by liji HP News | Jul 10, 2024 | Latest News, കേരളം
തൃശൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ ബാഗില്‍ കുഞ്ഞു മലമ്പാമ്പിനെ കണ്ടെത്തി. ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടെത്തിയത്.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. സ്‌കൂളിലെത്തി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുകയും കുട്ടി കൈ വലിക്കുകയുമായിരുന്നു. സഹപാഠി ബാഗിന്റെ സിബ്ബ് അടച്ചതോടെ പാമ്പ് ബാഗില്‍ത്തന്നെ കുടുങ്ങിക്കിടന്നു. പിന്നീട് അധ്യാപകരെത്തി സ്‌കൂളിനു പുറത്തെത്തിച്ച് ബാഗ് പരിശോധിച്ചപ്പോഴാണ് മലമ്പാമ്പിനെ കണ്ടത്. വിദ്യാര്‍ഥിനിയുടെ വീട് പാടത്തോടു ചേര്‍ന്നാണ്. ഇവിടെ നിന്ന് പാമ്പ് വീട്ടില്‍ കയറിയതാകാമെന്നും വിദ്യാര്‍ഥികള്‍ ബാഗും ചെരുപ്പുമെല്ലാം നന്നായി പരിശോധിച്ച് സുരക്ഷ ഉറപ്പാക്കണമെന്നും അധ്യാപകര്‍ നിര്‍ദേശിച്ചു.

by liji HP News | Jul 10, 2024 | Latest News, കേരളം
തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമായതായും ട്രയല്‍ ഓപ്പറേഷന്‍ 12ന് ആരംഭിക്കുമെന്നും തുറമുഖ, സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. ജൂലായ് 12 ന് രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ ആദ്യത്തെ കണ്ടെയ്‌നര്‍ കപ്പല്‍ ‘സാന്‍ ഫെര്‍ണാണ്ടോ മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിക്കും. മന്ത്രി വി എന്‍ വാസവന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സര്‍ബാനന്ദ സോണോവാല്‍ മുഖ്യാതിഥിയാവും.
അത്യാധുനിക ഉപകരണങ്ങളും ഓട്ടോമേഷന്‍, ഐടി സംവിധാനങ്ങളുമുള്ള ഇന്ത്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം സെപതംബര്‍-ഒക്ടോബര്‍ മാസത്തില്‍ കമ്മീഷന്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനസര്‍ക്കാര്‍ പൊതു സ്വകാര്യപങ്കാളിത്ത (പിപിപി) മോഡില്‍ നടപ്പാക്കുന്ന സാമ്പത്തിക അടിസ്ഥാന സൗകര്യപദ്ധതിയായ വിഴിഞ്ഞം കേരളത്തിലെ എക്കാലത്തെയും വലിയ സ്വകാര്യമേഖല നിക്ഷേപമാണ്. ആദ്യ കണ്ടയിനര്‍ കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ജൂലൈ 11ന് വിഴിഞ്ഞത്ത് എത്തിച്ചേരും.
ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നര്‍ തുറമുഖമായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമായും ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യുന്ന തുറമുഖമാണ്. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതല്‍ 9000 ടിഇയു വരെ ശേഷിയുള്ള സാന്‍ ഫെര്‍ണാണ്ടോ കപ്പലില്‍ നിന്നുള്ള 2000 കണ്ടെയ്‌നറുകള്‍ ട്രയല്‍ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങള്‍ക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പല്‍ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടര്‍ച്ചയായി വാണിജ്യ കപ്പലുകള്‍, കണ്ടെയ്‌നര്‍ കപ്പലുകള്‍ എന്നിവ എത്തിച്ചേരും. അന്താരാഷ്ട്ര നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്ന നിലയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ട്രയല്‍ ഓപ്പറേഷന്‍ രണ്ടു മുതല്‍ മൂന്നു മാസം വരെ തുടരും. ട്രയല്‍ ഓപ്പറേഷന്‍ സമയത്ത്, തുറമുഖം വലിയ കപ്പലുകളുടെ പ്രവേശനത്തിന് സാക്ഷ്യം വഹിക്കും. ട്രയല്‍ പ്രവര്‍ത്തനം തുടങ്ങി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഏകദേശം 400 മീറ്റര്‍ നീളമുള്ള വലിയ കണ്ടെയ്‌നര്‍ കപ്പല്‍ തുറമുഖത്തേക്ക് എത്തും. തുടര്‍ന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുന്‍നിര ഷിപ്പിങ് കമ്പനികള്‍ തുറമുഖത്ത് എത്തും. വലിയകപ്പലുകള്‍ തുറമുഖത്ത് കണ്ടയര്‍ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകള്‍ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്‌നറുകള്‍ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടു പോകും. ഇതോടെ വിഴിഞ്ഞം തുറമുഖത്ത് ട്രാന്‍സ്ഷിപ്‌മെന്റ് പൂര്‍ണതോതില്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു.
തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റര്‍ പുലിമുട്ട്, 800 മീറ്റര്‍ കണ്ടെയ്‌നര്‍ ബര്‍ത്ത്, 600 മീറ്റര്‍ അപ്രോച്ച് റോഡ് എന്നിവയുടെ നിര്‍മാണം പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു. സംരക്ഷണ ഭിത്തി നിര്‍മാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികള്‍ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവര്‍ത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളില്‍ 31 എണ്ണവും പ്രവര്‍ത്തന സജ്ജമായി. നാല് ടഗ്ഗുകള്‍ കമ്മീഷന്‍ ചെയ്തു. പൈലറ്റ് കം പട്രോള്‍ ബോട്ട്, നാവിഗേഷന്‍ എയ്ഡ്, പോര്‍ട്ട് ഓപ്പറേഷന്‍ ബില്‍ഡിങ്, 220 കെ വി സബ് സ്‌റ്റേഷന്‍, 33 കെ വി പോര്‍ട്ട് സബ് സ്‌റ്റേഷന്‍, ചുറ്റുമതില്‍, കണ്ടെയ്‌നര്‍ ബാക്കപ്പ് യാര്‍ഡ് എന്നിവയും പ്രവര്‍ത്തന സജ്ജമായി.
ഉദ്ഘാടന ചടങ്ങില്‍ മന്ത്രിമാരായ കെ രാജന്‍, കെ എന്‍ ബാലഗോപാല്‍, വി ശിവന്‍കുട്ടി, സജി ചെറിയാന്‍, ജി ആര്‍ അനില്‍, ശശി തരൂര്‍ എംപി, മേയര്‍ ആര്യാ രാജേന്ദ്രന്‍, എം വിന്‍സെന്റ് എംഎല്‍എ, അദാനി പോര്‍ട്ട് സി ഇ ഒ കരണ്‍ അദാനി, വിശിഷ്ടവ്യക്തികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
ട്രയല്‍ റണ്‍ എന്തിന്
വാണിജ്യാടിസ്ഥാനത്തിലുള്ള ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ പ്രവര്‍ത്തനത്തിന് ഉയര്‍ന്ന കൃത്യതയും പ്രവര്‍ത്തന മാനദണ്ഡങ്ങളും ആവശ്യമാണ്. ഡ്വെല്‍ ടൈംസ്, വെസല്‍ ടേണ്‍റൗണ്ട്, ബെര്‍ത്ത് പ്രൊഡക്ടിവിറ്റി, വെഹിക്കിള്‍ സര്‍വീസ് ടൈം, ഷിപ്പ് ഹാന്‍ഡ്‌ലിംഗ് പ്രൊഡക്ടിവിറ്റി, ക്രെയിന്‍ പ്രൊഡക്ടിവിറ്റി തുടങ്ങിയ പ്രധാന പാരാമീറ്ററുകളില്‍ ആഗോള നിലവാരം ഉണ്ടായിരിക്കേണ്ടത് തുറമുഖ വിജയത്തിന് അത്യന്താപേക്ഷിതമാണ്. ആവശ്യമായ പരിശോധനകള്‍ പൂര്‍ത്തിയാക്കുന്നതിനും പ്രധാന പ്രവര്‍ത്തനവൈദഗ്ധ്യം തെളിയിക്കുന്നതിനും ഡമ്മി കണ്ടെയ്‌നറുകള്‍ ഘടിപ്പിച്ച ബാര്‍ജുകള്‍ മതിയാകില്ല. യഥാര്‍ത്ഥ കണ്ടെയ്‌നറുകള്‍ (ചരക്കുകള്‍ നിറച്ച കണ്ടെയ്‌നര്‍) വിന്യസിക്കുന്ന ട്രയല്‍ റണ്‍ നടത്തി വിജയിക്കണം. അതിനുവേണ്ടിയാണ് കമ്മീഷനിങ്ങിന് മുമ്പ് ട്രയല്‍ റണ്‍ നടത്തുന്നത്.
by liji HP News | Jul 10, 2024 | Latest News, ജില്ലാ വാർത്ത
കിളിമാനൂർ: നഗരൂരിൽ തിങ്കളാഴ്ച രാത്രി നടന്ന ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഒൻപത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നഗരൂർ പോലീസ് അറസ്‌റ്റു ചെയ്തു. സംഭവത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് പരിക്കേറ്റു. നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.
യൂത്ത് കോൺഗ്രസ് പ്രവർത്തകരും ആലംകോട് സ്വദേശികളുമായ ആലംകോട് വി.എച്ച്.എസ്.എസിനു സമീപം അൻവർ മൻസിലിൽ എ.സുഹൈൽ(27), നിയാസ് മൻസിലിൽ എൻ.നസീബ്ഷാ(26), അൻവർ മൻസിലിൽ എ.മുഹമ്മദ് സഹിൽ(23), വർക്കല, മേൽ വെട്ടൂർ അയന്തി റെയിൽവേ പാലത്തിന് സമീപം റില്ലാസിൽ എം. അബ്ദുള്ള(21), പോത്തൻകോട് അണ്ടൂർക്കോണം വില്ലേജ് ഓഫീസിന് സമീപം നബീൽ മൻസിലിൽ എൻ. മുഹമ്മദ് (20), ആലംകോട് മേവർക്കൽ തയ്ക്കാവിന് സമീപം ജെ.മുഹമ്മദ് ബാത്തിഷ(18), വെഞ്ഞാറമൂട് കണ്ണംകോട് കോട്രാവീട് ദേവീക്ഷേത്രത്തിന് സമീപം ലാൽ ഭവനിൽ പി.വിഷ്ണുലാൽ(21), ആലംകോട് മേവർക്കൽ തെങ്ങുവിളവീട്ടിൽ എൻ. അയാസ് മുഹമ്മദ്(18), ആലംകോട് കാവുനട സെയ്ദലി മൻസിലിൽ മുഹമ്മദ് സെയ്ദ് അലി(19) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി അന്വേഷണച്ചുമതലയുള്ള കിളിമാനൂർ എസ്.എച്ച്.ഒ ബി.ജയൻ പറഞ്ഞു.
by liji HP News | Jul 10, 2024 | Latest News, കേരളം
ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ പഠന ക്ലാസും സംഘടിക്കുന്നു.
എസ് സി, എസ് ടി ആറ്റിങ്ങൽ മോണിറ്ററിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴുവിലം ഗ്രാമപഞ്ചായത്തിന്റെ 3, 4, 5 വാർഡുകൾ കേന്ദ്രീകരിച്ചാണ് ലഹരിവിരുദ്ധ സെമിനാറും ബോധവൽക്കരണ പഠന ക്ലാസും സംഘടിപ്പിക്കുന്നത്.
തിരുവനന്തപുരം റൂറൽ എസ് പി കിരൺ നാരായൺ ഐ പി എസ്, നാളെ ഉച്ചയ്ക്ക് 2 മണിയ്ക്ക് കിഴുവിലം ജി വി ആർ എം യു പി സ്കൂളിൽ പരിപാടി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ ഡി വൈ എസ് പി എസ്. മഞ്ജു ലാൽ അധ്യക്ഷനാകും.
പ്രോഗ്രാം കൺവീനർ ശാന്തശീലൻ കാട്ടുംപുറം, എക്‌സസൈസ് ഇൻസ്പെക്ടർ രാധാകൃഷണൻ പിള്ള, ആറ്റിങ്ങൽ എസ് എച്ച്‌ജ് ഒ വി. ജയകുമാർ, ചിറയിൻകീഴ് ബ്ലോക്ക് മെമ്പർ എ.എസ് ശ്രീകണ്ഠൻ, എസ് സി, എസ് ടി മോണിറ്ററിംഗ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, കിഴുവിലം ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് മെമ്പർ വിനീത, 4 -ാം വാർഡ് മെമ്പർ ജയന്തികൃഷ്ണ, 5 -ാം വാർഡ് മെമ്പർ പ്രസന്ന, ജി വി ആർ എം യു പി എസ്
ഹെഡ്മിസ്ട്രസ് ശ്രീജ.ഐ.പി, ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി മെമ്പർ കെ.പി.അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കും.

by liji HP News | Jul 10, 2024 | Latest News, കേരളം
തൃശൂര്‍: ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫര്‍ കെ എസ് പ്രവീണ്‍കുമാറിന്റെ സ്മരണയ്ക്കായി തൃശ്ശൂര്‍ പ്രസ് ക്ലബ് ഏര്‍പ്പെടുത്തിയ പ്രഥമ ഫോട്ടോഗ്രഫി അവാര്‍ഡ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിലെ പ്രിന്‍സിപ്പല്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എ സനേഷിന്. സനേഷിന്റെ ‘സീക്കിങ് സോലേസ് ഇന്‍ സോളിറ്റിയൂഡ്’ എന്ന ചിത്രമാണ് അവാര്‍ഡിന് അര്‍ഹമായത്. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അന്തിമോപചാരച്ചടങ്ങില്‍ ഭാര്യ മറിയാമ്മയുടെ ദൃശ്യമാണ് സനേഷിന് അവാര്‍ഡ് നേടി കൊടുത്തത്. 40ലേറെ എന്‍ട്രികളില്‍നിന്നാണ് ചിത്രം തെരഞ്ഞെടുത്തത്. പി മുസ്തഫ, വി എസ് ഷൈന്‍, എന്‍ പത്മനാഭന്‍ എന്നിവരടങ്ങിയ ജൂറിയാണ് ചിത്രം വിധിനിര്‍ണ്ണയിച്ചത്.
കേരളമീഡിയ അക്കാദമിയും തൃശ്ശൂര്‍ പ്രസ് ക്ലബും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ത്രിദിന ഫോട്ടോഗ്രഫി പ്രദര്‍ശനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും. സാഹിത്യ അക്കാദമിയില്‍ ജൂലായ് 12ന് രാവിലെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ മന്ത്രി കെ രാജന്‍ അവാര്‍ഡ് സമ്മാനിക്കും.
Recent Comments