by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത
ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും വീണാ ജോർജിന്റെ കോലം കത്തിക്കലും നടന്നു. കർഷക കോൺഗ്രസ് കിഴുവിലം മണ്ഡലം പ്രസിഡന്റ് കുറക്കട ഷൈജുവിന്റെ അധ്യക്ഷതയിൽ
പ്രതിഷേധ പരിപാടികളുടെ ഉദ്ഘാടനം കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എസ്. കെ. സുജി ഉദ്ഘാടനം ചെയ്തു.
നിയോജകമണ്ഡലം പ്രസിഡന്റ് ലാൽ കോരാണി, സനിൽ ബാംസൂരി, കുഞ്ഞുമോൻ ജെർമിയാസ്, നിഖിൽ കോരാണി, മുൻ വാർഡ് മെമ്പർ രേഖ, മുതിർന്ന കോൺഗ്രസ് നേതാവ് വിനയൻ,ലളിത, ഷിജു, ഐ എൻ ടി യു സി നേതാക്കന്മാരായ രാജേഷ്, സുനി, ബിജു, ബേബി, ശങ്കരൻ, ഫൈസൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി. കൊച്ചാലുംമൂട് ജംഗ്ഷനിൽ വീണാ ജോർജിന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു.
by Midhun HP News | Jul 6, 2025 | Latest News, ജില്ലാ വാർത്ത, മരണം
ആറ്റിങ്ങൽ: മാർക്കറ്റ് റോഡ് കൊട്ടിയോട് ശ്രീവിലാസിൽ(കെ.ആർ.എ:67) വിമുക്ത ഭടൻ എസ്. സുരേഷ് കുമാർ (58) അന്തരിച്ചു.
ഭാര്യ: സി.വി മഞ്ജുള (അധ്യാപിക, ശ്രീ ഗോകുലം പബ്ലിക് സ്കൂൾ,മാമം).
മക്കൾ: എസ് അരവിന്ദ് (ബാംഗ്ലൂർ), എസ് അരുന്ധതി.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ട് വളപ്പിൽ.
by Midhun HP News | Jul 6, 2025 | Latest News, കേരളം
ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയത്തിൽ ഗവ. ടൗൺ യു .പി. സ്കൂളിൻ്റെ സ്കൂൾ കായികോത്സവം സ്‌പ്രിൻ്റ 2K25 ശനിയാഴ്ച സംഘടിപ്പിച്ചു. ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയുടെ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കായികമേള ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡൻ്റ് ആശ എസ് എസ് അധ്യക്ഷയായ ചടങ്ങിൽ ഹെഡ്മാസ്റ്റർ ആർ അജികുമാർ സ്വാഗതം ആശംസിച്ചു. അണ്ടർ 16 കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റനും ആറ്റിങ്ങൽ സ്വദേശിയുമായ ഇഷാൻ. എം. രാജ് മുഖ്യാതിഥി ആയി. ആറ്റിങ്ങൽ വിദ്യാഭ്യാസ ഉപജില്ല ഓഫീസർ സന്തോഷ് കുമാർ. പി കായികമേളയ്ക്ക് ആശംസ അറിയിച്ചു. സ്പോർട്സ് കൺവീനർ പ്രിയദർശിനി ചടങ്ങിൽ കൃതജ്ഞത രേഖപ്പെടുത്തി.
സ്കൂളിലെ മുഴുവൻ കുട്ടികളെയും അധ്യാപകരെയും നാല് ഹൗസുകളായി തിരിച്ചാണ് കായിക മത്സരങ്ങൾ നടത്തിയത്. വർണ്ണാഭമായ മാർച്ച് പാസ്റ്റും സൂംബാ നൃത്താവതരണവും കായികമേളയ്ക്ക് മാറ്റുകൂട്ടി. വ്യക്തിഗത ഇനങ്ങളിൽ മെഡലും റിലേ മത്സരങ്ങളിൽ ടീമിന് എവറോളിംഗ് ട്രോഫിയും സമ്മാനിച്ചു. അധ്യാപകരുടെയും രക്ഷിതാക്കളുടെയും കായിക മത്സരങ്ങളും ഇതോടൊപ്പം നടത്തി.
by Midhun HP News | Jul 6, 2025 | Latest News, കേരളം
തൃശൂര്‍: ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച ക്ഷേത്രത്തില്‍ ദര്‍ശന നിയന്ത്രണം. ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റൈ ഭാഗമായി രാവിലെ 8 മുതല്‍ പത്തു മണി വരെ വിവാഹം, ചോറൂണ്‍, ക്ഷേത്ര ദര്‍ശനം എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.
വിവാഹം, ചോറൂണ്‍ എന്നിവ രാവിലെ 7 മണിക്ക് മുമ്പോ 10 മണിക്ക് ശേഷമോ നടത്തേണ്ടതാണ്. വിവാഹങ്ങള്‍ നടത്തുന്നതിനായി കൂടുതല്‍ വിവാഹം മണ്ഡപങ്ങള്‍ ഏര്‍പ്പെടുത്തും. ക്ഷേത്രം ഇന്നര്‍ റിങ്ങ് റോഡുകളില്‍ അന്നേ ദിവസം രാവിലെ മുതല്‍ വാഹന പാര്‍ക്കിങ്ങ് അനുവദിക്കില്ല. ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കഴിയുന്നതുവരെ തെക്കേ നടയുടെ ഇരുവശങ്ങളിലുമുള്ള കടകള്‍ തുറക്കാന്‍ അനുവാദമില്ലെന്നും ഗുരുവായൂര്‍ ദേവസ്വം അറിയിച്ചു.
പ്രാദേശികം, സീനിയര്‍ സിറ്റിസണ്‍ ദര്‍ശന ക്യൂ എന്നിവ രാവിലെ 6 മണിക്ക് അവസാനിപ്പിക്കും. ഉപരാഷ്ട്രപതിയുടെ ഗുരുവായൂര്‍ ക്ഷേത്ര സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ദേവസ്വം ഏര്‍പ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം ചെയര്‍മാന്‍ ഡോ. വി കെ വിജയന്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ ഒ ബി അരുണ്‍കുമാര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
by Midhun HP News | Jul 6, 2025 | Latest News, കേരളം
പാലക്കാട്: നിപ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പാലക്കാട് തച്ചനാട്ടുകര സ്വദേശിയുടെ അടുത്ത ബന്ധുക്കളുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിലുള്ള 38 കാരിയുടെ അടുത്ത ബന്ധുവായ പത്തു വയസ്സുകാരിയുടേയും, യുവതിയുടെ മകളുടേയും സാംപിള്‍ പരിശോധനയിലാണ് നെഗറ്റീവ് ആണെന്ന റിസള്‍ട്ട് ലഭിച്ചിട്ടുള്ളത്. പനി ബാധിച്ചതിനെത്തുടര്‍ന്ന് കുട്ടികളെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നിപ ബാധിച്ച് ചികിത്സയിലുള്ള യുവതിയുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന കുട്ടികള്‍ക്കാണ് പനി ലക്ഷണം കണ്ടത്. രോഗവ്യാപന ഭീതി കണക്കിലെടുത്ത്, സാംപിള്‍ വിശദ പരിശോധയ്ക്ക് അയക്കുകയായിരുന്നു. ഈ റിസള്‍ട്ട് നെഗറ്റീവ് അയത് ആരോഗ്യവകുപ്പിന് ആശ്വാസകരമായിട്ടുണ്ട്. നിലവില്‍ 91 പേരാണ് നിപ ബാധിച്ച് ചികിത്സയിലുള്ള 38 കാരിയുമായി നേരിട്ട് സമ്പര്‍ക്കപ്പട്ടികയിലുള്ളത്.
ഈ പട്ടികയിലുള്ളവരെയെല്ലാം പരിശോധിക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നിപ ബാധിച്ച യുവതിയെ പെരുന്തല്‍മണ്ണയില്‍ നിന്നും കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മെഡിക്കല്‍ കോളജിലെ നിപ വാര്‍ഡില്‍ യുവതിയെ പ്രവേശിപ്പിച്ചിരിക്കുകയാണ്. യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
കാളികാവിലെ നരഭോജി കടുവ വനം വകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
തച്ചനാട്ടുകര കരിമ്പുഴ പഞ്ചായത്തുകളിലെ കണ്ടെയ്ന്മെന്റ് സോണുകളിൽ കനത്ത സുരക്ഷ തുടരുകയാണ്. നിപ സ്ഥിരീകരിച്ച രണ്ട് കേസുകളിലായി, മൂന്ന് ജില്ലകളിലാണ് ജാഗ്രത നിലനിൽക്കുന്നത്. സമ്പർക്കപ്പട്ടികയിൽ ആകെയുള്ളത് 425 പേരാണ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് പട്ടികയിൽ ഉള്ളത്. ആരോഗ്യമന്ത്രി വീണാ ജോർജ് ഇന്ന് പാലക്കാട് എത്തി അവലോകനയോഗം ചേരും. പ്രദേശത്ത് വവ്വാലുകളുടെ അടക്കം വിസർജ്യം മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ചിരുന്നു. ഇതിന്റെ ഫലം നാളെ ലഭിക്കുമെന്നാണ് സൂചന.
Recent Comments