by liji HP News | Oct 4, 2024 | Latest News, ജില്ലാ വാർത്ത
പോത്തൻകോട്: ശാന്തിഗിരി ഫെസ്റ്റിന് ഒക്ടോബര്‍ 2 ന് വിളംബരസമ്മേളനത്തോടെ തുടക്കംകുറിച്ചിരിക്കുകയാണ്. വീട്ടില്‍ കുട്ടികള്‍ ബഹളം വെയ്ക്കുന്നുണ്ടാകും. ഞങ്ങള്‍ക്കും പോണം. കുട്ടികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് ഇനി വരുന്നത്. സ്കൂളുകളില്‍ നിന്നും കുട്ടികള്‍ക്ക് ഫെസ്റ്റ് കാണുവാന്‍ പ്രത്യേക പാസ് വേണ്ടതില്ല. പ്ലസ് ടു വരെയുള്ള സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യമാക്കിയിട്ടുണ്ട് ശാന്തിഗിരി. സ്കൂള്‍ കുട്ടികള്‍ക്ക് കൗതുകം നിറയ്ക്കുന്നതും മനസ്സിന് കുളിര്‍മ്മയേകുന്നതുമായ നിരവധി ദൃശ്യങ്ങളാണ് ഫെസ്റ്റിലുള്ളതും ഒപ്പം വിജ്ഞാനത്തിന് മുന്‍തൂക്കവും നല്‍കിക്കൊണ്ട് എജ്യൂഫെസ്റ്റും ഫെസ്റ്റിന്റെ ഭാഗമായിട്ടുണ്ട്.
കൺനിറയെ കാഴ്ചകളൊരുക്കിയാണ് ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് സംഘടിപ്പിക്കുന്നത്. പ്രവേശനകവാടത്തിനടുത്തുളള ഗോശാല മുതൽ ആശ്രമത്തിന്റെ സ്പിരിച്വൽ സോണിലെ ഗുരുവിന്റെ ഉദ്യാനം വരെയുളള ക്രമീകരണങ്ങളിൽ ഓരോയിടത്തും വ്യത്യസ്തത നിറച്ചാണ് ഇത്തവണത്തെ പ്രദർശനം. സെൽഫി പോയിന്റുകൾക്കുമപ്പുറം നക്ഷത്രവനത്തിലെത്തി തങ്ങളുടെ ജന്മനക്ഷത്രത്തിന്റെ മരം കണ്ടു പിടിച്ച് സെൽഫി എടുക്കാനും കുട്ടികൾ കൗതുകം കാണിക്കുന്നുണ്ട്.
പെറ്റ് ഷോ, അക്വാഷോ എന്നിവയ്ക്കു പുറമെ ബുദ്ധ സ്ക്വയർ, വൈൽഡ് ഗാർഡൻ എന്നിവയും മികച്ച കാഴ്ച സമ്മാനിക്കുന്നു. മൃഗങ്ങളുടെയും പക്ഷികളുടേയും രൂപങ്ങൾ നിറഞ്ഞ വെൽഡ് ഗാർഡൻ പരിസ്ഥിതി സംരക്ഷണത്തിന്റെ സന്ദേശം കൂടിയാണ് മുന്നോട്ട് വെയ്ക്കുന്നത്. വിനോദത്തിനൊപ്പം അറിവും നേടാനുളള ഇടങ്ങൾ ഫെസ്റ്റിലുണ്ട്.
കുഞ്ഞുമനസ്സുകളിൽ പോലും ഹൃദ്യത ചൊരിയുന്ന രീതിയിലാണ് ഓരോ അവതരണവും. ഹാപ്പിനസ് പാർക്കാണ് സന്തോഷം സമ്മാനിക്കുന്ന മറ്റൊരിടം. ശാന്തിഗിരിയിലെ കാണാകാഴ്ചകൾ സൗജന്യമായി കാണാൻ അവസരമൊരുക്കുന്നതിലൂടെ കുട്ടികൾക്ക് ലഭിക്കുന്ന സുവർണ്ണാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ആശ്രമം ജനറൽ സെക്രട്ടറി അറിയിച്ചു. സ്കൂളുകളിൽ നിന്ന് സംഘമായി വരാൻ ആഗ്രഹിക്കുന്നവർക്കും രക്ഷിതാക്കൾക്കൊപ്പം വരാൻ ആഗ്രഹിക്കുന്നവർക്കും സമയപരിമിതി ഇല്ലാതെ ഫെസ്റ്റിലെ കാഴ്ചകൾ ആസ്വദിക്കാം. കൂടുതൽ വിവരങ്ങൾക്ക് 9207410326.
by liji HP News | Oct 3, 2024 | Latest News, ജില്ലാ വാർത്ത
കൊച്ചി: പീഡനക്കേസ് ഒത്തുതീർപ്പാക്കാൻ പ്രതിയുടെ ഭാര്യയിൽ നിന്ന് 10 ലക്ഷം രൂപ ആവശ്യപ്പെട്ട പരാതിക്കാരിക്ക് എതിരെ കേസ്. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ ചേരാനെല്ലൂര്‍ പൊലീസാണ് കേസെടുത്തത്. കൊച്ചി നോര്‍ത്ത് പൊലീസാണ് പരാതിക്കാരിയുടെ ഭര്‍ത്താവിന്റെ പേരില്‍ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. തുടർന്ന് യുവതി ഭർത്താവിനെ ജാമ്യത്തിൽ ഇറക്കുകയായിരുന്നു. പിന്നാലെയാണ് അതിജീവിത യുവതിയുമായി ബന്ധപ്പെടുന്നത്. കേസ് പിന്‍വലിക്കാന്‍ 10 ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടത്.
തുക സംബന്ധിച്ച് അന്തിമ തീരുമാനത്തിലെത്താന്‍ തന്റെ അഭിഭാഷകനെ വിളിക്കാനും അതിജീവിത ആവശ്യപ്പെട്ടു. അഭിഭാഷകനും യുവതിയോട് അപമര്യാദയായി സംസാരിച്ചു. തുടർന്നാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ കേസെടുക്കാൻ തയാറായില്ല. ഇതോടെ കോടതിയെ സമീപിക്കുകയായിരുന്നു. കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പരാതിക്കാരിക്കെതിരെ കേസെടുത്തത്.
by liji HP News | Oct 3, 2024 | Latest News, കേരളം
തിരുവനന്തപുരം: പി ആര്‍ ഏജന്‍സിയുമായി ബന്ധപ്പെട്ട വിവാദം മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത രീതിയിൽ സിപിഎമ്മില്‍ അതൃപ്തി. ‘ചില കോണുകളില്‍ നിന്നുള്ള അമിത ആവേശം’ മുഖ്യമന്ത്രി നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട് വന്‍ കുഴപ്പത്തിലാക്കി എന്നാണ് വിലയിരുത്തല്‍. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നും പാര്‍ട്ടി നേതൃത്വം ആഗ്രഹിക്കുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായാണ് സൂചന.
മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖം പാര്‍ട്ടിയേയും ഇടതു സര്‍ക്കാരിനെയും കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നാണ് എതിര്‍പ്പുള്ളവരുടെ വാദം. അഭിമുഖം വന്നയുടനെ, വേഗത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍, ഇത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കാനാകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ സുവര്‍ണ്ണ സമയം പാഴാക്കി. വാര്‍ത്ത പുറത്തുവന്ന ഉടന്‍ തന്നെ, മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നെങ്കില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാമായിരുന്നു.
ഇതൊരു അനാവശ്യ വിവാദമാണെന്നും സിപിഎമ്മിലെ ഒരു പ്രമുഖ നേതാവ് സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസ് ഒരു പത്രക്കുറിപ്പ് നല്‍കേണ്ടതായിരുന്നു. മുഖ്യമന്ത്രിക്കും സിപിഎമ്മിനും അഭിമുഖം നടത്താനോ പ്രസ്താവന നടത്താനോ ഒരു പിആര്‍ ഏജന്‍സിയുടെയും സഹായം ആവശ്യമില്ല. പത്രം തെറ്റ് സമ്മതിച്ചതോടെ വിവാദം അവസാനിച്ചു. മലപ്പുറത്തെ കുറിച്ച് മുഖ്യമന്ത്രി മോശമായി പരാമര്‍ശിച്ചിട്ടില്ല. ഒരു പിആര്‍ ഏജന്‍സിയുമായും സിപിഎമ്മിന് ബന്ധമില്ല. ഈ ഏജന്‍സി തന്നെ എല്ലാ ആരോപണങ്ങളും നിഷേധിച്ചുവെന്നും നേതാവ് അഭിപ്രായപ്പെട്ടതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
by liji HP News | Oct 3, 2024 | Latest News, കേരളം
കൊച്ചി: ഡോക്ടർ ചമഞ്ഞ് യുവതിക്ക് താക്കോൽദ്വാര ശസ്ത്രക്രിയ നടത്തിയ യുവാവ് അറസ്റ്റിൽ. പാരിപ്പിള്ളി ചാവർകോട് ചെമ്മരുതി ഭാഗത്ത് സജു ഭവനിൽ സജു സഞ്ജീവാണ് (27) അറസ്റ്റിലായത്. കോസ്മറ്റോളജി ചികിത്സയിലും സർജറിയിലും പ്രാഗൽഭ്യമുണ്ടെന്നും വിശ്വസിപ്പിച്ചാണ് യുവതിയെ വണ്ണം കുറയ്ക്കുന്നതിനുള്ള താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്.
തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. വണ്ണം കുറയ്ക്കുന്നതിനായി ആദ്യം ഒരു ശസ്ത്രക്രിയ നടത്തിയതിനു ശേഷം 2023 ജൂൺ 11ന് വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിൽ ഗുരുതര അണുബാധയുണ്ടായി. വേദന കടുത്തതോടെ ജീവനുതന്നെ ഭീഷണിയാകുമെന്ന് തോന്നിയതോടെയാണ് യുവതി പൊലീസിൽ പരാതിപ്പെടുന്നത്. കടവന്ത്ര പൊലീസ് സജുവിനെ അറസ്റ്റു ചെയ്തത്.
by liji HP News | Oct 3, 2024 | Latest News, കേരളം
കണ്ണൂർ: ഒന്നിച്ച് കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ട സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കാതിരുന്നതിന് മൂന്ന് പേർ അറസ്റ്റിൽ. ഇരിട്ടിക്ക് സമീപം വട്ട്യറ പുഴയിൽ ഒഴുക്കിൽപ്പെട്ട ചെടിക്കുളം സ്വദേശി തടത്തിൽ ജോബിൻ (33) മരിച്ച സംഭവത്തിലാണ് ജോബിന്റെ മൂന്ന് സുഹൃത്തുക്കൾ അറസ്റ്റിലായത്. യുവാവിന്റെ മരണത്തിൽ സംശയം തോന്നി ബന്ധുക്കൾ പൊലീസിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്. ഇരിട്ടി പയഞ്ചേരി പാറാൽ വീട്ടിൽ കെ കെ. സക്കറിയ (37), വിളക്കോട് നബീസ മൻസിലിൽ പി കെ സാജിർ (46), മുരുങ്ങോടി മുള്ളൻപറമ്പത്ത് വീട്ടിൽ എ കെ സജീർ (40) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. സെപ്റ്റംബർ അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. ജോബിൻ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സുഹൃത്തുക്കൾക്കൊപ്പം പുഴയിൽ കുളിക്കാൻ പോയത്.
രാത്രി വൈകിയും ജോബിൻ വീട്ടിൽ എത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് വട്ട്യറ പുഴക്കരയിൽ ജോബിന്റെ വസ്ത്രം അഴിച്ചുവെച്ച നിലയിൽ കണ്ടത്. ഇരിട്ടി പോലീസും അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിൽ രണ്ടാം ദിവസമാണ് ജോബിന്റെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളുമൊന്നിച്ച് പുഴക്കടവിൽ എത്തിയ ജോബിൻ കുളിക്കുന്നതിനിടെ ഇവരുമായി വാക്കേറ്റവും ചെറിയ ഉന്തും തള്ളും ഉണ്ടായി. ഈ തള്ളലിനിടയിലാണ് ജോബിൻ ഒഴുക്കിൽപ്പെട്ടത്. എന്നാൽ ഇവർ ജോബിനെ സഹായിക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. മാത്രമല്ല ജോബിനെ കാണാതായ വിവരം പുറത്തുവന്നതിനു ശേഷവും ഒഴുക്കിൽപ്പെട്ടതിനെക്കുറിച്ച് ആരോടും പറഞ്ഞില്ല.
.
Recent Comments