ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ്ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ്ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ഡോക്ടറേറ്റ് നൽകി ആദരിച്ചു

ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻ്റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾക്ക് ഭോപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്നും യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഹോണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. സ്വാമി വീരേശ്വരാനന്ദ, സ്വാമി അംഗാനന്ദഗിരി, സ്വാമി ഹംസതീർത്ഥ, അഡ്വ:കെ.ആർ.അനിൽ, രാജേന്ദ്രബാബു, രാജേഷ് സഹദേവൻ തുടങ്ങിവർ പങ്കെടുത്തു.

വെഞ്ഞാറമൂട്ടിൽ ടൂറിസ്റ്റ് വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം

വെഞ്ഞാറമൂട്ടിൽ ടൂറിസ്റ്റ് വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം

ആറ്റിങ്ങൽ: വെഞ്ഞാറമൂട്ടിൽ ടൂറിസ്റ്റ് വാൻ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. ഏഴുപേർക്ക് പരുക്കേറ്റു. എംസി റോഡിൽ ആലുന്തറ ജംഗ്ഷനിൽ ഇന്നലെ രാത്രി 11.30 നാണ് അപകടം നടന്നത്. നാഗർകോവിലിലെ തക്കല നിന്നും ഗുരുവായൂരിലേയ്ക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് വാനും എതിർ ദിശയിൽ നിന്ന് വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയും നിയന്ത്രണം നഷ്ടപ്പെട്ട വാൻ റോഡിലേക്ക് മറിയുകയുമായിരുന്നു.

ബൈക്കിൽ സഞ്ചരിച്ചിരുന്ന വെഞ്ഞാറമൂട് സ്വദേശി നന്ദു (26)വിന് ഗുരുതര പരുക്കേറ്റു. വാനിൽ ഡ്രൈവർ ഉൾപ്പെടെ 11 പേരാണ് സഞ്ചരിച്ചിരുന്നത്. ഇതിൽ സ്ത്രീകളും കുട്ടിയുമടക്കം 6 പേർക്ക് പരുക്കേറ്റു. തക്കല സ്വദേശികളായ സൗമ്യ (24), ഗിരിജ (48), മഹാദേവൻ (50), വിജയ(47), ഋതിഷ് (16) ഷൈനി (27) എന്നിവർക്കാണ് പരുക്കേറ്റത്. ഇതിൽ സൗമ്യ, ഗിരിജ എന്നിവർക്ക് ഗുരുതര പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

സർക്കാർ കരാറുകാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം

സർക്കാർ കരാറുകാർക്ക് ക്ഷേമനിധി ബോർഡ് രൂപീകരിക്കണം

ആറ്റിങ്ങൽ: സർക്കാർ കോൺട്രാക്ടർമാർക്കു വേണ്ടി അടിയന്തിര പ്രാധാന്യത്തോടെ ക്ഷേമനിധി ബോർഡ് രൂപീകരിക്കണമെന്നും കരാർ ബില്ലുകൾ മാറി കിട്ടുന്നതിലെ കാലതാമസം അവസാനിപ്പിക്കണമെന്നും ആൾ കേരള ഗവൺമെൻറ് കോൺട്രാക്ടേഴ്സ് അസോസിയേഷൻ ആറ്റിങ്ങൽ താലൂക്ക് സമ്മേളനം ആവശ്യപ്പെട്ടു. താലൂക്ക് പ്രസിഡൻ്റ് എ.നഹാസിന്റെ അധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനവാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുൻ ജില്ലാ പ്രസിഡൻ്റ് എ.മനാഫ്, മുൻ ജില്ലാ വർക്കിംഗ് പ്രസിഡൻ്റ് ആർ.സോമശേഖരൻ നായർ, ജില്ലാ വൈസ് പ്രസിഡൻറ് അബ്ദുൽ ജലീൽ, വർക്കല താലൂക്ക് പ്രസിഡൻ്റ് എ.നാദിർഷ, സി.മുരളീധരൻനായർ തുടങ്ങിയവർ സംസാരിച്ചു മുൻ ജില്ലാ കമ്മിറ്റി ഓഡിറ്റർ എം.ആർ.ഷാനവാസ് സ്വാഗതവും ആർ.എസ്.വിനോദ് മണി കൃതജ്ഞതയും പറഞ്ഞു.

താലൂക്ക് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി എ.നഹാസ് (പ്രസിഡൻ്റ്), ആർ.എസ്.വിനോദ് മണി (ജനറൽ സെക്രട്ടറി), വി.തുളസീധരൻ നായർ (ട്രഷറർ), എൻ.ശശിധരൻ നായർ, കെ.മണിക്കുട്ടൻ, തുളസീധരൻ. കെ (വൈസ് പ്രസിഡൻ്റ്) എസ്.ഇൻസാർ, രാജ്കുമാർ. എസ്, എ.താജുദ്ദീൻ (ജോയിൻ്റ് സെക്രട്ടറി) എന്നിവരെ യോഗം തെരഞ്ഞെടുത്തു.

ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

ശ്രീലേഖയെ പിന്തുണച്ച് ശബരീനാഥന്‍

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്തിന്റെ ഓഫീസുമായി ബന്ധപ്പെട്ട ആര്‍ ശ്രീലേഖ നടത്തിയ ഇടപെടലില്‍ വിവാദം തുടരുന്നതിനിടെ ചോദ്യങ്ങളുമായി കോണ്‍ഗ്രസ് കൗണ്‍സിലര്‍ കെ ശബരിനാഥന്‍. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ സ്ഥിതിചെയ്യുന്ന എംഎല്‍എ ഹോസ്റ്റലില്‍ തന്നെ രണ്ട് ഓഫീസ് മുറികള്‍ വി കെ പ്രശാന്തിനുണ്ട്. വലിയ സൗകര്യങ്ങളുള്ള ഹോസ്റ്റല്‍ മുറികള്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത് എന്നാണ് ശബരിനാഥന്‍ ഉന്നയിക്കുന്ന ചോദ്യം.

എംഎല്‍എ ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31, 32 നമ്പറില്‍ രണ്ട് ഓഫീസ് മുറികള്‍ വികെ പ്രശാന്തിന്റെ പേരില്‍ ഉണ്ട്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള എംഎല്‍എ ഹോസ്റ്റല്‍ എന്നും ശബരി പോസ്റ്റില്‍ പറയുന്നു.

ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം പ്രശാന്ത് ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത്. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം എന്നും ശബരിനാഥൻ പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക കരാറുകള്‍ സമഗ്രമായി പരിശോധിക്കുന്നതിലേക്ക് വി കെ പ്രശാന്തിന് എംഎല്‍എ ഓഫീസ് അനുവദിച്ച വിഷയം എത്തിനില്‍ക്കെയാണ് ശബരിനാഥിന്റെ ഇടപെടല്‍.

പോസ്റ്റ് പുര്‍ണരൂപം-

ശാസ്തമംഗലം വാര്‍ഡിലെ നഗരസഭ ഓഫീസില്‍ MLA യുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന വിഷയത്തില്‍ നഗരസഭയും ശ്രീ വി.കെ പ്രശാന്തും തമ്മിലുള്ള കരാര്‍ പരിശോധിച്ചുകൊണ്ടു വാടക തുക അടക്കമുള്ള കാര്യങ്ങള്‍ ഇനി തീരുമാനിക്കേണ്ടത് നഗരസഭയാണ്. അത് അവിടെ നില്‍ക്കട്ടെ, എനിക്ക് മറ്റൊരു വസ്തുത കൂടി പറയേണ്ടതുണ്ട്.

കേരളത്തിലെ ഭൂരിഭാഗം MLA മാരുടെയും ഓഫീസ് സ്വന്തം മണ്ഡലത്തിലെ വാടക കെട്ടിടത്തിലാണ്. ഞാനും അങ്ങനെ തന്നെയാണ് ജനപ്രതിനിധിയായിരുന്നപ്പോള്‍ ആര്യനാട് ഒരു വാടകമുറിയില്‍ മാസവാടക കൊടുത്തു പ്രവര്‍ത്തിച്ചത്.

പക്ഷേ ശ്രീ വി.കെ. പ്രശാന്തിന് ഒരു ഭാഗ്യമുണ്ട്. നിയമസഭയുടെ ങഘഅ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നല്ല മുറികളും കമ്പ്യൂട്ടര്‍ സജ്ജീകരണവും കാര്‍ പാര്‍ക്കിങ്ങും എല്ലാ സൗകര്യങ്ങളുമുള്ളതാണ് നഗരത്തിന്റെ ഹൃദയത്തിലുള്ള MLA ഹോസ്റ്റല്‍. ഞാന്‍ അന്വേഷിച്ചപ്പോള്‍ MLA ഹോസ്റ്റലിലെ നിള ബ്ലോക്കില്‍ 31,32 നമ്പറില്‍ ഒന്നാന്തരം രണ്ട് ഓഫീസ് മുറികള്‍ അങ്ങയുടെ പേരില്‍ അനുവദിച്ചിട്ടുണ്ട്. ഇത്രയും സൗകര്യങ്ങളുള്ള MLA ഹോസ്റ്റല്‍ സര്‍ക്കാര്‍ സൗജന്യമായി നല്‍കുമ്പോള്‍ അത് ഉപേക്ഷിച്ചു എന്തിനാണ് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?

ഈ നിയമസഭയുടെ കാലാവധി ബാക്കി നില്‍ക്കുന്ന സമയം MLA ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലത് എന്നതാണ് എന്റെ അഭിപ്രായം. അതോടൊപ്പം എല്ലാ കൗണ്‍സിലര്‍മാര്‍ക്കും പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനസൗകര്യം നഗരസഭ ഒരുക്കണം.

5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്തെ 5 പഞ്ചായത്തുകളിലെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഇന്ന്. മുന്നണിയിലെ തർക്കങ്ങളും ക്വാറം തികയാത്തതിനേയും തുടർന്നു മാറ്റിവച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. ആലപ്പുഴയിൽ നെടുമുടി, വീയപുരം, കാസർകോട് പുല്ലൂർ- പെരിയ, എറണാകുളം വെങ്ങോല, മലപ്പുറം തിരുവാലി പഞ്ചായത്തുകളിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുക.

പലയിടത്തും മുന്നണികളിലെ ആഭ്യന്തര തർക്കങ്ങൾ പരിഹരിച്ചതിനാൽ ഇന്ന് വോട്ടെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷ. ആലപ്പുഴ വീയപുരത്ത് പട്ടിക ജാതി വനിത അംഗമില്ലാത്തതിനാൽ ഭൂരിപക്ഷമുണ്ടെങ്കിലും യുഡിഎഫിന് പ്രസിഡന്‍റ് സ്ഥാനം ലഭിക്കില്ല. മുന്നണികളിലെ തർക്കത്തെ തുടർന്നും ക്വാറം തികയാത്തതിനെ തുടർന്നും മാറ്റിവെച്ച തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പിൽ നിന്ന് യുഡിഎഫ് വിട്ടുനിന്നതോടെയാണ് ഇന്നത്തേക്ക് മാറ്റിയത്. ഇന്നത്തെ തെരഞ്ഞെടുപ്പിലും യുഡിഎഫ് അംഗങ്ങൾ പങ്കെടുക്കില്ല. പങ്കെടുക്കുന്ന അംഗങ്ങളിൽ നിന്ന് വോട്ടെടുപ്പ് നടത്തി ഭൂരിപക്ഷമുള്ളയാളെ പ്രസിഡന്‍റാക്കും. ഇതോടെ അഞ്ച് അംഗങ്ങളുള്ള എൽഡിഎഫിനാകും പ്രസിഡന്‍റ് സ്ഥാനം.

നെടുമുടി പഞ്ചായത്തിൽ പാർട്ടി തീരുമാനിച്ച പ്രസിഡന്‍റ് സ്ഥാനാർത്ഥിയെ സിപിഎം അംഗങ്ങൾ എതിർക്കുകയും തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും ചെയ്തതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് ഇടഞ്ഞു നിൽക്കുന്നവരെ അനുനയിപ്പിച്ച്‌ പ്രശ്നം പരിഹരിച്ചിട്ടുണ്ട്.

കാസർകോട് പുല്ലൂർ- പെരിയ പഞ്ചായത്തിൽ പ്രസിഡന്‍റ് സ്ഥാനത്തെ ചൊലിയുള്ള തർക്കത്തെ തുടർന്ന് യുഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതോടെയാണ് തെരഞ്ഞെടുപ്പ് മാറ്റിയത്. പിന്നാലെ പ്രശ്നം പരിഹരിച്ചു. യുഡിഎഫിനും എൽഡിഎഫിനും ഒൻപത് അംഗങ്ങൾ വീതവും എൻഡിഎയ്ക്ക് ഒരു അംഗവുമാണുള്ളത്.

24 സീറ്റുകളുള്ള എറണാകുളം വെങ്ങോല പഞ്ചായത്തിൽ എല്‍ഡിഎഫും ട്വന്‍റി ട്വന്‍റിയും വിട്ടു നിന്നിരുന്നു. യുഡിഎഫിന് ഒമ്പതും എൽഡിഎഫിന് എട്ടും ട്വന്‍റി ട്വന്‍റിക്ക് ആറ് സീറ്റും എസ്ഡിപിഐക്ക് ഒരു സീറ്റുമാണുള്ളത്. മലപ്പുറം തിരുവാലി പഞ്ചായത്തിൽ യുഡിഎഫ് അംഗങ്ങളാണ് വിട്ടു നിന്നത്. 19 അംഗ ഭരണ സമിതിയിൽ യുഡിഎഫിന് 11 ഉം എൽഡിഎഫിന് 7ഉം അംഗങ്ങളാണുള്ളത്. നാലംഗങ്ങളുള്ള മുസ്ലീം ലീഗ് രണ്ടര വർഷം പ്രസിഡന്‍റ് സ്ഥാനം ആവശ്യപെട്ടതാണ് തർക്കത്തിനു കാരണം. പിന്നീട് സമവായമായി.

വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വക്കത്ത് ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

വക്കം ആങ്ങാവിളയിൽ ഇന്ന് ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. വക്കം കായിക്കര കടവിൽ അബി എന്നറിയപ്പെടുന്ന അഫിൻ, വക്കം ചാമ്പാവിള സ്വദേശി റപ്പായി എന്നറിയപ്പെടുന്ന ശ്രീനാഥ് എന്നിവരാണ് മരണപ്പെട്ടത്.

ഇന്ന് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം. നിലയ്ക്കാമുക്ക് ഭാഗത്തുനിന്ന് മൂവർ സംഘം സഞ്ചരിച്ചിരുന്ന ബുള്ളറ്റും എതിര്‍ ദിശയിൽ അബി സഞ്ചരിച്ചെത്തിയ ബൈക്കുമാണ് ആങ്ങാവിള ഭാഗത്ത് കൂട്ടിയിടിച്ചത്.

അപകടത്തിൽ പരിക്കേറ്റ നാല് പേരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും, രണ്ട് പേർ ചികിത്സയ്ക്കിടയിൽ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പേരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അപകടത്തെ തുടർന്ന് പ്രദേശത്ത് കുറച്ചുനേരം ഗതാഗത തടസ്സം അനുഭവപ്പെട്ടു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.