‘അനിയൻ തന്നെ’യെന്ന് ശ്രീലേഖ; യാചന ആയാലും ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് വി കെ പ്രശാന്ത്

‘അനിയൻ തന്നെ’യെന്ന് ശ്രീലേഖ; യാചന ആയാലും ഉടൻ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്ന് വി കെ പ്രശാന്ത്

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമം​ഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന എംഎൽഎ ഓഫീസ് ഒഴിയണമെന്ന ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ ആവശ്യത്തിൽ പ്രതികരണവുമായി വി കെ പ്രശാന്ത് എംഎൽഎ. വാടക കാലാവധി കഴിയുന്നതുവരെ ഓഫീസിൽ തുടരും. സഹോദര തുല്യൻ എന്ന നിലയിൽ പറഞ്ഞതിൽ സന്തോഷമുണ്ട്. മാർച്ച് മാസം വരെ വാടക കാലാവധിയുണ്ട്. അതുകൊണ്ടാണ് സാധ്യമല്ലെന്ന് പറഞ്ഞത്. അതല്ലാതെ, അഭ്യർത്ഥന ആയാലും യാചന ആയാലും ഇക്കാര്യം ആവശ്യപ്പെട്ട ഉടൻ തന്നെ സാധനങ്ങളുമെടുത്ത് പോകാൻ പറ്റുമോയെന്നും വി കെ പ്രശാന്ത് ചോദിച്ചു.

കെട്ടിടത്തിൽ ഇതുവരെ കൗൺസിലർ ഓഫീസും, എംഎൽഎ ഓഫീസും പ്രവർത്തിച്ചിട്ട് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. മുമ്പ് എൽഡിഎഫിന്റെ കൗൺസിലർ ബിന്ദുവും, ബിജെപിയുടെ കൗൺസിലർ മധുസൂദനൻ നായരും ഈ ഓഫീസുകളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 10 വർഷമായി ഇല്ലാതിരുന്ന പ്രശ്നം ഇപ്പോൾ എങ്ങനെയാണ് ഉണ്ടായത്. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രധാന കേന്ദ്രം എന്ന നിലയ്ക്കാണ് ശാസ്തമം​ഗലത്ത് ഓഫീസ് തുടങ്ങിയതെന്ന് വി കെ പ്രശാന്ത് പറഞ്ഞു.

കോർപ്പറേഷന്റെ നോട്ടീസ് കിട്ടിയാലും ഓഫീസ് ഒഴിയാൻ തീരുമാനിച്ചിട്ടില്ല. അതിനുശേഷം കൗൺസിൽ യോ​ഗം ചേർന്ന് തീരുമാനമെടുത്താൽ അപ്പോൾ ഉചിതമായ നിലപാട് സ്വീകരിക്കും. എംഎൽഎയ്ക്ക് സൗകര്യപ്രദമായ സ്ഥലത്ത് ഓഫീസ് പ്രവർത്തിക്കേണ്ടതുണ്ട്. എന്നാൽ കൗൺസിലർക്ക്, ഒരു എംഎൽഎയുടെ അത്ര ജനങ്ങളെ കാണേണ്ടി വരുമോ?. അത്ര വലിയ ഓഫീസ് ആവശ്യമുണ്ടോ?. അഭ്യർത്ഥന ആയാലും യാചന ആയാലും ഓഫീസ് ഒഴിയാൻ ഫോണിലൂടെ പറഞ്ഞാൽ ഉടൻ പെട്ടിയും പ്രമാണവും എടുത്ത് പോകാൻ സാധിക്കുമോ?. ശ്രീലേഖയുമായി വ്യക്തിപരമായ ഒരു പ്രശ്നവും ഇല്ലെന്നും വി കെ പ്രശാന്ത് പറഞ്ഞു.

ഓഫീസ് ഒഴിയാനുള്ള ആവശ്യം വിവാദമായതിനു പിന്നാലെ ആർ ശ്രീലേഖ, എംഎൽഎ ഓഫീസിലെത്തി വി കെ പ്രശാന്തിനെ കണ്ടിരുന്നു. പ്രശാന്ത് അനിയനെപ്പോലെയാണെന്നും, തന്റെ കൗൺസിലർ ഓഫീസിന് സ്ഥലപരിമിതി ഉള്ളതിനാൽ എംഎൽഎ ഓഫീസ് ഒഴിഞ്ഞു നൽകാൻ അഭ്യർത്ഥിക്കുകയുമായിരുന്നു എന്ന് ശ്രീലേഖ പറഞ്ഞു. യാചനാ സ്വരത്തിലാണ് താൻ ആവശ്യമുന്നയിച്ചത്. വി കെ പ്രശാന്തുമായി പ്രശാന്തുമായി ഒരു പ്രശ്നവുമില്ലെന്നും ഇരുവരും ഹസ്തദാനം നൽകിക്കൊണ്ട് ശ്രീലേഖ വ്യക്തമാക്കി. വാടക കരാർ കാലാവധി കഴിയുന്നതുവരെ ആ ചെറിയ കൗൺസിലർ ഓഫീസിൽ പ്രവർത്തിക്കുമെന്നും ആർ ശ്രീലേഖ മാധ്യമങ്ങളോട് പറഞ്ഞു.

ഒരു തര്‍ക്കത്തിനും ഞങ്ങളില്ലെന്ന് വി കെ പ്രശാന്ത് പറഞ്ഞപ്പോള്‍, ഒരു തര്‍ക്കവുമില്ലെന്ന് ശ്രീലേഖയും കൂട്ടിച്ചേര്‍ത്തു. പ്രശാന്ത് മൂന്നു മാസമോ നാലുമാസമോ തുടരുന്നതില്‍ വിരോധമില്ല. ഞാന്‍ അഭ്യര്‍ത്ഥിച്ചു എന്നേയുള്ളൂ. എന്റെ ആളുകളും ഞാനും നിലവിലെ ഓഫീസില്‍ ഇരിക്കും. അതല്ലാതെ എനിക്ക് ഒരു നിവൃത്തിയുമില്ല. അതിന്റെ ബുദ്ധിമുട്ട് പ്രശാന്ത് സഹിക്കണമെന്നും ശ്രീലേഖ പറഞ്ഞു. ഈ ഏഴു വര്‍ഷം ഇല്ലാത്ത ബുദ്ധിമുട്ട് മാഡം അവിടെ ഇരിക്കുന്നതുകൊണ്ട് എനിക്കു വരാനില്ലെന്ന് വി കെ പ്രശാന്തും മറുപടി പറഞ്ഞു. പ്രശ്‌നമല്ലെ തീര്‍ന്നല്ലോ, ഇനിയെല്ലാവര്‍ക്കും പോകാമെന്ന് ശ്രീലേഖ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

നേരത്തെ എംഎൽഎയോട് വിളിച്ച് ഓഫീസ് ഒഴിയാൻ ആവശ്യപ്പെടുന്നത് ശരിയായ നടപടിയല്ലെന്ന് വി കെ പ്രശാന്ത് അഭിപ്രായപ്പെട്ടിരുന്നു. കോർപറേഷൻ നിശ്ചയിച്ച വാടക നൽകിയാണ് എംഎൽഎ ഓഫീസ് പ്രവർത്തിക്കുന്നത്. അത് ഒഴിയാൻ നിയമപരമായ നടപടികളുണ്ട്. എംഎൽഎ ഓഫീസിനായി സ്ഥലം നൽകിയ കൗൺസിൽ ആ തീരുമാനം റദ്ദാക്കണം. അതിനുശേഷം ന​ഗരസഭാ സെക്രട്ടറിയാണ് കെട്ടിടം ഒഴിയണം എന്നാവശ്യപ്പെട്ട് നോട്ടീസ് നൽകേണ്ടത്. ഏഴ് വർഷമായി ജനങ്ങൾ ആശ്രയിക്കുന്ന ഓഫീസാണിത്. ഇപ്പോൾ ബിജെപി കൗൺസിലർ ആർ ശ്രീലേഖ ഇക്കാര്യം ആവശ്യപ്പെട്ടതിന് പിന്നിൽ രാഷ്ട്രീയ നീക്കമാണെന്നും വി കെ പ്രശാന്ത് ആരോപിച്ചു.

നാവായിക്കുളത്ത് അട്ടിമറി; ആസിഫ് കടയിൽ പ്രസിഡൻ്റ്

നാവായിക്കുളത്ത് അട്ടിമറി; ആസിഫ് കടയിൽ പ്രസിഡൻ്റ്

കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്ക് എതിരെ മറ്റൊരു കോൺഗ്രസ്അംഗം എൽ. ഡി എഫ് പിന്തുണയിൽ ആസിഫ് കടയിൽ പ്രസിഡൻ്റ് ആയി.
യുഡിഎഫ് 12 എൽഡിഎഫ് 6 ബിജെപി 6 എന്നതാണ് കക്ഷിനില.
യുഡിഎഫിൽ പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി വൻ തർക്കം നിലനിന്നിരുന്നു.

ഇത് ഒത്തുതീർപ്പാകാതെ വന്നതോടെ ആദ്യ രണ്ടര വർഷം ജിഹാദിനും രണ്ടാമത്തെ രണ്ടര വർഷം കുടവൂർ നിസാമിനും ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു. എന്നാൽ ആദ്യ രണ്ടര വർഷം ജിഹാദിന് അംഗീകരിക്കാൻ കഴിയില്ലെന്ന് മണ്ഡലം പ്രസിഡൻറ് കൂടിയായ മുതിർന്ന നേതാവ് എന്ന നിലയിൽ നിസാം കുടവൂരിന് ആദ്യ രണ്ടര വർഷം നൽകണമെന്ന് എം എം താഹ പക്ഷം ആവശ്യപ്പെട്ടിരുന്നത്.

വർക്കല കഹാർ പക്ഷം ഇത് അംഗീകരിക്കാതെ ജിഹാദിന് തന്നെ ആദ്യ രണ്ടര വർഷം തീരുമാനിച്ചു. ഇതിൽ വിയോജിപ്പുള്ള എതിർ വിഭാഗം ആസിഫ് കടയിലിനെ പ്രസിഡണ്ട് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. എൽഡിഎഫ് പിന്തുണച്ചു. ഇതോടെ 10 വോട്ട് നേടി ആസിഫ് കടയിൽ പഞ്ചായത്ത് പ്രസിഡണ്ടായി.

മണമ്പൂരിൽ ഭരണം യു.ഡി.എഫിന്; കുഞ്ഞുമോൾ പ്രസിഡന്റ്‌

മണമ്പൂരിൽ ഭരണം യു.ഡി.എഫിന്; കുഞ്ഞുമോൾ പ്രസിഡന്റ്‌

മണമ്പൂരിൽ ഭരണം യു.ഡി.എഫിന്. മണമ്പൂർ പഞ്ചായത്തിൽ എൽ.ഡി.എഫ് 6, യു.ഡി.എഫ് 5, ബി ജെ.പി. 5, ഇടതു വിമത 1, ഇടതു വിമത കുഞ്ഞുമോൾ കോൺഗ്രസ്സിനോടൊപ്പം ചേർന്നതോടെ നടന്ന നറുക്കെടുപ്പിൽ കുഞ്ഞുമോൾ പ്രസിഡൻ്റ് പദവിയിലേയ്ക്ക് എത്തി.

ഗ്രീന്‍ഫീല്‍ഡിനെ തീപിടിപ്പിച്ച് ഷെഫാലി; പേസും സ്പിന്നുമായി രേണുകയും ദീപ്തിയും

ഗ്രീന്‍ഫീല്‍ഡിനെ തീപിടിപ്പിച്ച് ഷെഫാലി; പേസും സ്പിന്നുമായി രേണുകയും ദീപ്തിയും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ രാജ്യാന്തര വനിതാ പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപ്പണര്‍ ഷെഫാലി വര്‍മയുടെ തീപ്പൊരി ബാറ്റിങ്. ഒപ്പം രേണുക സിങിന്റെ കിടിലന്‍ പേസും. ദീപ്തി ശര്‍മയുടെ കറങ്ങും സ്പിന്നും. ആവേശപ്പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ വനിതകളെ തകര്‍ത്ത് തുടരെ മൂന്ന് ജയങ്ങളുമായി ടി20 പരമ്പര ഉറപ്പിക്കുകയും ചെയ്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കന്‍ വനിതകള്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സ് മാത്രമാണ് നേടിയത്. മറുപടി പറഞ്ഞ ഇന്ത്യന്‍ വനിതകള്‍ വെറും 13.2 ഓവറില്‍ 2 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 115 റണ്‍സടിച്ച് കളി അനായാസം സ്വന്തമാക്കി. ഒപ്പം പരമ്പരയും ഉറപ്പിച്ചു.

ഓപ്പണര്‍ ഷെഫാലി വര്‍മ തിരുവനന്തപുരത്തെത്തിയ ആരാധകരെ ആവേശത്തിലാറാടിച്ച് കളം വാണു. താരം 42 പന്തില്‍ 11 ഫോറും 2 സിക്‌സും സഹിതം 79 റണ്‍സുമായി പുറത്താകാതെ നിന്നു. ശേഷിച്ച 36 റണ്‍സ് മാത്രമാണ് പിന്നീട് വന്നവര്‍ക്ക് ചേര്‍ക്കേണ്ടി വന്നത്.

സ്മൃതി മന്ധാന (1), ജെമിമ റോഡ്രിഗ്‌സ് (9) എന്നിവര്‍ ക്ഷണത്തില്‍ മടങ്ങി. ഇന്ത്യ ജയം സ്വന്തമാക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു ഷെഫാലിക്കൊപ്പം ക്രീസില്‍. താരം 18 പന്തില്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു.

നേരത്തെ 4 ഓവറില്‍ ഒരു മെയ്ഡനടക്കം 21 റണ്‍സ് മാത്രം വഴങ്ങി രേണുക വര്‍മ 4 വിക്കറ്റെടുത്ത് കളിയിലെ താരമായി. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ ദീപ്തിയും സ്വന്തമാക്കി. താരം 4 ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങിയാണ് 3 വിക്കറ്റുകള്‍ പിഴുതത്.

ഹസിനി പെരേര (25), ഇമേഷ ദുലനി (27), കവിഷ ദില്‍ഹരി (20), കുഷിനി നുത്യംഗന (19) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ ബൗളിങിനെ ചെറുത്തു നിന്നത്. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടുവടക്കം ആര്‍ക്കും കാര്യമായി തിളങ്ങാനായില്ല.

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഗീതാ സുരേഷ് പ്രസിഡൻ്റ്  സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ ഗീതാ സുരേഷ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു

ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ എൽ.ഡി.എഫിലെ ഗീതാ സുരേഷ് പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തു. UDF 7 CPM 4 BJP 3
പ്രസിഡൻ്റ് സ്ഥാനം പട്ടികജാതി വനിതാ സംവരണമായതിനാൽ യു.ഡി.എഫിൽ അംഗമില്ലാത്തതിനാൽ തിരഞ്ഞെടുപ്പു വേണ്ടി വന്നു.

യു.ഡി.എഫ് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിൽക്കുകയും, സി.പി.എം , ബി.ജെ പി മത്സരിച്ചു. മത്സരത്തിൽ സി.പി.എം സ്ഥാനാർത്ഥി വിജയിച്ചു. മൂന്നംഗങ്ങളുള്ള ബി.ജെ.പിയ്ക്ക് ഒരു വോട്ട് അസാധുവായി.