സ്വർണവിലയിൽ മാറ്റമില്ല; 54,000ൽ താഴെ തന്നെ

സ്വർണവിലയിൽ മാറ്റമില്ല; 54,000ൽ താഴെ തന്നെ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല.53,680 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ​ഗ്രാമിന് 6710 രൂപ നൽകണം.

കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 520 രൂപ വർധിച്ച് അമ്പത്തിനാലായിരവും കടന്ന് മുന്നേറിയ സ്വർണവില കഴിഞ്ഞ രണ്ടുദിവസത്തിനിടെ 440 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മാറ്റമില്ലാതെ തുടരുന്നത്. മെയ് മാസം 20ന് 55,120 രൂപയായി ഉയർന്ന് സ്വർണവില പുതിയ ഉയരം കുറിച്ചിരുന്നു.

പിന്നീട് നാലുദിവസം കൊണ്ട് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിൽക്കുകയാണ് സ്വർണവില. ഓഹരി വിപണിയിലെയും അന്താരാഷ്ട്ര വിപണിയിലെയും ചലനങ്ങളാണ് സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

ഒഴുക്കിൽപ്പെട്ട യുവതിയുടെ നിലവിളി; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

ഒഴുക്കിൽപ്പെട്ട യുവതിയുടെ നിലവിളി; ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് വിശ്രമിക്കുന്ന യുവാവ് രക്ഷകനായി

പത്തനംതിട്ട: ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ് ജീവിതത്തിലേക്ക് മടങ്ങിയെത്തി വിശ്രമിക്കുന്നതിനിടെ മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോ​ഗം രഞ്ജിത്തിനെ തേടിയെത്തി. പമ്പയുടെ ആഴങ്ങളിൽനിന്ന് മാലക്കര വടക്കുംമൂട്ടിൽ രഞ്ജിത് ആർ മോഹൻ (40) കൈ പിടിച്ചുയർത്തിയത് ഒരു യുവതിയുടെ ജീവനാണ്. ‌

ആറന്മുള കോയിപ്രം നെല്ലിക്കൽ വെളുത്തേടത്തുകടവിൽ ഇന്നലെ രാവിലെയാണ് കാൽവഴുതി വീണ യുവതി ഒഴുക്കിൽപെട്ടത്. 50 മീറ്ററോളം ഒഴുകിയ ശേഷം നദിയോരത്തെ വള്ളിയിൽ പിടിത്തം കിട്ടി. നദിയുടെ മറുകരയിലുള്ള വീടിനു പുറത്തു നിൽക്കുമ്പോഴാണ് യുവതിയുടെ നിലവിളി രഞ്ജിത് കേൾക്കുന്നത്.

യുവതിയോട് വള്ളിയിൽനിന്ന് പിടിവിടല്ലെന്നു പറഞ്ഞ ശേഷം രഞ്ജിത് 2 സുഹ‍ൃത്തുക്കളുമൊത്ത് ബൈക്കിൽ 3 കിലോമീറ്റർ ചുറ്റി അക്കരെ കടവിലെത്തി. അടുത്ത് വീടുകളൊന്നും ഇല്ലാതിരുന്നതിനാൽ യുവതിയുടെ നിലവിളി ആർക്കും കേൾക്കാനും കഴിഞ്ഞില്ല. യുവതിയുടെ ബക്കറ്റും ചെരിപ്പും കണ്ടതോടെ അടുത്താണെന്നുറപ്പിച്ച് കരയിലൂടെ നടന്നു. യുവതിയെ കണ്ടെത്തിയ രഞ്ജിത് ‘ഞങ്ങളുടെ ജീവൻ കൊടുത്തും നിന്നെ രക്ഷിക്കും’ എന്നു പറഞ്ഞ് പുഴയിലിറങ്ങി നിലയില്ലാത്ത വെള്ളത്തിൽ നിന്ന് വലിച്ച് കരയ്ക്കടുപ്പിക്കുകയായിരുന്നു. സുഹൃത്തുക്കളായ ഉണ്ണിയും വിജയനും ചേർന്നു യുവതിയെ കരയ്ക്കുകയറ്റി. ഉടൻ ആശുപത്രിയിലെത്തിച്ചു.

3 മാസം മുൻപാണ് രഞ്ജിത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് മൂന്ന് മാസം മുൻപ് ചികിത്സയുടെ ഭാ​ഗമായി ആൻജിയോപ്ലാസ്റ്റി ചെയ്ത് വിശ്രമിക്കുന്നതിനിടെയാണ് മറ്റൊരു ജീവൻ രക്ഷിക്കാനുള്ള നിയോ​ഗം രഞ്ജിത്തിനെ തേടിയെത്തിയത്. വിശ്രമത്തിലായതിനാൽ നല്ല ഒഴുക്കുള്ള സമയത്ത് 100 മീറ്ററോളം ദൂരം പുഴയ്ക്കു കുറുകെ നീന്താൻ സാധിക്കില്ലെന്നു തോന്നി. അതിനാലാണ് ബൈക്കിൽ പോയതെന്ന് രഞ്ജിത് പറഞ്ഞു.

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊലീസിനെതിരെ പരാതി നല്‍കാം

ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പൊലീസിനെതിരെ പരാതി നല്‍കാം

മലപ്പുറം: പൊലീസിന്റെ പെരുമാറ്റത്തില്‍ പരാതിയുണ്ടെങ്കില്‍ ഓണ്‍ലൈനായി പരാതി നല്‍കാം. മലപ്പുറം ജില്ലയില്‍ ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍വരും. സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് പൊലീസുകാരുടെ പെരുമാറ്റത്തില്‍ പരാതികളുണ്ടെങ്കില്‍ ക്യുആര്‍ കോഡ് സ്‌കാന്‍ചെയ്ത ശേഷം ഓണ്‍ലൈനായി പരാതി നല്‍കാന്‍ കഴിയുക.

പരാതി സ്വീകരിക്കാന്‍ തയാറാകുന്നില്ലെങ്കിലും ഓണ്‍ലൈനില്‍ പരാതി നല്‍കാം. സംസ്ഥാന വ്യാപകമായി വരുന്ന പദ്ധതി ആദ്യം നടപ്പിലാക്കുന്നത് മലപ്പുറം ജില്ലയിലെ പൊലീസ്സ്റ്റേഷനുകളിലും തൃശ്ശൂര്‍ സിറ്റിയിലുമാണ്. മലപ്പുറത്തെ പൊലീസ്സ്റ്റേഷനുകളില്‍ ക്യുആര്‍ കോഡ് പതിച്ചു. പൊലീസ്സ്റ്റേഷനില്‍നിന്ന് ദുരനുഭവം നേരിട്ടാല്‍ എളുപ്പത്തിലും വേഗത്തിലും സ്റ്റേഷനില്‍നിന്നുതന്നെ പരാതിപ്പെടാം. ഇങ്ങനെ നല്‍കുന്ന പരാതികള്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിലാണ് ലഭിക്കുക. പൊലീസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ സഹായകമാകുമെന്ന് ജില്ലാ പൊലീസ് മേധാവി എസ് ശശിധരന്‍ പറഞ്ഞു.

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; രക്ഷയ്‌ക്കെത്തി അമ്മയാന

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു; രക്ഷയ്‌ക്കെത്തി അമ്മയാന

കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ച് അമ്മയാന. കിണറിന്റെ തിണ്ട് ഇടിച്ച് മുകളിലേക്ക് കയറാന്‍ വഴിയൊരുക്കിയാണ്് കുട്ടിയാനയെ അമ്മയാന രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കുട്ടിയാനയെയും കൊണ്ട് കാട്ടാനക്കൂട്ടം കാടുകയറി.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സാജുവിന്റെ കിണറ്റിലാണ് കുട്ടിയാന വീണത്. കാട്ടാനക്കൂട്ടത്തിന്റെ ശബ്ദം കേട്ട് നാട്ടുകാര്‍ നോക്കുമ്പോഴാണ് കുട്ടിയാന കിണറ്റില്‍ വീണത് അറിയുന്നത്. തൊട്ടടുത്ത് തന്നെ അമ്മയാന നിലയുറപ്പിച്ചിരുന്നു. ഇതിന് പുറമേ കുറച്ച് അകലെയായി കാട്ടാനക്കൂട്ടവും തമ്പടിച്ചിരുന്നു. കുട്ടിയാന കിണറ്റില്‍ വീണത് അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയെങ്കിലും കാട്ടാനക്കൂട്ടം പ്രദേശത്ത് നിലയുറപ്പിച്ചിരുന്നതിനാല്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ സാധിച്ചില്ല. തുടക്കത്തില്‍ കാട്ടാനക്കൂട്ടത്തെ തുരത്താനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തിയത്. പടക്കം പൊട്ടിച്ചും മറ്റും കാട്ടാനക്കൂട്ടത്തെ തുരത്താനാണ് ശ്രമിച്ചത്. അതിനിടെയാണ് കുട്ടിയാനയെ അമ്മയാന രക്ഷിച്ചത്.

കിണറിന്റെ തിണ്ട് ഇടിച്ച് മണ്ണ് താഴേയ്ക്ക് ഇട്ടാണ് അമ്മയാന കുട്ടിയാനയെ രക്ഷിച്ചത്. തുടര്‍ന്ന് മുകളിലേക്ക് കയറി വന്ന കുട്ടിയാനയ്‌ക്കൊപ്പം ആനക്കൂട്ടം കാടുകയറി. സ്ഥിരമായി കാട്ടാന ശല്യമുള്ള പ്രദേശമാണിത്. കാട്ടാനശല്യം പരിഹരിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തതില്‍ നാട്ടുകാരുടെ ഇടയില്‍ പ്രതിഷേധം ശക്തമാണ്.

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ് വിഴിഞ്ഞത്ത് ആദ്യം എത്തുക. നാളെ രാവിലെ 9.15ന് ബെർത്തിങ് നടക്കുകയെന്നാണ് റിപ്പോർട്ട്. സാൻ ഫർണാണ്ടോ കപ്പൽ രാവിലെ 7.45ന്ന് തുറമുഖ ഔട്ടർ ഏരിയയിൽ എത്തും. അവിടെ നിന്ന് തുറമുഖ പൈലറ്റ് കപ്പലിനെ വിഴിഞ്ഞത്ത് എത്തിക്കും. രാവിലെ 10 ന് തുറമുഖത്ത് നടക്കുന്ന ചടങ്ങിൽ ആദ്യത്തെ കണ്ടെയ്‌നർ കപ്പലിനെ മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കും. മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും. കേന്ദ്ര ഷിപ്പിങ്ങ് മന്ത്രി സർബാനന്ദ സോണോവാൽ മുഖ്യാതിഥിയാവും.

ചൈനയിലെ സിയാമെൻ തുറമുഖത്ത് നിന്ന് പുറപ്പെട്ട 8000 മുതൽ 9000 ടിഇയു വരെ ശേഷിയുള്ള സാൻ ഫെർണാണ്ടോ കപ്പലിൽ നിന്നുള്ള 2000 കണ്ടെയ്നറുകൾ ട്രയൽ ഓപ്പറേഷന്റെ ഭാഗമായി വിഴിഞ്ഞത്ത് ഇറക്കും. കപ്പലിനുള്ളിലെ 400 കണ്ടെയ്‌നറുകളുടെ നീക്കങ്ങൾക്കായി വിഴിഞ്ഞം തുറമുഖത്തെ സേവനം കപ്പൽ പ്രയോജനപ്പെടുത്തും. ഇതിന്റെ തുടർച്ചയായി വാണിജ്യ കപ്പലുകൾ, കണ്ടെയ്നർ കപ്പലുകൾ എന്നിവ എത്തിച്ചേരും. ട്രയൽ ഓപ്പറേഷൻ രണ്ടു മുതൽ മൂന്നു മാസം വരെ തുടരും. ട്രയൽ പ്രവർത്തനം തുടങ്ങി ഏതാനും ആഴ്ചകൾക്കുള്ളിൽ ഏകദേശം 400 മീറ്റർ നീളമുള്ള വലിയ കണ്ടെയ്നർ കപ്പൽ തുറമുഖത്തേക്ക് എത്തും. തുടർന്ന് കമ്മീഷനിങ് കഴിയുന്നതോടെ ലോകത്തെ മുൻനിര ഷിപ്പിങ് കമ്പനികൾ തുറമുഖത്ത് എത്തും. വലിയകപ്പലുകൾ തുറമുഖത്ത് കണ്ടയർ ഇറക്കിയശേഷം തുറമുഖം വിട്ടുപോകും. പിന്നീട് ചെറിയ കപ്പലുകൾ വിഴിഞ്ഞത്ത് എത്തി ഈ കണ്ടെയ്നറുകൾ വിദേശത്തേക്കും രാജ്യത്തിന്റെ വിവിധ തുറമുഖങ്ങളിലേക്കും കൊണ്ടുപോകും.

തുറമുഖത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ പ്രധാന അനുമതികളെല്ലാം ലഭിച്ചതായും 2960 മീറ്റർ പുലിമുട്ട്, 800 മീറ്റർ കണ്ടെയ്നർ ബർത്ത്, 600 മീറ്റർ അപ്രോച്ച് റോഡ് എന്നിവയുടെ നിർമാണം പൂർത്തിയായതായും അധികൃതർ അറിയിച്ചു. സംരക്ഷണ ഭിത്തി നിർമാണം, റോഡ് കണക്ടിവിറ്റിയുടെ ബാക്കി ജോലികൾ എന്നിവ പുരോഗമിക്കുകയാണ്. തുറമുഖ പ്രവർത്തനത്തിന് ആവശ്യമായ 32 ക്രെയിനുകളിൽ 31 എണ്ണവും പ്രവർത്തന സജ്ജമായി. നാല് ടഗ്ഗുകൾ കമ്മീഷൻ ചെയ്തു. പൈലറ്റ് കം പട്രോൾ ബോട്ട്, നാവിഗേഷൻ എയ്ഡ്, പോർട്ട് ഓപ്പറേഷൻ ബിൽഡിങ്, 220 കെ വി സബ് സ്റ്റേഷൻ, 33 കെ വി പോർട്ട് സബ് സ്റ്റേഷൻ, ചുറ്റുമതിൽ, കണ്ടെയ്നർ ബാക്കപ്പ് യാർഡ് എന്നിവയും പ്രവർത്തന സജ്ജമായിട്ടുണ്ട്.