപുരം – തൂണേരി – പെരിങ്ങത്തൂര്‍ വഴി പോകണം.
by liji HP News | Jul 17, 2024 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാനത്ത് മദ്യത്തിനും പുകയിലയ്ക്കുമുള്ള മലയാളികളുടെ ചെലവഴിക്കല്‍ വിഹിതം കുറഞ്ഞതായി സര്‍വേ റിപ്പോര്‍ട്ട്. 2022-23 സാമ്പത്തികവര്‍ഷത്തെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. മൊത്തം കുടുംബ ചെലവിന്റെ അടിസ്ഥാനത്തിലാണ് കണക്ക്.
ഗ്രാമീണ കേരളത്തില്‍ മൊത്തം കുടുംബ ചെലവിന്റെ ശരാശരി 1.88 ശതമാനം മാത്രമാണ് മദ്യത്തിന്റെയും പുകയിലയുടെയും വിഹിതം. കേരളത്തിലെ നഗരപ്രദേശങ്ങളില്‍ ഇത് 1.37 ശതമാനം മാത്രമാണ്. ദേശീയ ശരാശരി ഗ്രാമീണ മേഖലയില്‍ 3.7 ശതമാനവും നഗരങ്ങളില്‍ 2.41 ശതമാനവുമാണെന്നിരിക്കെയാണ് കേരളത്തിലെ കുറവ്. ചെലവഴിക്കുന്ന സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ മുന്‍പന്തിയില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപാണ്.അവിടെ കുടുംബ ബജറ്റിന്റെ 9.08 ശതമാനമാണ് ഇതിനായി ചെലവഴിക്കുന്നത്. നഗര പ്രദേശങ്ങളില്‍ അരുണാചല്‍ പ്രദേശ് ആണ് ഒന്നാം സ്ഥാനത്ത്. 6.51 ശതമാനം. ഗ്രാമീണ മേഖലയില്‍ ലഹരി പദാര്‍ഥങ്ങള്‍ക്കായി ഏറ്റവും കുറവ് ചെലവഴിക്കുന്നത് ഗോവയാണ്. 1.52 ശതമാനം. നഗര പ്രദേശങ്ങളില്‍ ഏറ്റവും കുറവ് ചെലവഴിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത് മഹാരാഷ്ട്രയാണ്. 1.14 ശതമാനം.
2011-12 വര്‍ഷം നടന്ന സര്‍വേയില്‍ കേരളത്തിലെ ഗ്രാമീണ മേഖലയില്‍ കുടുംബ ബജറ്റിന്റെ ശരാശരി 2.68 ശതമാനമാണ് മദ്യത്തിനും പുകയിലയ്ക്കും ചെലവഴിച്ചിരുന്നത്. നഗരപ്രദേശങ്ങളിലെ വിഹിതം 1.87 ശതമാനമാണ്.
കുടുംബ ബജറ്റില്‍ ഭക്ഷ്യവസ്തുക്കള്‍ക്കായി ചെലവഴിക്കുന്ന വിഹിതത്തിലും കുറവുണ്ടായിട്ടുണ്ട്. കേരളത്തിലെ ഗ്രാമീണ മേഖലയില്‍ മൊത്തം കുടുംബ ചെലവിന്റെ 39.10 ശതമാനമായാണ് താഴ്ന്നത്. 2012ല്‍ ഇത് 42.99 ശതമാനമായിരുന്നു. നഗര പ്രദേശങ്ങളില്‍ 36.97 ശതമാനത്തില്‍ നിന്ന് 36.01 ശതമാനമായാണ് താഴ്ന്നത്. ധാന്യങ്ങള്‍, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയ്ക്ക് ചെലവഴിക്കുന്ന വിഹിതത്തില്‍ കുറവുണ്ടായപ്പോള്‍ പാലിന്റെ വിഹിതം ഉയര്‍ന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.
by liji HP News | Jul 17, 2024 | Latest News, കേരളം
തിരുവനന്തപുരം: ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യനെ തൃശൂര്‍ ജില്ലാ കലക്ടറായി നിയമിച്ചു. നിലവിലെ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോയതിനെത്തുടര്‍ന്നാണ് നിയമനം. തന്റെ നാടായ ആന്ധ്രാപ്രദേശിലേക്കാണ് മൂന്നു വര്‍ഷത്തെ ഡെപ്യൂട്ടേഷനില്‍ കൃഷ്ണ തേജ പോകുന്നത്. ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ തന്റെ പ്രത്യേക ടീമിലേക്ക് കൃഷ്ണതേജയെ ക്ഷണിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളം കൃഷ്ണതേജ തൃശൂര്‍ കലക്ടറായിരുന്നു. ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി പേര്‍ക്ക് സഹായം എത്തിക്കുന്നതില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനം ഏറെ ശ്രദ്ധേയമായിരുന്നു.
by liji HP News | Jul 17, 2024 | Latest News, കേരളം
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കാനുള്ള ജോലിക്കിടെ തോട്ടില്‍ വീണു മരിച്ച ജോയിയുടെ അമ്മയ്ക്ക് 10 ലക്ഷം രൂപ ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് 10 ലക്ഷം നല്‍കുന്നത്. റെയില്‍വേയുടെ ഭാഗത്തു നിന്നും ജോയിയുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ജോയിയുടെ കുടുംബത്തെ സഹായിക്കണമെന്ന് മന്ത്രിമാര്‍ നേരത്തെ റെയില്‍വേയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രശ്‌നം ഇന്നത്തെ മന്ത്രിസഭായോഗം ചര്‍ച്ച ചെയ്തില്ല. നാളെ മുഖ്യമന്ത്രി ഉന്നതതലയോഗം വിളിച്ച സാഹചര്യത്തിലാണ് യോഗം പരിഗണിക്കാതിരുന്നത്. ജനപ്രതിനിധികള്‍, റെയില്‍വേ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ഉന്നത തല യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം.
ജോയിയുടെ അമ്മയ്ക്ക് വീട് വച്ച് നൽകും: മേയർ
ജോയിയുടെ അമ്മയ്ക്ക് കോർപ്പറേഷൻ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു. നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു. കോർപ്പറേഷന് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം കോർപ്പറേഷൻ കൗൺസിൽ ചേർന്ന് ഔദ്യോഗികമായി അറിയിക്കുമെന്നും മേയർ ആര്യ രാജേന്ദ്രൻ വ്യക്തമാക്കി.തമ്പാനൂർ റെയിൽവേ സ്റ്റേഷൻ വളപ്പിൽ ആമയിഴഞ്ചാന്‍ തോട്ടിലെ മാലിന്യം നീക്കുന്നതിനിടെ കഴിഞ്ഞ ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മാരായമുട്ടം സ്വദേശി ജോയിയെ കാണാതായത്. 46 മണിക്കൂർ നീണ്ട തിരച്ചിലിന് ഒടുവിൽ തകരപ്പറമ്പിന് സമീപത്തു നിന്നാണ് തിങ്കളാഴ്ച ജോയിയുടെ മൃതദേഹം കണ്ടെത്തുന്നത്.
Recent Comments