by Midhun HP News | Dec 26, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ബിജെപി സംസ്ഥാന സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന അധ‍്യക്ഷനുമായ വി.വി. രാജേഷിനെ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സ്ഥാനാർഥിയായി ബിജെപി പ്രഖ‍്യാപിച്ചു. നീണ്ട ചർച്ചകൾക്കൊടുവിലാണ് രാജേഷിനെ മേയർ സ്ഥാനാർഥിയായി പ്രഖ‍്യാപിച്ചത്. അതേസമയം, ജി.എസ്. ആശാനാഥിനെ ഡെപ‍്യൂട്ടി മേയറായി പാർട്ടി പ്രഖ‍്യാപിച്ചു.
നേരത്തെ മുൻ ഡിജിപി ആർ. ശ്രീലേഖ മേയറാകുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. എന്നാൽ ശ്രീലേഖ മേയറാവുന്നതിനെ ഒരുവിഭാഗം നേതാക്കൾ എതിർപ്പ് അറിയിക്കുകയായിരുന്നു. ശ്രീലേഖയ്ക്ക് വിജയസാധ‍്യതയുള്ള നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്കതതായാണ് സൂചന.
അതേസമയം, സംസ്ഥാന ചരിത്രത്തിലാദ‍്യമായിട്ടായിരുന്നു ബിജെപി ഇടതുകോട്ട തകർത്ത് തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റുകളിൽ വിജയിച്ച് ഇത്തവണ ഭരണം പിടിച്ചെടുത്തത്.



by Midhun HP News | Dec 26, 2025 | Latest News, ജില്ലാ വാർത്ത
കെ സതിയെ യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ആയി തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ലീഡർ ആയി ബൈജു.കെയും, സെക്രട്ടറിയായി പി എസ് കിരൺനെയും തിരഞ്ഞെടുത്തു. ചെയർമാൻ സ്ഥലത്തേക്ക് കിരണും, വൈസ് ചെയർപേഴ്സൺ ആയി മല്ലികയും മത്സരിക്കും.



by Midhun HP News | Dec 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ ദൈവങ്ങളുടെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി സിപിഎം. ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ റദ്ദാക്കണം എന്നാണ് സിപിഎമ്മിന്റെ ആവശ്യം. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, കൗണ്‍സിലര്‍ എസ് പി ദീപക്ക് എന്നിവരാണ് പരാതി നല്‍കിയത്.
ഒരു പ്രത്യേക ദൈവത്തിന്റെ പേരില്‍ നടത്തുന്ന സത്യപ്രതിജ്ഞ ഭരണഘടനാ വിരുദ്ധമാണെന്നാണ് സിപിഎം നിലപാട്. ദൈവ നാമത്തിലോ, ദൃഢപ്രതിജ്ഞയിലും പ്രതിജ്ഞ ചെയ്യാം. ഏതെങ്കിലും ഒരു ദൈവത്തിന്റെ പേരില്‍ സത്യ പ്രതിജ്ഞ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടങ്ങളും കോടതി വിധികളും നിലവിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 20 പേര്‍ സത്യപ്രതിജ്ഞ തെറ്റായി ചൊല്ലി. ഇതിനെതിരെ കളക്ടര്‍ക്കും, തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കിയിട്ടുണ്ട്. വിഷയത്തില്‍ ഉടന്‍ കോടതിയെ സമീപിക്കും എന്നും അദ്ദേഹം പറഞ്ഞു.
ഭാരതാംബ, അയ്യപ്പന്‍, ആറ്റുകാല്‍ അമ്മ, ശ്രീ പത്മനാഭന്‍ എന്നിവരുടെ പേരിലായിരുന്നു ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ. അല്ലാഹുവിന്റെ നാമത്തില്‍ ഒരു യുഡിഎഫ് അംഗവും സത്യപ്രതിജ്ഞ ചെയ്തിരുന്നു. ആ വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണ്. തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്ന് നടപടി ഉണ്ടായിട്ടില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് നീക്കം.
കളക്ടറുടെ സാന്നിധ്യത്തില്‍ നടന്ന സത്യ പ്രതിജ്ഞാ ചടങ്ങ് ചട്ട ലംഘനമുണ്ടോ എന്നതായിരിക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമായും പരിശോധിക്കുക. ചട്ടലംഘനം കണ്ടെത്തിയാല്‍ ഈ അംഗങ്ങള്‍ എല്ലാം വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. നാളെ മേയര്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഷയം രാഷ്ട്രീയ ചര്‍ച്ചയാക്കാന്‍ കൂടിയാണ് സിപിഎം നീക്കം.



by Midhun HP News | Dec 25, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പ്രതിരോധമായി കേരളം പൗരന്‍മാര്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നു. നിലവില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച കാര്‍ഡാണ് നല്‍കുക. ആധികാരികവും നിയമ പിന്‍ബലമുള്ളതുമാകും ഈ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായും കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല.
ബുധനാഴ്ച നടന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്നനിലയിലാണ് നേറ്റിവിറ്റി കാര്‍ഡ് കേരളത്തില്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന രേഖയാണ് നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്. എന്നാല്‍, അത് നിയമ പ്രാബല്യമുള്ള രേഖയല്ല. നിലവില്‍ ഓരോ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് പല പ്രാവശ്യം നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടിവരുന്നു. ഈ വിഷയം പരാതിയായി സര്‍ക്കാരിനു മുന്നിലുണ്ട്. ജനങ്ങളുടെ നിരന്തരമായ അഭ്യര്‍ഥനയും ഇക്കാര്യത്തില്‍ വന്നിട്ടുണ്ട്. കാര്‍ഡ് വരുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും. നേറ്റിവിറ്റി കാര്‍ഡിന് നിയമ പ്രാബല്യം നല്‍കുന്നതിനുള്ള നിയമത്തിന്റെ കരട് നിയമ വകുപ്പുമായി കൂടിയാലോചിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിക്കുവാന്‍ റവന്യു വകുപ്പിനെ ചുമലതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്‌ഐആര്‍ നടപടിക്രമങ്ങളുടെ ഭാഗമായി 24 ലക്ഷത്തിലധികം പേര്‍ ഒഴിവാക്കപ്പെടുകയും 19 ലക്ഷത്തിലധികം പേര്‍ വീണ്ടും ഹിയറിങ്ങിന് എത്തേണ്ട അവസ്ഥയുമുണ്ടായ സാഹചര്യത്തില്‍ ഇത്തരക്കാരെ സഹായിക്കാന്‍ വില്ലേജ് ഓഫിസുകള്‍ കേന്ദ്രീകരിച്ച് ഹെല്‍പ് ഡസ്‌കുകള്‍ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വില്ലേജ് ഓഫിസില്‍ സൗകര്യമില്ലെങ്കില്‍ തൊട്ടടുത്ത സര്‍ക്കാര്‍ ഓഫിസില്‍ സൗകര്യം ഒരുക്കും. ഇവിടെ രണ്ട് ഉദ്യോഗസ്ഥരെ നിയോഗിക്കും. അതത് ജില്ലാ കലക്ടര്‍മാര്‍ക്കാണ് ചുമതല. ഉന്നതി, തീരദേശമേഖല എന്നിവിടങ്ങളില്‍ നേരിട്ടെത്തി സഹായം നല്‍കും. അങ്കണവാടി, ആശാ വര്‍ക്കര്‍മാരുടെ സേവനം ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
by Midhun HP News | Dec 25, 2025 | Latest News, ജില്ലാ വാർത്ത
വത്തിക്കാൻ: യേശുക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ ഓര്‍മയില്‍ ക്രിസ്മസ് ആഘോഷിച്ച് ലോകമെമ്പാടുമുള്ള വിശ്വാസികള്‍. വത്തിക്കാനിലെ സെൻ്റ് പീറ്റർ ബസിലിക്കയിൽ ലെയോ പതിനാലാമൻ മാർപ്പാപ്പ തിരുപ്പിറവി ചടങ്ങുകൾക്കും പാതിരാകുർബാനയ്ക്കും കാർമികത്വം വഹിച്ചു. മാർപ്പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ലിയോ പതിനാലാമന്റെ ആദ്യ ക്രിസ്മസ് കൂടിയാണിത്. ഇരുനൂറിലേറെ അംഗങ്ങൾ അണിനിരക്കുന്ന ഗായകസംഘവും ചടങ്ങുകളും ഭാഗമായി.
ഉണ്ണിയേശുവിന്റെ ജനനപ്രഖ്യാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നീട് അൾത്താരയുടെ മുന്നിലുള്ള ബൈബിൾ പ്രതിഷ്ഠാപീഠത്തിൽ പട്ടിൽ പൊതിഞ്ഞ് വെച്ചിരിക്കുന്ന ഉണ്ണിയേശുരൂപം മാർപാപ്പ അനാവരണം ചെയ്തു. അപരിചിതരോടും ദരിദ്രരോടും ദയ കാണിക്കണമെന്ന് വിശ്വാസികളോട് മാർപാപ്പ ആഹ്വാനം ചെയ്തു. സഹായം വേണ്ടവനെ അവഗണിക്കുന്നത് ദൈവത്തെ അവഗണിക്കുന്നതിന് തുല്യമാണെന്നും ക്രിസ്മസ് രാവിലെ ദിവ്യബലിയിൽ മാർപ്പാപ്പ വിശ്വാസികളോട് പറഞ്ഞു. ആറായിരത്തോളം പേർ ബസിലിക്കയിലെ ചടങ്ങുകൾക്ക് നേരിട്ട് സാക്ഷ്യംവഹിച്ചു.
യേശുദേവന്‍റെ ജന്മസ്ഥലമായ ബേത്‍ലഹേമില്‍ രണ്ട് വർഷത്തിനുശേഷമാണ് ക്രിസ്മസ് ആഘോഷം. ഗാസയിലെ യുദ്ധം കാരണം ക്രിസ്മസ് ആഘോഷിച്ചിരുന്നില്ല പലസ്തീനിലെ ക്രൈസ്തവർ. നേറ്റിവിറ്റി പള്ളിയിലെ പാതിരാകുര്‍ബാനയിലും നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
ഗൾഫിലെ ആരാധനാലയങ്ങളിലും തിരുപിറവി ആഘോഷം
ഗൾഫിലെ ആരാധനാലയങ്ങളിലും തിരുപിറവി ആഘോഷം നടന്നു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലെ പള്ളികളിൽ സന്ധ്യാ നമസ്കാരവും തീ ജ്വാല ശുശ്രൂഷയും വിശുദ്ധ കുർബ്ബാനയിലും വിശ്വാസികൾ പങ്കുചേർന്നു. റിയാദിലെ ഇന്ത്യൻ എംബസിയിൽ വിപുലമായ ആഘോഷം തന്നെ നടന്നു. ദുബായ് ഊദ് മേത്ത സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ക്രിസ്മസ് ശുശ്രൂഷകൾക്ക് തുമ്പമൺ ഭദ്രാസനാധിപൻ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്താ മുഖ്യ കാർമികത്വം വഹിച്ചു.
by Midhun HP News | Dec 24, 2025 | Latest News, ജില്ലാ വാർത്ത
വർക്കല മുട്ടപ്പലം ശ്രീനിവാസപുരത്ത് വാടകയ്ക്ക് താമസിക്കുന്ന കാർത്തിക് ലിസി ദമ്പതികളുടെ മകൻ മഹി പനിബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിൽ ഇരിക്കവേയാണ് ഇന്ന് ഉച്ചയോടെ മരണപ്പെട്ടത്.
വർക്കല ശിവഗിരി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മഹി. മൃതദേഹം കുടുംബസ്ഥലമായ ഇടവ വെങ്കുളം വീട്ടുവളപ്പിൽ സംസ്കരിക്കും.



Recent Comments