by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പരാതി നല്‍കാനെത്തി തിരുവനന്തപുരം കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്നും പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതി അറസ്റ്റില്‍. പൂജപ്പുര സ്വദേശി അമല്‍ സുരേഷാണ് പൊലീസിന്റെ പിടിയിലായത്. കന്റോണ്‍മെന്റ് പൊലീസ് ഇന്നലെ രാത്രിയോടെയാണ് മോഷ്ടാവിനെ പിടികൂടിയത്.
പൊലീസ് പറയുന്നതനുസരിച്ച് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് ബൈക്ക് വെച്ച ശേഷം താക്കോല്‍ എടുക്കാതെയാണ് എത്തിയത്. ബൈക്കില്‍ ഇദ്ദേഹത്തിന്റെ ബാഗും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് 3 മണിയോടെ ഉദ്യോഗസ്ഥന് തിരിച്ചെത്തിയപ്പോള്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കണ്ടില്ല. തുടര്‍ന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് അമല്‍ വാഹനം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കണ്ടത്.
പരാതിയുടെ അടിസ്ഥാനത്തില്‍, കന്റോണ്‍മെന്റ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 303(2) പ്രകാരം അമലിനെതിരെ മോഷണക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഇന്നലെ രാത്രി മാനവീയം വീഥിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അച്ഛനെതിരെ പരാതി നല്‍കാനാണ് ഇയാള്‍ കമ്മീഷണറുടെ ഓഫീസില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ തന്റെ പരാതി സ്വീകരിക്കാത്തതിനാലാണ് ബൈക്ക് മോഷ്ടിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. അമല്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ കൗണ്‍സിലര്‍മാരുടെ യോഗം വിളിച്ച് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ കോര്‍പ്പറേഷനിലെ 100 കൗണ്‍സിലര്‍മാരേയും യോഗത്തിന് വിളിച്ചിട്ടുണ്ട്. നാളെ വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെ ലോക്ഭവനില്‍ വെച്ചാണ് യോഗം ചേരുന്നത്.
ഇതാദ്യമായിട്ടാണ് ഗവര്‍ണര്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ യോഗം വിളിക്കുന്നത്. തലസ്ഥാന നഗരിയിലെ വികസനം ചര്‍ച്ചചെയ്യാന്‍ കോര്പ്പറേഷന് കൗണ്‍സിലര്‍മാരുടെ യോഗം ലോക്ഭവനില്‍ വിളിച്ചുചേര്‍ക്കുന്ന കാര്യം ആലോചിക്കുന്നതായി ഗവര്‍ണര്‍ ആര്‍ലേക്കര്‍, തന്നെ സന്ദര്‍ശിച്ച മേയര്‍ വി വി രാജേഷിനോട് പറഞ്ഞിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട ശേഷം ഗവര്‍ണറുടെ ആശീര്‍വാദം തേടി മേയര്‍ രാജേഷും ഡെപ്യൂട്ടി മേയര്‍ ആശാനാഥും ലോക്ഭവനിലെത്തിയപ്പോഴാണ് ആര്‍ലേക്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്. യോഗത്തിലേക്ക് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ എല്ലാ കൗണ്‍സിലര്‍മാരെയും ക്ഷണിക്കുമെന്നാണ് ലോക്ഭവന് സൂചിപ്പിച്ചത്. ചുമതലയേറ്റശേഷം രണ്ടു പരിപാടികളിലേക്ക് മുന്‍ മേയര്‍ ആര്യാ രാജേന്ദ്രനെ ഗവര്‍ണര്‍ ആര്‍ലേക്കര്‍ ക്ഷണിച്ചിരുന്നെങ്കിലും ആര്യ പങ്കെടുത്തിരുന്നില്ല.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എംപിമാര്‍ക്ക് മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയേക്കില്ല. എംപിമാര്‍ മത്സരിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. ഉപതെരഞ്ഞെടുപ്പ് സാഹചര്യം കൂടി കണക്കിലെടുത്താണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ചില എംപിമാര്‍ പ്രത്യക്ഷമായും പരോക്ഷമായും മത്സരസന്നദ്ധത വ്യക്തമാക്കിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 മണ്ഡലങ്ങളില്‍ 18 ഇടത്താണ് യുഡിഎഫ് വിജയിച്ചത്. ഇതില്‍ 14 സീറ്റില്‍ കോണ്‍ഗ്രസ് എംപിമാരാണ്. ഇതില്‍ പകുതിയിലേറെപ്പേര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ ആഗ്രഹമുണ്ട്. മുന്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്, ശശി തരൂര്‍, കൊടിക്കുന്നില്‍ സുരേഷ്, ഹൈബി ഈഡന്, ഷാഫി പറമ്പില്‍ തുടങ്ങിയവരെല്ലാം നിയമസഭയിലേക്ക് നോട്ടമുള്ളവരാണ്.
കണ്ണൂരിലാണ് കെ സുധാകരന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നത്. കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. നേമം/ തിരുവനന്തപുരം – ശശി തരൂര്‍, ആലപ്പുഴ/ ഇരിക്കൂര്‍ – കെ സി വേണുഗോപാല്‍, കൊട്ടാരക്കര/ അടൂര്‍/ മാവേലിക്കര – കൊടിക്കുന്നില്‍ സുരേഷ്, പട്ടാമ്പി- ഷാഫി പറമ്പില്‍ തുടങ്ങിയ മണ്ഡലങ്ങളിലേക്കാണ് ഇവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ഇത്തവണ യുഡിഎഫ് വിജയിക്കുമെന്നും, അധികാരത്തിലേറിയാല്‍ മന്ത്രിക്കസേര ലഭിച്ചേക്കാമെന്നതുമാണ് നിയമസഭയിലേക്ക് മത്സരിക്കാന്‍ എംപിമാര്‍ക്ക് താല്‍പ്പര്യം ഏറുന്നത്.

ഇനിയും ഉപതെരഞ്ഞെടുപ്പ് വേണ്ടിവരുന്നത് ഒഴിവാക്കണമെന്നും, എംപിമാര്‍ മത്സരിക്കേണ്ടെന്നുമാണ് തന്റെ നിലപാടെന്ന് കെ മുരളീധരന് പറഞ്ഞു. ഞാന്‍ കാരണം കേരളത്തില്‍ രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ നടന്നിട്ടുണ്ട്. അതിന്റെ കുറ്റബോധം ഇന്നെനിക്കുണ്ട്. കഴിയുന്നത്ര ബൈ ഇലക്ഷനുകള്‍ ഒഴിവാക്കണം. സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമെന്ന് തന്നെയാണ് ഒരു ധാരണ. സിറ്റിങ് എംഎല്‍എമാര്‍ക്കെതിരായ വികാരമുള്ളതായി ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇക്കുറി സ്വന്തം നിലയ്ക്ക് മുന്‍കൈ എടുക്കില്ല. പാര്‍ട്ടി പറഞ്ഞാല്‍ മാത്രമേ ഇറങ്ങൂ. മാറി നിന്ന് പ്രചാരണത്തിന് നേതൃത്വം കൊടുക്കണമെന്ന് പറഞ്ഞാല്‍ സന്തോഷത്തോടെ സ്വീകരിക്കുമെന്നും കെ മുരളീധരന് കൂട്ടിച്ചേര്‍ത്തു.

by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഉദയ് എന്നാണ് ആധാറിന്റെ ഔദ്യോഗിക ചിഹ്നത്തിന് നല്‍കിയിരിക്കുന്ന പേര്. ആധാര്‍ സേവനങ്ങളെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ധാരണ ലളിതമാക്കുന്നതിനും ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ ആപേക്ഷികവും ജനസൗഹൃദമാക്കുക എന്നിവയാണ് പുതിയ ചിഹ്നം ലക്ഷ്യമിടുന്നത്.
ദേശീയ തല മത്സരത്തിലൂടെയാണ് പുതിയ ചിഹ്നം കണ്ടെത്തിയത്. തൃശ്ശൂരില്‍ നിന്നുള്ള അരുണ്‍ ഗോകുല്‍ തയ്യാറാക്കിയ ചിഹ്നമാണ് തെരഞ്ഞെടുക്കപ്പെട്ടത്. വിദ്യാര്‍ഥികള്‍, പ്രൊഫഷണലുകള്‍, ഡിസൈനര്‍മാര്‍ തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ളവരില്‍ നിന്നായി 875 എന്‍ട്രികളില്‍ നിന്നായിരുന്നു തെരഞ്ഞെടുപ്പ്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ യുഐഡിഎഐ ചെയര്മാന് നീലകണ്ഠ് മിശ്രയാണ് ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തത്. ആധാര്‍ സേവനങ്ങളെക്കുറിച്ച് ലളിതവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും എളുപ്പത്തില്‍ വിശദീകരിക്കുന്നതിനുമുള്ള യുഐഡിഎഐയുടെ തുടര്‍ച്ചയായ ശ്രമങ്ങളുടെ മറ്റൊരു സുപ്രധാന ഘട്ടമാണ് ചിഹ്നത്തിലുടെ സാധ്യമാകുന്നതെന്നും യുഐഡിഎഐ ചെയര്മാന് പറഞ്ഞു.
മഹാരാഷ്ട്രയിലെ പൂനെ സ്വദേശിക്കാണ് ചിഹ്നം നിര്‍ദേശിച്ചു കൊണ്ടുള്ള മത്സരത്തില്‍ രണ്ടാം സ്ഥാനം. ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നുള്ള കൃഷ്ണ ശര്‍മ്മ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നല്‍കുന്നതിനുള്ള മത്സരത്തില്‍ ഭോപ്പാലില്‍ നിന്നുള്ള റിയ ജെയിന് ഒന്നാം സ്ഥാനം കരസ്ഥമാക്കി. പുനെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും ഹൈദരാബാദ് സ്വദേശി മഹാരാജ് ശരണ്‍ ചെല്ലാപിള്ള മൂന്നാം സ്ഥാനവും സ്വന്തമാക്കി.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കുറച്ചും ‘ബാക്ക് ബെഞ്ചേഴ്സ്’ ഇല്ലാത്ത ക്ലാസ് മുറികള്‍ നടപ്പാക്കിയും സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരുന്നു. കേരളത്തിലെ വിദ്യാലയങ്ങളെ കൂടുതല്‍ ശിശുസൗഹൃദവും ജനാധിപത്യപരവുമാക്കാനുള്ള രണ്ട് സുപ്രധാന നിര്‍ദ്ദേശങ്ങളുടെ കരട് റിപ്പോര്‍ട്ടിന് കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി അംഗീകാരം നല്കി. ഇന്ന് ചേര്‍ന്ന സംസ്ഥാന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയാണ് നിര്‍ദേശങ്ങള്‍ അംഗീകരിച്ചത്.
വിദ്യാര്‍ത്ഥികളുടെ ശാരീരിക ആരോഗ്യം കൂടി കണക്കിലെടുത്ത് ബാഗിന്റെ ഭാരം ശാസ്ത്രീയമായി കുറയ്ക്കാനുള്ള നടപടികള്‍ ആരംഭിക്കുന്നത്. ആരും പിന്നിലല്ല എന്ന ഉറപ്പ് നല്‍കുക എന്നതാണ് ക്ലാസ് മുറികളിലെ ഇരിപ്പിട ക്രമീകരണത്തിലടക്കം മാറ്റം വരുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ കുട്ടികള്‍ക്കും തുല്യ പരിഗണന ലഭിക്കുന്ന, ജനാധിപത്യപരമായ പഠന അന്തരീക്ഷം സൃഷ്ടിക്കുകാനും ഈ നടപടി സഹായിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു.
ഈ വിഷയങ്ങള്‍ പഠിക്കാന്‍ നേരത്തെ എസ്.സി.ഇ.ആര്.ടി-യെ ചുമതലപ്പെടുത്തിയിരുന്നു. അവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് കമ്മിറ്റി വിശദമായി ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ പൊതുസമൂഹത്തിന്റെ അഭിപ്രായം കൂടി തേടും. ഇതിനായി അംഗീകാരം ലഭിച്ച കരട് റിപ്പോര്‍ട്ട് പൊതുജനങ്ങളുടെ അഭിപ്രായമാരായുന്നതിനായി എസിഇആര്‍ടിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് പരിശോധിച്ച് ജനുവരി 20 വരെ അഭിപ്രായങ്ങള്‍ അറിയിക്കാവുന്നതാണ്. ലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച് വരുന്ന അധ്യയന വര്‍ഷം തന്നെ ഈ മാറ്റങ്ങള്‍ നടപ്പിലാക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.


by Midhun HP News | Jan 9, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ രണ്ട് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.
തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോടു ചേര്‍ന്ന തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെയും കിഴക്കന്‍ ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതി ചെയ്തിരുന്ന തീവ്ര ന്യൂനമര്‍ദ്ദം അതി തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 36 മണിക്കൂറിനിടെ ഇത് തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലൂടെ പടിഞ്ഞാറ്വടക്കു പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇന്ന് വൈകുന്നേരം / രാത്രിയോടെ ശ്രീലങ്ക തീരം ഹബന്‍ടോട്ട യ്ക്കും, കാല്‍മുനായിക്കും ഇടയില്‍ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കന്‍ കേരളത്തിന് സമീപം തെക്ക് കിഴക്കന്‍ അറബിക്കടലിനു മുകളില്‍ ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നു. കേരളത്തില്‍ ജനുവരി 8 മുതല്‍ 12 വരെയുള്ള തീയതികളില്‍ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യത. ജനുവരി 10 ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Recent Comments