ചിറയിൽകീഴിൽ വൻ മദ്യ വേട്ട

ചിറയിൽകീഴിൽ വൻ മദ്യ വേട്ട

ക്രിസ്മസ് ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് ചിറയിൻകീഴ് റേഞ്ച് ഇൻസ്‌പെക്ടർ വി എസ് ദീപുക്കുട്ടന്റെ നേതൃത്വത്തിൽ തുടർച്ചയായി നടത്തികൊണ്ടിരിക്കുന്ന ശക്തമായ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചിറയിൻകീഴ് ഇരട്ടകലുങ് ഡ്രീം ലാൻഡ് വീട്ടിൽ നടത്തിയ പരിശോധനയിൽ വീടിന്റെ കാർ പോർച്ചിന്റെ കോണിൽ പ്രത്യേകമായി സ്റ്റോർ റൂം സജ്ജീകരിച്ച് അതിനുള്ളിൽ 99 കെയ്സുകളിലായി 891 ലിറ്റർ ഗോവ നിർമ്മിത അനധികൃത വിദേശ മദ്യം കണ്ടെത്തി.

തുടർന്ന് ഡ്രീം ലാൻഡ് വീട്ടിൽ താമസക്കാരനായ 53 വയസ്സുള്ള ബിനു ജി യെ അറസ്റ്റ് ചെയ്ത് അബ്കാരി കേസ്സെടുത്തു. കേസ് ചിറയിൻകീഴ് റേഞ്ചിൽ രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്‌പെക്ടറെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് രാജേഷ് കെ ആർ, പ്രിവന്റീവ് ഓഫീസർ എ ജസീം, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷംനാദ്, പ്രവീൺ, അജാസ്, അഖിൽ, വൈശാഖ്,വനിത സിവിൽ എക്സൈസ് ഓഫീസർ മഞ്ജുഷ, ഡ്രൈവർ ഉഫൈസ് ഖാൻ എന്നിവർ പങ്കെടുത്തു.

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

ആദ്യഘട്ട വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറും; ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ- ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ദ്രുതഗതിയില്‍ പൂര്‍ത്തിയാകുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആദ്യഘട്ടമെന്ന നിലയില്‍ വീടുകള്‍ ഫെബ്രുവരിയില്‍ കൈമാറുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് കല്‍പ്പറ്റ ബൈപ്പാസിന് സമീപം ഏറ്റെടുത്ത എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമിയിലാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം ദ്രുതഗതിയില്‍ പുരോഗമിക്കുന്നത്.

മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ നടുക്കത്തിലാണ് 2025ലേക്ക് കേരളം കടന്നത്. ലോകമെമ്പാടുമുള്ള മലയാളികള്‍ ഒറ്റ മനസ്സോടെയാണ് ദുരന്തബാധിതരോട് ചേര്‍ന്നു നിന്നത്. 2026ലേക്ക് കടക്കുമ്പോള്‍ ആ ജനതയെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഏറ്റവും നല്ലനിലയില്‍ വാസസ്ഥലങ്ങള്‍ ഒരുക്കാന്‍ കഴിയുന്നതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

410 വീടുകളും അനുബന്ധ സൗകര്യങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ടൗണ്‍ഷിപ്പ്. പ്രകൃതി ദുരന്തങ്ങളെ പ്രതിരോധിക്കുന്ന തരത്തില്‍ അത്യാധുനിക സൗകര്യങ്ങളോടെ പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ 35 ക്ലസ്റ്ററുകളിലായാണ് ടൗണ്‍ഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. ഓരോ ക്ലസ്റ്ററിലും കുട്ടികള്‍ക്ക് കളിക്കുന്നതിനും മുതിര്‍ന്നവര്‍ക്ക് ഒത്തുകൂടുന്നതിനും ആവശ്യമായ പൊതു ഇടങ്ങളുണ്ട്.

11.4 കിലോമീറ്റര്‍ റോഡ്, ഭൂഗര്‍ഭ വൈദ്യുതി വിതരണ ശൃംഖല, 9.5 ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള കുടിവെള്ള ടാങ്കും വിതരണ ശൃംഖലയും, കൂടാതെ ഓരോ വീട്ടിലും 1000 ലിറ്റര്‍ കുടിവെള്ള ടാങ്ക്, ഫുട്ബാള്‍ ഗ്രൗണ്ട്, മാര്‍ക്കറ്റ്, അംഗന്‍വാടി, കമ്മ്യൂണിറ്റി ഹാള്‍, മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങള്‍, പൊതുജന ആരോഗ്യ കേന്ദ്രം, മെമ്മോറിയല്‍, ഓരോ വീട്ടിലും സൗരോര്‍ജ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങള്‍ ടൗണ്‍ ഷിപ്പിലുണ്ടാകും.

207 വീടുകളുടെ വാര്‍പ്പ് പൂര്‍ത്തിയായി. ബാക്കി വീടുകളുടെ തറ കെട്ടുന്ന പണി, കോണ്‍ക്രീറ്റ് ഭിത്തി, തേപ്പ്, ടൈല്‍ പാകല്‍, പെയിന്റിംഗ് എന്നീ ജോലികള്‍ വിവിധ ഘട്ടങ്ങളിലായി പുരോഗമിക്കുന്നു. 3.9 കിലോമീറ്റര്‍ നീളത്തില്‍ റോഡിന്റെ പ്രാരംഭ പണി പൂര്‍ത്തിയായി. കുടിവെള്ള ടാങ്കിന്റെ റാഫ്റ്റ് വാര്‍ക്കല്‍ കഴിഞ്ഞു. 1600ഓളം ജീവനക്കാര്‍ രാപ്പകല്‍ ഭേദമന്യേ ജോലി ചെയ്യുന്നുണ്ട്. 58 ഘട്ടങ്ങളിലായി ഗുണമേന്മ പരിശോധിച്ച് ഉറപ്പുവരുത്തിയാണ് അടുത്തഘട്ടത്തിലേക്ക് കടക്കുന്നതിന് അനുമതി നല്‍കുന്നത്.

20 വര്‍ഷത്തോളം വാറന്റിയുള്ള, വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച സാധന സാമഗ്രികളാണ് നിര്‍മാണത്തിനുപയോഗിക്കുന്നത്. സിമന്റ്, മണല്‍, മെറ്റല്‍, കമ്പി മുതലായവ നിര്‍മാണ സ്ഥലത്ത് സജ്ജീകരിക്കുന്ന ലാബിലെ ടെസ്റ്റ് കൂടാതെ സ്വതന്ത്ര മൂന്നാം കക്ഷിയുടെ പരിശോധന കൂടി നടത്തി ഗുണമേന്മ ഉറപ്പ് വരുത്തിയ ശേഷം മാത്രമാണ് ഉപയോഗിക്കുന്നത്. മുഴുവന്‍ നിര്‍മാണങ്ങള്‍ക്കും 5 വര്‍ഷത്തേയ്ക്ക് കേടുപാടുകളില്‍ നിന്നും കരാറുകാര്‍ സംരക്ഷണം നല്‍കും. മുന്നൂറോളം വീടുകളും അനുബന്ധ സൗകര്യങ്ങളും പൂര്‍ത്തീകരിച്ച് ഒന്നാം ഘട്ടമായി ഫെബ്രുവരിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറുന്നതിനാണ് ലക്ഷ്യമിടുന്നത്.’ബില്‍ഡ് ബാക്ക് ബെറ്റര്‍’ എന്ന തത്വം ഉള്‍ക്കൊണ്ട് ഓരോ ദുരന്തബാധിതനും കൂടുതല്‍ മെച്ചപ്പെട്ട ജീവിതം ഉറപ്പ് വരുത്തുന്നതിനായുള്ള സമഗ്ര പുനരധിവാസമാണ് ടൗണ്‍ഷിപ്പിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വർക്കലയിൽ പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു

വർക്കലയിൽ പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു

പ്രസവത്തിനുശേഷം അമിത രക്തസമ്മർദ്ദ മൂലം യുവതി മരണപ്പെട്ടു. വർക്കല വെട്ടൂർ പഞ്ചായത്ത് വിളഭാഗം ഒമ്പതാം വാർഡിൽ ഗായത്രി 29 വയസ്സാണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസമാണ് യുവതിയെ പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് പ്രസവിക്കുകയുംഅമിത രക്തസമ്മർദ്ദം ഉണ്ടാവുകയും ചെയ്തു. തുടർന്ന് ഗുരുതരാവസ്ഥയിൽ ആയ യുവതിയെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും കിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും യുവതി മരണത്തിന് കീഴടങ്ങുകയായിരുന്നു.

യുവതിയുടെ മരണത്തിൽ അസ്വഭാവികഥ ആരോപിച്ചു യുവതിയുടെ ബന്ധുക്കൾ രംഗത്ത് വന്നിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് ബന്ധുക്കളെ അറിയിച്ചു. സ്വന്തം വീട്ടിലേക്ക് ശവസംസ്കാര ചടങ്ങുകൾക്കായി യുവതിയെ വിതുരയിലുള്ള വീട്ടിലേക്ക് കൊണ്ടുപോയി.

കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ‘പാട്രിയറ്റ്’ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി

കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ‘പാട്രിയറ്റ്’ സെറ്റിൽ പുതുവത്സരം ആഘോഷിച്ച് മമ്മൂട്ടി

പതിനേഴ് വർ‌ഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തുന്ന ചിത്രമാണ് പാട്രിയറ്റ്. ചിത്രത്തിന്റെ ഓരോ അപ്ഡേറ്റിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതും. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഇതിനോടകം പ്രേക്ഷകരിലുണ്ടാക്കിയിരിക്കുന്ന ഓളവും ചെറുതല്ല. ഇപ്പോഴിതാ പാട്രിയറ്റ് സെറ്റിൽ പുതുവത്സരം ആഘോഷിക്കുകയാണ് മമ്മൂട്ടിയും അണിയറപ്രവർത്തകരും.

സഹപ്രവർത്തകർക്കൊപ്പം കേക്ക് മുറിക്കുന്ന വിഡിയോ മമ്മൂട്ടിയും തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിട്ടുണ്ട്. ചങ്ങനാശ്ശേരി മീഡിയ വില്ലേജ് പ്രിന്‍സിപ്പൽ ഫാ ജിന്റോ മുരിയങ്കിരിയും ആഘോഷത്തിൽ പങ്കുചേർന്നു. മലയാളത്തിലെ ഏറ്റവും വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന സിനിമയുടെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്.

ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യുകെ എന്നിവിടങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ കൊച്ചിയിൽ പുരോഗമിക്കുകയാണ്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ,ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തിയറ്ററുകളിലെത്തിക്കുക.

ന്യൂ ഇയർ ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കളുടെ ബൈക്കിലേക്ക് കാർ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

ന്യൂ ഇയർ ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കളുടെ ബൈക്കിലേക്ക് കാർ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ന്യൂ ഇയർ ആഘോഷം കഴിഞ്ഞു മടങ്ങിയ യുവാക്കളുടെ ബൈക്കിലേക്ക് കാർ ഇടിച്ചു കയറി ഒരു മരണം. നെടുമങ്ങാട് അഴീക്കോട് കുറുങ്ങോട് ആലമുക്ക് സർജ്ജു മൻസിലിൽ ഷറഫുദ്ദീൻ മകൻ മുഹമ്മദ് ഫവാസ് (23)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്നയാൾ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ.

ഗുരുവായൂരിൽ വൻ ഭക്തജന പ്രതിഷേധം

ഗുരുവായൂരിൽ വൻ ഭക്തജന പ്രതിഷേധം

കിഴക്കേ നടപ്പന്തലിലാണ്‌ ഭക്തജനങ്ങൾ പ്രതിഷേധവുമായി എത്തിയത്‌. ഇന്നലെ രാത്രി പത്ത്‌ മണി മുതൽ ക്യൂ നിൽക്കുന്നവരെ കടത്തി ദർശ്ശനത്തിന്‌ കടത്തിവിടാതെ സ്പെഷൽ പാസ്സ്‌ ഉള്ള ആയിരക്കണക്കിന്‌ പേരെ കടത്തി വിട്ടതോടെയാണ്‌ ഇന്ന് രാവിലെ 6 മണിയോട്‌ കൂടി ഭക്തരുടെ രോഷം അണപൊട്ടി ഒഴുകിയത്‌.

നടപ്പന്തലിലെ ക്യൂ സംവിധാനത്തിനായി സ്ഥാപിച്ച ബാരിക്കേഡുകളും ചങ്ങലയും തകർത്ത ഭക്തർ നടപ്പന്തലിൽ ഒരുമിച്ചെത്തി പ്രതിഷേധം നടത്തി. നാമ ജപം നടത്തിയും ദേവസ്വത്തിന്റെ നടപടിയെ ചോദ്യം ചെയ്തും തടിച്ച്‌ കൂടിയ ഭക്തർ തങ്ങളെ അകത്തേക്ക്‌ കയറ്റിയതിന്‌ ശേഷമേ ഇനി സ്പെഷൽ പാസ്സ്‌ പ്രവേശനം ആരംഭിക്കാനാകു എന്ന് അറിയിച്ചു.