by Midhun HP News | Apr 17, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: വഖഫ് സ്വത്തുക്കളില്‍ തല്‍സ്ഥിതി തുടരണമെന്ന് സുപ്രീംകോടതി ഉത്തരവ്. വിജ്ഞാപനം ചെയ്ത വഖഫ് ബൈ യൂസര്‍ സ്വത്ത് ഡീ നോട്ടിഫൈ ചെയ്യരുത്. കലക്ടര്‍മാര്‍മാര്‍ക്ക് പ്രവര്‍ത്തനം തുടരാം. എന്നാല്‍ തല്‍സ്ഥിതി മാറ്റാന്‍ പാടില്ല. വഖഫ് ബോര്‍ഡിലേക്കും കൗണ്‍സിലിലേക്കും ഇപ്പോള്‍ നിയമനം നടത്തരുത്. നിയമനം നടത്തിയാല്‍ അത് അസാധുവാകുമെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
വഖഫ് ആയി ഇതിനകം വിജ്ഞാപനം ചെയ്ത ഭൂമിയുടെ സ്വഭാവം മാറ്റരുതെന്ന് ചീഫ് ജസ്റ്റിസ് വാക്കാല്‍ നിര്‍ദേശിച്ചു. വഖഫ് ബോര്‍ഡുകള്‍ രൂപീകരിക്കുന്നത് കേന്ദ്രസര്‍ക്കാരല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു. വഖഫ് നിയമവുമായി ബന്ധപ്പെട്ട് കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം വേണമെന്ന് സോളിസിറ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മറുപടി നല്‍കാന്‍ ഏഴു ദിവസത്തെ സമയം അനുവദിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.
ഒരാഴ്ചക്കുള്ളിൽ വഖഫ് ബോർഡിലേക്കോ സെൻട്രൽ കൗൺസിലിലേക്കോ ഒരു നിയമനവും നടത്തില്ലെന്നും വഖഫ് സ്വത്തിന്റെ ഇപ്പോഴത്തെ നിലയിൽ ഒരു മാറ്റവും വരാൻ പോകുന്നില്ലെന്നും സോളിസിറ്റർ ജനറൽ സുപ്രീംകോടതിയിൽ പറഞ്ഞു. അടുത്ത ഒരാഴ്ചക്കുള്ളിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾക്കുള്ള മറുപടി നൽമെന്നും കേന്ദ്രസർക്കാർ അറിയിച്ചു. വഖഫ് നിയമം നേരിട്ടോ പരോക്ഷമായോ സ്റ്റേ ചെയ്യാൻ പാടില്ല. ജനങ്ങളുടെ ആവശ്യം കേട്ടതിന് ശേഷമാണ് നിയമം രൂപീകരിച്ചത്. വിശദമായ വാദം സ്റ്റേയുടെ കാര്യത്തിൽ വേണമെന്നും തുഷാർ മേത്ത സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസുമാരായ സഞ്ജയ് കുമാര്‍, കെ വി വിശ്വനാഥന്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ കേന്ദ്രത്തിന്റെ വാദം കേള്‍ക്കും. നൂറുകണക്കിന് ഹര്‍ജികളാണ് കോടതിക്ക് ലഭിച്ചിട്ടുള്ളത്. ഇതില്‍ അഞ്ചു ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കും. കേന്ദ്രം മറുപടി നല്‍കി അഞ്ചുദിവസത്തിനകം ഈ ഹര്‍ജിക്കാര്‍ മറുപടി നല്‍കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. കേസ് സുപ്രീംകോടതി ഇനി പരിഗണിക്കുന്നതുവരെ, ഏതെങ്കിലും സംസ്ഥാനം വഖഫ് ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ടെങ്കില്‍ അതിന് നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു.
പുതിയ വഖഫ് ഭേദഗതി നിയമം പൂർണമായും സ്റ്റേ ചെയ്യില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമം ആർക്കും ബുദ്ധിമുട്ടുണ്ടാക്കരുതെന്നും കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. വഖഫ് ഭൂമി സംബന്ധിച്ച് സുപ്രീംകോടതിയിൽ ലഭിച്ച നൂറോളം ഹർജികളിൽ എല്ലാത്തിലും വാദം കേൾക്കൽ പറ്റില്ലെന്ന് കോടതി പറഞ്ഞു. ഇതിൽ അഞ്ച് ഹര്‍ജികൾ കേള്‍ക്കാമെന്നും അറിയിച്ചു. വിശദവാദത്തിന് നോഡൽ കൗൺസിലർമാരെ നിയോഗിക്കും. നിയമ ഭേദഗതിയിൽ വിശദവാദം തുടരും. നിലവിൽ കോടതി തീരുമാനമാകുന്നത് വരെ ഡീനോട്ടിഫിക്കേഷൻ പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു. മേയ് 5ന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.
by Midhun HP News | Apr 16, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: മുംബൈ-മന്‍മദ് പഞ്ചവടി എക്‌സ്പ്രസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എടിഎം സ്ഥാപിച്ച് സെന്‍ട്രല്‍ റെയില്‍വെ. സ്വകാര്യ ബാങ്കിന്റെ എടിഎം, എസി ചെയര്‍ കാര്‍ കോച്ചിലാണ് സ്ഥാപിച്ചിരിക്കുന്നത്. വൈകാതെ തന്നെ യാത്രക്കാര്‍ക്ക് സേവനം ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
കോച്ചിന്റെ പിന്‍ഭാഗത്തുള്ള ഒരു ക്യൂബിക്കിളിലാണ് എടിഎം സ്ഥാപിച്ചിരിക്കുന്നത്. ട്രെയിന്‍ നീങ്ങുമ്പോള്‍ സുരക്ഷ ഉറപ്പാക്കാന്‍ ഒരു ഷട്ടര്‍ വാതില്‍ നല്‍കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം സേവനം വിജയിച്ചാല്‍ വൈകാതെ യാത്രക്കാര്‍ക്കും സേവനം ഉപയോഗപ്പെടുത്താം. സെന്‍ട്രല്‍ റെയിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ സ്വപ്നില്‍ നില പറഞ്ഞു.
മന്‍മദ് റെയില്‍വേ വര്‍ക്ക്‌ഷോപ്പിലാണ് എടിഎം സ്ഥാപിക്കുന്നതിനായി കോച്ചില്‍ മാറ്റങ്ങള്‍ വരുത്തിയത്. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെര്‍മിനസിനും അയല്‍ ജില്ലയായ നാസിക് ജില്ലയിലെ മന്‍മദ് ജങ്ഷനും ഇടയില്‍ ദിവസേന സര്‍വീസ് നടത്തുന്ന ട്രെയിനാണ് പഞ്ചവടി എക്‌സ്പ്രസ്.
by Midhun HP News | Apr 16, 2025 | Latest News, ദേശീയ വാർത്ത
ഗുരുഗ്രാം: സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ ബലാത്സംഗത്തിന് ഇരയായെന്ന് എയര്‍ഹോസ്റ്റസായ യുവതിയുടെ പരാതി. ഗുരുഗ്രാമിലെ ആശുപത്രിയില്‍ ഏപ്രില്‍ ആറിനായിരുന്നു സംഭവം. ഏപ്രില്‍ 13ന് ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരികെ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം ഭര്‍ത്താവിനോടു പറഞ്ഞത്.
തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ സദര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എയര്‍ലൈന്‍സ് കമ്പനിക്കുവേണ്ടി പരിശീലനത്തിനായാണ് യുവതി ഗുരുഗ്രാമില്‍ എത്തിയത്. ഹോട്ടലില്‍ താമസിക്കവേ ആരോഗ്യം വഷളായതോടെ ചികിത്സയ്ക്കായി യുവതിയെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഏപ്രില്‍ 5ന് ഭര്‍ത്താവ് എത്തിയ ശേഷം അവരെ ഗുരുഗ്രാമിലെ തന്നെ മറ്റൊരു ആശുപത്രിയില്‍ ചികിത്സയ്ക്കായി മാറ്റി. ഇവിടെ വച്ചായിരുന്നു യുവതി പീഡനത്തിന് ഇരയായതെന്നാണ് പരാതി.
പീഡനസമയത്ത് യുവതി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞിരുന്നത്. സംസാരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും വളരെ ഭയന്നിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. ബോധം നഷ്ടപ്പെടുമ്പോള്‍ വണ്ട് നഴ്‌സുമാര്‍ അടുത്തുണ്ടായിരുന്നതായും യുവതി പരാതിയില്‍ പറയുന്നു. പ്രതിയെ തിരിച്ചറിയുന്നതിനായി ആശുപത്രി ജീവനക്കാരുടെ ഡ്യൂട്ടി സമയം അന്വേഷിക്കുന്നതായും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതായും പൊലീസ് അറിയിച്ചു.
by Midhun HP News | Apr 15, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: നവജാത ശിശുക്കളെ ആശുപത്രികളില്‍ നിന്നും കടത്തുന്ന സംഭവങ്ങള്‍ വര്‍ധിച്ചതോടെ കര്‍ശന നിര്‍ദേശങ്ങളുമായി സുപ്രീംകോടതി. കുട്ടികളെ കടത്തുന്ന കേസുകള്‍ കൈകാര്യം ചെയ്യുന്നതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും അലഹാബാദ് ഹൈക്കോടതിയെയും സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് സംസ്ഥാനങ്ങള്‍ പാലിക്കേണ്ട കര്‍ശനമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കോടതി പുറപ്പെടുവിച്ചു.
നവജാത ശിശുക്കളെ കടത്തിയാല്‍ ആശുപത്രികളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ അധികൃതര്‍ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. ഇത്തരം കേസുകളില്‍ ആറു മാസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന് കീഴ്‌ക്കോടതികളോട് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ആവശ്യപ്പെട്ടു. കുട്ടികളെ കടത്തുന്ന കേസുകളില്‍ തീര്‍പ്പാക്കാത്ത വിചാരണയുടെ സ്ഥിതി അറിയിക്കാന്‍ രാജ്യത്തെ ഹൈക്കോടതികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഈ കേസുകളില്‍ ദിനംപ്രതി വിചാരണ നടത്തി ഉടന്‍ തീര്‍പ്പാക്കണം. ഇതിനായി നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ആണ്‍കുഞ്ഞിനെ വേണമെന്ന് ആഗ്രഹിച്ച ദമ്പതികള്‍ക്കായി, നവജാതശിശുവിനെ കടത്തിയെന്ന കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. കേസ് ഉദാസീനതയോടെയാണ് അലഹാബാദ് ഹൈക്കോടതി കൈകാര്യം ചെയ്തതെന്ന് സുപ്രീംകോടതി വിമര്‍ശിച്ചു.
by Midhun HP News | Apr 15, 2025 | Latest News, ദേശീയ വാർത്ത
വാഷിങ്ടണ്‍: ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് നല്‍കിയിരുന്ന 220 കോടി ഡോളറിന്റെ ഗ്രാന്റുകള്‍ മരവിപ്പിച്ച് ഡോണള്‍ഡ് ട്രംപ്. ക്യാംപസിലെ സെമിറ്റിക് വിരുദ്ധ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് നടപടി.
ഗ്രാന്റുകള്‍ക്ക് മരവിപ്പിച്ചത് കൂടാതെ ക്യാംപസിലെ പ്രതിഷേധങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാത്തതിന് സര്‍വകലാശാലയുമായി ബന്ധപ്പെട്ട 60 മില്യണ്‍ ഡോളറിന്റെ കരാറുകളും മരവിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.
‘മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പ്രവേശനങ്ങളും നിയമന രീതികളും സ്വീകരിക്കുക, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഭരണവിഭാഗം എന്നിവരുടെ ഓഡിറ്റ് നടത്തുക, ക്യാംപസില്‍ മാസ്‌കുകള്‍ നിരോധിക്കുക എന്നിവയുള്‍പ്പെടെയുള്ള മാറ്റങ്ങള്‍ നടപ്പിലാക്കണമെന്ന് നിര്‍ദേശിച്ച് സര്‍വകലാശാലയ്ക്ക് ട്രംപ് ഭരണകൂടം കത്തയച്ചിരുന്നു. സര്‍വകലാശാലയിലെ പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അമര്‍ച്ചചെയ്യുകയായിരുന്നു ലക്ഷ്യം.
‘ക്രിമിനല്‍ പ്രവര്‍ത്തനം, നിയമവിരുദ്ധ അക്രമം എന്നിവ പ്രോത്സാഹിപ്പിക്കുന്ന വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ധനസഹായവും അംഗീകാരവും വെട്ടിക്കുറയ്ക്കാനും ട്രംപ് ഭരണകൂടം സര്‍വകലാശാലയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്യാംസിലെ വിദേശ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ കൈമാറുന്നതില്‍ ഇമിഗ്രേഷന്‍ അധികാരികളുമായി സഹകരിക്കാനും ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ നിര്‍ദേശങ്ങള്‍ നടപ്പിലാക്കില്ലെന്ന് സര്‍വകലാശാല അറിയിച്ചു. ഇതിന് പിന്നാലെ വൈറ്റ്ഹൗസ് ഗ്രാന്റുകള്‍ മരവിപ്പിക്കുന്നത് അടക്കമുള്ള നടപടിയിലേക്ക് കടന്നത്.
by Midhun HP News | Apr 15, 2025 | Latest News, ദേശീയ വാർത്ത
ചണ്ഡിഗഡ്: പതിനാലുവര്‍ഷമാണ് ഹരിയാനയിലെ കൈതലില്‍ നിന്നുള്ള രാംപാല്‍ കശ്യപ് നഗ്നപാദനായി നടന്നത്. അതിന് അദ്ദേഹത്തിന് കാരണങ്ങളുമുണ്ടായിരുന്നു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടുമുട്ടിയതോടെ തന്റെ പ്രതിജ്ഞ നിറവേറ്റിയതിന്റെ ആഹ്ലാദത്തിലാണ് അദ്ദേഹം. പ്രിയപ്പെട്ട ആരാധകനായ കശ്യപിന് മോദി ഷൂസ് സമ്മാനിക്കുകയും ചെയ്തു.
നരേന്ദ്രമോദി രാജ്യത്തെ പ്രധാനമന്ത്രിയായ ശേഷമേ താന്‍ ഷൂസ് ധരിക്കു എന്നായിരുന്നു കശ്യപിന്റെ പ്രതിജ്ഞ. 2014 ല്‍ മോദി പ്രധാനമന്ത്രിയായെങ്കിലും, അദ്ദേഹത്തെ നേരില്‍ കാണുംവരെ പ്രതിജ്ഞ തുടരുമെന്ന് കശ്യപ് പറഞ്ഞിരുന്നു. ഇന്നലെ പ്രധാനമന്ത്രിയെ നേരില്‍ കണ്ടതോടെ കശ്യപിന്റെ ആഗ്രഹങ്ങളെല്ലാം സഫലമായി.
സഹോദരാ, എന്തിനാണ് ഇത്രയും കാലം ഇങ്ങനെ ചെയ്തതെന്നായിരുന്നു കശ്യപിനോട് മോദി ചോദിച്ചത്. ‘രാംപാല്‍ജിയെപ്പോലുള്ളവര്‍ എന്നെ വിനയാന്വിതനാക്കുന്നു. ഇത്തരം പ്രതിജ്ഞകള്‍ എടുക്കുന്ന ഏവരോടും ഞാന്‍ അഭ്യര്‍ഥിക്കുകയാണ്; നിങ്ങളുടെ സ്‌നേഹം ഞാന്‍ വിലമതിക്കുന്നു. നിങ്ങള്‍ സാമൂഹ്യപ്രവര്‍ത്തനവുമായും രാഷ്ട്രനിര്‍മാണവുമായും ബന്ധപ്പെട്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ!’- മോദി പറഞ്ഞു.
ബിജെപി പ്രവര്‍ത്തകനായ കൈതല്‍ ജില്ലക്കാരനായ കശ്യപ് മോദിയുടെ കടുത്ത ആരാധകനാണ്. ഒരു നേതാവെന്ന നിലയില്‍ രാജ്യത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ മോദിക്ക് മാത്രമെ കഴിയുകയുള്ളുവെന്നായിരുന്നു കശ്യപിന്റെ ഉറച്ചവിശ്വാസം. ഹരിയാനയിലെ ഹിസാറില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് പ്രധാമന്ത്രി രാംപാല്‍ കശ്യപിനെ കണ്ടത്.
Recent Comments