by Midhun HP News | Mar 5, 2025 | Latest News, ദേശീയ വാർത്ത
മുംബൈ: പത്തുദിവസത്തെ ഇടിവിന് ശേഷം ഓഹരി വിപണിയില്‍ കുതിപ്പ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 800ലധികം പോയിന്റ് മുന്നേറി. 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും മുകളിലാണ് നിഫ്റ്റി. കഴിഞ്ഞ ദിവസം 22,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴേക്ക് വിപണി വീഴുമോ എന്ന ആശങ്ക നിക്ഷേപകരുടെ ഇടയില്‍ ഉയര്‍ന്നിരുന്നു.
കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയില്‍ വാങ്ങലിന് നിക്ഷേപകര്‍ തയ്യാറായതും ഏഷ്യന്‍ വിപണിയിലെ മുന്നേറ്റവുമാണ് വിപണിക്ക് തുണയായത്. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദ്ദമാണ് ഓഹരി വിപണി നേരിട്ടത്. അമിതമായ വില്‍പ്പനയെ തുടര്‍ന്ന് ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്. ഐടി, മെറ്റല്‍, എണ്ണ, പ്രകൃതി വാതകം, ചെറുകിട, ഇടത്തരം കമ്പനികള്‍ എന്നിവയില്‍ ആണ് കാര്യമായ മുന്നേറ്റം ദൃശ്യമാകുന്നത്.
ടാറ്റ സ്റ്റീല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടെക് മഹീന്ദ്ര, അദാനി പോര്‍ട്‌സ്, ടാറ്റ മോട്ടോഴ്‌സ് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത്. ബജാജ് ഫിനാന്‍സ്, അള്‍ട്രാടെക് സിമന്റ്, എച്ച്ഡിഎഫ്‌സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്.
by Midhun HP News | Mar 4, 2025 | Latest News, ദേശീയ വാർത്ത
ദുബായ്: ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ ഇന്ന് ഓസ്‌ട്രേലിയയെ നേരിടാനിറങ്ങുകയാണ് ഇന്ത്യ. ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ടോസ് വീഴും. സ്പിന്നിനെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ നാല് സ്പിന്നര്‍മാരെ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെ.
കഴിഞ്ഞ മത്സരത്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ടീമില്‍ നിലനിര്‍ത്തും. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, അക്‌സര്‍ പട്ടേല്‍ എന്നിവരായിരിക്കും ടീമിലെ മറ്റു സ്പിന്നര്‍മാര്‍.ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നാലു തവണയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും നേര്‍ക്കുനേര്‍ വന്നിട്ടുള്ളത്. ഇതില്‍ 2 കളികളില്‍ ആണ് ഇന്ത്യ ജയിച്ചിട്ടുള്ളത്. ഒരെണ്ണം ഓസ്ട്രേലിയ ജയിച്ചപ്പോള്‍ മറ്റൊരു മത്സരം ടൈ ആയി. മിനി ലോകകപ്പിന്റെ പ്രഥമ പതിപ്പായ 1998ലെ ഇന്റര്‍നാഷണല്‍ കപ്പില്‍ ഓസ്‌ട്രേലിയയെ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തുടക്കം.
128 പന്തില്‍ 141 റണ്‍സ് നേടുകയും സ്റ്റീവ് വോയും മൈക്കല്‍ ബെവനും അടക്കം 4 ഓസീസ് ബാറ്റര്‍മാരെ പുറത്താക്കുകയും ചെയ്ത സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വിജയശില്‍പ്പിയായി. രണ്ട്് വര്‍ഷത്തിനിപ്പുറം ഐസിസി നോക്കൗട്ട് ടൂര്‍ണമെന്റില്‍ ഗ്ലെന്‍ മഗ്രാത്തിനെ കടന്നാക്രമിച്ച സച്ചിന്റെ മറ്റരു മുഖം കണ്ടു ക്രിക്കറ്റ് ലോകം.ഫിനിഷറായും ടോപ് ഫീല്‍ഡറായും യുവ് രാജ് സിംഗിന്റെ ഉദയം.
സഹീര്‍ ഖാന്റെ യോര്‍ക്കറുകളും ഇന്ത്യന്‍ ക്രിക്കറ്റിന് പുതിയ കാഴ്ചയായി. 2006ല്‍ ഇന്ത്യ വേദിയായ ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ പകരംവീട്ടി. 6 വിക്കറ്റ് ജയത്തോടെ ഇന്ത്യയെ കെട്ടുകെട്ടിച്ചു കംഗാരുക്കള്‍. 1998ല്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റതിന് ശേഷം ചാംപ്യന്‍സ് ട്രോഫിയുടെ സെമി കടമ്പയില്‍ ഇന്ത്യ വീണിട്ടില്ല. കഴിഞ്ഞ നാല് സെമിയിലും ജയിക്കാനായി. ഓസ്‌ട്രേലിയ ആകട്ടേ 2000ലും 2002ലും സെമിയില്‍ തോറ്റെങ്കിലും പിന്നീടുള്ള രണ്ട് ശ്രമങ്ങളിലും ഫൈനലില്‍ കടന്നു.
ഓസ്ട്രേലിയയ്ക്കെതിരായ ചാംപ്യന്‍സ് ട്രോഫി സെമി ഫൈനലിനുള്ള ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, അക്സര്‍ പട്ടേല്‍, കെഎല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി.
by Midhun HP News | Mar 4, 2025 | Latest News, ദേശീയ വാർത്ത
വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ജ്യോതി നഗറില്‍ രണ്ട് ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് പേര്‍ക്ക് പരിക്ക്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവമുണ്ടായത്. പരിക്കേറ്റവരെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തില്‍ ജ്യോതി നഗര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണോ വെടിവെപ്പിന് പിന്നിലെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്. അന്വേഷണത്തിന്റെ ഭാഗമായി, പ്രദേശവാസികളെ ചോദ്യം ചെയ്തുവരികയാണ്. സമീപത്തുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. കൂടുതല്‍ സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പ്രദേശത്ത് സുരക്ഷാ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്.
by Midhun HP News | Mar 3, 2025 | Latest News, ദേശീയ വാർത്ത
സൗദി ജയിലിൽ കഴിയുന്ന ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദിലെ കോടതി വീണ്ടും നീട്ടി വെച്ചു. വധശിക്ഷ റദ്ദാക്കിയ ശേഷം ഇത് ഒമ്പതാം തവണയാണ് ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് മാറ്റി വെയ്ക്കുന്നത്. ഈ മാസം 18 ലേക്കാണ് മാറ്റിയത്. ഇന്നെങ്കിലും മോചന ഉത്തരവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുറഹീമും കുടുംബവും. 18 വർഷമായി സൗദി ജയിലിൽ കഴിയുകയാണ് അബ്ദുറഹീം.
കഴിഞ്ഞ 8 തവണയും കേസ് നീട്ടി വെച്ചപ്പോൾ, അതിനുള്ള കാരണം നിയമ സഹായ സമിതിയോ അഭിഭാഷകരോ വിശദീകരിച്ചിട്ടില്ല. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:30-ന് ഓൺലൈൻ വഴിയാണ് കോടതി കേസ് പരിഗണിച്ചത്. സൌദി ബാലൻ കൊല്ലപ്പെട്ട കേസിൽ 2006-ൽ ജയിലിലായ അബ്ദുറഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയത് കഴിഞ്ഞ വർഷം ജൂലൈ രണ്ടിനാണ്. മലയാളികൾ സ്വരൂപിച്ച് നല്കിയ 15 മില്യൺ റിയാൽ മോചന ദ്രവ്യമായി സൗദി ബാലന്റെ കുടുംബത്തിന് കൈമാറിയ ശേഷമാണ് വധശിക്ഷ റദ്ദാക്കിയത്. 8 മാസത്തോളമായി ജയില് മോചനത്തിനുള്ള കാത്തിരിപ്പ് തുടരുകയാണ്.
by Midhun HP News | Mar 3, 2025 | Latest News, ദേശീയ വാർത്ത
ഡല്‍ഹി: അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച്ച് എട്ടിന് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഡല്‍ഹി ഉള്‍പ്പടെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ബിജെപി വൃത്തങ്ങള്‍ അറിയിച്ചു.
‘സ്ത്രീകളുടെ സാമൂഹിക സാമ്പത്തിക, വിദ്യാഭ്യാസ, ശാക്തീകരണമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ അവരുടെ ശാക്തീകരണത്തിന് ഉതകുന്ന പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. തെരഞ്ഞെടുപ്പില്‍ വലിയ വിഭാഗം സ്ത്രീ വോട്ടര്‍മാര്‍ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. സ്ത്രീ ശാക്തീകരണത്തിന് മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്’- മുതിര്‍ന്ന നേതാവ് പറഞ്ഞു. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി ധന സഹായം, ദരിദ്രവിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകള്‍ക്ക് തൊഴില്‍ വൈദഗ്ധ്യം നല്‍കുന്ന പദ്ധതികള്‍ എന്നിവ ആവിഷ്‌കരിക്കുമെന്ന് ബിജെപി നേതാവ് പറഞ്ഞു. വനിതാ ദിനത്തില്‍ മഹിളാ മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നിരവധി പദ്ധതികളും പാര്‍ട്ടി ആസൂത്രണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഹിളാ സമൃദ്ധി യോജന പ്രകാരം പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതിക്ക് എട്ടിന് തുടക്കമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ഈ പദ്ധതി.
by Midhun HP News | Mar 2, 2025 | Latest News, ദേശീയ വാർത്ത
ഹൈദരാബാദ്: ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റുവിറ്റിയും പ്രസവാവധിയും പ്രഖ്യാപിച്ച് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയവര്‍ക്ക് ഒന്നരലക്ഷം രൂപ ഗ്രാറ്റുവിറ്റി നല്‍കും. ആശാവര്‍ക്കര്‍മാരുടെ പെന്‍ഷന്‍ പ്രായം രണ്ടു വര്‍ഷം വര്‍ധിപ്പിച്ച് 60 ല്‍ നിന്ന് 62 ആക്കി ഉയര്‍ത്താനും ചന്ദ്രബാബു നായിഡു സര്‍ക്കാര്‍ തീരുമാനിച്ചു.
ആന്ധ്രപ്രദേശില്‍ എന്‍ഡിഎയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. നിലവില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് 10000 രൂപയാണ് ആന്ധ്രപ്രദേശ് സര്‍ക്കാര്‍ പ്രതിമാസം നല്‍കുന്നത്. ഇതിനു പുറമേ 180 ദിവസത്തെ പ്രസവാവധിയും അനുവദിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു പ്രസവങ്ങള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
സംസ്ഥാനത്തെ 42,752 ആശാ വര്‍ക്കര്‍മാര്‍ക്കാണ് പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാകുക. രാജ്യത്ത് ആശാവര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റി ആനുകൂല്യങ്ങള്‍ നല്‍കുന്ന ആദ്യ സംസ്ഥാനമാണ് ആന്ധ്രയെന്നും, മറ്റൊരു സംസ്ഥാനമോ/കേന്ദ്രഭരണ പ്രദേശമോ ആശാ വര്‍ക്കര്‍മാര്‍ക്ക്
ഗ്രാറ്റുവിറ്റി നല്‍കുന്നില്ലെന്നും ആന്ധ്ര ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു. 2028 ല്‍ ടിഡിപി സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍ വിതരണം ചെയ്തിരുന്നു.
ചന്ദ്രണ്ണ ഭീമ യോജന, എന്‍ടിആര്‍ വൈദ്യ സേവ തുടങ്ങിയ ആനുകൂല്യങ്ങളും ആശാവര്‍ക്കര്‍മാര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ വിരമിക്കുന്നവര്‍ക്ക് 60 വയസ്സുമുതല്‍ വാര്‍ധക്യകാല പെന്‍ഷന് അര്‍ഹത നല്‍കുകയും ചെയ്തിരുന്നു. ആശ വര്‍ക്കര്‍മാരുടെ ദീര്‍ഘകാലമായ ആവശ്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് നന്ദി അറിയിക്കുന്നതായി മന്ത്രി സത്യകുമാര്‍ യാദവ് പറഞ്ഞു.
Recent Comments