യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം; വ്യാജന്‍മാര്‍ക്ക് പിടിവീഴും, മായംചേര്‍ത്തതും കേടായതും വേണ്ട

അബുദാബി: യുഎയില്‍ ഇനി എന്തും ധൈര്യമായി വാങ്ങാം. 24 മണിക്കൂറിനുള്ളില്‍ വിപണിയില്‍ നിന്ന് വ്യാജവും മായംചേര്‍ത്തതും കേടായതുമായ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കണമെന്ന് വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. വാണിജ്യ തട്ടിപ്പുകള്‍ തടയുന്നതിന് പുതിയ നിയമം( anti-commercial fraud law) നടപ്പാക്കിയിരിക്കുകയാണ് രാജ്യം.

സാമ്പത്തിക മന്ത്രാലയമോ ബന്ധപ്പെട്ട അധികാരിയോ അറിയിപ്പ് നല്‍കിയാല്‍ ആരോഗ്യത്തിന് ഭീഷണിയായേക്കാവുന്ന ഇത്തരം ഉല്‍പ്പന്നങ്ങളുടെ വില്‍പനയും വിതരണവും ഉടന്‍ നിര്‍ത്തണം. വിപണിയിലും വെയര്‍ഹൗസുകളിലും ഉള്ള ഉല്‍പന്നങ്ങള്‍ ഒരു ദിവസത്തിനകം പിന്‍വലിക്കണം. നടപടി പൂര്‍ത്തിയാക്കിയതിന്റെ തെളിവും അധികൃതര്‍ക്ക് നല്‍കണം. ഉല്‍പന്നം പിന്‍വലിച്ചതായി 48 മണിക്കൂറിനകം അറബിയിലും ഇംഗ്ലിഷിലും പൊതുഅറിയിപ്പും നല്‍കണം.

2026 ലെ മന്ത്രിസഭാ തീരുമാനം നമ്പര്‍ (107) അനുസരിച്ച് പുറപ്പെടുവിച്ച വാണിജ്യ വഞ്ചന വിരുദ്ധ നിയമത്തിന്റെ പുതിയ എക്‌സിക്യൂട്ടീവ് ചട്ടങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ മന്ത്രാലയം കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു. വ്യാജമായതും, മായം ചേര്‍ത്ത അല്ലെങ്കില്‍ കേടായ വസ്തുക്കളുടെ ഇറക്കുമതി, നിര്‍മ്മാണം, സംഭരണം, ഗതാഗതം, പ്രോത്സാഹിപ്പിക്കല്‍, വില്‍പ്പന അല്ലെങ്കില്‍ വ്യാപാരം എന്നിവയുള്‍പ്പെടെയുള്ള തെറ്റായ വാണിജ്യ രീതികള്‍ തടയുന്നതിനുള്ള സമഗ്രമായ ചട്ടങ്ങളാണ് കൊണ്ടുവന്നിരിക്കുന്നത്.

മനുഷ്യരുടെയോ മൃഗങ്ങളുടെയോ ആരോഗ്യം, സുരക്ഷ, പരിസ്ഥിതി എന്നിവയ്ക്ക് അപകടമുണ്ടാക്കുന്ന ഉല്‍പന്നങ്ങളാണെങ്കില്‍ ഈ സമയപരിധി കുറയ്ക്കാനും സാധ്യതയുണ്ട്. നിയമം ലംഘിക്കുന്ന ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്ത് പ്രത്യേക സ്ഥലങ്ങളില്‍ സൂക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്യും. നിശ്ചിത സമയത്തിനകം വ്യാപാരി സാധനങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍ അധികൃതര്‍ക്ക് തുടര്‍ന്നുള്ള 48 മണിക്കൂറിനകം നേരിട്ട് നീക്കം ചെയ്യാനും ചെലവ് വ്യാപാരിയില്‍നിന്ന് ഈടാക്കാനും വ്യവസ്ഥയുണ്ട്. വിതരണക്കാരനെ ബന്ധപ്പെടാനാകാത്ത സാഹചര്യത്തിലും സാധനം കണ്ടെത്തിയതിനു പിന്നാലെ 48 മണിക്കൂറിനകം നടപടി സ്വീകരിക്കാം.

തിരിച്ചയയ്ക്കാന്‍ സാധിക്കുന്നതും ആരോഗ്യ-സുരക്ഷാ അപകടമില്ലാത്തതുമായ പിടിച്ചെടുത്ത ഉല്‍പന്നങ്ങള്‍ 30 ദിവസത്തിനകം നിര്‍മിച്ച രാജ്യത്തേക്കോ കയറ്റി അയച്ച രാജ്യത്തേക്കോ തിരിച്ചയയ്ക്കണം.നശിപ്പിക്കാന്‍ തീരുമാനിച്ച സാധനങ്ങള്‍ കോടതി ഉത്തരവോ സുപ്രീം കമ്മിറ്റി തീരുമാനമോ വന്നശേഷം 15 പ്രവൃത്തിദിവസത്തിനകം നശിപ്പിക്കും. റീസൈക്കിള്‍ ചെയ്ത് പുനരുപയോഗിക്കാന്‍ കഴിയുന്നവയ്ക്ക് അതിനുള്ള നടപടിക്കും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്.

സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍ തുടങ്ങിയ റീട്ടെയ്ല്‍ സ്ഥാപനങ്ങള്‍ക്കൊപ്പം ഇ-കൊമേഴ്സ് മേഖലയ്ക്കും ചട്ടം ബാധകമാണ്. വ്യാജ ഉല്‍പന്നങ്ങള്‍ കണ്ടെത്തിയാല്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളുമായി സഹകരിച്ച് വില്‍പന തടയുന്നതിനുള്ള നടപടികളെടുക്കും.വ്യാജ ഉല്‍പന്നങ്ങള്‍ അറിഞ്ഞുകൊണ്ട് വില്‍ക്കല്‍, ഉപയോഗയോഗ്യമല്ലാത്ത സാധനങ്ങള്‍ വീണ്ടും വിപണിയിലെത്തിക്കല്‍, നിയമവിരുദ്ധ ലാഭത്തിനായി വാങ്ങല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം, ഉല്‍പന്നത്തിന്റെ സ്വഭാവം, ഗുണനിലവാരം, ഉത്ഭവം, ഘടകങ്ങള്‍ എന്നിവ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കല്‍ തുടങ്ങിയവയ്ക്കും പിഴയുണ്ടാകും.വാണിജ്യ തട്ടിപ്പിനെതിരെ യുഎഇ പരിശോധനയും ശക്തമാക്കിയിലട്ടുണ്ട്.

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

ജിസാറ്റ്–1എയുമായി കുതിച്ചുയർന്ന് ജിഎസ്എൽവി–എഫ്17; വിക്ഷേപണം വിജയം

ശ്രീഹരിക്കോട്ട : ഐഎസ്ആർഒയുടെ ഭൗമനിരീക്ഷണ ഉപഗ്രഹമായ ജിസാറ്റ് 1എ (ഇഒഎസ്–05) വഹിച്ചുകൊണ്ടുള്ള ജിഎസ്എൽവി– എഫ്17 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽനിന്ന് പുലർച്ചെ 2.55-ഓടെയായിരുന്നു വിക്ഷേപണം. ജിഎസ്എൽവിയുടെ പത്തൊമ്പതാം ദൗത്യമാണിത്.

മഴയ്ക്കിടെയായിരുന്നു വിക്ഷേപണം. 18 മിനിറ്റ് 45 സെക്കൻഡിൽ വിക്ഷേപണ വാഹനത്തിൽ നിന്നു വേർപെട്ടു. ഇന്ത്യൻ ഭൂപ്രദേശത്തിന്റെ തത്സമയ ചിത്രം നൽകാൻ ശേഷിയുള്ള ജിയോ ഇമേജിങ് ഉപഗ്രഹമായ ജിസാറ്റ്–1എ (ഇഒഎസ്–05) ആണ് 36,000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. വിക്ഷേപണം വിജയമെന്ന് ഐഎസ്ആർഒ സൂചിപ്പിച്ചു.

ഇന്ത്യയുടെ ഭൗമനിരീക്ഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് ജി.ഐ.എസ്.എ.ടി.-1എ. (GISAT-1A) എന്നറിയപ്പെടുന്ന ഇ.ഒ.എസ്.-05 ഉപഗ്രഹം. ഭൂമിയിൽനിന്ന് ഏകദേശം 36,000 കിലോമീറ്റർ ഉയരത്തിലുള്ള ജിയോസിൻക്രണസ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം പ്രവർത്തിക്കുക. ചുഴലിക്കാറ്റുകൾ, പ്രളയം, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ അതിവേഗം പടർന്നുപിടിക്കുന്ന സാഹചര്യങ്ങളിൽ കൃത്യമായ നിരീക്ഷണങ്ങളും വിവരങ്ങളും ലഭിക്കും.

ഭൂമിയുടെ കറക്കത്തിനൊപ്പം ഏകദേശം ഒരേ സ്ഥാനത്തു നിന്നു തുടർച്ചയായി ഇഒഎസ്–05 ചിത്രങ്ങളെടുക്കും. ഓരോ 30 മിനിറ്റിലും ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചിത്രങ്ങൾ ലഭിക്കും. പ്രത്യേക നിരീക്ഷണം വേണ്ട സ്ഥലത്തു 5 മിനിറ്റ് ഇടവേളയിൽ ചിത്രങ്ങളെടുക്കാൻ വരെ സാധിക്കും. ഇതുവഴി ദുരന്തസാഹചര്യങ്ങൾ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിലൂടെ ശാസ്ത്രജ്ഞർക്കും ദുരന്തനിവാരണ സേനകൾക്കും സാധിക്കും. അതിർത്തി സുരക്ഷ, പരിസ്ഥിതി നിരീക്ഷണം, കാർഷിക മേഖലയിലെ ആവശ്യങ്ങൾ എന്നിവയ്ക്കും ഉപഗ്രഹം വിവരങ്ങൾ നൽകും.

കഴിഞ്ഞ ജൂലൈയിലെ നൈസാർ ഉപഗ്രഹദൗത്യത്തിനു ശേഷമുള്ള ജിഎസ്എൽവി റോക്കറ്റ് വിക്ഷേപണമാണിത്. ജനുവരി 12നു പിഎസ്എൽവി സി–62 ദൗത്യം പരാജയപ്പെട്ടതിനുശേഷമുള്ള ആദ്യ വിക്ഷേപണം കൂടിയാണ്. 2021 ഓഗസ്റ്റിൽ ജിഎസ്എൽവി–എഫ്10 വാഹനത്തിൽ വിക്ഷേപിച്ച ജിസാറ്റ് –1 ഭ്രമണപഥത്തിൽ എത്തുന്നതിനു മുൻപ് പരാജയപ്പെട്ടിരുന്നു. പിഎസ്എൽവി പരാജയത്തിന് പിന്നാലെ ഐഎസ്ആർഒയുടെ എല്ലാ ദൗത്യങ്ങളും നിർത്തിവച്ചിരുന്നു. വിക്ഷേപണ വിജയം അഞ്ച് വർഷത്തിനു ശേഷമുള്ള ഐഎസ്ആർഒയുടെ തിരിച്ചുവരവ് കൂടിയാണ്.

ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം

ചെളിയില്‍ ആഴ്ന്ന് മണിക്കൂറുകള്‍, അത്ഭുതമായി 97കാരിയുടെ അതിജീവനം

കഠ്മണ്ഡു: പ്രളയക്കെടുതിയുടെ അതീജീവനത്തിന്റെ പ്രതീകമാണ് നേപ്പാളിലെ ദേവിഘട്ട് സ്വദേശിയായ 97കാരി ഗുണ മായ ബൊഹാര. നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ ഇവരെ വയോധിക കേന്ദ്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകര്‍ മോചിപ്പിച്ചത്. ശരീരമാസകലം ചെളിയില്‍ മൂടിയ നിലയിലായിരുന്നു ഇവര്‍.

ദേവിഘട്ടിലെ സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ഫൗണ്ടേഷനിലെ അന്തേവാസിയാണ് മായ ബൊഹാര. ഒപ്പമുണ്ടായിരുന്ന ഏഴ് പേകെ മിന്നല്‍ പ്രളയത്തില്‍ കാണാതായി. മുറിക്കുള്ളില്‍ വെള്ളം കയറിയപ്പോള്‍ മണിക്കൂറുകള്‍ നേരം തല വെള്ളത്തിന് മേലേ ഉയര്‍ത്തിപ്പിടിച്ചുനില്‍ക്കുകയായിരുന്നു.

കഴുത്തോളം ചെളിയില്‍ പുരണ്ട് ജെസിബിയുടെ തൊട്ടിയിലിരിക്കുന്ന ഇവരുടെ ചിത്രം ലോകമെമ്പാടുമുള്ളവരെ അതിശയിപ്പിച്ചിരുന്നു. നിലവില്‍ മറ്റ് അതിജീവിതര്‍ക്കൊപ്പം കാഠ്മണ്ഡുവിലെ താല്‍ക്കാലിക ഷെല്‍ട്ടറില്‍ കഴിയുന്ന ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

മിന്നല്‍പ്രളയത്തെക്കുറിച്ച് തങ്ങള്‍ക്ക് ഒരുമുന്നറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് വയേധിക കേന്ദ്രത്തിലെ ഒരു അന്തേവാസി പറയുന്നു. പ്രഭാതഭക്ഷണ സമയത്താണ് മേല്‍ക്കൂര കുലുങ്ങുന്നതായി കണ്ടത്. ഞങ്ങള്‍ ഉയര്‍ന്ന പ്രദേശത്തേക്ക് ഓടി രക്ഷപ്പെട്ടു, എന്നാല്‍ ആറോ ഏഴോ പേര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല,’ അദ്ദേഹം പറഞ്ഞു.

പ്രളയം ബാധിച്ച് ഏകദേശം രണ്ട് മണിക്കൂറിന് ശേഷമാണ് തങ്ങള്‍ക്ക് അവിടെ എത്താന്‍ കഴിഞ്ഞതെന്ന് ഒരു സന്നദ്ധ പ്രവര്‍ത്തക പറഞ്ഞു. വെള്ളം ഒഴുകിപ്പോയെങ്കിലും അവിടെയാകെ ചെളിയില്‍ മുങ്ങിപ്പോയിരന്നു. അവിടെ നിന്നും വയോധികരെ രക്ഷപ്പെടുത്തി പ്രാദേശിക ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ നല്‍കിയതായും സന്നദ്ധ പ്രവര്‍ത്ത പറഞ്ഞു. അവിടെ നിന്ന് അവരെ വിമാനമാര്‍ഗം കഠ്മണ്ഡുവില്‍ എത്തിച്ച് താല്‍ക്കാലിക ഷെല്‍ട്ടറില്‍ പാര്‍പ്പിച്ചു. ഇവിടെ ഭക്ഷണം, വസ്ത്രങ്ങള്‍, നഴ്‌സിങ് പരിചരണം, വൈദ്യപരിശോധനകള്‍ എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഞങ്ങള്‍ അവര്‍ക്കായി ഒരുക്കിയതായും അവര്‍ കൂട്ടിച്ചേര്‍ത്തു.

അംബേദ്കർ നേരിട്ടതിന് സമാനമായ അധിക്ഷേപം; നദ്ദയോട് നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ

അംബേദ്കർ നേരിട്ടതിന് സമാനമായ അധിക്ഷേപം; നദ്ദയോട് നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ

ഡൽഹി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ താൻ പങ്കെടുത്ത പൊതുസമ്മേളന വേദിയിൽ തീവ്ര ഹിന്ദുത്വ സംഘടനകൾ ‘ശുദ്ധികലശം’ നടത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കേസെടുക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയോട് നിർദ്ദേശിക്കണമെന്ന് രാജ്യസഭാ നേതാവ് ജെപ. നദ്ദയോട് ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. സംഭവം നടന്ന് 24 ദിവസം പിന്നിട്ടിട്ടും കുറ്റക്കാർക്കെതിരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാൻ ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡ് സർക്കാർ തയ്യാറായിട്ടില്ലെന്ന് ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് രാജ്യസഭയിൽ നദ്ദ നൽകിയ ഉറപ്പ് ഓർമ്മിപ്പിച്ചാണ് ഖാർഗെ കത്തയച്ചത്.

ഓഗസ്റ്റ് എട്ടിനായിരുന്നു ഹൽദ്വാനിയിലെ രാംലീല മൈതാനത്ത് മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത പൊതുസമ്മേളനം നടന്നത്. ഖാർഗെ മടങ്ങിയതിന് തൊട്ടുപിന്നാലെ, വേദിയിൽ ചാണകവെള്ളം തളിച്ചും മന്ത്രോച്ചാരണങ്ങളോടെ പൂജകൾ നടത്തിയും വേദി ‘ശുദ്ധീകരിച്ചു’. തുടർന്ന് ഓഗസ്റ്റ് 13-ന് രാജ്യസഭയിൽ ഈ വിഷയം താൻ കടുത്ത വേദനയോടെ ഉന്നയിച്ചപ്പോൾ, ഇത്തരം പ്രവണതകളെ ബിജെപി ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും സഭാ നേതാവ് എന്ന നിലയിൽ ജെപി നദ്ദ ഉറപ്പുനൽകിയിരുന്നു.എന്നാൽ, ആഴ്ചകൾ കഴിഞ്ഞിട്ടും ഈ ക്രൂരവും ഭരണഘടനാ വിരുദ്ധവുമായ പ്രവൃത്തിക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ ഒരു കേസ് പോലും എടുത്തിട്ടില്ലെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി.

മഹാദ് സത്യാഗ്രഹ കാലത്ത് കുടിവെള്ളം എടുത്തതിന്റെ പേരിൽ ബാബാസാഹേബ് ഡോ ബിആർ അംബേദ്കറോട് ജാതിക്കോമരങ്ങൾ കാണിച്ച അതേ മനോഭാവമാണ് ഹൽദ്വാനിയിലും അരങ്ങേറിയതെന്ന് ഖാർഗെ കത്തിൽ വ്യക്തമാക്കി. അന്ന് അംബേദ്കർ തൊട്ട കുളം 108 കുടം ചാണകവെള്ളവും ഗോമൂത്രവും തളിച്ച് ശുദ്ധീകരിച്ച ചരിത്രമുണ്ട്. ഹോമകുണ്ഡങ്ങളോ മന്ത്രോച്ചാരണങ്ങളോ നടത്തിയതുകൊണ്ട് ഇത്തരം ജാതീയമായ അയിത്താചരണങ്ങൾ പവിത്രമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്റെ ഈ രോഷം വ്യക്തിപരമായ സ്ഥാനമാനങ്ങളെയോ കോൺഗ്രസ് അധ്യക്ഷ പദവിയെയോ മാത്രം മുൻനിർത്തിയുള്ളതല്ലെന്ന് ഖാർഗെ തുറന്നടിച്ചു. ഇത്തരം കടുത്ത വിവേചനങ്ങളും അവഹേളനങ്ങളും ദിനംപ്രതി അനുഭവിക്കുന്ന രാജ്യത്തെ കോടിക്കണക്കിന് പാവപ്പെട്ട ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ പ്രശ്നമാണിത്. അതിനാൽ സഭയിൽ നൽകിയ വാക്ക് പാലിച്ച്, ഹൽദ്വാനിയിലെ സംഭവത്തിന് ഉത്തരവാദികളായ സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് നിർദ്ദേശിക്കണമെന്ന് ഖാർഗെ ആവശ്യപ്പെട്ടു.

ഒറ്റയടിക്ക് 67 പൈസയുടെ കുതിപ്പ്, രൂപ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

ഒറ്റയടിക്ക് 67 പൈസയുടെ കുതിപ്പ്, രൂപ രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം രണ്ടുമാസത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഒറ്റയടിക്ക് 67 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ജൂണ്‍ മാസം തൊട്ട് നോക്കിയാല്‍ ഒരു ദിവസത്തെ ഏറ്റവും വലിയ മുന്നേറ്റമാണ് രൂപ ഇന്ന് രേഖപ്പെടുത്തിയത്.

പ്രവാസികള്‍ നടത്തുന്ന എഫ്‌സിഎന്‍ആര്‍ ഡെപ്പോസിറ്റില്‍ ഉണ്ടായ വര്‍ധനയാണ് രൂപയ്ക്ക് കരുത്തായത്. എഫ്‌സിഎന്‍ആര്‍ ഡെപ്പോസിറ്റ് ആയി 12700 കോടി ഡോളര്‍ ലഭിച്ചതായാണ് റിസര്‍വ് ബാങ്കിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 9000 കോടി ഡോളര്‍ പ്രതീക്ഷിച്ച സ്ഥാനത്താണ് ഈ വര്‍ധനയെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നു. അതിനിടെ ഓഹരി വിപണിയും നേട്ടത്തിലാണ്. തുടര്‍ച്ചയായി മൂന്ന് ദിവസം നഷ്ടം നേരിട്ട ഓഹരി വിപണിയില്‍ ബിഎസ്ഇ സെന്‍സെക്‌സ് 314 പോയിന്റ് ആണ് മുന്നേറിയത്. നിഫ്റ്റി 24,000 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് കരുത്ത് പകര്‍ന്നത്. ഇന്നലെ 6688 കോടിയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വാങ്ങിക്കൂട്ടിയത്.

എണ്ണവിലയില്‍ കാര്യമായ വര്‍ധന ഉണ്ടാവാതിരുന്നതും വിപണിയ്ക്ക് അനുകൂലമായി. നിലവില്‍ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 95 ഡോളറിന് അരികില്‍ തന്നെയാണ്. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, എസ്ബിഐ ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്.

പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ബോണസ്, ബൂസ്റ്റര്‍ വരുമാനം; രണ്ടു കിടിലന്‍ പോളിസികളുമായി എല്‍ഐസി

പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ബോണസ്, ബൂസ്റ്റര്‍ വരുമാനം; രണ്ടു കിടിലന്‍ പോളിസികളുമായി എല്‍ഐസി

ഡല്‍ഹി: 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് രണ്ട് പുതിയ പോളിസികള്‍ അവതരിപ്പിച്ച് പ്രമുഖ പൊതുമേഖല ഇന്‍ഷുറന്‍സ് കമ്പനിയായ എല്‍ഐസി. ബീമാ പ്ലാറ്റിനം, ജീവന്‍ രക്ഷ എന്നി പേരുകളിലാണ് പോളിസികള്‍ അവതരിപ്പിച്ചത്. ഭാവി സുരക്ഷിതമാക്കുന്നതോടൊപ്പം ജീവിത പരിരക്ഷയും ഉറപ്പായ റിട്ടേണും നിരവധി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്നതാണ് ബീമാ പ്ലാറ്റിനം പോളിസി എന്ന് എല്‍ഐസി അവകാശപ്പെടുന്നു. പോളിസി കാലയളവില്‍ ഇന്‍ഷുറന്‍സ് ചെയ്യപ്പെട്ട വ്യക്തിയുടെ ആകസ്മികമായ മരണമുണ്ടായാല്‍ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന തരത്തിലാണ് ജീവന്‍ രക്ഷ പോളിസിക്ക് രൂപം നല്‍കിയിരിക്കുന്നത്.

ബീമാ പ്ലാറ്റിനം

ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, സേവിങ്‌സ് പ്ലാനാണ്. പ്രീമിയം അടയ്ക്കുന്ന കാലയളവില്‍ അടയ്ക്കുന്ന വാര്‍ഷിക പ്രീമിയത്തിന്റെ ഓരോ ആയിരം രൂപയ്ക്കും 70 രൂപ വീതം ഉറപ്പായ ബോണസ് ലഭിക്കും. പോളിസി ഉടമ ജീവിച്ചിരിപ്പുണ്ടെങ്കില്‍ പ്രീമിയം അടയ്ക്കുന്ന കാലാവധി അവസാനിച്ചതിന് ശേഷം അഞ്ചാം വര്‍ഷത്തിന്റെ അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 70 ശതമാനം തുക ബൂസ്റ്റര്‍ വരുമാനമായി ലഭിക്കും. പോളിസി കാലാവധിയില്‍ നിന്ന് പ്രീമിയം അടയ്ക്കുന്ന കാലാവധി കുറച്ചുള്ള ബാക്കി കാലയളവില്‍ ഓരോ വര്‍ഷത്തിന്റെയും അവസാനം അടിസ്ഥാന സം അഷ്വേര്‍ഡിന്റെ 10 ശതമാനം വീതം വരുമാനമായി ലഭിക്കും. 7,10,12,15,18 ഇതില്‍ ഏത് വേണമെങ്കിലും പ്രീമിയം അടയ്ക്കുന്ന കാലാവധിയായി തെരഞ്ഞെടുക്കാവുന്നതാണ്. മൂന്ന് ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. 55 വയസ് വരെ ഇതില്‍ ചേരാവുന്നതാണ്. പരമാവധി മെച്ച്യൂരിറ്റി പ്രായം 75 വയസ് ആണ്.

എല്‍ഐസി ജീവന്‍ രക്ഷ

ഇതൊരു നോണ്‍- പാര്‍, നോണ്‍- ലിങ്ക്ഡ്, ലൈഫ്, വ്യക്തിഗത, പ്യൂര്‍ റിസ്‌ക് പ്ലാനാണ്. പോളിസി കാലയളവില്‍ ഇന്‍ഷുര്‍ ചെയ്യപ്പെട്ട വ്യക്തിക്ക് ആകസ്മികമായി മരണം സംഭവിച്ചാല്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. അഞ്ചു ലക്ഷം രൂപയാണ് കുറഞ്ഞ സം അഷ്വേര്‍ഡ്. എന്നാല്‍ ഇതില്‍ ബോണസോ മറ്റു ആനുകൂല്യങ്ങളോ എല്‍ഐസിയുടെ മിച്ചവിഹിതമോ ലഭിക്കില്ല. 18നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഇതില്‍ ചേരാവുന്നതാണ്. 60 വയസ് വരെയാണ് മെച്ച്യൂരിറ്റി അനുവദിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്കായി പ്രത്യേക നിരക്കുകള്‍, ഉയര്‍ന്ന സം അഷ്വേര്‍ഡ് റിബേറ്റുകള്‍, റൈഡര്‍ ഓപ്ഷനുകള്‍ എന്നിവ ഈ പോളിസിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ഐസി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.