കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍

തിരുവനന്തപുരം: കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ പതിച്ചത് കോന്നിയില്‍. അള്‍ട്രാ വയലറ്റ് സൂചിക അനുസരിച്ച് കോന്നിയില്‍ പത്താണ് രേഖപ്പെടുത്തിയത്. അള്‍ട്രാ വയലറ്റ് സൂചിക എട്ട് മുതല്‍ പത്തുവരെയെങ്കില്‍ ഓറഞ്ച് ജാഗ്രതയാണ് നല്‍കുക. ഗൗരവകരമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് നല്‍കുന്ന ഓറഞ്ച് ജാഗ്രതയാണ് കോന്നിയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്.

കൊട്ടാരക്കര 8, മൂന്നാര്‍ 8, തൃത്താല 8, പൊന്നാനി 8 എന്നിങ്ങനെയാണ് ഓറഞ്ച് ജാഗ്രതയില്‍ വരുന്ന മറ്റു പ്രദേശങ്ങള്‍. ചങ്ങനാശേരി 7, ചെങ്ങന്നൂര്‍ 7, കളമശേരി 5, ഒല്ലൂര്‍ 7 എന്നിവിടങ്ങളില്‍ മഞ്ഞ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അള്‍ട്രാ വയലറ്റ് സൂചിക ആറു മുതല്‍ ഏഴുവരെയെങ്കില്‍ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ച് മുന്‍കരുതല്‍ സ്വീകരിക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ നിര്‍ദേശം.

ഏറ്റവും ഗുരുതരമായ സാഹചര്യത്തിന് നല്‍കുന്ന റെഡ് അലര്‍ട്ട് എവിടെയും ഇല്ല. സൂചിക 11ന് മുകളില്‍ ആണെങ്കില്‍ ആണ് റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുക. ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ തത്സമയ അള്‍ട്രാ വയലറ്റ് സൂചിക വിവരങ്ങളാണ് ദുരന്ത നിവാരണ അതോറിറ്റി പങ്കുവെച്ചത്. ബേപ്പൂര്‍, മാനന്തവാടി, ധര്‍മ്മടം, ഉദുമ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും സൂചിക വ്യക്തമാക്കുന്നു. തുടര്‍ച്ചയായി കൂടുതല്‍ സമയം അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങള്‍ക്കും നേത്രരോഗങ്ങള്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമായേക്കാം. അതിനാല്‍ പൊതുജനങ്ങള്‍ സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറ്റിയുടെ മുന്നറിയിപ്പില്‍ പറയുന്നു.
ജാഗ്രതാനിര്‍ദേശങ്ങള്‍:

പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാല്‍ ആ സമയങ്ങളില്‍ കൂടുതല്‍ നേരം ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കടലിലും ഉള്‍നാടന്‍ മല്‍സ്യബന്ധനത്തിലും ഏര്‍പ്പെടുന്ന മല്‍സ്യ തൊഴിലാളികള്‍, ജലഗതാഗതത്തിലേര്‍പ്പെടുന്നവര്‍, ബൈക്ക് യാത്രക്കാര്‍, വിനോദസഞ്ചാരികള്‍, ചര്‍മ്മരോഗങ്ങളുള്ളവര്‍, നേത്രരോഗങ്ങളുള്ളവര്‍, കാന്‍സര്‍ രോഗികള്‍, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ പ്രത്യേകം ജാഗ്രത പാലിക്കണം.

പകല്‍ സമയത്ത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ തൊപ്പി, കുട, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കാന്‍ ശ്രമിക്കുക. ശരീരം മുഴുവന്‍ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്നതായിരിക്കും ഉചിതം.

യാത്രകളിലും മറ്റും ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാന്‍ ശ്രമിക്കുക.

ഡോ.ജോർജിൻ്റെ മരണം.. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ഡോ.ജോർജിൻ്റെ മരണം.. ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

ജീവനൊടുക്കിയ പ്രശസ്ത വൃക്ക രോഗ വിദഗ്ധന്‍ ജോര്‍ജ് പി അബ്രഹാമിന്റെ ഫാംഹൗസിൽ നിന്നും ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. തനിക്ക് പ്രായമായെന്നും അതിനെ തുടർന്ന് നിരവധി ആരോ​ഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നും കുറിപ്പിൽ പറയുന്നു. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയുന്നില്ല, ഇതിൽ തനിക്ക് നല്ല നിരാശയുണ്ടെന്നും ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യ കുറിപ്പിൽ വിശദീകരിക്കുന്നു. അടുത്തിടെ ഡോക്ടർ ജോർജ്ജിന്റെ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു.

നെടുമ്പാശ്ശേരിക്കടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. എറണാകുളം ലേക്ക് ഷോര്‍ ആശുപത്രിയിലെ വൃക്ക രോഗ വിഭാഗം സീനിയര്‍ സര്‍ജനാണ് ജോര്‍ജ് പി അബ്രഹാം. ഇന്നലെ വൈകുന്നേരമാണ് സഹോദരനൊപ്പം അദ്ദേഹം ഫാം ഹൗസിലെത്തിയത്. തുടര്‍ന്ന് സഹോദരനെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു. അതിന് ശേഷമാണ് ഡോക്ടറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്.

കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയില്‍

കര്‍ഷകനെ കുത്തിക്കൊന്ന കാട്ടുപന്നി ചത്ത നിലയില്‍

കണ്ണൂര്‍: പാട്യം മുതിയങ്ങ വയലില്‍ കര്‍ഷകനെ കുത്തിയ കാട്ടുപന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. സംഭവ സ്ഥലത്ത് നിന്നും രണ്ടു കിലോമീറ്റര്‍ ദൂരെയാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. പാട്യം മൊകേരി മുതിയങ്ങയിലാണ് കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചത്. വള്ള്യായി സ്വദേശി എ കെ ശ്രീധരനാണ് (70) കൊല്ലപ്പെട്ടത്. ദേഹമാസകലം കാട്ടുപന്നിയുടെ കുത്തേറ്റിട്ടുണ്ട്.

കാട്ടു പന്നിയെ നാട്ടുകാര്‍ തല്ലിക്കൊന്നതാണെന്ന വിവരം പുറത്തുവന്നിട്ടുണ്ടെങ്കിലും സ്ഥിരികരിച്ചിട്ടില്ല. കാട്ടുപന്നികള്‍ കൃഷിയിടത്തില്‍ സ്ഥിരമായെത്തി കൃഷിനശിപ്പിക്കുന്നുവെന്ന് കര്‍ഷകര്‍ പറഞ്ഞു.

നേരത്തെ നിരവധി തവണ കാട്ടുപന്നിയുടെ ശല്യം ഉണ്ടെന്ന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കുന്നത്.

കണ്ണൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടത് ദുഃഖകരമായ സംഭവമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. കുടുംബത്തിന് നിയമപരമായ എല്ലാ സഹായവും നല്‍കുമെന്നും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഉത്തര മേഖല സി സി എഫ് ദീപക് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഞായറാഴ്ച രാവിലെ സ്വന്തം കൃഷിയിടത്തില്‍ നനച്ചുകൊണ്ടിരിക്കെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടാകുന്നത്. ദേഹത്താകമാനം മുറിവേറ്റതിനെ തുടര്‍ന്ന് ശ്രീധരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്ന് മൃതദേഹം തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്ത് സുരേഷ് ഗോപി

തിരുവനന്തപുരം: സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്യുകയും ചെയ്തു.

ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഡല്‍ഹിയില്‍ വിഷയം ഉന്നയിക്കുമെന്നും ബിജെപി അധ്യക്ഷന്‍ ജെപി നഡ്ഡയുമായി ചര്‍ച്ച ചെയ്യുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി സുരേഷ് ഗോപി പറഞ്ഞു.

കഴിഞ്ഞ ദിവസം പെയ്ത മഴ കൊള്ളാതിരിക്കാന്‍ ആശാവര്‍ക്കര്‍മാര്‍ ടാര്‍പോളിന്‍ ഷീറ്റ് മറച്ചുകെട്ടിയിരുന്നു. എന്നാല്‍ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് പൊലീസ് അത് മാറ്റുകയായിരുന്നു.

വിസ്‌ഡം യൂത്ത് തർബിയ സംഗമം സംഘടിപ്പിച്ചു

വിസ്‌ഡം യൂത്ത് തർബിയ സംഗമം സംഘടിപ്പിച്ചു

തിരുവനന്തപുരം: വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ യുവജന വിഭാഗമായ വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ തർബിയ സംഗമം കണിയാപുരം മംഗലപുരം ഓക്സിജൻ പാർക്കിൽ നടന്നു.

വിസ്‌ഡം യൂത്തിന്റെ റമദാൻ കാല പരിപാടികളുടെ ഭാഗമായാണ് തർബിയ സംഗമം സംഘടിപ്പിച്ചത്. വിസ്‌ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു.മുഹമ്മദ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. ജംഷീർ സ്വലാഹി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ അൻവർ കലൂർ, ത്വാഹ പാലാംകോണം, ജില്ലാ വൈസ് പ്രസിഡന്റ് ജമീൽ പാലാംകോണം, അൻസാറുദ്ധീൻ പീരുമേട്, അക്ബർഷാ അൽ ഹികമി, അബ്ദു റഊഫ് അൽ ഹികമി എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സുകളെടുത്തു. ജില്ലാ സെക്രട്ടറി നസീം അഴിക്കോട്, ട്രഷറർ മുഹമ്മദ് ഷാൻ സലഫി എന്നിവർ സംസാരിച്ചു.

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. സാധാരണയേക്കാൾ രണ്ടു ഡി​ഗ്രി സെൽഷ്യസ് മുതൽ നാലു ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 38°C വരെയും കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കടുത്ത ചൂടിൽ നിന്ന് ആശ്വാസമായി ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

ജാ​ഗ്രതാനിർദേശം:

പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.

പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ തുടങ്ങിയവ പകൽ സമയത്ത് ഒഴിവാക്കുക.

അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.

പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്‌ളാസ്മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂൾ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും ആവശ്യമെങ്കിൽ യാത്രയ്ക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്ക് കുടിവെള്ളം നൽകി നിർജലീകരണം തടയാൻ സഹായിക്കുക.

പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതൽ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.

യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കയ്യിൽ വെള്ളം കരുതുക.