എംടിയുടെ ഡ്രീം പ്രൊജക്ട്, ‘രണ്ടാമൂഴം’ ഒരുക്കാൻ ഋഷഭ് ഷെട്ടി ?

എംടിയുടെ ഡ്രീം പ്രൊജക്ട്, ‘രണ്ടാമൂഴം’ ഒരുക്കാൻ ഋഷഭ് ഷെട്ടി ?

എംടി വാസുദേവൻ നായരുടെ ഡ്രീം പ്രൊജക്ട് രണ്ടാമൂഴം നടൻ ഋഷഭ് ഷെട്ടി സംവിധാനം ചെയ്യാൻ പോകുന്നുവെന്ന് റിപ്പോർട്ട്. അധികം വൈകാതെ തന്നെ ചിത്രത്തിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പുറത്തുവരുന്ന വിവരം. വൻ താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. പാൻ ഇന്ത്യൻ സിനിമയായി വിവിധ ഭാഷകളിൽ റിലീസ് ചെയ്യാൻ കഴിയുന്ന സംവിധായകൻ എന്ന നിലയിലാണ് എംടിയുടെ കുടുംബം ഋഷഭിനെ സമീപിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

എംടിയുടെ ആ​ഗ്രഹം പോലെ രണ്ട് പാർട്ടുകളായിട്ടായിരിക്കും ചിത്രമെത്തുക. എംടിയുടെ തന്നെ താല്പര്യ പ്രകാരം സംവിധായകനുമായി നേരത്തെ തന്നെ പ്രാരംഭ ചർച്ചകൾ നടന്നിരുന്നു. മുൻപ് സംവിധായകൻ മണിരത്നം ഈ സിനിമ ചെയ്യുമെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ സമയപരിമിതി മൂലം അദ്ദേഹം ഈ സിനിമയിൽ നിന്ന് പിന്മാറിയെന്നും മണിരത്നമാണ് ഋഷഭ് ഷെട്ടിയെ കുടുംബത്തിന് നിർദേശിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

പല വൻകിട കമ്പനികളും ഈ തിരക്കഥ സിനിമയാക്കാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ നടക്കാതെ പോയി. സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണം തുടങ്ങുന്നതു നീണ്ടു പോയതിനെത്തുടർന്ന് എംടി നിയമ നടപടികളിലൂടെ കരാറിൽ നിന്നു പിൻവാങ്ങുകയായിരുന്നു. പിന്നീടാണ് മകൾ അശ്വതി വി നായരെ തിരക്കഥ ഏൽപിച്ച് സിനിമ എത്രയും വേഗം പുറത്തിറക്കാൻ നടപടി ആരംഭിച്ചത്. ഇപ്പോൾ കണ്ടെത്തിയ സംവിധായകന്റെ നിർമാണക്കമ്പനിയും എംടിയുടെ കുടുംബം ഉൾപ്പെടുന്ന കമ്പനിയും ചേർന്നാണ് രണ്ടാമൂഴം നിർമിക്കുക.

എംടിയുടെ 9 ചെറുകഥകൾ ചേർത്ത് 9 സംവിധായകർ സംവിധാനം ചെയ്ത് ഈയിടെ ഒടിടിയിൽ റിലീസ് ചെയ്ത ‘മനോരഥങ്ങൾ’ എന്ന സിനിമ നിർമിച്ചത് എംടിയുടെ കുടുംബം ഉൾപ്പെടുന്ന നിർമാണക്കമ്പനിയാണ്. എന്തായാലും രണ്ടാമൂഴത്തിന്റെ പ്രഖ്യാപനത്തിനായി മലയാളികൾ കാത്തിരിക്കുകയാണ്.

‘സി​ഗരറ്റ് ഇല്ലെന്ന് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ്റെ സ്വരം കടുത്തു’; വൈകാരികമായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ

‘സി​ഗരറ്റ് ഇല്ലെന്ന് പറഞ്ഞപ്പോൾ ശ്രീനിയേട്ടൻ്റെ സ്വരം കടുത്തു’; വൈകാരികമായ കുറിപ്പ് പങ്കുവച്ച് സംവിധായകൻ

മലയാള സിനിമയിലെ തീരാനഷ്ടമാണ് നടൻ ശ്രീനിവാസന്റെ വിയോ​ഗം. ശ്രീനിവാസനെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് സംവിധായകൻ പി ജി പ്രേംലാൽ. പുകവലിയോട് ശ്രീനിവാസനുണ്ടായിരുന്ന അമിത താല്പര്യത്തെക്കുറിച്ചും ആ ശീലം ഉപേക്ഷിക്കാൻ നടത്തിയ പരിശ്രമത്തെക്കുറിച്ചും തുറന്നു പറയുന്നതാണ് പ്രേംലാലിന്റെ കുറിപ്പ്.

മാനസികമായി ആഗ്രഹിച്ചിട്ടും ആ ശീലം ഉപേക്ഷിക്കാൻ നല്ല രീതിയിൽ ബുദ്ധിമുട്ടിയ ശ്രീനിവാസന്റെ അനുഭവങ്ങൾ പ്രേംലാൽ പങ്കുവച്ചു. സമൂഹമാധ്യമത്തിൽ പങ്കുവച്ച ഓർമക്കുറിപ്പിലാണ് ശ്രീനിവാസന്റെ പുകവലി ശീലം മൂലമുണ്ടായ അനുഭവങ്ങൾ പ്രേംലാൽ വെളിപ്പെടുത്തിയത്.

പ്രേംലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

എന്നേക്കാൾ വലിയ പുകവലിക്കാരനായിരുന്നു ശ്രീനിയേട്ടൻ.

ആദ്യമായി കഥപറയാൻ ചെന്ന ദിവസം

ഒന്ന് തുടങ്ങിക്കിട്ടാനുള്ള എൻ്റെ സംഭ്രമം

മനസ്സിലാക്കി ശ്രീനിയേട്ടൻ ചോദിച്ചു, “വലിക്കുമോ ?”

ഉവ്വെന്ന് ഞാൻ പറഞ്ഞപ്പോൾ

കൈയിലിരുന്ന ട്രിപ്പിൾ ഫൈവിൻ്റെ പാക്കറ്റ് എൻ്റെ നേർക്ക് നീട്ടി ശ്രീനിയേട്ടൻ പറഞ്ഞു,

“ഒന്നു വലിച്ചോ! എന്നിട്ട് പറഞ്ഞാൽ മതി.”

പിന്നെയങ്ങോട്ടുള്ള കാലം ഒരുമിച്ച് കുറേ വലിച്ചു.’ആത്മകഥ’ യുടെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം തൊട്ടേ ആ തോളിൽ കൈയിട്ടു നിന്ന് സിഗററ്റ് വലിക്കാൻ സ്വാതന്ത്ര്യം കിട്ടി. ഷോട്ട് പറഞ്ഞു കൊടുക്കുമ്പോൾ പോലും ഞാൻ സിഗററ്റ് വായിൽ തിരുകിനിന്നു.

‘ആത്മകഥ’യുടെ ഷൂട്ടിംഗ് സമയത്ത് മഞ്ഞ് ആവശ്യമായി വരുന്ന സമയത്ത് ആർട്ട് ഡിപ്പാർട്ട്മെൻ്റുകാർ അവരുടെ പുക ഉണ്ടാക്കിക്കൊണ്ടിരിക്കെ ഞങ്ങൾ കേൾക്കില്ല എന്ന വിശ്വാസത്തിൽ “ശ്രീനിയേട്ടനേം ഡയറക്ടറേം കുറച്ചു നേരം അവിടെ പിടിച്ചു നിർത്തിയാ മതി. കോട നിറഞ്ഞോളും “എന്ന്

യൂണിറ്റുകാർ അടക്കം പറഞ്ഞു ചിരിച്ചു.

ശ്രീനിയേട്ടൻ്റെ വീട്ടിൽ പോകുന്ന സമയത്ത് എൻ്റെ നാടൻ സിഗരറ്റ് മറന്നുവെന്ന് ഞാൻ മിക്കപ്പോഴും അഭിനയിച്ചു. ആ അഭിനയം മനസ്സിലായില്ല എന്ന് തിരിച്ച് ഇങ്ങോട്ടും അഭിനയിച്ച് ശ്രീനിയേട്ടൻ ട്രിപ്പിൾ ഫൈവ് തന്നുകൊണ്ടേയിരുന്നു ! അങ്ങനെയൊരു 4-5 കൊല്ലം !

ഒരു നാൾ കണ്ടനാട്ടെ വീട്ടിൽ ചെന്നപ്പോൾ പതിവുപോലെ ഒരു സിഗററ്റ് ചോദിച്ച എന്നോട് ശ്രീനിയേട്ടൻ പറഞ്ഞു,

“പ്രേംലാൽ , ഞാൻ പുകവലി നിർത്തി ”

തികച്ചും അപ്രതീക്ഷിതമായ വാക്കുകളായിരുന്നതിനാൽ ഞാൻ ഞെട്ടി. എങ്കിലും അന്നേരം മനസ്സിൽ പറയാൻ തോന്നിയത്

“ആ എന്നാ ഞാനും നിർത്തി ” എന്നാണ്.

“ശരിക്കും?” എന്ന് ശ്രീനിയേട്ടൻ്റെ ചോദ്യം. “അതെ” എന്ന് ഞാൻ ഉറപ്പിച്ചു.

2014 നവംബർ 19-ാം തീയതി ആയിരുന്നു അന്ന് !

പക്ഷേ….പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് ഞാൻ വീണ്ടും ശ്രീനിയേട്ടനെ കാണാൻ ചെല്ലുമ്പോൾ പുള്ളിക്കാരനുണ്ട് സിഗരറ്റും വലിച്ച് മുറ്റത്തുണ്ട്.

“ആ…. വീണ്ടും തുടങ്ങിയോ ?” എന്ന് ചോദിച്ചപ്പോൾ എനിക്കു നേരെ സിഗററ്റ് പാക്കറ്റ് നീട്ടി ശ്രീനിയേട്ടൻ.

“എനിക്ക് വേണ്ട. ഞാൻ വാക്കു പറഞ്ഞാ പറഞ്ഞതാ. നിർത്തി”

ശ്രീനിയേട്ടൻ അത്ഭുതപ്പെട്ടു നോക്കി !

പിന്നീട് പലപ്പോഴും കണ്ടുമുട്ടുന്നതിനിടയിൽ എപ്പോഴോ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. എന്നോടൊപ്പമുള്ളപ്പോൾ ശ്രീനിയേട്ടൻ സിഗററ്റിന് തീ കൊളുത്തുന്നില്ല !

ഞാൻ ചോദിച്ചു “എന്തേ ശ്രീനിയേട്ടൻ വലിക്കാത്തത് ?”

“പുകവലി നിർത്താനുള്ള പെടാപ്പാട് എനിക്ക് നന്നായി അറിയാം.

അത് നിർത്താൻ കഴിഞ്ഞ ഒരാളുടെ അടുത്തിരുന്നു വലിച്ച് പ്രലോഭിപ്പിക്കാൻ കാരണമാവുന്നത് ഒരു ക്രൈമാണ്”

ശ്രീനിയേട്ടൻ ചിരിയോടെ പറഞ്ഞു.

ശ്രീനിയേട്ടൻ്റെ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചു മാസങ്ങൾ കഴിഞ്ഞ് കണ്ടനാട്ടേക്ക് വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഫോൺ, “പ്രേംലാൽ, ഒരു പാക്കറ്റ് സിഗററ്റ് കൊണ്ടുവരണം”

“നടക്കില്ല ശ്രീനിയേട്ടാ” എന്ന് ഞാൻ കടുപ്പം പറഞ്ഞു.

“ഇപ്പോ ഒരു കുഴപ്പവുമില്ല. വല്ലപ്പോഴും ഒരു പുകയെടുക്കാനാണ്. വിമലയറിഞ്ഞാ സമ്മതിക്കില്ല. അതുകൊണ്ടല്ലേ! വാങ്ങിച്ചിട്ടുവരണം” എന്നു പറഞ്ഞ് ശ്രീനിയേട്ടൻ ഫോൺ കട്ട് ചെയ്തു.

ചെന്നുകയറിയ ഉടൻ വിമലച്ചേച്ചി കാണാതെ ആക്രാന്തം കലർന്ന സ്വരത്തിൽ ചോദിച്ചു, “എവിടെ ?”

ഞാൻ പറഞ്ഞു ” വാങ്ങിച്ചില്ല”

അതിനു മുമ്പോ ശേഷമോ ഒരിക്കലും കാണാത്ത വിധം ആ മുഖത്ത് ഗൗരവവും നീരസവും നിറഞ്ഞു.

“ഏതു ഘട്ടത്തിലും കൂടെ നില്ക്കുന്ന ചിലർ ഉണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ആ വിശ്വാസം തെറ്റിപ്പോയി” എന്ന് ശ്രീനിയേട്ടൻ്റെ സ്വരം കടുത്തു.

അന്നേ ദിവസം ഒരക്ഷരം എന്നോടു സംസാരിച്ചില്ല. ഫോൺകോളുകൾ അറ്റൻഡ് ചെയ്തും ചെയ്യുന്നതായി നടിച്ചും അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടയ്ക്കെപ്പോഴോ ഞാൻ യാത്ര പറഞ്ഞിറങ്ങി. പ്രതികരണമൊന്നുമുണ്ടായില്ല.

പിറ്റേന്ന്, വീണ്ടും ഞാൻ കണ്ടനാട്ടേക്ക് വണ്ടിയോടിച്ചു. ഒരു പെട്ടിക്കടയിൽ നിന്ന് ഒരൊറ്റ സിഗററ്റ് മാത്രം വാങ്ങി കൈയിൽ വെച്ചു. മുൻകൂട്ടി വിളിച്ചുപറയാതെയുള്ള ആദ്യത്തെ യാത്ര ! അതുകൊണ്ടുതന്നെ ഞാൻ വീടിൻ്റെ മുമ്പിലുണ്ടെന്നും ഗേറ്റു തുറക്കാനും പറഞ്ഞ് വിളിച്ചപ്പോൾ ശ്രീനിയേട്ടൻ വിസ്മയിച്ചു. അകത്തുചെന്ന് വിമലച്ചേച്ചി കാണാതെ സിഗററ്റ് കൈമാറിയപ്പോൾ ഹൃദയം നിറഞ്ഞ് ചിരിച്ചു. ബാത്റൂമിൽ കയറി പുകയെടുത്ത് പുറത്തുവന്ന് ” ശരിക്കും ഒരു എനർജി വന്നതുപോലെ “എന്ന് ഉത്സാഹത്തോടെ പറഞ്ഞ്, പിന്നെ തെല്ലൊരു സംശയഭാവത്തോടെ “ഒരു പാക്കറ്റല്ലേ പറഞ്ഞിരുന്നത് ?” എന്ന് സന്ദേഹിച്ചു.

” പറഞ്ഞത് അങ്ങനെ തന്നെയായിരുന്നു, ഒരെണ്ണം മതിയെന്ന് ഞാനങ്ങ് വിചാരിച്ചു. പക്ഷേ ഞാൻ നിർത്തി. ഇനി ഒരെണ്ണം കൂടി വാങ്ങാൻ പറഞ്ഞാൽ, ഒരു കാലത്തും ഇനി ഞാൻ ഇങ്ങോട്ട് വരില്ല” എന്ന് ഉറപ്പിച്ച് പറഞ്ഞു. പുള്ളിക്കാരൻ കുറേ ചിരിച്ചു. പിന്നെ ചുമച്ചു.

വർഷങ്ങൾക്കു ശേഷം , അതായത് …. മൂന്നു വർഷങ്ങൾക്കു മുമ്പ് നെഞ്ചുവേദന വന്ന് ശ്രീനിയേട്ടൻ ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് കണ്ടപ്പോൾ ‘എന്തുപറ്റി ‘യെന്ന ചോദ്യത്തിന് “സിഗററ്റ് വലിച്ചതുകൊണ്ടാണെന്നാ ഡോക്ടർ പറഞ്ഞത് ” എന്ന് നിഷ്ക്കളങ്കനായി മറുപടി തന്നപ്പോൾ ശരിക്കും ഞെട്ടി! ഒരൊറ്റ സിഗററ്റിൻ്റെ തീയിൽ കുറ്റബോധവും ആത്മവേദനയും എരിഞ്ഞുകത്തി.

പക്ഷേ, ഒന്നല്ല… പല തവണയെന്ന നിലയ്ക്ക് സിഗററ്റുകൾ പുകഞ്ഞിരുന്നുവെന്ന് ശ്രീനിയേട്ടൻ കള്ളച്ചിരിയോടെ പറഞ്ഞു. ഒരു തിരക്കഥ എഴുതിക്കാൻ പുറകേ നടന്ന ഒരാളെക്കൊണ്ടാണ് കാര്യം നടത്തിച്ചെടുത്തിരുന്നത് എന്നും കുത്തിക്കുത്തി ചോദിച്ചപ്പോൾ മറുപടി കിട്ടി. വിമലച്ചേച്ചിയും അതുതന്നെ പറഞ്ഞു. എന്തായാലും പുകവലി അതോടെ അവസാനിപ്പിച്ചു, ശ്രീനിയേട്ടൻ !

“വേദന സഹിക്കാൻ വേറെ ആളെ കിട്ടുമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അത് നടക്കുന്ന കാര്യമല്ലല്ലോ”

എന്ന് സ്വയം ആശ്വസിച്ചു.

കഴിഞ്ഞ വർഷം, ഞാൻ പുകവലി നിർത്തിയതിൻ്റെ പത്താം ‘വാർഷിക’ത്തിൻ്റെ കാര്യം ശ്രീനിയേട്ടനോട് പറഞ്ഞപ്പോൾ

” ലോകത്ത് അതിജീവിക്കാൻ ഏറ്റവും പ്രയാസമുള്ള പ്രലോഭനത്തെയാണ് പ്രേംലാൽ തോല്പിച്ചത്. ഈ അവസ്ഥയിലും ഒരു സിഗററ്റ് കൈയിൽ കിട്ടിയാൽ ഞാൻ വലിച്ചുപോവും! വിജയം തുടരൂ” എന്ന് പറഞ്ഞുചിരിച്ചു.

യഥാർത്ഥത്തിൽ ആ വിജയം ശ്രീനിയേട്ടനും അവകാശപ്പെട്ടതായിരുന്നു. സിഗററ്റ് ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടര വർഷക്കാലം ഞാൻ അക്ഷരാർത്ഥത്തിൽ ചിന്താപരമായി മുരടിച്ചുപോയിരുന്നു. വിരലുകൾക്കിടയിൽ സിഗററ്റ് എരിഞ്ഞുനില്ക്കാതെ വന്നപ്പോൾ ഒരു പത്തു മിനിട്ടിൽ കൂടുതൽ നേരം കഥയാലോചിച്ച് ഇരിക്കാൻ കഴിയാത്ത നിലയായി.

ഒരു വരി പോലും എഴുതാൻ കഴിയാത്ത അവസ്ഥ! ഒടുവിൽ മനസ്സുമടുത്ത് ഞാൻ കാര്യം ശ്രീനിയേട്ടനോട് തുറന്നുപറഞ്ഞു. ഒന്നും ചെയ്യാനോ ചിന്തിക്കാനോ കഴിയുന്നില്ലെന്നും വീണ്ടും വലി തുടങ്ങിയേ പറ്റൂവെന്നും പറഞ്ഞുകൊണ്ട് ഞാൻ മേശപ്പുറത്തെ ട്രിപ്പിൾഫൈവ് പാക്കറ്റിനു വേണ്ടി കൈനീട്ടിയ നേരം, ശ്രീനിയേട്ടൻ തടഞ്ഞു. എഡിസൺ പറഞ്ഞ ആ പ്രശസ്ത വാചകം ഓർമ്മിപ്പിച്ചു,

“വിജയത്തിന് തൊട്ടടുത്തെത്തി എന്നത് തിരിച്ചറിയാതെ പരിശ്രമത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് പല മനുഷ്യർക്കും പറ്റുന്ന പിഴവ്! ചിലപ്പോ കുറച്ച് ആഴ്ചകൾ കൂടി … ചിലപ്പോൾ കുറച്ച് മാസങ്ങൾ… അതിനുള്ളിൽ പ്രേംലാലിന് ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ പറ്റും. കോൺഫിഡൻസാണ് പ്രധാനം”.

അന്ന് ഞാൻ വലിച്ചില്ല; പിന്നെയങ്ങോട്ടും ! എഴുത്തും ചിന്തയും കഥകളും അധികം വൈകാതെ, ശ്രീനിയേട്ടൻ പറഞ്ഞതുപോലെ തിരിച്ചെത്തി. പുക വിഴുങ്ങുന്ന ശീലം അവസാനിപ്പിച്ചതിൻ്റെ 11 വർഷങ്ങൾ പിന്നിടുമ്പോൾ അതുകൊണ്ടുതന്നെ ഞാൻ കലയിൽ മാത്രമല്ല, ജീവിതത്തിലും പ്രിയപ്പെട്ട ശ്രീനിയേട്ടനോട് കടപ്പെട്ടിരിക്കുന്നു.

സ്വയം പുകയെ ലഹരിയായി കൊണ്ടുനടക്കുമ്പോഴും എനിക്കു വേണ്ടി വലിക്കാതിരുന്ന മനുഷ്യനാണ്. ഞാൻ ജയിക്കാൻ ഒപ്പം നിന്ന മനുഷ്യൻ ! അല്ലെങ്കിലും വലിയ മനുഷ്യർ അങ്ങനെത്തന്നെയാണല്ലോ ! അപരരുടെ വിജയങ്ങളിലും അവർക്ക് ഹൃദയം തുറന്ന് പുഞ്ചിരിക്കാൻ കഴിയുമല്ലോ !

ശ്രീനിയേട്ടാ…നന്ദി !

സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം ‘റെയിൽ വൺ’, നിർദേശവുമായി റെയിൽവേ

സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം ‘റെയിൽ വൺ’, നിർദേശവുമായി റെയിൽവേ

തിരുവനന്തപുരം: റെയിൽവേ ആപ്പായ യുടിഎസ് ഓൺ മൊബൈൽ ആപ്പിൽ (അൺ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം) ഇനി സീസൺ ടിക്കറ്റ് ലഭിക്കില്ല. റെയിൽവേയുടെ പുതിയ ആപ്പായ ‘റെയിൽ വൺ’ ആപ്പിലൂടെ സീസൺ ടിക്കറ്റ് എടുക്കാനും പുതുക്കാനും റെയിൽവേ നിർദേശിച്ചു.

എല്ലാ സേവന ആപ്പുകളെയും ഉൾപ്പെടുത്തി റെയിൽവേ ഏകീകരിച്ച ആപ്പാണ് റെയിൽ വൺ. സാധാരണ ടിക്കറ്റും പ്ലാറ്റ്‌ഫോം ടിക്കറ്റും യുടിഎസ് ആപ്പിൽ ലഭിക്കും. നിലവിൽ യുടിഎസ് വഴി സീസൺ ടിക്കറ്റ് എടുത്തവർക്ക് ‘ഷോ ടിക്കറ്റിൽ’ അത് നിലനിൽക്കും.

2026 ജനുവരി 14 മുതൽ ജൂലൈ 14 വരെ റെയിൽ വൺ ആപ്പ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ വാങ്ങുമ്പോൾ മൂന്നുശതമാനം ഇളവ് ലഭിക്കും. ഏതെങ്കിലും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കണം. നിലവിൽ, RailOne ആപ്പിൽ R-wallet പേയ്‌മെൻ്റ് വഴി റിസർവ് ചെയ്യാത്ത ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് 3 ശതമാനം ക്യാഷ്ബാക്ക് നൽകുന്നു.

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥികള്‍ ജനുവരി 12 നകം ചെലവ്കണക്ക് സമര്‍പ്പിക്കണം

തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ സ്ഥാനാര്‍ഥികളും ജനുവരി 12 നകം തെരഞ്ഞെടുപ്പ് ചെലവ് കണക്ക് ഓണ്‍ലൈനായി സമര്‍പ്പിക്കണം. നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. കമ്മീഷന്റെ ഉത്തരവ് തീയതി മുതല്‍ 5 വര്‍ഷത്തേക്കായിരിക്കും അയോഗ്യത വരിക. 2025 ലെ പൊതുതെരഞ്ഞെടുപ്പില്‍ ആകെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23573 വാര്‍ഡുകളിലായി ആകെ 75627 സ്ഥാനാര്‍ഥികളാണ് മത്സരിച്ചത്.

പത്രികാസമര്‍പ്പണം മുതല്‍ വോട്ടെണ്ണല്‍ വരെ നടത്തിയ ചെലവ് കണക്കാണ് നല്‍കേണ്ടത്. തെരഞ്ഞെടുപ്പ് ചെലവ് കണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാര്‍ക്ക് നേരിട്ടും നല്‍കാം. നിശ്ചിത ഫാറത്തില്‍ നല്‍കുന്ന ചെലവ് കണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകര്‍പ്പുകളും നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവ് കണക്ക് നേരിട്ട് സമര്‍പ്പിച്ചിട്ടും തുടര്‍നടപടികളുണ്ടാകുന്നതില്‍ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാര്‍ഥികളുടെ പരാതികളെ തുടര്‍ന്നാണ് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയതെന്ന് കമ്മീഷണര്‍ അറിയിച്ചു.

അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സർക്കാർ

അധ്യാപക നിയമനത്തിന് ഇനി കെ-ടെറ്റ് നിര്‍ബന്ധം; ഉത്തരവിറക്കി സർക്കാർ

തിരുവനന്തപുരം: സര്‍ക്കാര്‍ – എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനങ്ങള്‍ക്കും സ്ഥാനക്കയറ്റങ്ങള്‍ക്കും കെ-ടെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ്. 2025 സെപ്റ്റംബര്‍ ഒന്നിലെ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കിയതോടെ നിലവിലുണ്ടായിരുന്ന പല ഇളവുകള്‍ ഇല്ലാതായി.

സെറ്റ്, നെറ്റ്, എംഫില്‍, പിഎച്ച്ഡി, എംഎഡ് എന്നീ ഉയര്‍ന്ന യോഗ്യതകള്‍ ഉള്ളവരെ കെ-ടെറ്റ് നേടുന്നതില്‍ നിന്നും ഒഴിവാക്കിയതുള്‍പ്പെടെയാണ് പുതിയ ഉത്തരവോടെ റദ്ദാകുന്നത്. ഇതോടെ ഈ യോഗ്യതയുള്ളവരും ഇനി അധ്യാപക തസ്തികകളിലേക്കും സ്ഥാനക്കയറ്റത്തിനും കെ-ടെറ്റ് യോഗ്യത വേണ്ടിവരും. ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് പ്രധാന അധ്യാപകരാകാനോ, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലേക്ക് ബൈട്രാന്‍സ്ഫര്‍ നിയമനം ലഭിക്കാനോ ഇനി കെ-ടെറ്റ് കാറ്റഗറി മൂന്ന് നിര്‍ബന്ധമാണ്.എല്‍പി, യുപി അധ്യാപക നിയമനങ്ങള്‍ക്ക് കെ-ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ പരിഗണിക്കും. എന്നാല്‍ ഹൈസ്‌കൂള്‍ നിയമനങ്ങള്‍ക്ക് കാറ്റഗറി മൂന്ന് തന്നെ വേണം. കേന്ദ്ര അധ്യാപക യോഗ്യതാ പരീക്ഷ സിടെറ്റ് വിജയിച്ചവര്‍ക്കുള്ള ഇളവ് തുടരും. സി-ടെറ്റ് പ്രൈമറി സ്റ്റേജ് വിജയിച്ചവരെ എല്‍പി നിയമനത്തിനും എലമെന്ററി സ്റ്റേജ് വിജയിച്ചവരെ യുപി നിയമനത്തിനും പരിഗണിക്കും. എച്ച്എസ്ടി/യുപിഎസ്ടി/എല്‍പിഎസ്ടി തസ്തികകളിലേക്കുള്ള ബൈട്രാന്‍സ്ഫര്‍ നിയമനങ്ങള്‍ക്ക് അതാത് കാറ്റഗറിയിലെ കെ-ടെറ്റ് വിജയിച്ചര്‍ക്ക് മാത്രമായിരിക്കും പരിഗണന.

യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ

ആറ്റിങ്ങൽ ചാത്തൻപാറ ഭാഗത്ത് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ വെച്ച് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ ആലംകോട് തെഞ്ചേരിക്കോണം ഞാറവിള വീട്ടിൽ അസ്ഹറുദ്ദീനെയാണ് (19) ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തത്.

വൈകിട്ട് 7.30 മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി യുവതിയെ പ്രതി പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്ത് വച്ച് ഉപദ്രവിക്കുകയായിരുന്നു. സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് സ്റ്റേഷനിൽ പരാതി നൽകുകയും ആറ്റിങ്ങൽ ഡിവൈഎസ്പിയുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ് എച്ച് ഒ അജയൻ ജെയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു അന്വേഷണം.

സംഭവസ്ഥലത്തിന് സമീപമുള്ള 50-ലധികം സിസിടിവി ദൃശ്യങ്ങൾ പോലീസ് സൂക്ഷ്മമായി പരിശോധിച്ചു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട 15 ലധികം വാഹനങ്ങളെയും 10 ഓളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ് ഐ ജിഷ്ണു എം എസ്, എസ് ഐ സിതാര മോഹൻ, എസ് സി പി ഒ ഷജീർ, സി പി ഒ മാരായ ദീപു കൃഷ്ണൻ, അജിൻരാജ്, അനന്തു എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്.