by Midhun HP News | May 24, 2026 | Latest News, കേരളം
തിരുവനന്തപുരം: പുതിയ അധ്യയനവര്‍ഷത്തെ പ്ലസ് വണ്‍ അപേക്ഷ തിങ്കളാഴ്ച തുടങ്ങും. അന്നേദിവസം രാവിലെ ഇതിനുള്ള വിജ്ഞാപനം പുറത്തിറങ്ങും. ഓണ്‍ലൈനിലൂടെയാണ് അപേക്ഷിക്കേണ്ടത്. ഹയര്‍സെക്കന്‍ഡറിയില്‍ നിലവില്‍ 3,61,044 സീറ്റുണ്ട്.
വിഎച്ച്എസ്ഇ സ്‌കൂളുകളില്‍ 33,000 സീറ്റ് ഉണ്ട്. കൂടാതെ പോളി ടെക്‌നിക്കുകളിലും ഐടിഐകളിലുമായി 30,545 സീറ്റുമുണ്ട്. അതിനിടെ പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എന്‍ ഷംസുദ്ദീന്‍ പ്രഖ്യാപിക്കും. സെക്രട്ടേറിയറ്റിലെ പി ആര്‍ ഡി ചേംബറിലാണ് പരിപാടി. എസ്എസ്എല്‍സി പരീക്ഷാ ഫലം ‘നമ്മുടെ കേരളം’ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ലഭ്യമാക്കിയതു പോലെ പ്ലസ്ടു ഫലവും ലഭ്യമാകും. പരീക്ഷാ ഫലം അറിയുന്നതിനുണ്ടാകുന്ന തിരക്കും കാലതാമസവും പൂര്‍ണമായി ഒഴിവാക്കാനും വിദ്യാര്‍ഥികള്‍ക്ക് വീട്ടിലിരുന്നു തന്നെ ഫലം പരിശോധിക്കാനും ഇതിലൂടെ സാധിക്കും.

by Midhun HP News | May 24, 2026 | Latest News, കേരളം
കണ്ണൂര്‍: തീയറ്ററില്‍ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയില്‍ കരിയില്‍ സന്തോഷാ(48)ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കല്‍പ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം.
സിനിമയുടെ ഇടവേള സമ യത്തായിരുന്നു സന്തോഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടന്‍ തന്നെ ജീവനക്കാരും നാട്ടുകാരും സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിക്കൃഷ്ണന്‍, കാര്‍ത്യായനി ദമ്പതികളുടെ മകനാണ്.

by Midhun HP News | May 24, 2026 | Latest News, കേരളം
തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം അവധി. 27ന് പുറമെ 28 കൂടിയാണ് സംസ്ഥാന സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചത്.ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി. കലണ്ടറിലെ അവധി 27നാണ്. എന്നാല്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ മെയ് 19 ചൊവ്വാഴ്ച ദുല്‍ഹിജ്ജ ഒന്നും അതനുസരിച്ച് ബലിപെരുന്നാള്‍ (ദുല്‍ഹിജ്ജ 10) മെയ് 28 വ്യാഴാഴ്ചയുമാണെന്നാണ്് ഖാസിമാര്‍ പ്രഖ്യാപിച്ചത്.
സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ പ്രതിനിധി സയ്യിദ് അബ്ദുല്ല ഹബീബ് അല്‍ ബുഖാരി എന്നിവരും പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയുമാണ് ബലിപെരുന്നാള്‍ വ്യാഴാഴ്ചയാണെന്ന് അറിയിച്ചത്.

by Midhun HP News | May 24, 2026 | Latest News, കേരളം
കേരള കളരിപ്പയറ്റ് അസോസിയേഷന്റെയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന 68-ാ മത്
ജില്ലാ കളരിപ്പയറ്റ് ചാംപ്യൻഷിപ് മത്സരങ്ങളിൽ മിന്നും ജയം കരസ്ഥമാക്കി ആറ്റിങ്ങൽ ആദിയോഗി കളരി സംഘം.
വ്യക്തിഗത ഇനങ്ങളിൽ രണ്ട് സ്വർണ്ണവും രണ്ട് വെങ്കലവും ടീം ഇനങ്ങളിൽ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടി സംസ്ഥാന തലത്തിലേക്ക് അവസരം ലഭിച്ചു.


by Midhun HP News | May 24, 2026 | Latest News, കേരളം
കൊച്ചി: നടന്‍ ടിനി ടോമിനെതിരെ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി നടി നീന കുറുപ്പ്. സംഘടനയുടെ കുടുംബ സംഗമത്തില്‍ ടിനി തന്നെ അപമാനിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. പരസ്യമായി അശ്ലീലവും അസഭ്യവും പറഞ്ഞുവെന്നും ശാരീരികമായി ഭീഷണിപ്പെടുത്തുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നും നീന കുറുപ്പിന്റെ പരാതിയില്‍ പറയുന്നു.
ഇന്നലെ നടി അന്‍സിബയും ടിനിക്കെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. താരസംഘടനയില്‍ നിന്ന് രാജിവയ്ക്കാനുള്ള കാരണം ടിനിയാണെന്നും അമ്മയുടെ ജോയിന്റ് സെക്രട്ടറിയായത് മുതല്‍ താരം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ ആരോപണങ്ങളും അപവാദങ്ങളും പ്രചരിപ്പിക്കുകയായിരുന്നുവെന്നും അന്‍സിബ പറഞ്ഞു.
താന്‍ ജിഹാദിയാണെന്നും പലരെയും മതംമാറ്റി ഇസ്ലാമാക്കാന്‍ ശ്രമിക്കുന്നുവെന്നും പലതാരങ്ങളെയും ചേര്‍ത്ത് തന്റെ പേരില്‍ അവിഹിത കഥകള്‍ ഉണ്ടാക്കുന്നുവെന്നും അവര്‍ തുറന്നടിച്ചിരുന്നു. ഇങ്ങനെ പറഞ്ഞ് നടക്കുന്ന ആളോട് അറപ്പ് തോന്നുന്നുവെന്നും ഒപ്പം ജോലി ചെയ്യാന്‍ തന്നെ പറ്റില്ലെന്നും അന്‍സിബ ആരോപിച്ചു.
അന്‍സിബയെ ജിഹാദി എന്ന് വിളിച്ചിട്ടില്ലെന്നാണ് നടന്‍ ടിനി ടോമിന്റെ പ്രതികരണം. സ്റ്റേജ് ഷോ നടക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടാകാമെന്നും ടിനി ടോം പറഞ്ഞു. അന്‍സിബയുടെ വെളിപ്പെടുത്തലിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ടിനി.
ഇവിടുത്തെ അംഗങ്ങളോട് വിവരങ്ങള്‍ പറയുന്നു എന്നല്ലാതെ ഒരു മോശമായ മെസേജും താന്‍ അയക്കാറില്ലെന്നും ടിനി ടോം പറഞ്ഞു. ‘പ്രവര്‍ത്തിക്കുന്നവരെ തകര്‍ക്കാനുള്ള എന്തോ ഒരു ഗൂഢാലോചന നടക്കുന്നുണ്ട്. ജിഹാദി എന്ന് വിളിച്ചതും അവിഹിത കഥ പറഞ്ഞതുമൊക്കെ വേറെ ആരോ പറഞ്ഞാണ് അറിഞ്ഞതെന്ന് അന്‍സിബ പറയുന്നു. അങ്ങനെ പറയാന്‍ പാടില്ലല്ലോ. നമുക്കൊരു നിയമസംവിധാനമുണ്ടല്ലോ. ഞാന്‍ എങ്ങനെ ജിഹാദി എന്നൊക്കെ വിളിക്കും. എന്റെ കൂട്ടുകാരന്‍മാരെല്ലാം മുസല്‍മാന്‍മാരാണ്’. – ടിനി ടോം പറഞ്ഞു.
പരാതിയുണ്ടെങ്കില്‍ പൊതുവിടത്തില്‍ അല്ല പറയേണ്ടതെന്നും ടിനിയെ താറടിച്ച് കാണിക്കാന്‍ അനുവദിക്കില്ലെന്നുമായിരുന്നു നടി പ്രിയങ്കയുടെ പ്രതികരണം. പരാതിയെ കുറിച്ച് അറിവില്ലെന്നായിരുന്നു പ്രസിഡന്റ് ശ്വേത മേനോന്റെ പ്രതികരണം. എന്നാല്‍ താന്‍ സംഘടനയ്ക്കുള്ളില്‍ പരാതിപ്പെട്ടപ്പോള്‍ ഒന്നും ചെയ്യാന്‍ ഇല്ലെന്നായിരുന്നു പ്രസിഡന്റിന്റെ നിലപാടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും അന്‍സിബ വ്യക്തമാക്കി.


Recent Comments