സ്വര്‍ണവില വീണ്ടും 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപ

സ്വര്‍ണവില വീണ്ടും 75,000ലേക്ക്, ഒറ്റയടിക്ക് വര്‍ധിച്ചത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75,000ലേക്ക്. ഇന്ന് പവന് 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 74,960 രൂപയായി. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് വര്‍ധിച്ചത്. 9370 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നാലുദിവസത്തിനിടെ 1800 രൂപയാണ് വര്‍ധിച്ചത്.

കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക തീരുവ വര്‍ധിപ്പിച്ചത് അടക്കമുള്ള കാര്യങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നതാണ് സ്വര്‍ണവില ഇപ്പോഴും ഉയര്‍ന്നു നില്‍ക്കാന്‍ കാരണം.

ആർ ഗോപിനാഥൻ നായർ (74) അന്തരിച്ചു

ആർ ഗോപിനാഥൻ നായർ (74) അന്തരിച്ചു

ആറ്റിങ്ങൽ: ചന്ത റോഡ് താഴമൺകോണത്ത് സൗപർണിക യിൽ (വി.വി.എം.ആർ.എ:88) ആർ ഗോപിനാഥൻ നായർ (74)(എക്സ് സർവീസ്) അന്തരിച്ചു. ഭാര്യ പരേതയായ ശാന്തകുമാരി ഐ.മക്കൾ സജി ജി നായർ (ഡി.എച്ച്.എസ്, തിരുവനന്തപുരം),സീന ജി.എസ് (ഡ്രീം പാർക്ക്, ആറ്റിങ്ങൽ) ,സൂര്യ ജി നായർ (വാട്ടർ അതോറിറ്റി, വലിയ കുന്ന്). മരുമക്കൾ ശില്പജ ജെ, സജീവ് കുമാർ വി.ആർ(അബുദാബി),രമ്യാ ആർ(ട്രിഡ , തിരുവനന്തപുരം). സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ആറ്റിങ്ങൽ മുനിസിപ്പൽ ശാന്തിതീരത്തിൽ.

പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

പ്രേമഗീതങ്ങളിലൂടെ അരങ്ങേറ്റം; നായകനായും വില്ലനായും തിളങ്ങി; ആഗ്രഹം ബാക്കിയാക്കി മടക്കം

തിരുവനന്തപുരം: പ്രശസ്തനായ അച്ഛന്റെ പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാനവാസിന്റെ അരങ്ങേറ്റം നായകനായിട്ടായിരുന്നു. 1981 ല്‍ ബാലചന്ദ്രമേനോന്‍ കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത പ്രേമഗീതങ്ങള്‍ എന്ന സിനിമയില്‍ യുവനായകനായി സിനിമയില്‍ തുടക്കം കുറിച്ചു. അംബികയായിരുന്നു ചിത്രത്തിലെ നായിക. എംഎ ഇംഗ്ലീഷ് സാഹിത്യത്തില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ഷാനവാസിന്റെ സിനിമാ അരങ്ങേറ്റം.

ഈ സിനിമയിലെ ‘നീ നിറയൂ ജീവനില്‍ പുളകമായ്’, സ്വപ്നം….വെറുമൊരു സ്വപ്നം, കളകളമൊഴി പ്രഭാതമായ്’ തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മലയാളി ഹൃദയങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്നു. പിന്നീട് 25 ഓളം സിനിമകളില്‍ ഷാനവാസ് നായകനായി വേഷമിട്ടു. ഒട്ടേറെ ചിത്രങ്ങളില്‍ വില്ലനും സഹനടനായും രംഗത്തെത്തി. മലയാളം, തമിഴ് ഭാഷകളിലായി 96 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

പ്രേംനസീറിനും സഹോദരന്‍ പ്രേംനവാസിനും ശേഷം സിനിമയിലേക്ക് എത്തിയ ഷാനവാസ് പ്രത്യേകമായ തന്റെ ശൈലി കൊണ്ടാണ് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ചത്. അച്ഛന്‍ പ്രേംനസീറിനൊപ്പം ഇവന്‍ ഒരു സിംഹം എന്ന ചിത്രത്തിലാണ് ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. ഏഴു സിനിമകളില്‍ അച്ഛനും മകനും ഒന്നിച്ചഭിനയിച്ചു. 1989ല്‍ നസീറിന്റെ മരണശേഷവും അഭിനയം തുടര്‍ന്നെങ്കിലും വേഷങ്ങളില്‍ ആവര്‍ത്തനവിരസതയുണ്ടായപ്പോള്‍ സിനിമാരംഗം വിട്ടു. പിന്നീട് ഗള്‍ഫില്‍ ഷിപ്പിങ് കമ്പനിയില്‍ മാനേജരായി ജോലി നോക്കി.

കുറേക്കാലം മലേഷ്യയിലായിരുന്നു താമസം. പിന്നീട് തിരുവനന്തപുരം വഴുതക്കാട് ഫ്‌ലാറ്റിലേക്ക് താമസം മാറി. 2011ല്‍ ചൈനാ ടൗണ്‍ എന്ന സിനിമയിലൂടെ വീണ്ടും അഭിനയരംഗത്തെത്തി. പൃഥ്വിരാജ് ചിത്രം ‘ജനഗണമന’യിലാണ് ഒടുവില്‍ വേഷമിട്ടത്. ശംഖുമുഖം, വെളുത്ത കത്രീന, കടമറ്റത്തു കത്തനാര്‍, സത്യമേവ ജയതേ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഒരു സിനിമ സംവിധാനം ചെയ്യണണെന്ന ആഗ്രഹം ബാക്കിയാക്കിയാണ് ഷാനവാസ് വിടവാങ്ങിയത്. പ്രേനസീറിന്റെ മൂത്ത സഹോദരിയുടെ മകള്‍ ആയിഷയാണ് ഭാര്യ. അജിത് ഖാന്‍, ഷമീര്‍ ഖാന്‍ എന്നിവരാണ് മക്കള്‍.

ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല, ദേശീയ താല്‍പ്പര്യം സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധം; ട്രംപിന്റെ ഭീഷണിക്ക് മറുപടിയുമായി ഇന്ത്യ

ന്യൂഡല്‍ഹി: തീരുവ ഇനിയും കൂട്ടുമെന്ന യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതിരെ ഇന്ത്യ. അമേരിക്കയും യൂറോപ്യന്‍ യൂണിയനും റഷ്യയുമായി വ്യാപാര ബന്ധം തുടരുന്നുണ്ട്. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റഷ്യയില്‍ നിന്നുള്ള ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചൂണ്ടിക്കാട്ടി ട്രംപ് നടത്തിയ ഭീഷണിയോട് പ്രതികരിക്കുകയായിരുന്നു ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം.

‘യുക്രൈന്‍ സംഘര്‍ഷം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇന്ത്യയെ ലക്ഷ്യം വെക്കുകയാണ്. ഇത് ന്യായീകരിക്കാനാവാത്തതും യുക്തിരഹിതവുമാണ്. ഇന്ത്യയെ കുറ്റപ്പെടുത്തുന്ന രാജ്യങ്ങള്‍ റഷ്യയുമായി വ്യാപാരബന്ധത്തില്‍ ഏര്‍പ്പെടുന്നുണ്ട്. യുഎസ് പല്ലേഡിയവും അവരുടെ ആണവോര്‍ജ വ്യവസായത്തിന് ആവശ്യമായ യുറേനിയം ഹെക്‌സാഫ്‌ലൂറൈഡും റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നു. ഇരട്ടത്താപ്പ് അംഗീകരിക്കാനാവില്ല’. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

വാസ്തവത്തില്‍, യുക്രൈന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം പരമ്പരാഗത എണ്ണ യൂറോപ്പിലേക്ക് വഴിതിരിച്ചുവിട്ടതിനാലാണ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ തുടങ്ങിയത്. ആഗോള ഊര്‍ജ്ജ വിപണിയുടെ സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി അക്കാലത്ത് അമേരിക്ക ഇന്ത്യയുടെ അത്തരം ഇറക്കുമതികളെ സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഇറക്കുമതി ഇന്ത്യയിലെ ഊര്‍ജ്ജ ചെലവ് കുറയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ആഗോള വിപണി സാഹചര്യം നിര്‍ബന്ധിതമാക്കുന്ന ഒരു ആവശ്യകതയാണ് അവ…’

രാജ്യത്തെ ഉപഭോക്താക്കള്‍ക്ക് കുറഞ്ഞ ചെലവില്‍ ഊര്‍ജം ഉറപ്പാക്കാനാണ് ഇന്ത്യ റഷ്യയില്‍ നിന്നും ഇന്ധനം ഇറക്കുമതി ചെയ്യുന്നത്. ആഗോള വിപണി സാഹചര്യം കാരണമാണ് ഇറക്കുമതി ചെയ്യാന്‍ നിര്‍ബന്ധിതമാകുന്നത്. ഏതൊരു പ്രധാന സമ്പദ്വ്യവസ്ഥയെയും പോലെ, ഇന്ത്യയും ദേശീയ താല്‍പര്യങ്ങളും സാമ്പത്തിക സുരക്ഷയും സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും’. രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി.

മദ്യപിക്കുന്നതിനിടെ വഴക്ക്; മകന്റെ കഴുത്തിന് വെട്ടി അച്ഛൻ, ​ഗുരുതരം

മദ്യപിക്കുന്നതിനിടെ വഴക്ക്; മകന്റെ കഴുത്തിന് വെട്ടി അച്ഛൻ, ​ഗുരുതരം

തിരുവനന്തപുരം: മദ്യ ലഹരിയിൽ പിതാവ് മകന്റെ കഴുത്തിനു വെട്ടി. കീഴാവൂർ സൊസൈറ്റി ജങ്ഷനിൽ വിനീതിനാണ് (35) വെട്ടേറ്റത്. ​ഗുരുതരമായി പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിതാവ് വിജയൻ നായരാണ് വിനീതിനെ ആക്രമിച്ചത്. മദ്യപാനത്തിനു ശേഷം ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നു. ഇന്നലെയും സമാന രീതിയിൽ മദ്യപിച്ച ശേഷമുണ്ടായ വഴക്കാണ് ആക്രണത്തിൽ കലാശിച്ചത്.

വഴക്കിനിടെ വിജയൻ നായർ കൈയിൽ കരുതിയിരുന്ന കത്തി ഉപയോ​ഗിച്ചു വിനീതിന്റെ കഴുത്തിനു വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. വിജയൻ നായരെ മം​ഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുന്നു.