by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് പേളി മാണി. അവതാരകയായി കയ്യടി നേടിയ പേളി അഭിനേത്രിയായും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ബിഗ് ബോസ് താരം കൂടിയായിരുന്ന പേളി ഇന്ന് മലയാളത്തിലെ ഏറ്റവും ജനപ്രീയ ഇന്‍ഫളുവന്‍സര്‍മാരില്‍ ഒരാളാണ്. പേളിയുടോ ടോക്ക് ഷോയ്ക്ക് വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്.
കഴിഞ്ഞ ദിവസം പേളി പങ്കുവച്ചൊരു സ്റ്റോറി ആരാധകരില്‍ ആശങ്കയുണ്ടാക്കുന്നതായിരുന്നു. കയ്യില്‍ കനുലയുമായി പേഷ്യന്റ് ഗൗണ്‍ ധരിച്ചു കിടക്കുന്ന വിഡിയോയായിരുന്നു താരം പങ്കുവച്ചത്. ഇതോടെ പേളിയ്ക്ക് എന്താണ് സംഭവിച്ചതെന്നായി ആരാധകര്‍. ആ ചോദ്യങ്ങള്‍ക്ക് ഇപ്പോള്‍ പേളി തന്നെ മറുപടി നല്‍കിയിരിക്കുകയാണ്.
ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച വിഡിയോയിലൂടെയാണ് പേളിയുടെ പ്രതികരണം. തനിക്ക് എന്താണ് പറ്റിയതെന്ന് അന്വേഷിച്ച് ധാരാളം പേര്‍ വിളിച്ചുവെന്നും ആ സ്‌നേഹത്തിന് നന്ദി പറയുന്നതായും പേളി പറഞ്ഞു. അതേസമയം തനിക്ക് ഗുരുതരമായ പ്രശ്‌നങ്ങളൊന്നും ഇല്ലെന്നും പേളി വ്യക്തമാക്കി.
”ഒരുപാട് മെസേജുകള്‍ ലഭിച്ചു. അവസാനമായി ഇത്രയും മെസേജുകള്‍ ലഭിച്ചത് കല്യാണത്തിന്റെ അന്നാണെന്ന് തോന്നുന്നു. അവര്‍ക്കെല്ലാം അറിയേണ്ടത് എനിക്ക് സുഖമാണോ, എന്തെങ്കിലും കുഴപ്പമുണ്ടോ എന്നായിരുന്നു. ആ സ്‌റ്റോറിയെ ഇടേണ്ടിയിരുന്നില്ലെന്ന് വിചാരിച്ചു പോയി. ഒരുപാട് സ്‌നേഹം കിട്ടിയത് പോലെ. രാവിലെ എഴുന്നേറ്റ് അതെല്ലാം വായിച്ചപ്പോള്‍ സന്തോഷം തോന്നി” പേളി പറയുന്നു.
”എനിക്ക് സുഖമില്ല. ചെറിയൊരു ഇന്‍ഫെക്ഷനാണ്. വയറിലാണ്. കഴിച്ച എന്തെങ്കിലും ആയിരിക്കും. പക്ഷെ സഹിക്കാനാകാത്ത വേദനയായിരുന്നു. രണ്ടോ മൂന്നോ ദിവസത്തേക്ക് അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. പരമാവധി നാല് ദിവസം. ഞാന്‍ പുറത്തിറങ്ങും. പിന്നെ കുറച്ച് വിശ്രമിച്ചാല്‍ സുഖപ്പെടും. പൂര്‍വ്വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് ജോക്‌സോടെ തിരിച്ചുവരും. ഇന്നത്തെ എപ്പിസോഡിന്റെ കമന്റുകള്‍ വായിക്കുകയായിരുന്നു. ഒരുപാട് നന്ദി. ഞാനും ഒരുപാട് ആസ്വദിച്ചു” എന്നും പേളി പറയുന്നു.


by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: വഴുതക്കാടുണ്ടായ വാഹനാപകടത്തിൽ നടൻ മണിയൻപിള്ള രാജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാവിലെ 9.30 ന് മണിയൻപിള്ള രാജു പൊലീസ് സ്റ്റേഷനിൽ ഹാജരായി. നടനെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും, ചിക്കൻഗുനിയ ബാധിച്ചിരിക്കുകയാണെന്നും നടൻ പറഞ്ഞു.
നടനെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് പൊലീസ് ചുമത്തിയിട്ടുള്ളത്. അലക്ഷ്യമായി വാഹനം ഓടിക്കൽ, പ്രാഥമിക ശുശ്രൂഷ നൽകാതിരിക്കൽ, അപകടമുണ്ടായശേഷം വാഹനം നിർത്താതെ പോയി, പൊലീസിനെ വിവരം അറിയിച്ചില്ല തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. വൈദ്യപരിശോധനയ്ക്ക് ശേഷം, മദ്യപിച്ചെന്ന് തെളിഞ്ഞാൽ കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പൊലീസ് സൂചിപ്പിച്ചു. കാർ വന്നിടിക്കുകയായിരുന്നുവെന്നും, ഇടിച്ചിട്ട ശേഷം ബൈക്കിനെ കുറേദൂരം കാർ നിരക്കി പോയിയെന്നും പരിക്കേറ്റവർ പറയുന്നു.

ഇന്നലെ രാത്രി 9. 45 ഓടെയാണ് മണിയൻപിള്ള രാജു ഓടിച്ച കാർ രണ്ട് ബൈക്ക് യാത്രികരെ ഇടിച്ചത്. ബൈക്ക് യാത്രക്കാരായ നിവേദ് കൃഷ്ണ, സൂരജ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടമുണ്ടാക്കിയ കാർ നടൻ മണിയൻപിള്ള രാജുവിന്റേതാണെന്ന് രാത്രി തന്നെ പൊലീസ് കണ്ടെത്തി. എന്നാൽ രാജുവിനെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധന നടത്തിയില്ല. അദ്ദേഹത്തിന്റെ സൗകര്യത്തിന് സ്റ്റേഷനിൽ ഹാജരാകാൻ സൗകര്യം ഒരുക്കി കൊടുത്തുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്.
അപകടത്തെത്തുടര്‍ന്ന് ഭയന്നുപോയെന്നും, അതുകൊണ്ടാണ് നിര്‍ത്താതെ പോയതെന്നും നടന്‍ മണിയന്‍പിള്ള രാജു. താന്‍ തന്നെയാണ് കാര്‍ ഓടിച്ചിരുന്നത്. ഒരു ചടങ്ങു കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്നു. അമിത
വേഗത്തിലെത്തിയ ബൈക്ക് തന്റെ കാറില്‍ വന്നിടിക്കുകയായിരുന്നു. രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും നടന്‍ പറഞ്ഞു. മണിയൻപിള്ള രാജു തന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നു. അപകടത്തെത്തുടർന്ന് നടന്റെ വീട്ടിലെത്തിയപ്പോൾ വീടു പൂട്ടിക്കിടക്കുകയായിരുന്നുവെന്നും, ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലുമായിരുന്നു എന്നാണ് നേരത്തെ പൊലീസ് സൂചിപ്പിച്ചിരുന്നത്.
എന്നാൽ പൊലീസിന്റെ ഈ വാദം രാവിലെ നടൻ തള്ളി. ഇന്നലെ രാത്രി രണ്ടു പൊലീസുകാർ വീട്ടിൽ വന്നിരുന്നു. താൻ കാൻസർ രോഗിയാണെന്നും, വീട്ടിൽ ഭാര്യ മാത്രമേ ഉള്ളൂവെന്നും അറിയിച്ചു. തുടർന്ന് രാത്രി സ്റ്റേഷനിലേക്ക് വരേണ്ട, നാളെ പകൽ സ്റ്റേഷനിലെത്തിയാൽ മതിയെന്നു പറഞ്ഞ് പൊലീസുകാർ തിരികെ പോയെന്നുമാണ് മണിയൻപിള്ള രാജു മാധ്യമങ്ങളോട് പറഞ്ഞത്. ഇന്നലെ രാത്രി വഴുതക്കാട്ടെ ട്രിവാൻഡ്രം ക്ലബിന് സമീപം വെച്ചാണ് അപകടമുണ്ടായത്.

by Midhun HP News | Feb 6, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: തിരുവനന്തപുരം പാലോട് പടക്ക നിർമാണ ശാലയിൽ പൊട്ടിത്തെറി. പടക്കം കെട്ടുന്നതിനിടെ അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തിൽ ഉടമയ്ക്ക് ഗുരുതരമായി പരിക്കേറ്റു. നന്ദിയോട് ആനക്കുഴി സ്വദേശി സജിനാണ് പരിക്കേറ്റത്. ഇയാളെ നെടുമങ്ങാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ 9 മണിയോടെയാണ് അപകടം ഉണ്ടായത്. പടക്കം കെട്ടുന്നതിനിടെ തിരി സ്പാർക്ക് ചെയ്തതാകാം അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സജിന്റെ മുഖത്തും കൈയ്യിലുമാണ് പരിക്കേറ്റത്. പടക്കനിർമാണ ശാലയുടെ ലൈസൻസ് സജിന്റെ പിതാവിന്റെ പേരിലാണ് ഉള്ളത്. ലൈസൻസ് ഉണ്ടോ എന്നുള്ളത് പരിശോധിച്ചുവരികയാണ്. പാലോട് പൊലീസ് രണ്ട് റൂമുകൾ സീൽ ചെയ്തിട്ടുണ്ട്. പാലോട് – നന്ദിയോട് മേഖലയിൽ ഇപ്പോൾ സ്ഥിരമായി അപകടം ഉണ്ടാകുന്നുണ്ട്. തുടരെത്തുടരെ അപകടങ്ങൾ നടക്കുന്നതിന്റെ ഭാഗമായി പാലോട് പൊലീസ് ജോയിൻ്റ് ഇൻസ്പെക്ഷനായി കളക്ടർക്ക് കത്ത് നൽകിയിട്ടുണ്ട്.


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
ആറ്റിങ്ങൽ അവനവഞ്ചേരി സ്മൃതിയിൽ ജയകുമാർ ഷിംന ദമ്പതികളുടെ മൂത്ത മകൻ വിഷ്ണു ജയകുമാറാ (26) ണ് യു.കെ യിലെ സ്വാൻ വൈൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് വിഷ്ണു തൻ്റെ മുൻ സുഹൃത്ത്ക്കളുമായി പുറത്തേയ്ക്ക് പോയത്. ഞായറാഴ്ച വൈകിയിട്ടും തിരിച്ച് താമസ സ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് കൂടെ താമസിക്കുന്നവർ തൊട്ടടുത്ത പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തിങ്കളാഴ്ച വിഷ്ണുവിനോടപ്പം യാത്ര ചെയ്ത സുഹൃത്ത് തന്നെ വിവരം വീട്ടിൽ വിളിച്ചറിയിക്കുകയായിരുന്നു. പിന്നീട് ചൊവ്വാഴ്ച്ച് പൊലീസ് സ്വാൻ തടാകത്തിൽ നിന്ന് വിഷ്ണുവിൻ്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: കോട്ടൂര്‍ കാപ്പുകാട് ആന പരിശീലന കേന്ദ്രത്തില്‍ ആന തുമ്പിക്കൈ കൊണ്ട് അടിച്ച പാപ്പാന് ദാരുണാന്ത്യം. ബാലരാമപുരം സ്വദേശി വിഷ്ണുവാണ് മരിച്ചത്. കുളിപ്പിക്കുന്നതിനിടെ ആന തുമ്പിക്കൈ കൊണ്ട് വെള്ളത്തിലേക്ക് അടിച്ചു വീഴ്ത്തുകയായിരുന്നു. ആനയുടെ ഒന്നാം പാപ്പാൻ ആണ് വിഷ്ണു. നെയ്യാർ ഡാം റിസർവെയറിൽ ആനയെ കുളിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം.


by Midhun HP News | Feb 5, 2026 | Latest News, ജില്ലാ വാർത്ത
ഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദി പ്രമേയം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മറുപടി ഇല്ലാതെ ലോക്‌സഭ പാസ്സാക്കി. ഇന്നലെ ലോക്‌സഭയില്‍ മറുപടി പ്രസംഗം നടത്താനാണ് മോദി നിശ്ചയിച്ചിരുന്നത്. എന്നാല്‍ പ്രതിപക്ഷ ബഹളം മൂലം സഭ തടസ്സപ്പെട്ടിരുന്നു. അതിനാല്‍ പ്രധാനമന്ത്രി ലോക്‌സഭയിലേക്ക് എത്തിയിരുന്നില്ല.
ലഡാക്കിലെ ചൈനീസ് കടന്നുകയറ്റം വിശദീകരിക്കുന്ന മുന്‍ കരസേനാ മേധാവി എംഎം നരവാനെയുടെ ഓര്‍മ്മക്കുറിപ്പ് ഉദ്ധരിച്ചുകൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രസംഗം സ്പീക്കര്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷ ബഹളം ഉണ്ടായത്. തുടര്‍ന്ന് പ്രതിപക്ഷ അംഗങ്ങള്‍ കടലാസ് വലിച്ചു കീറുകയും, നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയുമായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.
ലോക്സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സംസാരിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ തടഞ്ഞത് കോണ്‍ഗ്രസിലെ കെ സി വേണുഗോപാല്‍ വീണ്ടും ലോക്‌സഭയില്‍ ഉന്നയിച്ചു. ഒരു പാര്‍ലമെന്ററി ജനാധിപത്യത്തില്‍, പ്രതിപക്ഷ നേതാവിന് സംസാരിക്കാനും ചര്‍ച്ച ആരംഭിക്കാനുമുള്ള അവകാശമുണ്ട്. എന്നാല്‍ ഈ സഭയില്‍ അതു നിഷേധിക്കുകയാണ്. ഇത് പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യ- യുഎസ് വ്യാപാര കരാറില്‍ ഇന്ത്യയിലെ കര്‍ഷകര്‍ വളരെയധികം ആശങ്കാകുലരാണ് എന്നതാണ് യഥാര്‍ത്ഥ വസ്തുത. ഈ കരാറില്‍ ഇന്ത്യ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട് എന്നും കെ സി വേണുഗോപാല്‍ ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ സ്പീക്കര്‍ ഓം ബിര്‍ല വിമര്‍ശിച്ചു. പ്രതിപക്ഷത്തിന്റെ പെരുമാറ്റം പാര്‍ലമെന്ററി മര്യാദകള്‍ക്ക് നിരക്കുന്നതല്ല. ഇത്തരം സാഹചര്യത്തില്‍ സഭ സുഗമമായി നടത്താനാവില്ലെന്നും സ്പീക്കര്‍ പറഞ്ഞു. പ്രതിപക്ഷ ബഹളം തുടര്‍ന്നതിനെത്തുടര്‍ന്ന് ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു.


Recent Comments