ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ജൂലായ് 5 വരെ

ആറ്റിങ്ങൽ ഗവ.ഐ.ടി.ഐ പ്രവേശനം: ഓൺലൈൻ അപേക്ഷ ജൂലായ് 5 വരെ

വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ആറ്റിങ്ങൽ ഗവൺമെൻറ് ഐ.ടി.ഐ. പ്രവേശനത്തിന് admonitis.gov.inഎന്ന പോർട്ടലിലൂടെ ഓൺലൈനായി ജൂലായ് 5 മണി വരെ അപേക്ഷിക്കാം. അപേക്ഷ ഫീസ് 100 രൂപ. പ്രവേശനം നേടുന്ന കുട്ടികളിൽ പകുതി പേർക്ക് സ്റ്റേഫന്റീറ് ലഭിക്കുന്നതാണ്. പഠിക്കുന്ന എല്ലാ കുട്ടികളെയും സർക്കാർ ന്യൂട്രീഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എസ്.എസ്.എൽ.സി. പരീക്ഷയിൽ കണക്ക്, ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്‌ട്രി എന്നീ വിഷയങ്ങളിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ സർക്കാർ സംവരണ ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് പ്രവേശനം നൽകുന്നത്.

ഉയർന്ന വിദ്യാഭ്യാസ യോഗ്യതയ്ക്കും എൻ.സി.സി. എൻ.എസ്.എസ് എന്നിവയ്ക്കും ഗ്രേസ്മാർക്ക് ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ അപേക്ഷയോടൊപ്പം അപ്പ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ്, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ജൂലൈ 10 നകം സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഏതെങ്കിലും ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കുശേഷം അപേക്ഷയിൽ തിരുത്തലുകൾ വരുത്താൻ കഴിയുന്നതല്ല. പ്രവേശനത്തിന് അർഹരായവരുടെ ലിസ്റ്റ് ജാലകം പോർട്ടലിലും ഐടിഐ നോട്ടീസ് ബോർഡിലും പ്രസിദ്ധീകരിക്കുന്നതും ഫോൺ മുഖാന്തിരം അറിയിക്കുന്നതുമായിരിക്കും. അന്വേഷണങ്ങൾക്ക്: 0470 2622391, 9495122391

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്

സ്‌കൂള്‍ കലോത്സവം ഡിസംബറില്‍ തിരുവനന്തപുരത്ത്; സ്‌കൂള്‍ ഒളിമ്പിക്‌സ് ഒക്ടോബറില്‍ എറണാകുളത്ത്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് വച്ച് നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പുതുക്കിയ മാന്വല്‍ അനുസരിച്ചായിരിക്കും കലോത്സവമെന്നും തീയതി പിന്നീട് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

കായികമേള ഒക്ടോബര്‍ 18 മുതല്‍ 22 വരെ എറണാകുളത്ത് നടക്കും. ഇത്തവണ സ്‌കൂള്‍ ഒളിമ്പിക്‌സ് എന്ന പേരിലാണ് കായികമേള നടക്കുക. എല്ലാ ഇനങ്ങളും ഒരു സ്ഥലത്തുവച്ച് തന്നെയായിരിക്കുമെന്നും നാലുവര്‍ഷത്തിലൊരിക്കലായിരിക്കും സ്‌കൂള്‍ ഒളിമ്പിക്‌സ് നടത്തുകയെന്നും മന്ത്രി പറഞ്ഞു. മിനി ഒളിമ്പിക്‌സ് എന്നനിലയില്‍ പ്രൗഡഗംഭീരമായി നടത്താനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.

സെപ്ഷ്യല്‍ സ്‌കൂള്‍ കലോത്സവം സെപ്റ്റംബര്‍ 25,26,27 തീയതികളില്‍ കണ്ണൂരില്‍ വച്ചും ശാസ്ത്രമേള നവംബര്‍ 14,15,16 ആലപ്പുഴയിലും നടക്കും. ദിശ എക്‌സ്‌പോ ഒക്ടോബര്‍ 5,6,7,8, 9 തീയതികളില്‍ തൃശൂരില്‍ വച്ച് നടക്കുമെന്നും മന്ത്രി പറഞ്ഞു. നല്ല തയ്യാറെടുപ്പുകള്‍ നടത്താന്‍ വേണ്ടിയാണ് നേരത്തെ തീയതികള്‍ പ്രഖ്യാപിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് ഫെഫ്കക്ക് കത്ത് നല്‍കി. മരണവീടുകളില്‍ പോലും മര്യാദകള്‍ പാലിക്കുന്നില്ലെന്ന് വിമര്‍ശനം. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ പെരുമാറ്റം അതിരുവിടുന്നു എന്ന വിലയിരുത്തലിലാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ അക്രെഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചത്. നിര്‍ദിഷ്ട ഫോമില്‍ കമ്പനിയുടെ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍, നല്‍കണം. അംഗീകൃത പിആര്‍ഒയുടെ കത്തും നിര്‍ബന്ധമാണ്.ഈ മാനദണ്ഡങ്ങള്‍ പരിഗണിച്ചാകും അക്രെഡിറ്റേഷന്‍ നല്‍കുക.

സ്ത്രീത്വത്തെ അപമാനിക്കുന്ന ചോദ്യങ്ങള്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം, മരണവീടുകളില്‍പോലും മൊബൈല്‍ ക്യാമറയുമായി പിന്തുടരുക തുടങ്ങിയ രീതികളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍ ഇടാന്‍ നിര്‍മ്മാതാക്കളെ പ്രേരിപ്പിച്ചത്. നടന്‍ സിദ്ദിഖിന്റെ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനത്തിനെതിരെ സാമൂഹമാധ്യമങ്ങളിടക്കം രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. നാളെ നടക്കുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യും. സിനിമകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തുന്ന എല്ലാ പരിപാടികളിലും നിയന്ത്രണം ബാധകമാകും എന്നാണ് വിവരം.

‘നീറ്റ് പരീക്ഷ റദ്ദാക്കണം, സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നു’: വിജയ്

‘നീറ്റ് പരീക്ഷ റദ്ദാക്കണം, സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നു’: വിജയ്

നീറ്റ് പരീക്ഷയ്ക്കെതിരെ നടനും തമിഴക വെട്രികഴകം അധ്യക്ഷനുമായ വിജയ്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന തമിഴ്‌നാട് സർക്കാരിന്റെ ആവശ്യത്തോട് യോജിക്കുന്നു. സംസ്ഥാന സിലബസിൽ പഠിച്ചവർക്ക് നീറ്റ് പരീക്ഷ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വിജയ് പറഞ്ഞു.

നീറ്റ് പരീക്ഷ നിർത്തലാക്കുക മാത്രമാണ് പരിഹാരമെന്ന് തമിഴക വെട്രി കഴകം (ടിവികെ) മേധാവി പറഞ്ഞു. വൈദ്യപരിശോധന നിർത്തലാക്കാനുള്ള ടിഎൻ സംസ്ഥാന അസംബ്ലിയുടെ പ്രമേയത്തെ വിജയ് പിന്തുണച്ചു, നീറ്റിൽ ആളുകൾക്ക് അവരുടെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു.

‘നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു. രാജ്യത്തിന് നീറ്റ് ആവശ്യമില്ല. NEET-ൽ നിന്ന് ഒഴിവാക്കുക മാത്രമാണ് ഏക പരിഹാരം. സംസ്ഥാന സർക്കാർ നിയമസഭയിൽ പാസാക്കിയ നീറ്റിനെതിരായ പ്രമേയത്തെ ഞാൻ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു.

തമിഴ്നാട്ടിലെ ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് ഞാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുന്നു. വിദ്യാഭ്യാസത്തെ കൺകറൻ്റ് ലിസ്റ്റിൽ നിന്ന് സംസ്ഥാന ലിസ്റ്റിലേക്ക് കൊണ്ടുവരണം- ”വിജയ് പറഞ്ഞു.

ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്‌പെഷലിന്‍റെ കന്നിയാത്ര, ആഘോഷമാക്കി നാട്ടുകാര്‍; ആവേശകരമായ സ്വീകരണം

ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്‌പെഷലിന്‍റെ കന്നിയാത്ര, ആഘോഷമാക്കി നാട്ടുകാര്‍; ആവേശകരമായ സ്വീകരണം

കണ്ണൂര്‍: നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷൊര്‍ണൂര്‍ -കണ്ണൂര്‍ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങി. ഷൊര്‍ണൂരിനും കണ്ണൂരിനും ഇടയില്‍ റെയില്‍വേ പ്രഖ്യാപിച്ച ട്രെയിനിന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാര്‍ ആവേശകരമായ സ്വീകരണം നല്‍കി. മലബാര്‍ റെയില്‍വേ പാസഞ്ചേഴ്സ് കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തിലായിരുന്നു സ്വീകരണം ഒരുക്കിയത്.

ജൂലായ് രണ്ടിന് വൈകിട്ട് 3.40 ന് ഷൊര്‍ണ്ണൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 7.30 ന് കണ്ണൂരിലെത്തി. കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ നേതൃത്യത്തില്‍ ലോക്കോ പൈലറ്റുമാര്‍ക്ക് ഹാരാര്‍പ്പണം നടത്തി. കോര്‍ഡിനേഷന്‍ കമ്മറ്റി ചെയര്‍മാന്‍ റഷീദ് കവ്വായി, സ്റ്റേഷന്‍ മാനേജര്‍ സജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ഷൊര്‍ണ്ണൂരില്‍ നിന്ന് ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് 3. 40 നും കണ്ണൂരില്‍ നിന്ന് ബുധന്‍, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ രാവിലെ 8.10 നുമാണ് ട്രെയിന്‍ സര്‍വ്വീസ് നടത്തുക. തിരക്കില്ലാത്ത സുഖകരമായ യാത്രയായിരുന്നുവെന്ന് ആദ്യയാത്രക്കാര്‍ പറഞ്ഞു.

അണ്‍ റിസര്‍വ്ഡ് സ്‌പെഷ്യല്‍ എക്‌സ്പ്രസ് ആയി സര്‍വ്വീസ് നടത്തുന്ന ട്രെയിനിന് തലശ്ശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫെറോക്ക്, പരപ്പനങ്ങാട് താനൂര്‍, തിരൂര്‍, കുറ്റിപ്പുറം പട്ടാമ്പി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്. 10 ജനറല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകളാണ് ട്രെയിനിലുണ്ടാകുക. പുതിയ ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതോടെ യാത്രക്കാരുടെ തിരക്കിന് അല്‍പം ആശ്വാസമായിട്ടുണ്ട്.