by Midhun HP News | Jun 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിവ്യൂ റിപ്പോര്‍ട്ടില്‍ സംസ്ഥാന സമിതി മൂന്നു സുപ്രധാന തിരുത്തലുകള്‍ വരുത്തി. തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ത്ഥിത്വം, വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന, എ പത്മകുമാറിനെതിരായ നടപടി എന്നിവയിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ച നിലപാട് തിരുത്താന്‍ സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്. ഇതനുസരിച്ച് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തി.
തളിപ്പറമ്പില്‍ പി കെ ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ വീഴ്ച പറ്റിയിട്ടില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. പ്രാദേശിക വിഭാഗീയതയും എസ്‌ഐആര്‍ അടക്കമുള്ള നടപടികളുമാണ് തളിപ്പറമ്പിലെ തോല്‍വിക്ക് കാരണമെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞിരുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വീഴ്ച പറ്റിയെന്ന് സംസ്ഥാന കമ്മിറ്റിയില്‍ പൊതു അഭിപ്രായം ഉയര്‍ന്നത്.
തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി യോഗത്തില്‍ 73 പേരാണ് പങ്കെടുത്തിരുന്നത്. അതില്‍ 70 പേരും പി കെ ശ്യാമളുടെ സ്ഥാനാര്‍ത്ഥിത്വത്തെ എതിര്‍ത്തിരുന്നു. എന്നിട്ടും ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെയും, പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെയും താല്‍പ്പര്യപ്രകാരമായിരുന്നു. ആ തീരുമാനത്തില്‍ വീഴ്ചയുണ്ടെന്നും നേതാക്കള്‍ സംസ്ഥാന കമ്മിറ്റിയില്‍ ചൂണ്ടിക്കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. തീരുമാനം ഞെട്ടിച്ചെന്ന് കാസര്‍കോടു നിന്നുള്ള അംഗം പറഞ്ഞു. വെള്ളാപ്പള്ളി നടേശന്റെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനയെ എതിര്‍ക്കുന്നതില്‍ സിപിഎം നേതൃത്വത്തിന് വീഴ്ച പറ്റിയെന്നതാണ് മറ്റൊരു തിരുത്ത്.
നേരത്തെ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ റിപ്പോര്‍ട്ടില്‍ വെള്ളാപ്പള്ളിക്കെതിരെ നിലപാട് മയപ്പെടുത്തിയായിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെയല്ല, മുസ്ലിം ലീഗിനെതിരെയാണ് പ്രസ്താവനയെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ടെന്നായിരുന്നു സിപിഎം നേതൃത്വത്തിന്റെ ആദ്യ നിലപാട്. മുഖ്യമന്ത്രി വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിക്കൊണ്ടുപോയതിനെയും സിപിഎം നേതൃത്വം ന്യായികരിച്ചിരുന്നു. എന്നാല്‍ വെള്ളാപ്പള്ളിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകളെ പാര്‍ട്ടി നേതൃത്വം അപ്പോള്‍ തന്നെ എതിര്‍ക്കേണ്ടതായിരുന്നു എന്നാണ് സംസ്ഥാന കമ്മിറ്റി വിലയിരുത്തിയത്.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിയായ എ പത്മകുമാറിനെതിരായ നടപടിയിലാണ് മറ്റൊരു തിരുത്ത്. നേരത്തെ പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സിപിഎം മടിച്ചിരുന്നു. തെരഞ്ഞെടുപ്പ് റിവ്യു റിപ്പോര്‍ട്ടില്‍ ശബരിമല വിഷയത്തില്‍ നിലപാട് മയപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പത്മകുമാറിനെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മാത്രമായിരുന്നു നിര്‍ദേശം. എന്നാല്‍ നേരത്തെ തന്നെ പത്മകുമാറിനെതിരെ നടപടി വേണമായിരുന്നു എന്നാണ് സംസ്ഥാന കമ്മിറ്റിയില്‍ നിര്‍ദേശം ഉയര്‍ന്നത്. നടപടിയില്ലാതെ മുന്നോട്ടു പോകാനാകില്ലെന്നും ശഠിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ പത്തനംതിട്ട ജില്ലാ കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

by Midhun HP News | Jun 11, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: സണ്ണി ജോസഫ് മന്ത്രിയായതോടെ പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടത്തിവരികയാണ്. പുതിയ കെപിസിസി അധ്യക്ഷനെ നിയമിക്കുന്നതില്‍ മുഖ്യമന്ത്രി വിഡി സതീശന്റെയും മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെയും നിലപാട് നിര്‍ണായകമായേക്കും. കൂടിയാലോചനകളും ലോബിയിങ്ങും പുരോഗമിക്കുന്നതിനിടെ, ലോക്സഭാ ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷിനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് സതീശന്‍-സുധീരന്‍ ക്യാമ്പ് പിന്തുണയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ നീക്കത്തിലൂടെ, പാര്‍ട്ടിയിലും സര്‍ക്കാരിലും തന്റെ സ്വാധീനം ഉറപ്പിക്കാന്‍ സതീശന്‍ ശ്രമിക്കുന്നതായി വിലയിരുത്തപ്പെടുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും തമ്മിലുള്ള തീവ്രമായ പോരാട്ടത്തിനിടയിലാണ് പുതിയ സമവാക്യം രൂപപ്പെട്ടതെന്ന് കരുതപ്പെടുന്നു. ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിന് മുന്നില്‍ വിഡി സതീശന് വേണ്ടി ലോബിയിങ് ചെയ്യുന്നതില്‍ വി എം സുധീരന്‍ നിര്‍ണായക പങ്ക് വഹിച്ചതായി പറയപ്പെടുന്നു. ഇത് സതീശനും സുധീരനും തമ്മിലുള്ള അടുപ്പം ശക്തമാകാന്‍ കാരണമായിട്ടുണ്ട്.
കൊടിക്കുന്നില്‍ സുരേഷിന് പുറമേ, മുന്‍ യുഡിഎഫ് കണ്‍വീനറായ ബെന്നി ബെഹനാന്‍ എംപിയാണ് പരിഗണനയിലുള്ള മറ്റൊരു നേതാവ്. പുതിയ സാഹചര്യത്തില്‍ കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കൊടിക്കുന്നില്‍ സുരേഷ്- ബെന്നി ബെഹനാന്‍ എന്നിവര്‍ തമ്മില്‍ നേരിട്ടുള്ള പോരിന് കളമൊരുങ്ങുന്നുവെന്നാണ് സൂചന. മുഖ്യമന്ത്രി വിഡി സതീശന്‍ തന്റെ നിലപാട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
പുതിയ സംഭവവികാസങ്ങള്‍ സംസ്ഥാന കോണ്‍ഗ്രസിലെ അധികാര സന്തുലിതാവസ്ഥയെ സ്വാധീനിച്ചേക്കാമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം പുതിയ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട തന്ത്രം സംബന്ധിച്ച് കെ സി വേണുഗോപാല്‍ ക്യാമ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. എട്ട് തവണ എംപിയായ കൊടിക്കുന്നില്‍ സുരേഷ്, വളരെക്കാലമായി കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ (കെപിസിസി) പ്രസിഡന്റ് ആകാൻ ശ്രമിച്ചു വരികയാണ്. നിയമിക്കപ്പെട്ടാൽ കെപിസിസിയുടെ ആദ്യ ദലിത് പ്രസിഡന്റാകും കൊടിക്കുന്നിൽ സുരേഷ്.
കഴിഞ്ഞതവണയും കൊടിക്കുന്നില്‍ ശ്രമിച്ചെങ്കിലും, ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ കെപിസിസി അധ്യക്ഷനായി നിയമിക്കുകയായിരുന്നു. ഏറെ നാളായി കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് സജീവമായി ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ബെന്നി ബെഹനാന്റേത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സണ്ണി ജോസഫിന് മത്സരിക്കാന്‍ ടിക്കറ്റ് അനുവദിച്ചപ്പോള്‍ ബെന്നി ബഹനാനെ പകരം കെപിസിസി അധ്യക്ഷനായി നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാര്‍ട്ടിയിലെ ഭിന്നത കണക്കിലെടുത്ത് അവസാന നിമിഷം ആ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
കൊടിക്കുന്നില്‍ സുരേഷിഷിനെ ഉയര്‍ത്തിക്കാട്ടുന്നതിലൂടെ പുതിയ സോഷ്യല്‍ എഞ്ചിനീയറിംഗ് ഫോര്‍മുല തങ്ങളുടെ സ്ഥാനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് സതീശനുമായും സുധീരനുമായും അടുത്ത വൃത്തങ്ങള്‍ വിലയിരുത്തുന്നു. കേരള ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായി വി എം സുധീരനെ സര്‍ക്കാര്‍ നിയമിച്ചേക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കുമ്പോള്‍ ഹൈക്കമാന്‍ഡിന് തന്റെ അഭിപ്രായങ്ങള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന് വിഡി സതീശന്‍ കണക്കുകൂട്ടുന്നു. ഒരു കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞു.
അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും, നിയമനം അന്തിമമാക്കുന്നതിന് മുമ്പ് മുഖ്യമന്ത്രിയുടെ അഭിപ്രായം പരിഗണിക്കുമെന്ന് ഹൈക്കമാന്‍ഡുമായി അടുത്ത നേതാക്കള്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് പ്രധാനമാണ്” ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. സംഘടനയില്‍ തന്റെ സ്വാധീനം ശക്തിപ്പെടുത്താന്‍ സതീശന്‍ ഈ അവസരം ഉപയോഗിക്കുകയാണ്. ‘പട്ടികജാതി, മറ്റ് പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ള നേതാക്കള്‍ക്ക് പാര്‍ട്ടിയിലും സര്‍ക്കാരിലും പ്രധാന സ്ഥാനങ്ങള്‍ നല്‍കുന്നതില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഊന്നല്‍ എല്ലാവര്‍ക്കും അറിയാം’ സതീശന്‍ അനുകൂലിയായ നേതാവ് പറഞ്ഞു.
സുധീരന്റെയും സതീശന്റെയും പിന്തുണയോടെ, കൊടിക്കുന്നില്‍ സുരേഷ് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റാകാനുള്ള സാധ്യത വളരെ കൂടുതലാണ്’. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, സുധീരനുമായി സതീശന്‍ പുലര്‍ത്തുന്ന അടുപ്പത്തില്‍ പാര്‍ട്ടിയില്‍ നിന്ന് എതിര്‍പ്പ് നേരിടേണ്ടി വന്നേക്കാമെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സുധീരന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴുള്ള സംഭവവികാസങ്ങളാണ് ഈ ആശങ്കയ്ക്ക് കാരണമായിട്ടുള്ളത്. കെ.സി വേണുഗോപാല്‍ പക്ഷം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. ഇത് കൊടിക്കുന്നില്‍ സുരേഷും ബെന്നി ബഹനാന്റെയും നേരിട്ടുള്ള മത്സരത്തിന് വഴിതുറന്നിരിക്കുകയാണ്.’

by Midhun HP News | Jun 11, 2026 | Latest News, ജില്ലാ വാർത്ത
വർക്കല.ശിവഗിരി തൊടുവേ പനവിള പുത്തൻവീട്ടിൽ സന്തോഷിന് തലയ്ക്ക് പരിക്കേറ്റു.
സംഭവത്തിൽ പുന്നമൂട് സ്വദേശികളായ വാറുവിള വീട്ടിൽ വിനീഷ് (37), വൃന്ദാവനം വീട്ടിൽ രാജേഷ് (45), തുണ്ടുള്ള വീട്ടിൽ അർഷാദ് (52), പി.വി.പി. മന്ദിരത്തിൽ ശ്യാംജിത്ത് (33) എന്നിവരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്ക് 3.30ഓടെ പുന്നമൂട് ബസ് സ്റ്റാൻഡിന് സമീപത്തെ ചായക്കടയിലാണ് സംഭവം. ചായക്കടയിൽ നിന്ന് പലഹാരം എടുക്കാൻ ശ്രമിക്കുന്നതിനിടെ സമീപത്ത് നിന്നിരുന്ന അർഷാദ്, രാജേഷ് എന്നിവരോട് മാറിനിൽക്കാമോയെന്ന് സന്തോഷ് ആവശ്യപ്പെട്ടതാണ് തർക്കത്തിന് ഇടയാക്കിയത് . തുടർന്ന് പ്രതികൾ നാലുപേരും കൂടി സന്തോഷിനെ മർദ്ദിച്ചു.
ഒന്നാം പ്രതി വിനീഷ് കമ്പി കൊണ്ട് തലക്ക് അടിച്ചതായും നാലുപേരും ചേർന്ന് നിലത്തിട്ട് മർദിച്ചതായും പൊലീസ് എഫ്.ഐ.ആറിൽ പറയുന്നു. പരിക്കേറ്റ സന്തോഷിനെ വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലയ്‌ക്കേറ്റ മുറിവിൽ 10 സ്റ്റിച്ചുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

by Midhun HP News | Jun 10, 2026 | Latest News, ജില്ലാ വാർത്ത
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി വി ജോയി എംഎല്‍എ തുടരും. ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. ഇന്ന് നടക്കുന്ന ജില്ലാ കമ്മിറ്റിയില്‍ സംസ്ഥാന സെന്റര്‍ വി ജോയിയുടെ പേര് നിര്‍ദ്ദേശിക്കും. നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിൽ നിന്നും വീണ്ടും മത്സരിച്ച സാഹചര്യത്തിലായിരുന്നു വി ജോയ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നിന്നത്. പകരം സെക്രട്ടറിയായി രാജ്യസഭാ എം പി എ എ റഹീമിന് സിപിഐഎം ചുമതല നൽകിയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന ഘട്ടത്തിൽ ജില്ലാ സെക്രട്ടറി ആയതിനാൽ ജോയി സിറ്റിംഗ് സീറ്റായ വർക്കലയിൽ മത്സരിക്കേണ്ടന്ന് സംസ്ഥാന നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റും ജില്ലാ കമ്മിറ്റിയും ജോയ് മത്സരിച്ചില്ലെങ്കിൽ വർക്കല സീറ്റ് നഷ്ടപ്പെടുമെന്ന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് വി ജോയ് വർക്കലയിൽ മത്സരിക്കുന്നതും ജില്ലാ സെക്രട്ടറിയുടെ ചുമതല ഒഴിയുന്നതും.
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടു നിന്ന് വി ശിവന്‍കുട്ടി
സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് വിട്ടു നിന്ന് വി ശിവന്‍കുട്ടി. വി ജോയിയെ ജില്ലാ സെക്രട്ടറിയായി തുടരാന്‍ അനുവദിക്കുന്നതിലുള്ള എതിര്‍പ്പു മൂലമാണ് വിട്ടുനില്‍ക്കലെന്നാണ് വിവരം. സിപിഐഎമ്മിന്റെ സംസ്ഥാന സമിതി അംഗമായ വി ശിവന്‍കുട്ടി തിരുവനന്തപുരത്തെ എല്ലാ സംഘടനായോഗങ്ങളിലും മുടക്കമില്ലാതെ പങ്കെടുക്കുന്ന നേതാവാണ്.
തിരഞ്ഞെടുപ്പ് ഫല അവലോകന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയ്ക്കും ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പുമാണ് യോഗത്തിന്റെ പ്രധാന അജണ്ട. ഇത് ചര്‍ച്ച ചെയ്യുന്നതിന് മുന്നോടിയായുള്ള ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നിന്നാണ് വി ശിവന്‍കുട്ടി വിട്ടുനില്‍ക്കുന്നത്.
ഇന്നലെ, ജില്ലയില്‍ നിന്നുളള സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് വി ജോയിയെ ജില്ലാ സെക്രട്ടറിയാക്കാന്‍ തീരുമാനിച്ചത്. തീരുമാനത്തെ എതിര്‍ത്ത് കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. വി ശിവന്‍കുട്ടിയെ ജില്ലാ സെക്രട്ടറിയെ ആക്കണമെന്ന് ആവശ്യപ്പെട്ടു.
ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വി. ശിവന്‍കുട്ടിയുടെ പേരും കടകംപള്ളി നിര്‍ദേശിച്ചു. എന്നാല്‍ സമ്മേളനം തിരഞ്ഞെടുത്ത വി.ജോയി തുടരട്ടെയെന്ന് സംസ്ഥാന നേതൃത്വം പറഞ്ഞു. ആനാവൂര്‍ നാഗപ്പന്‍, എം. വിജയകുമാര്‍ എന്നിവര്‍ ജോയിയെ അനുകൂലിച്ചു.
by Midhun HP News | Jun 10, 2026 | Latest News, ജില്ലാ വാർത്ത
കുവൈത്ത് സിറ്റി: ഇറാന്‍ ആക്രമണങ്ങളെ വിജയകരമായി പ്രതിരോധിച്ച് കുവൈത്തും ബഹ്‌റൈനും. ആക്രമണത്തില്‍ കുവൈത്തിന്റെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അടിയന്തരമായി സജ്ജമാക്കുകയും ശത്രുക്കളുടെ മിസൈലുകളും ഡ്രോണുകളും ആകാശത്തുതന്നെ തകര്‍ക്കുകയും ചെയ്തതായി കുവൈത്ത് സായുധസേനയുടെ ജനറല്‍ കമാന്‍ഡ് അറിയിച്ചു.
നിശ്ചിത പ്രവര്‍ത്തനക്രമങ്ങള്‍ പാലിച്ചാണ് രാജ്യം വ്യോമാക്രമണങ്ങളെ നേരിട്ടത്. അനാവശ്യ ഭീതി ഒഴിവാക്കാന്‍ ജനങ്ങള്‍ ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കി.
അതേസമയം, ഇറാന്റെ ഭാഗത്തുനിന്നുണ്ടായ ശക്തമായ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്‍ സൈന്യവും വിജയകരമായി പ്രതിരോധിച്ചു. പുലര്‍ച്ചെയോടെ രാജ്യത്ത് വ്യോമാക്രമണ മുന്നറിയിപ്പ് നല്‍കുന്ന സൈറണുകള്‍ മുഴങ്ങിയതായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. സുരക്ഷിതമായ ഇടങ്ങളിലേക്ക് അടിയന്തരമായി മാറാന്‍ ജനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇറാന്റെ വ്യോമാക്രമണങ്ങളെ ബഹ്‌റൈന്റെ വ്യോമപ്രതിരോധ സംവിധാനം നേരിട്ടതായും വിജയകരമായി പ്രതിരോധിച്ചതായും ബഹ്‌റൈന്‍ രാജാവിന്റെ മാധ്യമ ഉപദേശകന്‍ സ്ഥിരീകരിച്ചു.
by Midhun HP News | Jun 10, 2026 | Latest News, ജില്ലാ വാർത്ത
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും അഞ്ചു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
വടക്കന്‍ കര്‍ണാടകയുടെ ഉള്‍പ്രദേശങ്ങള്‍ക്കും അതിന്റെ സമീപ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്. വെള്ളിയാഴ്ച എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Recent Comments