23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്; 4 ട്രെയിനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും

23 ന് പ്രധാനമന്ത്രി തിരുവനന്തപുരത്ത്; 4 ട്രെയിനുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 23 ന് കേരളത്തിലെത്തും. രണ്ടു മണിക്കൂറാകും മോദി തിരുവനന്തപുരത്ത് ചെലവഴിക്കുക. രാവിലെ 10.30 ന് പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്നാണ് വിവരം.

കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ മോദി തുടര്‍ച്ചയായി പങ്കെടുക്കും. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. 4 ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.

തുടര്‍ന്ന് അതേ വേദിയില്‍ ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയിലും മോദി പങ്കെടുക്കും. ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോര്‍പറേഷനു വേണ്ടിയുള്ള തലസ്ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങില്‍ നടത്തും. 12.40ന് പ്രധാനമന്ത്രി ചെന്നൈയിലേക്കു പോകും.

ചായാമൻസയ്ക്ക് സത്യജിത്റേ ഡോക്യുമെൻ്ററി പുരസ്കാരം

ചായാമൻസയ്ക്ക് സത്യജിത്റേ ഡോക്യുമെൻ്ററി പുരസ്കാരം

ആറ്റിങ്ങൽ: സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രമേളയിൽ ചായാമൻസക്ക് പുരസ്കാരം. സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് ബിന്ദു നന്ദന സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്ത ഡോക്യുമെൻ്ററിക്കാണ് പുരസ്കാരം.

സംവിധായകരായ ബാലുകിരിയത്ത്, തുളസിദാസ്, സജിൻലാൽ, അമ്പൂട്ടി, അഡ്വ.രാജേശ്വരി എന്നിവർ ജൂറി അംഗങ്ങളായ കമ്മിറ്റിയാണ് പുരസ്‌ക്കാര നിർണ്ണയം നടത്തിയത്. ഗ്രീൻ ആപ്പിൾ ക്രിയേഷൻസിൻ്റെ ബാനറിൽ അക്ഷയനിധി, ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

എരുവ അനൂപ് എഡിറ്റിങ്ങും ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും നിർവഹിച്ചിരിക്കുന്നു. ആയുഷ് മിഷൻ മുൻ മെഡിക്കൽ ഓഫീസർ ഡോ ഡി.ചന്ദ്രകുമാർ, കെ എസ് ആർ ടി സി കൺട്രോളിങ് ഇൻസ്പെക്ടർ ആയിരുന്ന ബി.സാബു, ഡി പി ഐ മുൻ സീനിയർ സൂപ്രണ്ട് കുമുദം, വിദ്യാർഥിനി ഋതുനന്ദ തുടങ്ങിയവർ അവതരണം നിർവഹിച്ചിരിക്കുന്നു.

പിരപ്പമൺകാട് ഏലായയിൽ  നിലം നികത്തലിനു എതിരെ പ്രതിഷേധം സംഘടിപ്പിച്ചു കോൺഗ്രസ്‌

പിരപ്പമൺകാട് ഏലായയിൽ നിലം നികത്തലിനു എതിരെ പ്രതിഷേധം സംഘടിപ്പിച്ചു കോൺഗ്രസ്‌

പിരപ്പമൺകാട് ഏലായയിൽ അനധികൃതമായി മണ്ണിട്ട് വയൽ നികത്തുന്നതിന് എതിരെ മണ്ണിട്ട പ്രദേശങ്ങളിൽ കൊടി നാട്ടിയും,ഇടയ്ക്കോട് വില്ലജ് ഓഫീസറെ ഉപരോധിച്ചും ഇടയ്ക്കോട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഉപരോധ സമരത്തെ തുടർന്ന് മേൽപറഞ്ഞ വസ്തുവും ആയി ബന്ധപെട്ട ഡോക്യുമെന്റ് വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ പരിശോധിക്കുകയും മണ്ണ് ഇട്ട് നികത്താൻ ശ്രെമിച്ച ഭാഗത്തു വയൽ പ്രദേശം ഉണ്ട് എന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന് ഇന്ന് തന്നെ വില്ലജ് ഓഫീസറുടെയും ആറ്റിങ്ങൽ പോലീസിന്റെയും സാനിധ്യത്തിൽ വയൽ പ്രദേശത്ത് നിക്ഷേപിച്ച മണ്ണ് മാറ്റുവാൻ വേണ്ട നടപടിയും നികത്താൻ ശ്രെമിച്ച നീർചാല് പുനസ്ഥാപിക്കുവാൻ വേണ്ട നടപടിയും കൈകൊള്ളും എന്ന ഉറപ്പിൻമേൽ ഉപരോധ സമരം അവസാനിപ്പിച്ചു. ഇടയ്ക്കോട് മണ്ഡലം പ്രസിഡന്റ്‌ ശരുൺ കുമാർ നേതൃത്വം നൽകിയ ഉപരോധ സമരത്തിൽ പഞ്ചായത്ത്‌ മെമ്പർ B.വിജയകുമാർ, മുൻ പഞ്ചായത്ത്‌ മെമ്പർ വിഷ്ണു രവീന്ദ്രൻ R, മണ്ഡലം ഭാരവാഹികൾ ആയ ലിഷു.j, നിതിൻ.N, ഷിബു പാണച്ചേരി, പ്രദീപ്. S, ബിനു, പ്രസാദ്. S എന്നിവർ നേതൃത്വം നൽകി. പിരപ്പമൺകാട് ഏലായയിൽ മുദാക്കൽ പഞ്ചായത്തിലെ ബിജെപി ഭരണസമിതിയുടെ മൗനാനുവാദത്തോട് കൂടി ആണ് ഇത്തരം പ്രവർത്തികൾ നടക്കുന്നത് എന്ന് കോൺഗ്രസ്‌ ഇടയ്ക്കോട് മണ്ഡലം കമ്മിറ്റി ആരോപിച്ചു.

പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു

പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു

ചിറയിൻകീഴ്: പത്മഭൂഷൺ പ്രേംനസീറിന്റെ 37മത് ചരമ വാർഷികദിനചരണം സംഘടിപ്പിച്ചു. ശാർക്കര ജംഗ്‌ഷനിൽ പ്രേംനസീർ ചിത്രത്തിന് മുൻപിൽ പുഷ്പാർചന നടത്തി. അനുസ്മരണ കമ്മിറ്റി ചെയർമാൻ ആർ.സുഭാഷിന്റെ അധ്യക്ഷതയിൽ ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സിന്ധു.എസ്സ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ അഡ്വ.എസ്.വി.അനിലാൽ അനുസ്മരണ സന്ദേശം നൽകി. പുതുക്കരി പ്രസന്നൻ, രീജു, സുഭാഷ്.വി, സി.എസ്സ്.അജയകുമാർ, മനോജ്‌ ഇടമന, വേണുഗോപാലൻ നായർ, ഹരി.ജി.ശാർക്കര, സുരേഷ്‌കുമാർ (മോനി), അജിത്ഗോവിന്ദ്, രാധാകൃഷ്ണൻ, ശശാങ്കൻ, അഡ്വ.എ.ബാബു ചിറയിൻകീഴ്, വിജയദാസ്, ഭാഗി അശോകൻ, സുശോഭനൻ, സതീശൻ, ചിറയിൻകീഴ് പൊടിയൻ, അഡ്വ. കൃഷ്ണകുമാർ, ടൈറ്റസ്, ജനപ്രതിനിധികളായ പി.മണികണ്ഠൻ, പഞ്ചമം സുരേഷ്, രാധാമണി, നിർമല.എം, സന്തോഷ്‌കുമാർ, നസീർ എന്നിവർ സംസാരിച്ചു.

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

രണ്ടാം ദിനത്തിലും ഇഞ്ചോടിഞ്ച്, കണ്ണൂരും കോഴിക്കോടും മുന്നില്‍

64-മത് കേരള സ്‌കൂള്‍ കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് കലാ വൈവിധ്യങ്ങളുടെ വേദിയായി. വാശിയേറിയ മത്സരമാണ് ഓരോ വേദികളിലും അരങ്ങേറുന്നത്. 442 പോയിന്റുകള്‍ നേടി കണ്ണൂര്‍ ജില്ല ഒന്നാം സ്ഥാനത്ത് കുതിക്കുകയാണ്.

438 പോയിന്റുകളുമായി കോഴിക്കോട് തൊട്ടുപിന്നാലെയുണ്ട്. 436 പോയിന്റുകള്‍ നേടിയ തൃശൂരും 428 പോയിന്റുകള്‍ നേടിയ പാലക്കാടുമാണ് യഥാക്രമം മുന്നൂം നാലും സ്ഥാനത്ത്. തിരുവനന്തപുരം അഞ്ചാം സ്ഥാനത്ത് തുടരുന്നു. കലോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നഗരത്തിലേക്ക് കലാപ്രേമികള്‍ ഒഴുകി. നാളെ മുതല്‍ സ്വര്‍ണക്കപ്പിനുള്ള ജില്ലകളുടെ മത്സരം ഒന്നുകൂടി കൊഴുക്കും.

ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിനു പിന്നാലെ ദ്വാരപാലക കേസിലും തന്ത്രി കണ്ഠര് രാജീവര് അറസ്റ്റിൽ. നിലവിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അവിടെയെത്തി അറസ്റ്റ് രേഖപ്പെടുത്തി. തന്ത്രിയെ കസ്റ്റഡിയിൽ കിട്ടാൻ അന്വേഷണം സംഘം നാളെ അപേക്ഷ നൽകും.

ശബരിമലയിലെ വിഗ്രഹങ്ങളിൽ സ്വർണം പൂശുന്നതുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടുകളിൽ തന്ത്രിക്ക് നേരിട്ട് പങ്കുണ്ടെന്ന കണ്ടെത്തലിനെത്തുടർന്നാണ് കൂടുതൽ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്. കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ജയിലിലെത്തി തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തന്ത്രിക്ക് തട്ടിപ്പിൽ ബന്ധമുണ്ടെന്നാണ് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ നൽകിയ റിപ്പോർട്ട്. സ്വർണം ചെമ്പാക്കിയ വ്യാജ മഹസറിൽ തന്ത്രി ഒപ്പിട്ട് ഗൂഢാലോചനയിൽ പങ്കാളിയായെന്നാണ് എസ്ഐടി കോടതിയെ അറിയിച്ചത്. ദ്വാരപാലക പാളിയും കട്ടിളപ്പാളിയും പോറ്റിയുടെ പക്കൽ കൊടുത്തു വിടാനുള്ള തീരുമാനമെടുത്ത ദേവസ്വം ബോർഡ് അംഗം ശങ്കരദാസിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെയാണ് ഇന്ന് ദ്വാരപാലക കേസിൽ കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു കുഴപ്പവുമില്ലാതിരുന്ന ശബരിമലയിലെ പഴയ കൊടിമരം മാറ്റിയതിലും ദുരൂഹത. കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ചെന്ന് പറഞ്ഞാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചത്. എന്നാല്‍ കൊടിമരത്തിന്റെ അടിഭാഗം നിര്‍മിച്ചിരിക്കുന്നത് കോണ്‍ക്രീറ്റ് കൊണ്ടാണ്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കൊടിമരത്തെയും വാജി വാഹനത്തെയും അഷ്ടദിക് പാലകരെയും ലക്ഷ്യംവെച്ചാണോ ഇങ്ങനെയൊരു നിര്‍മ്മാണ പ്രവൃത്തി നടന്നത് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എസ്‌ഐടി.

അതിനിടെ വാജി വാഹനം അന്നത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്വര്‍ണക്കൊള്ളയുടെ ഭാഗമായാണോ എന്ന് അറിയുന്നതിനായി എസ്‌ഐടി ഇതിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കാന്‍ തീരുമാനിച്ചത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ്. തീരുമാനം നടപ്പിലാക്കുന്ന കാലത്ത് പിണറായി സര്‍ക്കാരാണ് അധികാരത്തില്‍ ഉണ്ടായിരുന്നത്. 2017ലാണ് പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിക്കുന്നത്. പഴയ കൊടിമരം മാറ്റുന്ന സമയത്ത് എല്‍ഡിഎഫ് സര്‍ക്കാരാണ് ഭരിക്കുന്നതെങ്കിലും അന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതി യുഡിഎഫ് നേതൃത്വത്തിലുള്ളതായിരുന്നു.

2014 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലാണ് പഴയ കൊടിമരം മാറ്റുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അന്ന് നടന്ന ഒരു ദേവപ്രശ്‌നത്തിലാണ് കൊടിമരത്തിന്റെ അടിഭാഗം ചിതലരിച്ച് പോയിട്ടുണ്ടെന്നും കൊടിമരം മാറ്റണമെന്നും പറഞ്ഞത്. 1970 കളിലാണ് പഴയ കൊടിമരം സ്ഥാപിച്ചത്. അന്ന് സ്വര്‍ണം പൊതിഞ്ഞ കൊടിമരമാണ് സ്ഥാപിച്ചത്. അതിന്റെ അടിഭാഗം കോണ്‍ക്രീറ്റാണ് ചെയ്തിരുന്നത്. 2017 ഫെബ്രുവരി 19-ാം തീയതിയാണ് പഴയ കൊടിമരത്തിലെ വാജി വാഹനം പ്രയാര്‍ ഗോപാലകൃഷ്ണനും അജയ് തറയിലും ചേര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ക്ക് കൈമാറിയത്. കഴിഞ്ഞദിവസം കണ്ഠരര് രാജീവരുടെ വീട്ടില്‍ നിന്ന് എടുത്ത വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കൊല്ലം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.