by Midhun HP News | Nov 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ശബരിമല സ്വര്ണക്കൊളള കേസില് എസ്ഐടി അന്വേഷണം തുടരുന്നതിനിടെ, തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പുതിയ ഭരണസമിതി ഇന്ന് ചുമതലയേല്ക്കും. പ്രസിഡന്റായി മുന് ചീഫ് സെക്രട്ടറി കെ ജയകുമാറും അംഗമായി മുന് മന്ത്രി കെ രാജുവും രാവിലെ പതിനൊന്നരയ്ക്ക് ദേവസ്വം ബോര്ഡ് ആസ്ഥാനത്ത് സത്യപ്രതിജ്ഞ ചെയ്യും. രണ്ട് വര്ഷത്തേക്കാണ് കാലാവധി. പ്രസിഡന്റായിരുന്ന പി എസ് പ്രശാന്തും അംഗം എ അജികുമാറും വ്യാഴാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു.
സ്വര്ണക്കൊളള കേസില് മുന് പ്രസിഡന്റും കമ്മീഷണറുമായ എന് വാസുവും ഉദ്യോഗസ്ഥരും അറസ്റ്റിലായി. എസ്ഐടി അന്വേഷണം ഉന്നതരിലേക്കും നീളുകയാണ്. അതിനിടെയാണ് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിന് പുതിയ ഭരണസമിതിയെ നിയോഗിച്ചത്.
ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര് വിരമിച്ച ശേഷം അഞ്ച് വര്ഷം മലയാളം സര്വകലാശാല വിസിയായിരുന്നു. നിലവില് ഐഎംജി ഡയറക്ടറായി തുടരവെയാണ് പുതിയ പദവി.


by Midhun HP News | Nov 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: എസ്എടി ആശുപത്രിയില് പ്രസവത്തെ തുടര്ന്നു ചികിത്സയിലിരിക്കെ കരിക്കകം സ്വദേശി ജെ.ആര്.ശിവപ്രിയ (26) മരിച്ചത് സ്റ്റഫൈലോകോക്കസ് അണുബാധയെ തുടര്ന്നാണെന്നും ആശുപത്രിയില്നിന്നാണ് അണുബാധ ഉണ്ടായതെന്നു പറയാന് കഴിയില്ലെന്നും വിദഗ്ധ സമിതി റിപ്പോര്ട്ട്. ആലപ്പുഴ മെഡിക്കല് കോളജിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. സംഗീതയുടെ നേതൃത്വത്തിലുളള വിദഗ്ധ സമിതിയാണ് റിപ്പോര്ട്ട് സമര്പ്പിച്ചത്. റിപ്പോര്ട്ട് ഡിഎംഇയ്ക്ക് കൈമാറി.
ആശുപത്രിയില് അണുനശീകരണത്തിനുള്ള നടപടികള് കൃത്യമായി പാലിച്ചിരുന്നുവെന്നും അതിന്റെ രേഖകള് പരിശോധിച്ചുവെന്നും റിപ്പോര്ട്ടില് പറയുന്നു. ശിവപ്രിയയെ അഡ്മിറ്റ് ചെയ്തിരുന്ന ദിവസം നൂറുകണക്കിനു മറ്റു രോഗികള് ചികിത്സ തേടിയിരുന്നുവെന്നും അവര്ക്കാര്ക്കും ഇത്തരത്തില് അണുബാധ ഉണ്ടായിട്ടില്ലെന്നും അന്വേഷണസംഘം ചൂണ്ടിക്കാട്ടി. പ്രസവമുറിയില്നിന്ന് സാംപിള് എടുത്തു നടത്തിയ അണുബാധ പരിശോധനാ റിസള്ട്ടും നെഗറ്റീവ് ആണ്. ആ സാഹചര്യത്തില് അണുബാധയുടെ ഉറവിടം ആശുപത്രിയാണെന്നു പറയാന് കഴിയില്ലെന്നാണ് അന്വേഷണസമിതിയുടെ കണ്ടെത്തല്.
കഴിഞ്ഞ 22നായിരുന്നു ശിവപ്രിയയുടെ പ്രസവം. 24ന് എസ്എടിയില് നിന്ന് ഡിസ്ചാര്ജ് ചെയ്തു. വീട്ടില് എത്തിയശേഷം കടുത്ത പനി ആയിരുന്നു. 26നു ശിവപ്രിയയെ തിരികെ എസ്എടിയില് പ്രവേശിപ്പിച്ചു. പിന്നീട് നില വഷളായതിനെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നടത്തിയ ബ്ലഡ് കള്ചറില് ആണ് അണുബാധ കണ്ടെത്തിയത്. തുടര്ന്ന് ഐസിയുവിലേക്കു മാറ്റിയെങ്കിലും നവംബര് 9ന് ഉച്ചയോടെ മരിക്കുകയായിരുന്നു.


by Midhun HP News | Nov 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില് മത്സരിക്കുന്ന സ്ഥാനാര്ഥികളുടെ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് കോണ്ഗ്രസ്. 13 സ്ഥാനാര്ഥികളെയാണ് കോണ്ഗ്രസ് പ്രഖ്യാപിച്ചത്. നേരത്തേ, 12 സ്ഥാനാര്ഥികളെ പ്രഖ്യാപിച്ചിരുന്നു.
പോത്തന്കോട് ഡിവിഷനില് ട്രാന്സ്ജന്ഡര് വിഭാഗത്തില്നിന്നുള്ള അമേയ പ്രസാദ് യുഡിഎഫ് സ്ഥാനാര്ഥിയായി മത്സരിക്കും. നാവായിക്കുളം ഡിവിഷനില് ആര്എസ്പിയും കണിയാപുരത്ത് മുസ്ലിം ലീഗും മത്സരിക്കും. കെഎസ്യു ജില്ലാ പ്രസിഡന്റ് ഗോപു നയ്യാര് പൂവച്ചല് വാര്ഡില്നിന്ന് ജനവിധി തേടും. ഡിസിസി വൈസ് പ്രസിഡന്റും മുന് യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റുമായ സുധീര്ഷാ പാലോട് കല്ലറയില് നിന്നാകും മത്സരിക്കുക.
രണ്ടാംഘട്ട പട്ടികയിലെ സ്ഥാനാര്ഥികള്
കല്ലറ: സുധീര്ഷാ പാലോട്
വെഞ്ഞാറമ്മൂട്: വെമ്പായം എസ്. അനില്കുമാര്
ആനാട്: തേക്കട അനില്കുമാര്
പാലോട്: അരുണ്രാജ്
ആര്യനാട്: പ്രദീപ് നാരായണന്
വെള്ളനാട്: എസ്. ഇന്ദുലേഖ
പൂവച്ചല്: ഗോപു നെയ്യാര്
ഒറ്റശേഖരമംഗലം: ആനി പ്രസാദ്
കുന്നത്തുകാല്: വിനി വി.പി
പാറശാല: കൊറ്റാമം വിനോദ്
മലയിന്കീഴ്: എം. മണികണ്ഠന്
പോത്തന്കോട്: അമേയ പ്രസാദ്
കല്ലമ്പലം: ലിസ നിസാം
by Midhun HP News | Nov 15, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. നാളെ മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
നാളെ ഇടുക്കി ജില്ലയിലും തിങ്കളാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയം, ഇടുക്കി ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്ന് (15/11/2025) പുലർച്ചെ 2.30 മുതൽ രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ തീരങ്ങളിൽ 0.2 മുതൽ 0.7 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ജാഗ്രതാനിർദേശങ്ങൾ:
1. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
2. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.
3. കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാൽ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.
4. INCOIS മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കേണ്ടതാണ്
5. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
6. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.
7. തീരശോഷണത്തിനു സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലർത്തുക.
by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
തൃശൂര്: മുറ്റിച്ചൂരില് ബൈക്ക് യാത്രികനെ പെപ്പര് സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് മൂന്ന് ലക്ഷം രൂപ തട്ടിയ കേസില് മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായത് തിരുവനന്തപുരം ആറ്റിങ്ങല് സ്വദേശി അര്ജുന്, ഇടുക്കി ബൈസണ്വാലി സ്വദേശി ബോബി ഫിലിപ്പ്, ആലുവ സ്വദേശി ഗ്ലിവിന് ജെയിംസ് എന്നിവരെയാണ്.
ഈ മാസം ഏഴിന് മുറ്റിച്ചൂര് പള്ളിക്ക് സമീപം ആസൂത്രിതമായാണ് കവര്ച്ച നടന്നത്. മഹാരാഷ്ട്ര സ്വദേശിയും വാടാനപ്പള്ളിയില് താമസക്കാരനുമായ അക്ഷയ് പ്രതാപ് പവനാണ് ആക്രമിക്കപ്പെട്ടത്. പ്രതികള് ബൈക്കില് യാത്ര ചെയ്തിരുന്ന അവനെ മുഖത്ത് പെപ്പര് സ്പ്രേ അടിച്ചാണ് പണം കവര്ന്നത്. കണ്ടെത്താനാകാതെ രക്ഷപ്പെട്ട പ്രതികളുടെ വാഹനത്തെ കേന്ദ്രീകരിച്ചായിരുന്നു തൃശൂര് റൂറല് പൊലീസ് അന്വേഷണം ശക്തമാക്കിയത്. കേസില് കൂടുതല് പേര് ഉള്പ്പെട്ടിട്ടുണ്ടെന്ന സൂചനകളുണ്ട്. അവരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നുവെന്നും ഉടന് പിടികൂടുമെന്നുമാണ് പൊലീസ് അറിയിച്ചത്.


by Midhun HP News | Nov 14, 2025 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില് മാറ്റം. നാല് ജില്ലകളിലാണ് യെല്ലോ അലര്ട്ടുള്ളത്. എറണാകുളം,ഇടുക്കി, തൃശൂര്, കണ്ണൂര് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില് 64.5 മില്ലിമീറ്റര് മുതല് 115.5 മില്ലിമീറ്റര് വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്ത്ഥമാക്കുന്നത്.
17ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും 18ന് കോട്ടയം, ഇടുക്കി ജില്ലകളിലും യെല്ലോ അലര്ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് തെക്കു പടിഞ്ഞാറന് ഉള്ക്കടല്, തെക്കന് തമിഴ്നാട് തീരം, ഗള്ഫ് ഓഫ് മന്നാര്, അതിനോട് ചേര്ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില് മണിക്കൂറില് 35 മുതല് 45 കിലോമീറ്റര് വരെയും ചില അവസരങ്ങളില് 55 കിലോമീറ്റര് വരെയും വേഗതയില് ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
കള്ളക്കടല് പ്രതിഭാസത്തിന്റെ ഭാഗമായി കന്യാകുമാരി ജില്ലയിലെ (നീരോടി മുതല് ആരോക്യപുരം വരെ) തീരങ്ങളില് ഇന്ന് (14/11/2025) രാത്രി 11.30 മുതല് നാളെ (15/11/2025) രാത്രി 11.30 വരെ 0.8 മുതല് 1.3 മീറ്റര് വരെയും ഉയര്ന്ന തിരമാലകള് കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.
നാളെ (15/11/2025) പുലര്ച്ചെ 2.30 മുതല് രാത്രി 11.30 വരെ കേരളത്തിലെ ആലപ്പുഴ, എറണാകുളം, തൃശൂര്, മലപ്പുറം, കോഴിക്കോട്, കണ്ണൂര് ജില്ലകളിലെ തീരങ്ങളില് 0.2 മുതല് 0.7 മീറ്റര് വരെയും ഉയര്ന്ന തിരമാലകള്ക്ക് സാധ്യതയുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാല് മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക.


Recent Comments