by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ വിഎം സുധീരനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ജനുവരി 12 രാത്രി മുതല്‍ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെ ആശ്വാസകരമായ പുരോഗതി കൈവരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണെന്ന് വിഎം സുധീരന്‍ അറിയിച്ചു.
‘ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന വിവരം ക്ഷമാപണത്തോടെ അറിയിക്കുന്നു’- വിഎം സുധീരന്‍ ഫെയ്്സ്ബുക്കില്‍ കുറിച്ചു.
വിഎം സൂധീരന്റെ കുറിപ്പ്
ജനുവരി 12 രാത്രി മുതല്‍ അനുഭവപ്പെട്ട ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിലായിരുന്നു. എന്നാല്‍ ഇതുവരെ ആശ്വാസകരമായ പുരോഗതി കൈവരിക്കാത്തതിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ആയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ നിശ്ചയിക്കപ്പെട്ടിട്ടുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാന്‍ കഴിയാതെ വന്നിരിക്കുകയാണെന്ന വിവരം ക്ഷമാപണത്തോടെ അറിയിക്കുന്നു.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
വെമ്പായത്ത് സ്കൂൾ വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുവേലി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയും ദിനേശ് ഇന്ദിര ദമ്പതികളുടെ മകളുമായ നീതുവിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
മാറനല്ലൂർ : തെരുവുനായകൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ് ഊരൂട്ടമ്പലം പൊതുചന്തയ്ക്കുസമീപം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മായ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ മൃഗാശുപത്രിയും, പഞ്ചായത്തും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗാശുപത്രി സർജൻ ഡോ. ജി.എസ്. അരുൺകുമാർ പങ്കെടുത്തു.
കംപാഷൻ ഫോർ അനിമൽ വെൽഫയർ അസോസിയേഷൻ ഏജൻസി വഴിയാണ് പ്രവർത്തനങ്ങൾ നടത്തുന്നത്.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
സോഷ്യല്‍ മീഡിയയില്‍ വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നിരപരാധിയെന്ന് സ്വയം വിശ്വസിക്കുന്നുണ്ടെങ്കില്‍ സാഹചര്യത്തെ ധൈര്യപൂര്‍വ്വം നേരിടണമായിരുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്. ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ലെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു.
ആണുങ്ങള്‍ക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്. സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറല്‍ ആക്കിയാല്‍ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓര്‍ത്തോ എന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ടെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ആ വാക്കുകളിലേക്ക്:
തിരക്കുള്ള ബസില്‍ വച്ച് ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപണം നേരിടുന്ന കോഴിക്കോട് ഗോവിന്ദപുരം സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു. തന്റെ സുഹൃത്തിന് രക്തം ദാനം ചെയ്തിട്ട് യുവാവ് തിരിച്ച് ബസ്സില്‍ വീട്ടിലേക്ക് പോകുന്ന വഴി ആണ് ഈ സംഭവം ഉണ്ടായതും, തന്നെ ഈ യുവാവ് സ്പര്‍ശിച്ചു എന്ന രീതിയില്‍ ഒരു യുവതി ബസ്സില്‍ നിന്നും വീഡിയോ എടുത്തതും, യുവതി തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ ഇട്ട് അത് വൈറല്‍ ആക്കിയതും. വീഡിയോ പുറത്ത് വന്നതില്‍ പിന്നെ വളരെ സമ്മര്‍ദ്ദത്തില്‍ ആയ യുവാവ് മരണം തെരഞ്ഞെടുത്തു. ആ സംഭവത്തിന്റെ ശരിയും, തെറ്റുമെല്ലാം കോടതി ആണല്ലോ വീഡിയോ നോക്കി തീരുമാനിക്കേണ്ടത്.
ആണുങ്ങള്‍ക്ക് ഈ സംഭവമൊക്കെ വലിയ പാഠമാണ്.. സ്ത്രീകളെ കാണുമ്പോള്‍ പരമാവധി വിട്ട് നടന്നാല്‍ അവനവനു കൊള്ളാം.. ഏതെങ്കിലും പെണ്ണ് എന്തെങ്കിലും പറഞ്ഞു വീഡിയോ ഉണ്ടാക്കി വൈറല്‍ ആക്കിയാല്‍ കോടതിയോ മാധ്യമങ്ങളോ പൊലീസോ ആരും നിങ്ങളുടെ കൂടെ ഉണ്ടാകില്ല. ഓര്‍ത്തോ. സ്ത്രീകള്‍ക്ക് മാത്രമല്ലല്ലോ, പുരുഷനും അന്തസ്സ് ഉണ്ട്. ഒരു ലക്ഷം ആളുകള്‍ ഇത്തരം വീഡിയോസ് കാണുമ്പോള്‍ മിനിമം 1000 പേരെങ്കിലും നിങ്ങള്‍ ഞരമ്പന്‍ ആണെന്ന് വിശ്വസിക്കും. ഇദ്ദേഹം നിരപരാധി ആണെന്ന് വിശ്വസിക്കുന്നു എങ്കില്‍ ഈ അവസ്ഥയെ ധൈര്യപൂര്‍വം ഫെയ്‌സ് ചെയ്യണമായിരുന്നു.. നിരപരാധിത്വവും സമൂഹത്തിന്റെ മുന്നില്‍ തെളിയിക്കണം ആയിരുന്നു. ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മരിച്ച യുവാവിന് പ്രണാമം. അതിനാല്‍ പുരുഷന്മാരെ ഭയം വേണ്ട, ജാഗ്രത മതി.
വാല്‍ കഷ്ണം: ദയവു ചെയ്ത് സ്ത്രീ സുരക്ഷാ നിയമങ്ങള്‍ ഒരു സ്ത്രീയും ദുരപയോഗം ചെയ്യരുത്. കാരണം യഥാര്‍ഥ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്ന അവസ്ഥ ഭാവിയില്‍ ഉണ്ടാവും. സംഭവം സത്യമാണെങ്കിലും പലരും വിശ്വസിക്കില്ല. ഇനി ഏതെങ്കിലും പുരുഷനില്‍ നിന്നും മോശം അനുഭവം ഉണ്ടായാല്‍ വര്ഷങ്ങളോളം അതും വെച്ചു നടക്കരുത്. സംഭവം നടന്ന ഉടനെ കേസ് കൊടുക്കുക. സംഭവത്തിന്റെ വീഡിയോ ഉണ്ടെങ്കില്‍ അത് വെച്ചു റീച്ചും, പണവും ഉണ്ടാക്കാതെ പോലീസിന്, കോടതിക്ക് അതൊക്കെ കൈമാറുക. തീര്‍ച്ചയായും തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. നിരപരാധികള്‍ ശിക്ഷിക്കപെടരുത്.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അവസാനസമ്മേളനം ചൊവ്വാഴ്ച ആരംഭിക്കും. ചൊവ്വാഴ്ച ആരംഭിച്ച് മാര്‍ച്ച് 26 വരെയുള്ള കാലയളവില്‍ 32 ദിവസമാണ് സഭ ചേരുന്നത്. ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനത്തില്‍ 22, 27, 28 തീയതികളില്‍ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ച നടക്കും.
29ന് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളില്‍ ബജറ്റിന്മേലുള്ള പൊതുചര്‍ച്ച. അഞ്ചിന് 2025 26 വര്‍ഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യര്‍ഥനകളെ സംബന്ധിച്ച ചര്‍ച്ചയും വോട്ടെടുപ്പ് നടക്കും. ആറ് മുതല്‍ 22 വരെ സഭ ചേരില്ല. ഈ കാലയളവില്‍ വിവിധ സബ്ജക്ട് കമ്മിറ്റികള്‍ യോഗം ചേര്‍ന്ന് ധനാഭ്യര്‍ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും.
23ന് 2025 – 26 സാമ്പത്തിക വര്‍ഷത്തെ ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യര്‍ഥനകളുടെ ധനവിനിയോഗ ബില്‍ അവതരിപ്പിക്കും. 24 മുതല്‍ മാര്‍ച്ച് 19 വരെയുള്ള കാലയളവില്‍ 13 ദിവസം 2026-27 വര്‍ഷത്തെ ധനാഭ്യര്‍ഥനകള്‍ ചര്‍ച്ച ചെയ്ത് പാസാക്കും. ജനുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് 13 എന്നീ ദിവസങ്ങള്‍ അനൗദ്യോഗികാംഗങ്ങളുടെ കാര്യങ്ങള്‍ക്കായി വിനിയോഗിക്കും. നിശ്ചയിച്ച നടപടികള്‍ പൂര്‍ത്തീകരിച്ച് മാര്‍ച്ച് 26-ന് സഭ പിരിയും. പതിനഞ്ചാം നിയമസഭയുടെ ഇതുവരെയുള്ള 15 സെഷനുകളില്‍ മൊത്തം 182 ദിവസം സഭ ചേര്‍ന്നിട്ടുണ്ട്. ഇതില്‍ 158 ബില്ലുകള്‍ പാസാക്കി. സഭ പാസാക്കിയ ബില്ലുകളില്‍ 14 എണ്ണം ഗവര്‍ണറുടെ പരിഗണനയിലാണ്.


by Midhun HP News | Jan 19, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണത്തില്‍ (എസ്‌ഐആര്‍) കരട് വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി. ഈ മാസം 30 ാം തീയതി വരെയാണ് സമയം നീട്ടിയത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറക്കി.
സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരമാണ് മാറ്റമെന്ന് കമ്മീഷന്‍ വ്യക്തമാക്കി. 22ാം തീയതി വരെയായിരുന്നു മുന്‍പ് അനുവദിച്ച സമയം. സുപ്രീംകോടതി നിര്‍ദേശ പ്രകാരം ആണ് സമയം നീട്ടി നല്‍കിയത്. സമയം നീട്ടി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ കേരളം ആവശ്യപ്പെട്ടിരുന്നു.
പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ വിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. അര്‍ഹരായവര്‍ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ സൗകര്യമൊരുക്കുന്നതിനായി ഈ പട്ടിക വെബ്‌സൈറ്റുകളിലും പ്രസിദ്ധീകരിക്കണം.
നിലവില്‍ പട്ടികയില്‍ നിന്നും പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയം നീട്ടി നല്‍കണമെന്നും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2025 ഡിസംബര്‍ 23-നാണ് കേരളത്തില്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചത്. ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളിലും പരാതികള്‍ സമര്‍പ്പിക്കാനുള്ള തീയതി 30 വരെ നീട്ടിയിട്ടുണ്ട്.


Recent Comments