ന്യൂ ഇയർ ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കളുടെ ബൈക്കിലേക്ക് കാർ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

ന്യൂ ഇയർ ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കളുടെ ബൈക്കിലേക്ക് കാർ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ന്യൂ ഇയർ ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കളുടെ ബൈക്കിലേക്ക് കാർ ഇടിച്ചു കയറി ഒരു മരണം. നെടുമങ്ങാട് അഴീക്കോട് കുറുങ്ങോട് ആലമുക്ക് സർജ്ജു മൻസിലിൽ ഷറഫുദ്ദീൻ മകൻ മുഹമ്മദ് ഫവാസ് (23)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ.

മലിനജലം കുടിച്ച് ഏഴ് മരണം

മലിനജലം കുടിച്ച് ഏഴ് മരണം

ഇന്‍ഡോര്‍: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ മലിനജലം കുടിച്ച് ഏഴ് മരണം. പ്രദേശത്തെ 27 ആശുപത്രികളിലായി 162 പേരാണ് ചികിത്സയില്‍ കഴിയുന്നത്. വയറിളക്കവും ഛര്‍ദ്ദിയും ബാധിച്ച നിരവധിപ്പേരാണ് ജീവന് വേണ്ടി മല്ലിടുന്നത്. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരം എന്ന പദവി തുടര്‍ച്ചയായി എട്ട് തവണ നിലനിര്‍ത്തിയ പ്രദേശമാണ് ഇന്‍ഡോര്‍.

നഗരത്തിലെ ഭഗീരഥ്പുര പ്രദേശത്തുണ്ടായ ചോര്‍ച്ചയെത്തുടര്‍ന്ന് മലിനജലം കുടിവെള്ളത്തില്‍ കലര്‍ന്നതാണ് കാരണം. തിങ്കളാഴ്ച വൈകുന്നേരത്തോടെ ആശുപത്രികളിലേക്ക് രോഗികള്‍ ഒഴുകിയെത്തുകയായിരുന്നു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിളിക്കപ്പെടുന്ന ഇന്‍ഡോറിലെ ഭഗീരഥ്പുരയില്‍ മലിനജലം കുടിച്ച് രോഗികളായ ഏഴുപേര്‍ മരിച്ചതായി മേയര്‍ പുഷ്യമിത്ര ഭാര്‍ഗവ സ്ഥിരീകരിച്ചു. നഗരത്തിലുടനീളമുള്ള സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ രോഗികള്‍ നിറഞ്ഞിരിക്കുന്നതിനാല്‍ മരിച്ചവരുടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെയും എണ്ണത്തില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.

‘7,992 വീടുകളില്‍ സര്‍വേ നടത്തി, ഏകദേശം 39,854 പേരെ പരിശോധിച്ചു, അതില്‍ ഏകദേശം 2,456 പേര്‍ക്ക് അസുഖമുണ്ടെന്ന് സംശയിക്കുന്നു, രോഗികള്‍ക്ക് ഒരേ സ്ഥലത്ത് പ്രാഥമിക ചികിത്സ നല്‍കി’- മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ രോഗികള്‍ക്കും സൗജന്യ വൈദ്യചികിത്സയ്ക്ക് നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഭഗീരഥപുരയിലെ പ്രധാന ജലവിതരണ പൈപ്പ് ലൈനിന്റെ ഒരു ഭാഗത്ത് ചോര്‍ച്ച കണ്ടെത്തിയിരുന്നെന്നു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ദിലീപ് കുമാര്‍ യാദവ് പറഞ്ഞു.

ഇതിനു അടുത്തായി ഒരു ശൗചാലയം നിര്‍മിച്ചിരുന്നു. ടോയ്ലറ്റില്‍ നിന്നുള്ള വെള്ളം പ്രധാന ജലവിതരണ ലൈനിന് മുകളിലുള്ള ഒരു കുഴിയിലേക്കാണ് ഒഴുക്കിവിട്ടത്. ഇവിടെ പൈപ്പു ലൈനില്‍ ഉണ്ടായ ചോര്‍ച്ച കാരണമാകാം വെള്ളം മലിനമായതെന്നാണു നിഗമനം. ഐഎംസി സോണല്‍ ഓഫീസര്‍ ഷാലിഗ്രാം സിതോള്‍, അസിസ്റ്റന്റ് എന്‍ജിനിയര്‍ യോഗേഷ് ജോഷി എന്നിവരെ ഉടനടി സസ്പെന്‍ഡ് ചെയ്തു. ഇന്‍ചാര്‍ജ് സബ് എന്‍ജിനിയര്‍ ശുഭം ശ്രീവാസ്തവയെ പിരിച്ചുവിട്ടതായും അധികൃതര്‍ അറിയിച്ചു.സംഭവത്തില്‍ മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.

പാചകവാതക സിലിണ്ടര്‍ വില കൂട്ടി

പാചകവാതക സിലിണ്ടര്‍ വില കൂട്ടി

ഡല്‍ഹി: പുതുവര്‍ഷത്തെ വരവേറ്റ ജനങ്ങള്‍ക്കുമേല്‍ വിലവര്‍ധനയുടെ ഭാരം അടിച്ചേല്‍പ്പിച്ച് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടര്‍ വിലയില്‍ 111 രൂപയുടെ വര്‍ധനയാണ് എണ്ണവിതരണ കമ്പനികള്‍ വരുത്തിയത്. ഇതോടെ കൊച്ചിയില്‍ വില 1,698 രൂപയായി. കോഴിക്കോട്ട് 1,719 രൂപ, തിരുവനന്തപുരത്ത് 1,730 രൂപ എന്നിങ്ങനെയാണ് വില. രാജ്യാന്തര വിപണിയില്‍ എണ്ണവില താരതമ്യേന കുറഞ്ഞുനില്‍ക്കുമ്പോഴാണ് വില വര്‍ധിപ്പിച്ചത്. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല.

ഡല്‍ഹിയില്‍ 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില 1,691 രൂപയായാണ് വര്‍ധിച്ചത്. 2025 ജൂണിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. രാജ്യാന്തര എണ്ണവില വിലയിരുത്തി ഓരോ മാസവും ഒന്നിനാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍പിജി വില പരിഷ്‌കരിക്കുന്നത്. ഹോട്ടലുകള്‍, തട്ടുകടകള്‍, എല്‍പിജി ഇന്ധനമായി ഉപയോഗിക്കുന്ന ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് കനത്ത തിരിച്ചടിയാണ് ഈ വിലവര്‍ധന. ഹോട്ടലുകളും തട്ടുകടകളും മറ്റും ഭക്ഷണ വിഭവങ്ങളുടെ വില ഉയര്‍ത്താന്‍ ഇതിടയാക്കിയേക്കാം.

തുടര്‍ച്ചയായി 2 മാസം വിലകുറച്ചശേഷമാണ് എണ്ണക്കമ്പനികള്‍ ഇന്ന് വാണിജ്യ എല്‍പിജി സിലിണ്ടര്‍ വില ഉയര്‍ത്തിയത്. നവംബര്‍ ഒന്നിന് 5 രൂപയും ഡിസംബര്‍ ഒന്നിന് 10 രൂപയും കുറച്ചിരുന്നു.

ഗുരുവായൂരിൽ വൻ ഭക്തജന പ്രതിഷേധം

ഗുരുവായൂരിൽ വൻ ഭക്തജന പ്രതിഷേധം

കിഴക്കേ നടപ്പന്തലിലാണ്‌ ഭക്തജനങ്ങൾ പ്രതിഷേധവുമായി എത്തിയത്‌. ഇന്നലെ രാത്രി പത്ത്‌ മണി മുതൽ ക്യൂ നിൽക്കുന്നവരെ കടത്തി ദർശ്ശനത്തിന്‌ കടത്തിവിടാതെ സ്പെഷൽ പാസ്സ്‌ ഉള്ള ആയിരക്കണക്കിന്‌ പേരെ കടത്തി വിട്ടതോടെയാണ്‌ ഇന്ന് രാവിലെ 6 മണിയോട്‌ കൂടി ഭക്തരുടെ രോഷം അണപൊട്ടി ഒഴുകിയത്‌.

നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത ഭക്തർ നടപ്പന്തലിൽ ഒരുമിച്ചെത്തി പ്രതിഷേധം നടത്തി. നാമ ജപം നടത്തിയും ദേവസ്വത്തിന്റെ നടപടിയെ ചോദ്യം ചെയ്തും തടിച്ച്‌ കൂടിയ ഭക്തർ തങ്ങളെ അകത്തേക്ക്‌ കയറ്റിയതിന്‌ ശേഷമേ ഇനി സ്പെഷൽ പാസ്സ്‌ പ്രവേശനം ആരംഭിക്കാനാകു എന്ന് അറിയിച്ചു.

ശിവ​ഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും; പ്രഖ്യാപനവുമായി സിദ്ധരാമയ്യ

ശിവ​ഗിരിമഠത്തിന് കർണാടകയിൽ അഞ്ചേക്കർ ഭൂമി നൽകും; പ്രഖ്യാപനവുമായി സിദ്ധരാമയ്യ

ശിവഗിരി മഠത്തിന് കർണാടകയിൽ 5 ഏക്കർ ഭൂമി നൽകുമെന്ന് സിദ്ധരാമയ്യ. മഠത്തിൻ്റെ ആവശ്യം പരിഗണിച്ചാണ് സർക്കാർ തീരുമാനമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. വിദ്വേഷക പ്രസംഗകരോട് ഗുരുദേവ ദർശനം വായിക്കാൻ ആവശ്യപ്പെടുന്നു. വിഭജനത്തിൻ്റെ രാഷ്ട്രീയത്തെ എതിർക്കാം. സംവാദം ജനാധിപത്യത്തെ ശക്തിപ്പെടുത്തും. ഇന്ത്യയുടെ ശക്തി ഏകതയിലല്ല, തുല്യതയിലാണെന്ന് ശിവഗിരി ഓർമിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

93 -ാം ശിവഗിരി തീർത്ഥാടന സമ്മേളനം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്നത് മഹത്തായ മുദ്രാവാക്യമാണെന്നും ഭാവിയിലേക്ക് നമ്മളെ നയിക്കാൻ ശ്രീനാരായണ ഗുരുദേവൻ മുന്നിൽ നിന്നുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ഗവർണ്ണർ രാജേന്ദ്ര അർലേക്കർ, കേന്ദ്രമന്ത്രി സുരേഷ് ഗോപി, ശശിതരൂർ എംപി അടക്കമുള്ളവർ പങ്കെടുത്തു. രാവിലെ ശിവഗിരി മഠം പ്രസിഡൻ്റ് സ്വാമി സച്ചിദാനന്ദ പതാക ഉയർത്തിയതോടെയാണ് ഈവർഷത്തെ ആഘോഷത്തിന് തുടക്കമായത്.

ശ്രീനാരായണ ഗുരു പഠിപ്പിച്ച പാഠങ്ങൾ നമ്മെ മുന്നോട്ട് നയിച്ചു. സ്നേഹമാണ് ഏറ്റവും വലിയ വിശ്വാസമെന്ന് പഠിപ്പിച്ചുവെന്നും ഉപരാഷ്ട്രപതി പറഞ്ഞു. ശ്രീനാരായണ ഗുരു പഠിപ്പിച്ചതെല്ലാം നമ്മെ പ്രചോദിപ്പിച്ചതാണ്. ആ പ്രചോദനം ഇനിയും തുടരും. മനസിൻ്റേയും ശരീരത്തിൻ്റേയും കേന്ദ്രമാണ് ശിവഗിരി. ജനങ്ങളുടെ മനസിൻ്റെ ഉദ്ദാരണമാണ് ഗുരു ലക്ഷ്യം വച്ചത്. അത് സാധൂകരിച്ചുവെന്നും വിദ്യാഭ്യാസം, അറിവ് സമൂഹത്തിന് നൽകുകയായിരുന്നു ഗുരുവിൻ്റെ ലക്ഷ്യമെന്നും ഉപരാഷ്ട്രപതി പറഞ്ഞു.